കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം

അജുവിന്റെ അടുക്കള

അജുവിന്റെ അമ്മ എപ്പോഴും റ്റിവിയിലെ കുക്കറി ഷോ കാണും. എന്നിട്ട് അതില്‍ കാണിക്കുന്ന പോലെ ഓരോരോ പുതിയ ആഹാരസാധനങ്ങള്‍ ഉണ്ടാക്കി അജുവിനും അച്ഛയ്ക്കും കൊടുക്കും. എന്തൊരു സ്വാദാണെന്നോ അമ്മയുണ്ടാക്കുന്ന ഓരോന്നിനും.

ഇന്നിപ്പോ അജുവിന്റെ കുക്കറി ഷോയാണ്. ‘അജുവിന്റെ അടുക്കള’ എന്നാണ് ഇതിന്റെ പേര്. അജു എന്താണ് ഉണ്ടാക്കുന്നതെന്ന് ഇപ്പോ അജു പറയില്ല. കാരണം ഇപ്പോ അജുവിന് അതിന്റെ പേരറിയില്ല. ഇതുവരെയും ആരും ഉണ്ടാക്കാത്ത ഒരു കാര്യം, അതാണ് അജു ഉണ്ടാക്കുന്നത്.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

അതിതു വരെ ലോകത്താരും തന്നെ ഉണ്ടാക്കാത്ത ഒരു കാര്യാണ്. ആദ്യം, നല്ല ഭംഗിയുള്ള ഒരു വലിയ ചില്ലുപാത്രമെടുത്ത് അതിലേക്ക് ആകാശത്തു നിന്ന് അപ്പോ പറിച്ച ഒരു മഴവില്ലിന്റെ പകുതി കഷണം ഒരു വിരല്‍ നീളത്തില്‍ മുറിച്ചിടണം.

പിന്നെ അതിലേക്ക് ഒരു കൈ നിറയെ പാതി വിടര്‍ന്ന മുല്ലപ്പൂ ചേര്‍ക്കണം. അതിനു ശേഷം പ്‌ളാവിന്‍ തടിയുടെ ഏറ്റവും താഴെ ഉണ്ടായി വരുന്ന ഇത്തിരിക്കുഞ്ഞന്‍ ചക്കപ്പൊടിപ്പ്, ചെറിയ മൈക്കു പോലിരിക്കുന്നത് നാലെണ്ണം തണ്ടോടു കൂടി ഇടണം. ഇതെല്ലാം ചേര്‍ത്ത് മെല്ലെ ഇളക്കണം.

ഇനി വേണ്ടത് പത്തു പുളിങ്കുരുവും അന്‍പത് ഇലഞ്ഞിപ്പൂവുമാണ്.

ഇവ, അജു ഇപ്പോ ഉണ്ടാക്കിവച്ചത് അലങ്കരിക്കാനാണ്. ഇരുപതുമിനിട്ടുനേരം ഇത് വെയിലത്തുവയ്ക്കണം. പിന്നെ പഞ്ചസാര തൂവി ഫ്രിഡ്ജില്‍ പത്തു മിനിട്ടു നേരം ഫ്രീസറില്‍ വയ്ക്കണം.

ആകാശ-ഭൂമി സലാഡ് എന്നാണ് അജു ഇതിന് പേരു കൊടുക്കാനുദ്ദേശിക്കുന്നത്. ആര്‍ക്കെങ്കിലും ഇതിനേക്കാള്‍ നല്ല പേരുകള്‍ തോന്നുന്നുവെങ്കില്‍ അജു അറ്റ് പുളിങ്കുരു ഡോട് കോമിലേക്ക് ഫോണ്‍ നമ്പര്‍ സഹിതം അയക്കാവുന്നതാണ്.

അടുത്തയാഴ്ച പുതിയൊരു വിഭവവുമായി അജുവിന്റെ അടുക്കള തുറക്കുന്നതാണ്. അതു വരെ കാത്തിരിക്കുക.

നന്ദി, നമസ്‌ക്കാരം.

പാവപ്പനി

ലല്ലുവിന്റെ പാവക്കുട്ടിയില്ലേ, ലളിത, അവള്‍ക്ക് പനി. ഇന്‍ജക്ഷന്‍ വേണം എന്നാ ഡോക്റ്റര്‍ പറയുന്നത്.

ലളിത പക്ഷേ ഇന്‍ജക്ഷന്‍ വേണ്ടാ, എനിക്ക് നോവും, ഞാന്‍ കരയും എന്നു പറഞ്ഞ് ഉറക്കെ കരച്ചില്‍.

