കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

അടുക്കള വെയിൽ

അമ്മ, കുഞ്ഞനെ എടുത്ത് ഒക്കത്തിരുത്തി അടുക്കളയിൽ നിന്ന് ദോശ ചുടുകയായിരുന്നു. കുഞ്ഞൻ പറഞ്ഞതനുസരിച്ച് അമ്മ ദോശയ്ക്ക് വായും രണ്ടു ചെവിയും ഉണ്ടാക്കി.

അതിനിടെ അമ്മ അടുക്കള ജനൽ തുറന്നിട്ടു. അപ്പോ കുഞ്ഞന്റെ ഉടുപ്പില്ലാ വയറ്റത്ത് ഒരു വെളിച്ചം വന്നു വീണു. അത് അങ്ങു ദൂരെ ജനാലയ്ക്കപ്പുറം ദോശക്കൊതിയനായി നിന്ന് എത്തി വലിഞ്ഞു നോക്കുന്ന സൂര്യൻ കുട്ടന്റെ വെളിച്ചമാണതെന്ന് പറഞ്ഞു കൊടുത്തു അമ്മ കുഞ്ഞന്.

എന്നിട്ട് ജനലിനപ്പുറത്തേക്ക് കൈ ചൂണ്ടി സപ്പോട്ടാ മരത്തിപ്പുറം ഒളിച്ചു നിന്ന് തല നീട്ടി നോക്കുന്ന ആ ദോശക്കൊതിയനെ കാണിച്ചു കൊടുത്തു. അവന്റെ വെളിച്ചത്തിനാണ് വെയിൽ എന്നു പറയുന്നത് എന്നും പറഞ്ഞു.

priya a s , childrens stories, iemalayalam

അതൊക്കെ ശരിയായിരിയ്ക്കും, അവൻ പക്ഷേ എണീറ്റിട്ട് മുഖം കഴുകിയിട്ടില്ല, പല്ലു തേച്ചിട്ടില്ല, മൂത്രമൊഴിച്ചിട്ടുമില്ല എന്ന് കുഞ്ഞൻ പറഞ്ഞു. അതാണ് അവന്റെ ആകാശ – അമ്മ അവന് ദോശ ചുട്ടുകൊടുക്കാതെ അടുക്കളയുടെ പുറത്തു നിർത്തിയിരിക്കുന്നത്.

കുഞ്ഞൻ അപ്പറഞ്ഞത് സൂര്യൻ കുട്ടന് ഒട്ടും ഇഷ്ടപ്പെട്ടില്ല, അതാവും അവൻ അവന്റെ കൂർത്ത വെളിച്ചം കൊണ്ട് കുഞ്ഞന്റെ കണ്ണിൽ കുത്തിയത്. നിന്നോട് കൂടില്ല ഞാൻ എന്ന് കുഞ്ഞൻ അമ്മയുടെ ഒക്കത്തിരുന്ന് വിളിച്ചു പറഞ്ഞു. സൂര്യൻ പിണങ്ങി മേഘ സ്റ്റെപ്പു കയറി മുകളിലേക്കു പോയി.

മുഖം കഴുകി, പല്ലുതേച്ച്, ശൂ വച്ച് നല്ല കുട്ടിയായി വരാനായിരിയ്ക്കണം അവൻ പോയത്. അവൻ തിരിച്ചു വന്ന് ദോശ എനിക്കും കൂടി തരുവോ എന്നു ചോദിച്ചാൽ എന്തു പറയണം എന്നാലോചിക്കുകയാണ് ഇപ്പോ കുഞ്ഞൻ.

കൊടുത്തേക്കാം അല്ലേ? അവനല്ലേ അലക്കിയ തുണി ഉണങ്ങാനൊക്കെ നമുക്ക് വെയിൽ കൊണ്ടു തരുന്നത്? അവനാണ് നമുക്ക് വൈറ്റമിൻ ഡി തരുന്നതെന്നും വളരാനായി ഫോട്ടോ സിന്തസിസ് നടത്താൻ ചെടികളെ സഹായിക്കുന്നതെന്നും അതൊക്കെ കുഞ്ഞൻ വലുതായി സ്ക്കൂളിൽ പോകുമ്പോ പഠിക്കുമെന്നും അമ്മ പറഞ്ഞത് കേട്ട് പ്രത്യേകിച്ചൊന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞൻ ചോദിച്ചു. അപ്പോ സൂര്യൻ കുട്ടന് ദോശ കൊടുക്കാം അല്ലേ?

അതു കേട്ടാവും സൂര്യൻ അങ്ങ് ദൂരെ തെങ്ങോലകൾക്കിടയി ലൂടെ എത്തിനോക്കി കുഞ്ഞന്റെ കവിളിൽ ഒരു വെയിൽപ്പൂ വരച്ചത്.

പനി പിന്നെ മിന്നാമിനുങ്ങുകളും

കുഞ്ഞന് പനി വന്നു. നെറ്റിയിലും ദേഹത്തുമൊക്കെ നല്ല ചൂട്. മേലു വേദനിച്ചിട്ടു വയ്യ.

കുഞ്ഞന്റെ നെറ്റിയിൽ അമ്മ, ഇളം ചൂടുവെള്ളത്തിൽ പിഴിഞ്ഞ തുണി നനച്ചിട്ടു കൊടുത്തു കൊണ്ടേയിരുന്നു. പിന്നെ ചൂട് ചുക്കുകാപ്പി, ശർക്കരയിട്ട് തുളസിയിലയിട്ട് ജീരകമിട്ട് കൊടുത്തു. പിന്നെ കുഞ്ഞൻ പനിക്കുളിരു കൊണ്ട് തണുത്തു വിറച്ചു. അച്ഛൻ, കുഞ്ഞനെ കമ്പിളിപ്പുതപ്പു കൊണ്ട് പുതപ്പിച്ചു.

കുഞ്ഞന്റെ പനി ഇത്തിരി കഴിഞ്ഞപ്പോ കുറഞ്ഞു. അമ്മ ഇളം ചൂടുകഞ്ഞി, തേങ്ങാച്ചമ്മന്തിയും ചേർത്ത് സ്പൂണിൽ കുഞ്ഞന് കോരിക്കൊടുത്തു. മിടുക്കനായല്ലോ പഴേ പോലെ എന്ന് അച്ഛൻ പറഞ്ഞു. അമ്മയ്ക്കും അച്ഛനും പനി വന്നാല് നെറ്റീല് നനഞ്ഞ തുണി ഇട്ട്, ചുക്കുകാപ്പീം കഞ്ഞീം കുടിപ്പിച്ച് ഇതു പോലെ തന്നെ ഞാൻ നോക്കാമേ എന്നു പറഞ്ഞു കുഞ്ഞൻ.

അതു കേട്ടപ്പോഴാണ് രണ്ടു മിന്നാമിന്നി കുഞ്ഞൻ കിടക്കുന്ന കട്ടിലിനരികെ വന്നിരുന്നത്. നല്ല കുട്ടികൾക്ക് ദൈവമയയ്ക്കുന്ന മെസേജാണ് മിന്നാമിന്നികൾ, അത് കുഞ്ഞന് അറിയാം. അങ്ങനെ കുഞ്ഞന് പറഞ്ഞു കൊടുത്തത് ആരായിരിക്കും?priya a s ,childrens stories,iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പതിനഞ്ചു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook