/indian-express-malayalam/media/media_files/uploads/2021/11/rajesh-fi.jpg)
കുട്ടി വീട്ടിൽ എപ്പോഴും ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയാൽ വൈകിട്ട് മാത്രമേ തിരികെ വരികയുള്ളു. ഉച്ചവരേക്കുള്ള ഭക്ഷണം കുട്ടിക്ക് കൊടുത്തിട്ടാണ് അമ്മ പോവുക. പണിക്കിടയിൽ നിന്ന് ഉച്ചയ്ക്ക് ഓടി വരുന്ന അമ്മ തിടുക്കത്തിൽ കുട്ടിയെ മാമൂട്ടും. അമ്മയുടെ നെഞ്ചിലേക്ക് തന്റെ നെറ്റി മുട്ടിച്ച് കുട്ടി മെല്ലെ പരിഭവം പറയും. അവർ ജോലി ചെയ്യുന്ന സ്ഥലം സൂര്യന്റെ മേൽനോട്ടത്തിലാണ്. ഒരു ദിവസം അമ്മ കുട്ടിയെ അവിടെ കൊണ്ടു പോയിരുന്നു. ഉച്ചയാവും മുന്നേ കുട്ടിയുടെ മുഖം കരുവാളിച്ചു. ചൂട് കാരണം കുട്ടി ഉച്ചത്തിൽ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
അതിനു ശേഷം അവർ കുട്ടിയെ വീട്ടിൽ ഒരു തൊട്ടിലിൽ ഉറക്കികിടത്തും. ഓലപ്പുരയുടെ വിടവുകളിലൂടെ വെയിൽ ഇപ്പോഴും കുട്ടിയെ ഭയപ്പെടുത്താൻ നോക്കാറുണ്ട്. ഇടയ്ക്ക് പെയ്യുന്ന മഴ കുറച്ചു തുള്ളികൾ കുട്ടിയുടെ കണ്ണുകളിലേക്ക് ഒഴിച്ച് ഉറക്കം കളയാൻ നോക്കും. കുട്ടി കരയുന്നത് മഴയ്ക്കും വെയിലിനും ഇഷ്ടമാണെന്നു തോന്നുന്നു.
ഇടയ്ക്ക് വരുന്ന കാറ്റ് കുട്ടിയെ താരാട്ടു പാടി തൊട്ടിൽ ആട്ടിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ പൂക്കളുടെ ഗന്ധവും കൊണ്ടാവും കാറ്റിന്റെ വരവ്. കാറ്റിന്റെ മണങ്ങളിൽ നിന്നും കുട്ടി പൂക്കളെ കിനാവ് കാണാൻ ശ്രമിക്കും. മൂക്ക് നന്നായി വിടർത്തി ആവുന്നത്ര മണം ഉള്ളിലേക്ക് എടുത്ത് കുട്ടി ഉറക്കത്തിൽ മെല്ലെ പുഞ്ചിരിക്കും.
/indian-express-malayalam/media/media_files/uploads/2021/11/rajesh-1.jpg)
ഈ കുട്ടി ഈ ഗന്ധങ്ങളിൽ നിന്ന് പൂക്കളെ എങ്ങനെയാവും കാണുക? എന്ത് നിറമാകും പിച്ചകപ്പൂവിന്റെ മണത്തിന്, എന്ത് നിറമാകും ജമന്തിയുടെ മണത്തിന്, റോസാപ്പൂവിന് ഒക്കെ കുട്ടി തന്റെ കിനാവിൽ കാണുക എന്ന് കാറ്റോർക്കും. കാറ്റിന് ചിരി പൊട്ടും.
ചിലപ്പോൾ വീട്ടുകാരോട് പിണങ്ങിയാവും കാറ്റ് വരിക. ആ ദിവസങ്ങളിൽ കുട്ടിയുടെ കുടിലിനുള്ളിലൂടെ കടന്നു പോവുന്ന കാറ്റ് കുട്ടിയോട് ഒന്നും മിണ്ടില്ല. അത് തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ ഉന്തി മാറ്റി കടന്നു പോവും. കുട്ടിക്ക് ആ ദിവസം മുഴുവൻ വിഷമമാകും. അടുത്ത ദിവസം കാറ്റു വരുമ്പോൾ കുട്ടി പരിഭവം പറയും. കാറ്റാവട്ടെ മെല്ലെ ചിരിക്കും. ചൂളമടിച്ചാണ് കാറ്റ് ചിരിക്കുന്നത്. അത് കേട്ട് കുട്ടിയും ചിരിക്കും.
കുട്ടിയുടെയും കാറ്റിന്റെയും ചങ്ങാത്തം മഴയ്ക്കും വെയിലിനും ഒട്ടും ഇഷ്ടമായിരുന്നില്ല. തന്റെ ചൂടിൽ നിന്നും കുട്ടിയെ മറച്ചു പിടിക്കുന്നത് കാറ്റാണെന്ന് വീടിന്റെ മേൽക്കൂരയുടെ വിടവുകളൂടെ നോക്കുന്ന വെയിലിനു മനസ്സിലായിരുന്നു. അത് കുട്ടിയുടെയും കാറ്റിന്റെയും കൂട്ടുകെട്ട് തകർക്കാനുള്ള ഒരു അവസരത്തിനായി കാത്തിരുന്നു. കാറ്റ് കുട്ടിയുടെ വീട്ടിലേക്കുള്ള തന്റെ സഞ്ചാരങ്ങളുടെ ഗതി മാറ്റി വിടുന്നു എന്നതായിരുന്നു മഴയുടെ പരാതി.
വെയിലും മഴയും തമ്മിൽ ഗൂഢാലോചനയിൽ ഏർപ്പെട്ടു. കടുത്ത വേനൽക്കാല ദിവസങ്ങളിൽ ഒന്നായിരുന്നു അത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിയിലായിരുന്നു. വെയിൽ ഉഗ്രപ്രതാപിയായി നിന്ന് ജ്വലിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഈ നേരം വലിയ മഴ വന്നു. മാതാപിതാക്കൾ എത്തും മുന്നേ കുട്ടിയുടെ വീടിന്റെ മൺഭിത്തികളെ മഴ അലിയിച്ചു കളഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/11/rajesh-2.jpg)
Read More: രാജേഷ് ചിത്തിരയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
വലിയ മഴയല്ലേ, കുട്ടി പേടിക്കില്ലേ? കാറ്റിനാകെ ആധിയായി. അത് കുട്ടിയെ രക്ഷിക്കാനായി കനത്തു പെയ്യുന്ന മഴയെ വകഞ്ഞു മാറ്റി, ഓടിക്കിതച്ചു വന്നു. പക്ഷെ വൈകിപ്പോയല്ലോ. കാറ്റിനാകെ വിഷമമായി. അത് മഴയെ തന്റെ കൈകളിൽ കോരി ദൂരേക്ക് കൊണ്ട് പോയി.
അത് തകർന്നു വീണ വീടിന്റെ അവശിഷ്ടങ്ങളിൽ കുട്ടിയ്ക്കായി പരതി. വീടിപ്പോൾ ഒരു പുതപ്പു പോലെ കുട്ടിക്ക് മീതെ കിടക്കുന്നു. കുട്ടിയെ തിരഞ്ഞു മടുത്ത കാറ്റിന് സങ്കടവും കോപവും വന്നു. അതിന് ബോധം നഷ്ടമായി. കണ്ടു നിന്നവരാകെ കരുതിയത് കാറ്റാണ് കുട്ടിയുടെ അമ്മയെന്നാണ്. ഉണർന്നെണീറ്റ കാറ്റ് കോപിഷ്ഠയായി ചുറ്റുമുള്ള ലോകത്തിനു നേരെ ആഞ്ഞടിച്ചു. പിന്നെ ശക്തി നഷ്ടമായി ഉറക്കത്തിലായി.
ഇപ്പോഴും ഇടയ്ക്കിടെ ബോധം വീണ്ടു കിട്ടുമ്പോൾ കാറ്റിന് കുട്ടിയെ ഓർമ്മ വരും. അപ്പോൾ അത് ഉന്മാദിയായി ചുറ്റുമുള്ളവർക്ക് നേരെ പാഞ്ഞടുക്കും. എന്റെ കുട്ടിയെവിടെ എന്നൊരു ചൂളം കുത്തും. ഒടുവിൽ തളർന്നു വീഴും.
വിനാശകാരിയായ കാറ്റുകൾക്ക് എല്ലാം സ്ത്രീനാമങ്ങളുണ്ടായത് ഇങ്ങനെയാണത്രെ.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.