scorecardresearch
Latest News

ഏകാന്തതയുടെ ഏഴ് പൂച്ച ദിനങ്ങള്‍

“അതു സാരമില്ല. കോഴിച്ചാത്തനും മുകളില്‍ താമസിക്കണ മിനി മോളുമെല്ലാം എനിക്ക് ഭക്ഷണം തന്നു. ഇതെന്റെ സാമ്രാജ്യമല്ലേ. ഇവിടല്ലേ ഞാന്‍ പിച്ചവെച്ചു വളര്‍ന്നത്. ആരുടെയും സഹായം കിട്ടിയില്ലെങ്കിലും ഞാന്‍ ജീവിക്കും.”രണ്‍ജു എഴുതിയ കുട്ടികളുടെ കഥ

ഏകാന്തതയുടെ ഏഴ് പൂച്ച ദിനങ്ങള്‍

ഫ്രെഡോ ഒരു പേര്‍ഷ്യന്‍ പൂച്ചയാണ്. കുട്ടുമോളുടെ വീടിന്റെ മുകളില്‍ വാടകയ്ക്കു താമസിച്ചിരുന്ന റഷ്യക്കാരായ ഗവേഷക ദമ്പതിമാരുടെ പൂച്ച. അവര്‍ക്കാരോ സമ്മാനമായി കൊടുത്തതാണ് അവന്റെ അമ്മയായ കത്യയെ.

വീടിന്റെ തെക്കേ മൂലക്കലുള്ള മുകളിലെ മുറിയിലാണ് കത്യ അവനെ പെറ്റിട്ടത്. മുലകുടി പ്രായം മാറിയപ്പോള്‍ അവനെ റഷ്യന്‍ ദമ്പതിമാരെ നോക്കാനേല്‍പ്പിച്ച് അവള്‍ എങ്ങോട്ടോ യാത്ര പോയി. അതൊരു നീണ്ട യാത്രയായിരുന്നു. മരിക്കും മുമ്പ് ഒരു ലോകപര്യടനത്തിനു പോകണമെന്നത് അവളുടെ ആഗ്രഹമായിരുന്നത്രേ.

“ഞാനും വലുതായാ മമ്മയെപ്പോലെ ലോകം ചുറ്റിക്കറങ്ങാനിറങ്ങും.” കളിക്കൂട്ടുകാരിയായ കുട്ടുവിനോട് ഫ്രെഡോയും സ്വകാര്യമായി തന്റെ ജീവിതലക്ഷ്യം പറഞ്ഞുകൊടുത്തു.

ഫ്രെഡോയെ കുട്ടുവിന് സമ്മാനിച്ചാണ് റഷ്യക്കാര്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോയത്. അതില്‍പ്പിന്നെ കുട്ടുവിനൊപ്പമാണ് അവന്‍ വളര്‍ന്നത്.

അവര്‍ തമ്മില്‍ ഓടിച്ചാടിയും കെട്ടിമറിഞ്ഞും തലമുട്ടിച്ച് മുട്ടുമുട്ടുമൊക്കെ എന്നും കളിക്കും. ഉറങ്ങാറായാല്‍ പാലു കുടിച്ച്, പല്ലെല്ലാം തേച്ചുവൃത്തിയാക്കി രണ്ടാളും കിടപ്പുമുറിയിലേക്ക് പോകും.

ഉറങ്ങുന്നതിനു മുമ്പ് ഫ്രെഡോക്ക് അല്‍പ്പം കുട്ടിക്കളി പതിവാണ്. കുട്ടുമോളും അവനോടൊപ്പം ചേരും. പിന്നെ കുട്ടിക്കുറുമ്പിന്റെ മേളമാണ്. കളിയും ചിരിയുമായങ്ങനെ രണ്ടാളും കിടക്കയില്‍ കുത്തിമറിയാന്‍ തുടങ്ങുമ്പോള്‍ കുട്ടുവിന്റെ അമ്മ വരും.

“കുട്ടൂ, ഉറങ്ങാറായില്ലേ?” എന്ന് വിളിച്ചു ചോദിക്കും. അത് കേട്ടപാതി ഫ്രെഡോ ഒന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കണ്ണുമടച്ച് കള്ളയുറക്കം നടിച്ച് കിടക്കും.

“എടാ കള്ളബഡുക്കൂസേ…”

renju, story , iemalayalam

കുട്ടുവിനതു കണ്ട് ചിരി വരും. അവള്‍ കിലുങ്ങിക്കുലുങ്ങി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ ഫ്രെഡോയും കള്ളയുറക്കം വിട്ട് കണ്ണുതുറന്നെണീക്കും.

ഓണ അവധിക്ക് ഏഴ് ദിവസത്തേക്ക് കുട്ടുവും അവളുടെ ചെറിയ കുടുംബവും നാട്ടില്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തേക്ക് പോയി. ഫ്രെഡോയെ കൂടി കൊണ്ടുപോകണമെന്ന് കുട്ടു ആവശ്യപ്പെട്ടുവെങ്കിലും, അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് അച്ഛനൊട്ടും സമ്മതിച്ചില്ല.

ഫ്രെഡോയെ തനിച്ചാക്കി പോകുന്നത് കുട്ടുവിന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അവനെ കൂടെ കൊണ്ടുപോയില്ലെങ്കില്‍ വരില്ലെന്നു വരെ അവള്‍ കരഞ്ഞുപറഞ്ഞു നോക്കി. ആ തന്ത്രവും ഫലിച്ചില്ല.

“മോളേ, തീവണ്ടിയെല്ലാം കേറി, പിന്നെ ബസ്സുമൊക്കെ പിടിച്ചു പോണ്ടേ… ഫ്രെഡോക്ക് അതെല്ലാം കണ്ട് പേടിയും പരിഭ്രമവുമാകും. അവനെങ്ങോട്ടെങ്കിലും ഓടിപ്പോയാലോ!”

അമ്മ അവളെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. അവള്‍ നേരെ ഫ്രെഡോയുടെ അടുത്തേക്കോടി.

“ആണോടാ ഫ്രെഡോ ചെക്കാ, നിനക്ക് പേട്യാവോ?”

ഫ്രെഡോ ഒട്ടും താത്പര്യമില്ലാത്ത മട്ടില്‍ മൊഴിഞ്ഞു, “മ്യാവൂ… ആവോ…”

എന്നിട്ട് ആലോചനയില്‍ മുഴുകി.

“ഈ മനുഷ്യരുടെ ഒരു കാര്യം. അവര്‍ക്കിഷ്ടമില്ലാത്ത കാര്യം മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ എന്താ ഉത്സാഹം. പൂച്ചകള്‍ സ്നേഹമുള്ളവരാണ്. അവര്‍ സ്വാതന്ത്ര്യം വിലമതിക്കുന്നു. ആത്മാഭിമാനം വിട്ടൊരു കളിക്കും നില്‍ക്കില്ല. എല്ലാവരേയും തുല്യരായി കാണും. മനുഷ്യരേ, നിങ്ങള്‍ പൂച്ചകളില്‍ നിന്നും മറ്റു മൃഗങ്ങളില്‍ നിന്നും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.”

കുട്ടുവിന് ഇതെല്ലാം ഒരിക്കല്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്ന് അവന്‍ കരുതിവെച്ചു.

നാട്ടില്‍ പോകും മുമ്പ് കുട്ടു ഫ്രെഡോയെ സമാശ്വസിപ്പിച്ചു. അവനെ സന്തോഷിപ്പിക്കുവാനായി അവള്‍ ചോദിച്ചു: “ഫ്രെഡോ, നാട്ടില്‍ പോയി വരുമ്പോള്‍ നിനക്ക് ഞാനെന്താ കൊണ്ടുവരേണ്ടത്?”

“കുട്ടു മോളേ, നീ അവധിക്ക് നാട്ടില്‍ പൊയ്‌ക്കോ. പോയി വരുമ്പോള്‍ നീയെനിക്കൊരു കോഴിത്തൂവല്‍ കൊണ്ടു തന്നാ മതി.”

അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയ കുട്ടു ആദ്യം തിരക്കിയത് ഫ്രെഡോയെ ആണ്.

“ഫ്രെഡോ കുട്ടാ, എന്‍റെ ചക്കരമുത്തേ എവിടെയാ നീ?”

ഫ്രെഡോ അവളെ കണ്ടെങ്കിലും പിണക്കം നടിച്ച് കുറച്ചു നേരം ഒളിച്ചു കിടന്നു. എന്നാല്‍ അധികനേരമൊന്നും അവന് പിടിച്ചു നില്‍ക്കാനായില്ല. ജനാലക്കരികിലേക്ക് കുതിച്ചു പാഞ്ഞുചെന്ന്, “മ്യാവൂ,” എന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചു.

വാതില്‍ തുറന്ന് അമ്മക്കും അച്ഛനുമൊപ്പം കുട്ടു വീടിനുള്ളിലേക്ക് കാലെടുത്ത് വെച്ചതും ഒറ്റച്ചാട്ടത്തിന് ഫ്രെഡോ അവളുടെ മടിയിലേക്ക് ചാടിക്കയറി.

renju, story , iemalayalam

അവര്‍ മാത്രമാവുന്ന നേരങ്ങളില്‍ ഫ്രെഡോയും അവളും തമ്മില്‍ അവര്‍ക്കു മാത്രമറിയുന്ന ഭാഷയില്‍ സംസാരിക്കാറുണ്ട്.

“ഫ്രെഡോ, ഒറ്റയ്ക്ക് നിനക്ക് പേടി വന്നോ? നീ വീടൊക്കെ നന്നായി നോക്കിയോ?” കുട്ടു അവനോട് ചോദിച്ചു.

ഫ്രെഡോ വീണ്ടും പിണക്കം നടിച്ചു.

“പറ ഫ്രെഡോ, പിണങ്ങാതെ,” അവള്‍ ചിണുങ്ങി.

“കുട്ടൂ, എന്‍റെ പുന്നാര മനുഷ്യക്കുട്ടീ,” ഫ്രെഡോ അവളെ വിളിച്ചു.

“എടാ കുട്ടിക്കുറുമ്പാ…”

അവള്‍ പൊട്ടിച്ചിരിച്ചു.

രാത്രിയാകും വരെ അവര്‍ കളി പറഞ്ഞിരുന്നു. ഉറക്കം വരാറായപ്പോള്‍ ഫ്രെഡോ അവളോട് പറഞ്ഞു “എന്നാ എനിക്കൊരു കഥ പറഞ്ഞു താ.”

ഫ്രെഡോക്ക് ഉറങ്ങും മുമ്പെന്നും കഥ കേള്‍ക്കണം.

“ഇന്നൊരു ചെയ്ഞ്ചിന് ഫ്രെഡോ ഒരു കഥ പറ.”

“ങാ ശരി.” ഫ്രെഡോ സമ്മതിച്ചു.

“അവധിക്കാലത്ത് ഒറ്റയ്ക്കായിപ്പോയ ഒരു പൂച്ചയുടെ കഥ പറഞ്ഞു തരാട്ടോ…”

“ഓ ഫ്രെഡോ, നിന്റെ കഥയാണോ? എനിക്ക് കേള്‍ക്കാന്‍ കൊതിയായി.”

കുട്ടു ചാടിത്തുള്ളി ഇരുപ്പുറപ്പിച്ചു.

“അതിനു മുമ്പ് ഒരു കാര്യം. ഞാന്‍ പറഞ്ഞ സാധനം നാട്ടില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ടോ?”

“ഓ ഞാനതു മറന്നുപോയതാ”

അവളോടിച്ചെന്ന് ബാഗിനുള്ളില്‍ നിന്നും പലവര്‍ണ്ണത്തിലുള്ള ഒരു കോഴിത്തൂവല്‍ പുറത്തെടുത്തു.

“ടണ്‍ടഡണ്‍ഡാ… ഇതാ എന്‍റെ കയ്യിലിപ്പോള്‍ ഒന്നുമില്ല,” ഒരു മാജിക്കുകാരനെ അനുകരിച്ച് കുട്ടു പറഞ്ഞു.

ഫ്രെഡോക്കും കൗതുകമായി. അവന്‍ അവള്‍ക്കരികില്‍ ഒരു കുഞ്ഞാവയായി ഇരിപ്പുറപ്പിച്ചു.

“ആബ്രകഡാബ്ര…ഡിങ്കിരി ഡുങ്കൂ…”

കുട്ടു അതു പറഞ്ഞിട്ട് കൈ തുറന്നു കാണിച്ചു. അവളുടെ കയ്യിനുള്ളില്‍ ഒരു നീണ്ട കോഴിത്തൂവല്‍. ഫ്രെഡോക്ക് അതുകണ്ടപ്പോള്‍ വലിയ സന്തോഷമായി. അവളതു കൊണ്ട് അവനെ കളിപ്പിക്കാന്‍ തുടങ്ങി. കോഴിത്തൂവലിനൊപ്പം കുറച്ചുനേരം ചാടിക്കളിച്ച ശേഷം ഫ്രെഡോ അവളോട് ഒരു കാര്യം ചോദിച്ചു, “കോഴിത്തൂവല്‍ ചോദിച്ചപ്പോള്‍ കോഴിച്ചാത്തന്‍ എന്താ പറഞ്ഞത്?”

അവളത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

വളരെ കഷ്ടപ്പെട്ടാണ് കോഴിച്ചാത്തനില്‍ നിന്നും അവള്‍ക്ക് കോഴിത്തൂവല്‍ കിട്ടിയത്. പറമ്പ് മുഴുവന്‍ അവളെ കോഴിച്ചാത്തന്‍ ഓടിച്ചു.

കുറേനേരം ഓടിത്തളര്‍ന്ന് ഒരു പുളിമരത്തണലില്‍ അവള്‍ ഇരുന്നു. അതിലൊരു ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ടായിരുന്നു. കോഴിച്ചാത്തന്‍ ഊഞ്ഞാലിലേക്ക് ഒറ്റച്ചാട്ടത്തിന് പറന്നിരുന്ന് ആടാന്‍ തുടങ്ങി.

കോഴിച്ചാത്തന്റടുത്തേക്ക് പുന്നാരംചൊല്ലി അവള്‍ ചെന്നു.

“കോഴിച്ചാത്താ പുന്നാര ചാത്താ, നിന്റെ കോഴിവാലില്‍ നിന്നുമൊരു തൂവല്‍ പറിച്ചുതരാമോ?”

ഒന്നു കൊക്കി, നടുനിവര്‍ത്തിയൊന്ന് കൂവിയിട്ട് കോഴിച്ചാത്തന്‍ അവളോട് ചോദിച്ചു, “ആര്‍ക്കു വേണ്ടിയാ? നിനക്കോ അതോ നിന്റെ പൂച്ചക്കുട്ടനോ?”

renju, story , iemalayalam

കുട്ടുവിന് അത്ഭുതമായി.

“എന്റെ പൂച്ചക്കുട്ടനെ എങ്ങനറിയാം?”

കോഴിച്ചാത്തന്‍ കുട്ടുവിനെ പേടിപ്പിക്കുന്നൊരു നോട്ടം നോക്കി.

“അവനവിടെ ഒറ്റയ്ക്കല്ലേ? ഞാനവന്റെ സ്വപ്നത്തില്‍ കൂട്ടുപോയി വന്നതേയുള്ളൂ…”

അതു പറഞ്ഞിട്ട്, കോഴിച്ചാത്തന്‍ തിരിഞ്ഞൊന്ന് വട്ടം കറങ്ങി. എന്നിട്ട് പറന്നകന്നു. ദാ, ചുവപ്പും കറുപ്പും വെള്ളയും കലര്‍ന്നൊരു ഭംഗിയുള്ള കോഴിത്തൂവല്‍ കുട്ടുവിന്റെ മുന്നില്‍!

“ആ കോഴിത്തൂവലാ ഇത്. ഇന്നാ പിടിച്ചോ…”

കുട്ടു അത് ഫ്രെഡോക്ക് നേരെ നീട്ടി.

അവനപ്പോള്‍ അവന്റെ മനസ്സിനുള്ളില്‍ നിന്നും മറ്റൊരു കോഴിത്തൂവല്‍ പുറത്തെടുത്തു.

“കണ്ടോ. കോഴിച്ചാത്തന്‍ അന്നെന്റെ സ്വപ്നത്തില്‍ വന്ന് എനിക്ക് സമ്മാനിച്ചതാ…”

ഫ്രെഡോ അവള്‍ക്ക് പറഞ്ഞു കൊടുത്തു. അതുകേട്ട് കുട്ടു അമ്പരന്ന് അന്തംവിട്ട് നിന്നുപോയി.

അവളെ ആശ്വസിപ്പിക്കുവാനായി ഫ്രെഡോ ഒരു കഥ പറയാന്‍ തുടങ്ങി.

ഫ്രെഡോ പറഞ്ഞ കഥ:

ഒരിടത്ത് ഒരു കുറിഞ്ഞിപ്പൂച്ച ഉണ്ടായിരുന്നു. അവന്‍റെ പേരും ഫ്രെഡോ എന്നായിരുന്നു. ലോകമാകെ ഇരുട്ടുമൂടി നിന്ന പേടിപ്പെടുത്തുന്ന ഏഴ് ദിനങ്ങളില്‍ അവന്‍ തികച്ചും ഒറ്റയ്ക്കായിരുന്നു.

ആദ്യ ദിവസം അവന് വല്ലാത്ത പേടി തോന്നി. എങ്ങും പോവാതെ മുറിയില്‍ കിടന്ന സോഫയ്ക്കടിയില്‍ അവന്‍ പതുങ്ങി ഒളിച്ചിരുന്നു. അന്നാരും അവന്‍ ഭക്ഷണം കൊടുത്തില്ല. തളര്‍ന്നിരുന്ന് ഉറങ്ങിപ്പോയ അവന്റെ സ്വപ്നത്തിലേക്ക് ഒരു കോഴിച്ചാത്തന്‍ കൊക്കിക്കൊക്കി വന്നു.

“പൂച്ചക്കുട്ടാ നീയൊരു വീരനായ പൂച്ചയല്ലേ. നീയെന്തിനാ പേടിക്കുന്നേ?”

“എനിക്കാരൂല്ല്യ. എന്റമ്മേം പോയി. ഇപ്പോ കുട്ടുവും പോയി…”

പൂച്ചക്കുട്ടന്‍ കരയാന്‍ തുടങ്ങി.

അതുകണ്ട് കോഴിച്ചാത്തനും വിഷമമായി. സ്വപ്നത്തില്‍ നിന്നും പുറത്തുചാടിയിറങ്ങിയ കോഴിച്ചാത്തന്‍ പുറത്തുപോയി അവനുള്ള ഭക്ഷണവും കൊണ്ടുവന്നു. അതുകഴിച്ചു കഴിഞ്ഞപ്പോള്‍ മുകളിലത്തെ വീട്ടിലെ മിനിച്ചേച്ചി ചോറും മീനും കൊണ്ടു വന്ന്, പൂച്ചക്കുട്ടനെ വിളിച്ചു. അവനത് കേട്ട് പുറത്തിറങ്ങി. മീനെല്ലാം കഴിച്ച് ഒരേമ്പക്കവും വിട്ട് തിരിച്ചെത്തിയപ്പോഴേക്കും കോഴിച്ചാത്തന്‍ പോയ് മറഞ്ഞിരുന്നു.

പൂച്ചക്കുട്ടനൊരു കോഴിത്തൂവല്‍ സോഫയ്ക്കടിയില്‍ കരുതി വെച്ചാണ് കോഴിച്ചാത്തന്‍ പോയത്. അവനതുമായി മല്‍പ്പിടുത്തം നടത്തിയും കളിച്ചും ആടിത്തിമിര്‍ത്തും ആ രാത്രി പിന്നിട്ടു.

അടുത്ത ദിവസം രാവിലെ തന്നെ അവന്‍ പുറത്തിറങ്ങി, മട്ടുപ്പാവിലുള്ള പൂന്തോട്ടത്തിലൂടെ ഉലാത്തി. ചെടികള്‍ അവനോട് പറഞ്ഞു, “പൂച്ചക്കുട്ടാ പൂച്ചക്കുട്ടാ, കുട്ടിക്കുറുമ്പ് കാട്ടല്ലേട്ടോ… പിന്നെ മറക്കാതെ നാളെ ഞങ്ങള്‍ക്ക് വെള്ളമൊഴിക്കണം. നാളെയാകുമ്പോഴേക്കും കടയ്ക്കലുള്ള വെള്ളമെല്ലാം വറ്റും.”

“മ്യാവൂ… പേടിക്കണ്ടാ വെള്ളം ഒഴിച്ചു തരാട്ടോ…”

പറഞ്ഞതു പോലെത്തന്നെ, അവന്‍ അടുത്ത ദിവസം വെള്ളം വേണ്ട ചെടികള്‍ക്കെല്ലാം അതൊഴിച്ചു കൊടുത്തു.

“ചെടികള്‍ക്ക് ആവശ്യത്തിനുള്ള വെള്ളവും വെളിച്ചവുമാണ് കൊടുക്കേണ്ടത്. അധികമായാല്‍ ചെടികള്‍ മരിച്ചു പോവും!”

എന്നാല്‍ എല്ലാ ചെടികളും പൂച്ചകള്‍ക്ക് പ്രിയങ്കരമല്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ള, വീടിനുള്ളിലെ ഇരുട്ടിലും ജീവിച്ചു പോവുന്ന ചെടിയാണ് സീസീ പ്ലാന്റ്. അവളുടെ അടുത്തേക്ക് കളിക്കാന്‍ ചെന്നപ്പോള്‍, അവളവനെ ഉപദേശിച്ചു: “എന്റടുത്ത് വരണ്ടാട്ടോ പൂച്ചക്കുട്ടാ… ഞാനത്ര വെടുപ്പല്ല. പൂച്ചക്കുട്ടന്‍ മാറിപ്പൊക്കോ…”

പൂച്ചക്കുട്ടന് കാര്യം പറഞ്ഞാല്‍ മനസ്സിലാവും. അവന്‍ അവളെ ശല്യപ്പെടുത്താതെ മാറിപ്പോയി.

പൂച്ചകള്‍ പൊതുവെ നല്ല വൃത്തിയുള്ളവരാണ്. സാധാരണയായി അമ്മയോ അച്ഛനോ ആണ് ലിറ്റര്‍ ബോക്സ് വൃത്തിയാക്കി വെയ്ക്കുക.

“അവരാരും ഇല്ലല്ലോ. അതുകൊണ്ട് ഞാന്‍ തന്നെയത് ചെയ്തേക്കാം.”

ലിറ്റര്‍ ബോക്സില്‍ കയറി മൂത്രമൊഴിക്കുകയും കക്കൂസില്‍ പോകുകയും ചെയ്ത ശേഷം, പൂച്ചക്കുട്ടന്‍ തന്നെ അത് വൃത്തിയാക്കി ഒരു കവറിലിട്ട് പുറത്ത് വെയ്സ്റ്റ് ബിന്നില്‍ കൊണ്ടു മൂടിവെച്ചു.

കോര്‍പ്പറേഷനില്‍ നിന്നുള്ള ജോലിക്കാര്‍ വെയ്സ്റ്റ് എടുക്കാന്‍ വന്നപ്പോഴുണ്ട് ഭക്ഷണ അവശിഷ്ടങ്ങളും അതല്ലാത്തതുമെല്ലാം വേര്‍തിരിച്ച് വെവ്വേറെ പച്ചയും നീലയും നിറമാര്‍ന്ന ബിന്നിനുള്ളില്‍ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നു.

“നല്ല കുട്ടി. പൂച്ചക്കുട്ടാ നീ എല്ലാവര്‍ക്കുമൊരു മാതൃകയാണ്.”

അവരവനെ അഭിനന്ദിച്ചു.

അടുത്ത ദിവസം മുതല്‍ അവന് കടുത്ത ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി.

ബോറടി മാറ്റാനായി പൂച്ചക്കുട്ടന്‍ മുറിയിലെല്ലാം കയറി പരതിനോക്കി. മേശപ്പുറത്ത് അടക്കി വെച്ച പാഠപുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അവന്‍ മലയാളം പാഠാവലി തപ്പിയെടുത്തു. അതിന്റെ മുഖച്ചിത്രം തന്നെ അവനെ ആകര്‍ഷിച്ചു. ആദ്യ പാഠം മുതല്‍ അവന്‍ വായിക്കാന്‍ തുടങ്ങി.

renju, story , iemalayalam

“അ അമ്മ, ആ ആന, ഇ ഇല, ഈ ഈന്തപ്പന, ഉ ഉരുളി ഊ ഊഞ്ഞാല്‍…”

അന്നേരം ഊഞ്ഞാലാടുന്നൊരു കോഴിച്ചാത്തന്‍ വീണ്ടും അവനു മുന്നില്‍ പ്രത്യക്ഷനായി.

“പൂച്ചക്കുട്ടാ നീയൊരു മലയാളം പണ്ഡിതനായല്ലോ! ഏകാന്ത നിമിഷങ്ങളെ നല്ലൊരു അവസരമായിക്കണ്ട് പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ഉപയോഗിച്ച പൂച്ചക്കുട്ടാ നിനക്ക് നല്ല ഭാവിയുണ്ട്.”

കൂവി വിളിച്ചാര്‍ത്ത് കോഴിച്ചാത്തന്‍ വന്ന വഴിയേ വീണ്ടും തിരിച്ചു പറന്നോടിപ്പോയി.

ഓരോ ദിവസവും ഓരോരോ പാഠങ്ങളായി പഠിച്ചെടുത്ത ശേഷം, ഒരു നോട്ടുബുക്കില്‍ പൂച്ചക്കുട്ടന്‍ എന്നും ഡയറി എഴുതിത്തുടങ്ങി.

“ഭാഷ പഠിക്കാന്‍ നാലാണ് വഴി. കേള്‍ക്കുക, വായിക്കുക, എഴുതുക, സംസാരിക്കുക.”

അങ്ങനെ പൂച്ചക്കുട്ടന്‍ ഒറ്റപ്പെടലിന്റെ നൊമ്പരം മറന്ന് മലയാളം പഠിച്ച് ഒരു കുട്ടി പൂച്ച എഴുത്തുകാരനായിത്തീര്‍ന്നു. ലോകത്തോടുള്ള തന്റെ സ്നേഹ സന്ദേശമായി ചോദ്യചിഹ്നം പൊലെ വാലുപൊക്കി, വീട്ടുകാരുടെ കാലിനു ചുറ്റും മണ്ടി, തലയുരുമ്മി, “മ്യാവൂ,” എന്നൊരു ശബ്ദസാഗരമായി മാറിക്കൊണ്ട് അവന്‍ ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തി.

എഴുത്തുകാരനായ പൂച്ച.

ഫ്രെഡൊ പറഞ്ഞ കഥ കേട്ട് കുട്ടുവിന് കരച്ചില്‍ വന്നു.

“ഓ പാവമെന്റെ പൂച്ചക്കുട്ടന്‍. നീ വല്ലാതെ ഒറ്റക്കായിപ്പോയല്ലേ?”

കുട്ടുവിന് കരച്ചില്‍ വന്നു.

“ഇനി നിന്നെ വിട്ട് ഞാനെങ്ങും പോവില്ലാട്ടോ”

അവളവനെ കെട്ടിപ്പിടിച്ചു. അവളുടെ തലയില്‍ തലോടി, സ്നേഹത്തോടെയൊന്ന് വേദനിപ്പിക്കാതെ കടിച്ചുകൊണ്ട് ഫ്രെഡോ പറഞ്ഞു: “മ്യാവൂ…”

അവന്‍ അവള്‍ക്കു ചുറ്റും മുട്ടിയുരുമ്മി നടക്കാനും പലതരത്തില്‍ നീട്ടിയും കുറുകിയും സംസാരിക്കാനും തുടങ്ങി.

“എന്താ ഫ്രെഡോ കുട്ടാ, നിനക്കെന്തോ പറയാനുണ്ടല്ലേ?”

“ഉണ്ട്. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വലുതാകുമ്പോള്‍ ഞാനതെല്ലാം എഴുതി പുസ്തകമാക്കി നിങ്ങള്‍ക്കൊക്കെ വായിക്കാന്‍ തരാം കേട്ടോ.”

“വലുതായാല്‍ നീയും നിന്റെ കഥയിലെ പൂച്ചക്കുട്ടനെപ്പോലെ ഒരു എഴുത്തുകാരനായിത്തീരുമോ ഫ്രെഡോ?”

“അതെ. നിങ്ങളെന്നെ ഒറ്റയ്ക്കാക്കി പോയ നാളുകളില്‍, ഞാനും മലയാളം എഴുതാനും വായിക്കാനും പഠിച്ചല്ലോ.”

“മിടുക്കനാണല്ലോ. മലയാളം പഠിച്ചിട്ട് നീ എന്തു ചെയ്യും?”

“എനിക്കു ചുറ്റുമുള്ള ആളുകളുടെ ഈ ലോകത്തോട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയും.”

“എന്നിട്ട്?”

“എന്നിട്ട് ഞാനതൊരു പുസ്തകമാക്കും. പിന്നെ വലുതായാല്‍ മമ്മയെപ്പോലെ ലോകം ചുറ്റിക്കറങ്ങാനിറങ്ങും.”

“കൊള്ളാലോ ഫ്രെഡോ. നീയെന്നെയും കൊണ്ടോവോ?”

“കുട്ടുമോളെ ഞാന്‍ കൊണ്ടാവാലോ.പൂച്ചകള്‍ മനുഷ്യരെപ്പോലെ അല്ല. ഞങ്ങള്‍ ആരെയും തനിച്ചാക്കി വേദനിപ്പിച്ച് എങ്ങും പോകാറില്ല.”

“സോറി ഫ്രെഡോ. നിന്നെ തീവണ്ടിയില്‍ കൊണ്ടുപോവാമെന്ന് അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു.”

“അതു സാരമില്ല. കോഴിച്ചാത്തനും മുകളില്‍ താമസിക്കണ മിനി മോളുമെല്ലാം എനിക്ക് ഭക്ഷണം തന്നു. ഇതെന്റെ സാമ്രാജ്യമല്ലേ. ഇവിടല്ലേ ഞാന്‍ പിച്ചവെച്ചു വളര്‍ന്നത്. ആരുടെയും സഹായം കിട്ടിയില്ലെങ്കിലും ഞാന്‍ ജീവിക്കും. പൂച്ചകള്‍ വളരെ വേഗം ബുദ്ധിയും പക്വതയുമുള്ളവരായി വളരും. അറിയുമോ കുട്ടൂന്?”

“അപ്പോ നിനക്ക് എന്നേക്കാളും, അച്ഛനും അമ്മയേക്കാളും വിവരമുണ്ടോ?”

“വെറുതെ തര്‍ക്കിക്കാന്‍ നില്‍ക്കണ്ട. മനുഷ്യരെപ്പോലെ വെറുതെ പരസ്പരം മത്സരിച്ച് തര്‍ക്കിച്ച് കളയാനൊന്നും പൂച്ചകള്‍ക്ക് സമയമില്ല.”

“പിന്നെ നിനക്ക് എന്തിനാ സമയമുള്ളത്?”

“എല്ലാവരേയും സ്നേഹിക്കാന്‍!”

“അപ്പോ ഫ്രെഡോ, ലോകം ചുറ്റിക്കറങ്ങാന്‍ പോകുമ്പോ നീയേതു ഭാഷയിലാ സംസാരിക്ക്യാ?”

“പൂച്ചഭാഷേല്… മ്യാവൂ മ്യാവൂ… പക്ഷേ, കുട്ടൂ നിന്നോടെനിക്ക് നിന്റെ ഭാഷേല് സംസാരിക്കാനൊരു കൊതി. അതാ ഞാന്‍ മലയാളം പഠിച്ചത്.”

അതിനുശേഷമൊരിക്കല്‍, “വലുതാവുമ്പോള്‍ ആരാകാനാണ് ആഗ്രഹം?” എന്ന ചോദ്യത്തിന് സ്കൂളിൽ വെച്ച് കുട്ടു പറഞ്ഞ മറുപടിയാണ് ഫ്രെഡോയെ അവളുടെ സ്ക്കൂളിലും തെല്ല് പ്രശസ്തനാക്കിയത്.

അവള്‍ ടീച്ചറോട് പറഞ്ഞു: “എനിക്ക് ഫ്രെഡോ എന്നൊരു പൂച്ചയുണ്ട്. മലയാളം എഴുതാനും വായിക്കാനും പഠിക്കുന്ന, മലയാളത്തില്‍ പുസ്തകം എഴുതാന്‍ ആഗ്രഹമുള്ള, ഒരു എഴുത്തുകാരനാവാന്‍ കൊതിക്കുന്ന പൂച്ച. ഞാനും അവനെപ്പോലെ നല്ലോണം മലയാളം പഠിച്ച് ഒരു എഴുത്തുകാരിയായിത്തീരും!”

ക്ലാസ്സിലുള്ള കുട്ടികളും ടീച്ചറും അതുകേട്ട് കയ്യടിച്ചു.

തിരികെ വീട്ടിലെത്തി, ഫ്രെഡോയോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍, അവന്‍ കുട്ടുവിനെ കെട്ടിപ്പിടിച്ച് അവളുടെ നെറുകെയില്‍ തന്‍റെ കൈ വെച്ച്, മുത്തമിട്ട് അനുഗ്രഹിച്ചു: “നന്നായി വരട്ടെ… മ്യാവൂ!”

ഭയപ്പാടിന്‍റെ പ്രളയദിനങ്ങള്‍ വന്നപ്പോള്‍ അവള്‍ അവനോട് ചോദിച്ചു: “ഫ്രെഡോ, ഈ ലോകം എന്നെങ്കിലും അവസാനിക്കുമോ?”

“അതിനു മുമ്പ് നമ്മളീ ലോകം മുഴുവനും ചുറ്റിക്കണ്ട് വരും. മ്യാവൂ…,” ഫ്രെഡോ പറഞ്ഞു.

ഏകാന്തതയുടെ ഏഴ് പൂച്ച ദിനങ്ങള്‍ സധൈര്യം പിന്നിട്ട ഫ്രെഡോ എന്ന പൂച്ചയും അവന്റെ കളിക്കൂട്ടുകാരി കുട്ടുവും കൂട്ടുകാരായങ്ങനെ ലോകാവസാനത്തോളം ഒരുമിച്ച് കളിച്ചും ചിരിച്ചും ജീവിച്ചു. അവര്‍ മലയാളം വായിച്ചു പഠിക്കുകയും മലയാളത്തില്‍ സംസാരിക്കുകയും എഴുതുകയും ചെയ്തു പോന്നു.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ പുണ്യ സി ആര്‍ എഴുതിയ കഥ വായിക്കാം
Children, Short story, Malayalam writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Ranju story for children ekanthathayude ezhu poocha dhinangal

Best of Express