മിങ്കു, മുറ്റവും പറമ്പും ഗവേഷണം നടത്തുക പതിവായിരുന്നു.

മുറ്റത്തെ ഉറുമ്പിൻ കൂട്ടത്തെ വലിയ ഭയമായിരുന്നു, അവന്. ഒരിക്കൽ മുറ്റത്തെ ഉറമ്പു മാളത്തിൽ അറിയാതെ കാൽവെച്ചു നിന്ന് മുറ്റത്തെ ചെടിയിലെ പൂക്കൾ മണത്ത് നിൽക്കുമ്പോൾ ഉറുമ്പുകൾ കൂട്ടത്തോടെ അവനെ ആക്രമിച്ചു. ഉറുമ്പു കടിയേറ്റ് പ്രാണവേദനയോടെ ഓടി അവൻ സിന്ധുവിനെ അഭയം പ്രാപിച്ചു.

അവൾ നീണ്ടരോമങ്ങൾക്കിടയിലൊക്കെ കടിച്ചുതൂങ്ങിയിരുന്ന കല്ലനുറുമ്പുകളെ ഓരോന്നായി എടുത്തു മാറ്റി, ബ്രഷെടുത്തവന് ചീകിക്കൊടുത്തു.

രക്ഷപ്പെട്ട നന്ദിയിലവൻ സിന്ധുവിനെ നക്കിക്കൊണ്ടിരുന്നു.

പക്ഷേ പെട്ടെന്ന് തന്നെ മിങ്കു മുറ്റത്തു നിന്നകത്തേയ്ക്കും പിന്നവിടെനിന്ന് പുറത്തേക്കും ശരവേഗത്തിൽ പായാൻ തുടങ്ങി. എന്താ എന്നു ചോദിച്ച് അച്ഛനവനെ തടഞ്ഞു നിർത്തി. അഭയം പ്രാപിക്കുന്നപോലെ അവനച്ഛന്റെ കാൽക്കൽക്കിടന്നു ഇത്തിരി നേരം. പിന്നെ, വീണ്ടും വിരണ്ടോടാൻ തുടങ്ങി.

മിങ്കു ആകെ തളർന്നാണ് കിടക്കുന്നത്,അവൻ ശ്വാസം വലിക്കുന്നത് ആയാസപ്പെട്ടാണ് എന്നു കണ്ടപ്പോൾ അച്ഛൻ ഡോക്ടറെ ഫോണിൽ വിളിച്ച് ഉടൻ വരാനപേക്ഷിച്ചു.

സിന്ധു, ബ്രഷെടുത്ത് അവനെ വീണ്ടും വീണ്ടും ബ്രഷ് ചെയ്തുകൊണ്ടിരുന്നു. നോക്കി നിൽക്കെ അവന്റെ തൊലിയിൽ തടിപ്പുകൾ പൊങ്ങി വന്നു.rajalakshmi , childrens novel, iemalayalam
ഡോക്ടർ പാഞ്ഞെത്തി, മരുന്ന്ബാഗ് തുറന്നു മൂന്നു കുപ്പികളിൽ നിന്ന് മരുന്നെടുത്ത് ഇഞ്ചക്ഷൻ കൊടുത്തു. “അലർജിയാണ്. ഏതോ പ്രാണി ഇവനെ കടിച്ചിട്ടുണ്ട്. ദേഹമാസകലം പൊള്ളൽപോലെ തോന്നും.”

തിണർപ്പുകൾ തൊട്ടുകാണിച്ച് അദ്ദേഹം പറഞ്ഞു: “ദാ ഇതുപോലെ അവൻ്റെ ശ്വാസനാളങ്ങളിലും തിണർപ്പ് പൊങ്ങിയിരിക്കും. അതാണ് ശ്വസിക്കാൻ വിഷമം. അല്പ സമയം കഴിഞ്ഞാൽ നോർമലാകും. ശ്രദ്ധിച്ചില്ലെങ്കിൽ മരണം സംഭവിച്ചേനെ.”

മിങ്കു ഉറങ്ങാൻ തുടങ്ങി. സിന്ധു വിളിച്ചപ്പോഴവൻ കണ്ണു തുറന്നില്ല. അവൾ ഉറക്കെ കരയാൻ തുടങ്ങി.

“മരുന്നിന്റെ മയക്കമാണ്. മോളു കരയാതിരിക്ക്,” ഡോക്ടറവളെ ചേർത്തു നിർത്തി.

“ഇതിലും വലിയ അപകടത്തിൽ നിന്ന് നമ്മളിവനെ രക്ഷിച്ചെടുത്തതല്ലേ,” ഡോക്റ്റർ ചോദിച്ചു.

ഇടയ്ക്കിടെ തേങ്ങിക്കൊണ്ട് സിന്ധു അവനരികിൽ കുന്തിച്ചിരുന്നു.

അവന്റെ ശ്വാസഗതി സാധാരണപോലെയാവുന്നതും തടിപ്പുകൾ അമർന്നു പോകുന്നതും അവൾ കണ്ടു.

“ഇനി ഞാൻ ഇറങ്ങട്ടെ. ഉണർന്നാൽ ഭക്ഷണം കൊടുത്തോളൂ. അവന് കുഴപ്പമില്ല കേട്ടോ മോളേ.”

ഗേറ്റുകടന്ന് ഡോക്ടർ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ സിന്ധു ഓടിച്ചെന്ന് മുന്നിൽ നിന്നു.

“താങ്ക് യൂ ഡോക്ടർ,” നിറകണ്ണുകളോടെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

താൻ മൃഗഡോക്ടറായതിൽ അഭിമാനം തോന്നിയ അവസരങ്ങളിലൊന്നായിരുന്നു ഡോക്ടർക്കത്.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook