രണ്ടു മൂന്നു ദിവസങ്ങളായി അമ്മ, അമേയയെ ശ്രദ്ധിക്കുകയായിരുന്നു . അവൾ സ്‌കൂൾ വിട്ടുവന്നാൽ എന്തോ ആലോചിച്ച് ഇരിക്കുന്നതുപോലെ. ഇടയ്ക്ക് എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ എഴുന്നേൽക്കും. അവളുടെ ചെറിയ നോട്ടുപുസ്തകത്തിൽ എന്തോ എഴുതും. എഴുതിയത് കണ്ണടയ്ക്ക് മേലെകൂടിയും കീഴെക്കൂടിയും നോക്കും. ഒടുവിൽ അത് വളരെ ശ്രദ്ധയോടെ അമ്മ കാണാതെ ഒളിപ്പിച്ചു വയ്ക്കും. അമ്മയാവട്ടെ ഇതൊന്നും കാണാത്ത മട്ടിൽ നടന്നു നോക്കി.
അമേയ തന്നോട് പറയുന്നുണ്ടോ എന്നറിയണമല്ലോ. അമേയയുടെ ഏറ്റവും അടുത്ത ചങ്ങാതി താനാണ് എന്ന അമ്മയുടെ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ മുറിവേറ്റിരിക്കുന്നത്. പുറത്ത് എന്ത് തന്നെ നടന്നാലും അത് അമ്മയോട് പറയണം എന്നാണ് അവളെ കുഞ്ഞായിരുന്നപ്പോൾ മുതൽ പഠിപ്പിച്ചിരുന്നത്. അമേയ ഇതുവരെ അത് പാലിച്ചുകൊണ്ടിരുന്നു. ഇപ്പോൾ, ഈ ദിവസങ്ങളിൽ അമേയ എന്താണീ ചിന്തിക്കുന്നത്? എന്താണ് അവൾ നോട്ടുപുസ്തകത്തിൽ കുറിച്ചു വയ്ക്കുന്നത്? ഒടുവിൽ അമ്മ തന്നെ വാശി അവസാനിപ്പിച്ച് അമേയയോട് കാര്യം തിരക്കി. എന്താണമ്മൂ ഒരു ചുറ്റിക്കളി ? എന്താണ് സംഗതി? ബെസ്റ്റ് ഫ്രണ്ടിനോടും പറയാൻ പറ്റാത്ത കാര്യമാണോ?
ഓ, അതാണോ? ഞാൻ ധൈര്യശാലിയാവാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു. അതാണ് എന്റെ നോട്ടുപുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്നത്. അമേയ പുസ്തകം അമ്മയെ കാണിച്ചു. അതിൽ കുറെ വെട്ടിത്തിരുത്തലുകളുണ്ട്. പിന്നെ അമേയ കാരണം പറഞ്ഞു തുടങ്ങി.
അമേയ പൊതുവേ സന്തോഷത്തോടെയാവും സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നത്. ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ആ പതിവിനു മാറ്റമുണ്ടാവുക.
അതിന്റെ കാരണങ്ങൾ ഒന്നുകിൽ അമേയയ്ക്ക് അത്ര ഇഷ്ടമല്ലാത്ത ഹോം വർക്കോ കിട്ടുന്നതാവും. അല്ലെങ്കിൽ ഏതെങ്കിലും കുട്ടികളവളെ കളിയാക്കിയിട്ടുണ്ടാവും.
അവളുടെ ക്ലാസിലെ രോഹനാണ് അവളെ കളിയാക്കുന്നതിൽ മുൻപന്തിയിൽ.
അവന്റെ കാരണങ്ങളിൽ ഒന്നാമത്തേത് അമേയ കാഴ്‌ചയ്‌ക്ക് മെലിഞ്ഞ കുട്ടിയാണെന്നതാണ്. പിന്നെ അവൾ ഒരു വലിയ പഠിത്തക്കാരിയെപ്പോലെ കണ്ണടയും വച്ചിട്ടുണ്ട്. ഇതൊക്കെ പറയാനും അമേയയെ കളിയാക്കാനും ചില കാരണങ്ങൾ രോഹനുണ്ടാകും.

ഒരു കാരണം ഇങ്ങനെയാണ് , അമേയയാണ് ഈ വർഷം ക്ലാസ് മോണിറ്റർ. രോഹനാവട്ടെ അധ്യാപകരില്ലാത്തപ്പോൾ ക്ലാസിലിരുന്ന് സംസാരിക്കും. അതിനു പറ്റിയ ചില കൂട്ടുകാരും അവനുണ്ട്. സംസാരിക്കുന്നവരുടെ പേര് എഴുതി ക്ലാസ് ടീച്ചർക്ക് കൊടുക്കുക സ്വാഭാവികമായും അമേയയുടെ ഉത്തരവാദിത്തമാണല്ലോ. അവളത് ചെയ്യും. ആ ദിവസങ്ങളിൽ ചിലപ്പോ ടീച്ചർ രോഹനെ വഴക്കു പറയും. ചിലപ്പോ ചെറിയ ശിക്ഷയും കൊടുക്കും.
ടീച്ചർ കുട്ടികളെ തല്ലാറില്ല . പകരം എന്തെങ്കിലും ഇമ്പോസിഷൻ കൊടുക്കും. ഇന്ന് ടീച്ചർ പറഞ്ഞത് രാവിലെ പഠിപ്പിച്ച പാഠം അൻപത് തവണ എഴുതാനാണ്. അതിനാണ് രോഹന്റെ വക ശകാരം അമേയയ്ക്ക് കിട്ടിയത്. പാവം അമേയ, അവൾക്ക് കരച്ചിൽ വന്നു. അവൾ പോയി ടീച്ചറോട് പറഞ്ഞു. എനിക്ക് വയ്യ ടീച്ചർ, മോണിറ്ററാവാൻ. കുട്ടികളൊക്കെ എന്നെ വെറുതെ വഴക്കു പറയുന്നു. രോഹനാണ് തന്നെ വഴക്കു പറഞ്ഞത് എന്ന് അവൾ പറഞ്ഞില്ല.
അപ്പോൾ ടീച്ചറാണ് ചോദിച്ചത്, അമേയയ്ക്ക് ധൈര്യം എന്നാൽ എന്താണ് എന്നറിയാമോ? കുട്ടികളായാൽ ധൈര്യം വേണം.
അമേയ ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ ടീച്ചർ വീണ്ടും തുടർന്നു . കുട്ടികൾക്ക് ധൈര്യം എപ്പോഴൊക്കെയാണ് വേണ്ടത് എന്നറിയാമോ?
അമ്മാ, അമ്മയ്ക്കറിയാമോ കുട്ടികൾക്ക് ധൈര്യം വേണ്ടത് എപ്പോഴൊക്കെയാണെന്ന്? അമേയ അമ്മയോട് ചോദിച്ചു.
അമ്മ അമേയയെ നോക്കി. അപ്പോൾ അമേയ പറഞ്ഞു തുടങ്ങി. പക്ഷേ, അതൊക്കെ ക്ലാസ് ടീച്ചറാണ് തന്നോട് പറഞ്ഞതെന്ന് അവൾ അമ്മയോട് പറഞ്ഞില്ല.
അമ്മാ, ഒന്നുകിൽ, ഉള്ളിൽ പേടി ഉണ്ടെങ്കിലും ഒരു പുതിയ കാര്യം ചെയ്യണമെന്നുണ്ടെങ്കിൽ നമുക്ക് ധൈര്യം വേണം. പിന്നെ, പുതിയതായി എന്തെങ്കിലും ഒരു കഴിവ്, അതെന്തുമാവട്ടെ, ഉദാഹരണത്തിന് റുബിക്സ് ക്യൂബ് കളിക്കുന്നതോ, ശരീരവഴക്കം വേണ്ടുന്ന ഒരു കാര്യം ചെയ്യുന്നതോ ഒക്കെ വളർത്തിയെടുക്കാൻ നമ്മക്ക് ഉള്ളിൽ നിന്ന് ധൈര്യം ഉണ്ടാക്കിയെടുക്കണം.
അതിപ്പോ നമ്മൾ അതിൽ ആദ്യമൊക്കെ പരാജയപ്പെടുന്നുവെന്നും അത് മറ്റു കുട്ടികൾ കാണുന്നു എന്നും വയ്ക്കുക. നമ്മൾക്ക് ഉള്ളിൽ വിഷമം വരൂല്ലേ. നമുക്ക് ധൈര്യമുണ്ടെങ്കിൽ ആ വിഷമത്തെ നമുക്ക് അതിജീവിക്കാൻ കഴിയൂല്ലേ? അതുപോലെ നമ്മുക്ക് ചുറ്റും ഉള്ളവർ അല്ലെങ്കിൽ നമ്മുടെ ചുറ്റുമുള്ള സാഹചര്യം നല്ലതല്ലെങ്കിലും ശരിയായ കാര്യം ചെയ്യാൻ നമ്മുക്ക് ധൈര്യം വേണം. വിഷമത്തോടെ ആണെങ്കിലും സത്യം പറയേണ്ടുന്ന അവസരമില്ലേ അതൊക്കെ ധൈര്യം ഉണ്ടെങ്കിൽ മാത്രം നമ്മുക്ക് ചെയ്യാനാവുന്നതല്ലേ?

അവസാനത്തേത് എന്താന്നറിയുമോ, നമ്മൾ ചെയ്യുന്ന തെറ്റ്, ചിലപ്പോ നമ്മൾ അറിയാതെ ചെയ്തതാവും ചിലപ്പോ മനപ്പൂർവം ചെയ്തതാവും. രണ്ടായാലും അത് തുറന്നു പറയാനും നമുക്ക് ഉള്ളിൽ ധൈര്യം വേണം.
ഇതിനൊക്കെ വേണ്ടുന്ന ധൈര്യം, അത് നമ്മൾ പരിശീലിച്ചു സ്വന്തമാക്കേണ്ടതാണ്.
അമേയ പറഞ്ഞു നിർത്തിയപ്പോൾ അമ്മ ചോദിച്ചു. “അപ്പോ, അമേയ മോൾ ക്ലാസ്സ് മോണിറ്റർ ആയി തുടരുംല്ലേ?” അമ്മ അത് ചോദിക്കുമ്പോൾ പുഞ്ചിരിച്ചു.
“അമ്മയ്‌ക്കെങ്ങനെ അറിയാം ” ഞാൻ മോണിറ്റർ ആവേണ്ട എന്ന് ചിന്തിച്ച കാര്യം?
“നീ അങ്ങനെ ചിന്തിക്കുന്ന ദിവസം നിന്റെ മുഖത്തു സങ്കടം കാണും. അത് പോട്ടെ, അന്നെന്തായിരുന്നു രോഹന്റെ പ്രശ്നം.?”
ഓ, അത് സ്ഥിരം തന്നെ, അവൻ ക്ലാസിൽ മിണ്ടി, ഞാനവന്റെ പേര് എഴുതി.”
“അതൊക്കെ ശരി, ഇതെവിടുന്നു കിട്ടി ഇന്ന് ധൈര്യത്തിന്റെ ഉറവിടങ്ങൾ?”
“ഞാൻ സ്വന്തമായി കണ്ടെത്തി പറഞ്ഞാൽ പറ്റത്തില്ലേ?” അമേയയ്ക്ക് കുറുമ്പ് തോന്നി.”എന്നാലും പറയാം ഇത് ടീച്ചർ പറഞ്ഞതാണ്.”
“ധൈര്യമുള്ള കുട്ടികൾക്ക് ഒരു അവാർഡ് ഉണ്ട് ഇന്ത്യയിൽ, അമേയയ്ക്ക് അറിയാമോ?” അമ്മ ചോദിച്ചു
“കേട്ടിട്ടുണ്ടല്ലോ കുട്ടികൾക്ക് ധീരതയ്ക്കുള്ള അവാർഡ് കിട്ടിയെന്ന് ” പത്രത്തിൽ വാർത്ത വായിച്ച കാര്യം അമേയയ്ക്ക് ഓർമ്മ വന്നു.
“അമ്മാ, അത് ഗുരുഗു ഹിമപ്രിയ എന്ന പന്ത്രണ്ടു വയസുള്ള കുട്ടിയെ പറ്റിയുള്ള വാർത്തയായിരുന്നു. എട്ടു വയസുള്ളപ്പോൾ ഹിമപ്രിയ ജമ്മുവിലെ സൈനിക ക്യാംപിലായിരുന്നപ്പോൾ ആണ് അത് സംഭവിച്ചത്. ഒരു കൂട്ടം തീവ്രവാദികൾ അവർ താമസിക്കുന്ന വീട് ആക്രമിച്ചു. അപ്പോൾ ഹിമപ്രിയയുടെ അച്ഛൻ വീട്ടിലില്ലായിരുന്നു. അമ്മയും ഹിമപ്രിയയും കൂടി ഭീകരരോട് ചെറുത്തു നിൽക്കാൻ ശ്രമിച്ചു. അവർ എറിഞ്ഞ ഗ്രനേഡ് കൊണ്ട് ഹിമപ്രിയയുടെ കൈക്ക് മുറിവേറ്റു. അമ്മയാവട്ടെ മുറിവേറ്റു തളർന്നു വീഴുകയും ചെയ്തു. ഒരു ഭീകരൻ തോക്ക് തന്റെ നെറ്റിയിൽ ചേർത്ത് വച്ചിട്ടും പതറാതെ നിന്ന ഹിമപ്രിയ അവരോടു മണിക്കൂറുകളോളം സംസാരിച്ചു നിന്നുവെന്നൊക്കെ ആയിരുന്നു ആ വാർത്ത”
“ആഹാ, നല്ല ഓർമ്മ ശക്തിയാണല്ലോ അമ്മേടെ അമ്മുക്കുട്ടിയ്ക്ക്” അമ്മ അമേയയുടെ തലയിൽ തലോടി. എന്നിട്ട് ചോദിച്ചു
“എങ്ങനെയാണ് കുട്ടികൾക്കുള്ള ധീരതയെ നമ്മുടെ രാജ്യം ആദരിച്ചു തുടങ്ങിയത് എന്ന് അമേയയ്ക്ക് അറിയാമോ? ഇല്ല എന്ന് അമേയ തലയാട്ടി. അപ്പോൾ അമ്മ പറഞ്ഞു തുടങ്ങി.
“എന്നാൽ പറ, ആരായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി?”
“അത് പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു ആണല്ലോ”
“അതെ. പണ്ഡിറ്റ്ജി, ഒരു ഗാന്ധി ജയന്തി ആഘോഷ ദിവസം ഡൽഹിയിലെ രാംലീല മൈതാനത്തു നടന്ന ഒരു പരിപാടി കണ്ടുകൊണ്ടിരികയായിരുന്നു. അപ്പോൾ വൈദ്യുതി ബന്ധത്തിലെ തകരാറുമൂലം തീപിടുത്തമുണ്ടായി. അവിടത്തെ ഒരു പന്തലിനാണ് തീ പിടിച്ചത്. നൂറുകണക്കിന് ആളുകൾ നാലുവശവും അടച്ചിരുന്ന ആ പന്തലിനുള്ളിൽ കുടുങ്ങിപ്പോയി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി, ഹരീഷ് ചന്ദ്ര മെഹ്‌റ എന്നായിരുന്നു ആ പതിനാലു വയസുകാരന്റെ പേര്, സ്‌കൗട്ടിൽ ഒക്കെ സജീവമായിരുന്നു ആ കുട്ടി, ഒരു കത്തി കണ്ടെത്തി ആ അലങ്കാരപ്പന്തൽ മുറിച്ചു ആൾക്കാരെ പുറത്തു കടക്കാൻ സഹായിച്ചു. തന്റെ ജീവൻ പോലും പണയം വെച്ചുള്ള ധീരതയാണ് ഹരീഷ് പ്രകടിപ്പിച്ചത്. ഇതറിഞ്ഞ നെഹ്‌റുജി രാജ്യത്തുള്ള മുഴുവൻ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ധീരന്മാരായ കുട്ടികളെ അനുമോദിക്കാൻ ഒരു പുരസ്‌കാരം നൽകണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ആ അംഗീകാരം കൊടുത്തുതുടങ്ങിയത്.” ചരിത്രം പറയുന്നത് നിർത്തി അമ്മ അടുത്ത ചോദ്യം ചോദിച്ചു.
“ആദ്യ അവാർഡ് ആർക്കായിരിക്കും കിട്ടിയത് അമേയ?”
കഥകേട്ട് സ്വയം മറന്നിരുന്നു അമേയയോട് അമ്മ ചോദിച്ചു.

“അത് ഹരീഷിനാവുമല്ലോ?”
“അതെ, അമ്മുക്കുട്ടിക്ക് ഫുൾ മാർക്ക്” അമ്മ തുടർന്നു. ഹരീഷിനും മറ്റൊരു കുട്ടിക്കും കൂടിയായിരുന്നു ആദ്യ അവാർഡ് – 1958ൽ. നെഹ്‌റുജി ആയിരുന്നു ആ അവാർഡ് രണ്ടാൾക്കും കൊടുത്തത്.
അമേയയ്ക്കും താനൊരു ധീരയാണെന്നു തോന്നി. അതുകൊണ്ടാണല്ലോ ക്ലാസിൽ സംസാരിച്ചവരുടെ പേര് എഴുതിയത്. ടീച്ചർ പറയുന്നതൊക്കെ അനുസരിക്കുന്നത്. ഹോം വർക്ക് ചെയ്യാനൊന്നും ഞാനിനി മടിക്കില്ല – അവൾ സ്വയം പറഞ്ഞു.
“അപ്പൊ എങ്ങനെയാണ് അമ്മു ഒരാൾ ധൈര്യശാലിയാണോ എന്ന് തിരിച്ചറിയുന്നത്?
“അതോ, അമേയ ഒന്നാലോചിച്ചു പിന്നെ പറഞ്ഞു. “സാഹചര്യത്തിന് അനുസരിച്ചു ശരിയായ പ്രവർത്തിചെയ്യാൻ കഴിയുമ്പോൾ”
“അതാണ് അമ്മുക്കുട്ടി, എന്റെ ധൈര്യശാലി” അമ്മ അമേയയുടെ നെറുകയിൽ ചുംബിച്ചു.
ധൈര്യത്തെക്കുറിച്ച് താൻ അറിഞ്ഞ കാര്യങ്ങളെല്ലാം അച്ഛനോട് പറയണം എന്നോർത്ത് കിടന്ന അമേയ പക്ഷേ ആ രാത്രി കുറച്ചു ദിവസങ്ങളായി തന്നെ പിന്തുടർന്നിരുന്ന ചിന്തകളുടെ കാർമേഘങ്ങളൊഴിഞ്ഞ ആശ്വാസത്തിലാവണം പെട്ടന്നു തന്നെ ഉറങ്ങിപ്പോയി.
- കുട്ടിക്കഥക്കൂട്ടിൽ നാളെ സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ വായിക്കാം