അപ്പോ ലല്ലു, ഡോക്റ്ററായി. അമ്മയോട് നേഴ്‌സാകാന്‍ പറഞ്ഞപ്പോ അമ്മ പറയുവാ, അമ്മയ്ക്ക് നാളെ സാമ്പാറ് വയ്ക്കാന്‍ ഉള്ളിയും ഉരുളക്കിഴങ്ങുമൊക്കെ മുറിക്കണം എന്ന്.

പിന്നെ ആകെ വീട്ടിലുള്ളത് താമരപ്പൂച്ചയാണ്. ലല്ലു ,താമരയോട് ചോദിച്ചു – ഒന്നു വന്ന് ഇത്തിരി നേരത്തേക്ക് നേഴ്‌സാകാമോ ?

ഇന്‍ജക്ഷനെടുക്കാന്‍ നേരം ലളിത, സൂചി കണ്ട് പേടിച്ച് പിടഞ്ഞ് കരയുമല്ലോ. എഴുന്നേറ്റോടാനും നോക്കുമവള്‍. അപ്പോ അവളോട് പേടിക്കണ്ടാ കേട്ടോ എന്നൊക്കെ സമാധാനിപ്പിച്ച്, ദേ നോക്ക് ഭിത്തിയിലെ പടം കണ്ടോ=, ഹായ് നല്ല രസമുള്ള പടം അല്ലേ എന്നൊക്കെ പറഞ്ഞ് അവളുടെ നോട്ടം സൂചിയില്‍ നിന്നു മാറ്റണം. അത്രേയുള്ളു കാര്യം.

താമരപ്പൂച്ച ഉടനെതന്നെ മ്യാവൂ എന്ന് സമ്മതിച്ച് ലളിതയുടെ അടുത്തു വന്നു നിന്ന് അവളെ കുനിഞ്ഞ് സൂക്ഷിച്ചു നോക്കി. പിന്നെ മുന്‍കാല്‍ കൊണ്ട് ലളിതയുടെ പഞ്ഞി പോലുള്ള ശരീരത്തില്‍ തൊട്ടു.

ആ അങ്ങനെ, മുറുകെ പിടിച്ചോ എന്നു പറഞ്ഞ് ലല്ലു, ലളിതയ്ക്ക് നോവാതെ എളുപ്പത്തില്‍ ഒരിന്‍ജക്ഷന്‍ കൊടുത്തു.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

ലളിത അറിഞ്ഞതു പോലുമില്ല ലല്ലു, കളിസെറ്റിലെ ഇന്‍ക്ഷന്‍ സൂചി കൊണ്ട് കുത്തിയത്. നല്ല നേഴ്‌സാണ് കേട്ടോ നീയ് എന്നു പറഞ്ഞ് ലല്ലു, താമരപ്പൂച്ചയ്ക്ക് ഒരു ഷെയ്ക് ഹാന്‍ഡും ഒരു ബിസ്‌ക്കറ്റും ഒരു ചെറിയും കൊടുത്തു.

അതൊക്കെ തിന്ന ശേഷം പിന്നെയും താമര, അവിടെ കരങ്ങിനടക്കുന്നതു കണ്ട്, ഇല്ല ഇനി ആവശ്യമൊന്നുമില്ല, ലളിത ഉറങ്ങുവാണ് സുഖമായി, ഉണരുമ്പോഴേക്ക് പനിമാറും എന്നു പറഞ്ഞ് താമരയെ ലല്ലു യാത്രയാക്കി.

ലളിതയെ കാലു കൊണ്ട് ഒന്നു തട്ടി നോക്കിയ ശേഷം താമരപ്പൂച്ച, ജനലിലൂടെ ചാടി സ്ഥലം വിട്ടു. നേഴ്‌സുമാര്‍ വാതലിലൂടെയാണ് പോവുക, ജനലിലൂടെയല്ല എന്ന് ലല്ലു വിളിച്ചു പറഞ്ഞു.

താമര അത് കേട്ടില്ല എന്നു തോന്നുന്നു. അപ്പോഴും ലളിത ഉറങ്ങുകയായിരുന്നു. അവളെണീക്കുമ്പോ കൊടുക്കാന്‍ ഇത്തരി കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും തരണേ എന്നു പറഞ്ഞു ലല്ലു.

സാമ്പാര്‍ത്തിരക്കു കഴിഞ്ഞതു കൊണ്ട്, അമ്മ, ഓ ശരി എന്നു പറയുകയും പനി പോയോ എന്ന് ലളിതയുടെ നെറ്റിയില്‍ തൊട്ടു നോക്കുകയും ചെയ്തു.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിയഞ്ചു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook