പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 7

ഒരു ദിവസം കാലത്ത് ഫോൺ റിങ്ങു ചെയ്യുന്നതുകേട്ടാണ് അവരെല്ലാം ഉണർന്നത്. അച്ഛനാണ് ഫോണെടുത്തത്. അച്ഛൻ ശബ്ദം താഴ്ത്തി ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. അടുത്തു തന്നെ നിൽപ്പായിരുന്ന അമ്മ ആ സംസാരം കേട്ട് കരയാൻ തുടങ്ങി. ആരോ മരിച്ചിരിക്കുന്നു. അമ്മയ്ക്ക് പ്രിയപ്പെട്ട ആരോ. എന്നിട്ടും സിന്ധുവിനുള്ള പ്രാതൽ ശരിയാക്കിയിട്ടേ അമ്മ, മരണ വീട്ടിലേക്കു പോകാനായി വസ്ത്രം മാറിയുള്ളു. മരിച്ചത് അമ്മയ്ക്ക് വളരെ അടുപ്പമുള്ള ഒരമ്മൂമ്മയാണെന്നവൾക്ക് ക്രമേണ മനസ്സിലായി. വേഗം തിരിച്ചെത്താം അച്ഛനുമമ്മയും എന്നു പറഞ്ഞ് അമ്മയുമായി അച്ഛൻ ബൈക്കിൽ […]

rajalakshmi , childrens novel, iemalayalam

ഒരു ദിവസം കാലത്ത് ഫോൺ റിങ്ങു ചെയ്യുന്നതുകേട്ടാണ് അവരെല്ലാം ഉണർന്നത്.

അച്ഛനാണ് ഫോണെടുത്തത്. അച്ഛൻ ശബ്ദം താഴ്ത്തി ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. അടുത്തു തന്നെ നിൽപ്പായിരുന്ന അമ്മ ആ സംസാരം കേട്ട് കരയാൻ തുടങ്ങി.

ആരോ മരിച്ചിരിക്കുന്നു. അമ്മയ്ക്ക് പ്രിയപ്പെട്ട ആരോ.

എന്നിട്ടും സിന്ധുവിനുള്ള പ്രാതൽ ശരിയാക്കിയിട്ടേ അമ്മ, മരണ വീട്ടിലേക്കു പോകാനായി വസ്ത്രം മാറിയുള്ളു.

മരിച്ചത് അമ്മയ്ക്ക് വളരെ അടുപ്പമുള്ള ഒരമ്മൂമ്മയാണെന്നവൾക്ക് ക്രമേണ മനസ്സിലായി.

വേഗം തിരിച്ചെത്താം അച്ഛനുമമ്മയും എന്നു പറഞ്ഞ് അമ്മയുമായി അച്ഛൻ ബൈക്കിൽ നീങ്ങിയപ്പോൾ, സിന്ധു പതിവുള്ള കരച്ചിൽ തുടങ്ങിയില്ല.

വാതിലടച്ചിരിക്കണേ, പരിചയമില്ലാത്തവരാരെങ്കിലും വന്നാൽ വാതിൽ തുറക്കല്ലേ എന്നൊക്കെ അവളോട് അച്ഛനുമമ്മയും മാറി മാറി പ്പറഞ്ഞു.

‘എന്തിനാ പേടിക്കുന്നത്, ഞാനില്ലേ മോൾക്ക് കൂട്ടിന്,’ എന്ന ഭാവത്തിൽ മിങ്കു അവളോടു ചേർന്നു നിന്നു.

അതു ശരിവയ്ക്കും പോലെ അവന്റെ കഴുത്തിൽ കൈചുറ്റി, നിന്ന് അവളച്ഛന് ‘ബൈ’ പറഞ്ഞു.

ബൈക്കിന്റെ പിൻസീറ്റിലിരുന്ന് അമ്മ തേങ്ങിക്കരയുന്നതു കണ്ടപ്പോൾ അവൾക്കത്ഭുതമായി. മരിച്ച അമ്മൂമ്മയെ ഒരിക്കൽ പോലും കണ്ടിരുന്നില്ല, അവൾ.

താനുൾപ്പെടാത്ത ഒരു ജീവിതകാലവും ലോകവും അമ്മയ്ക്കുണ്ടായിരുന്നു എന്നത് അവൾക്കെപ്പോഴും മനസ്സിലാക്കാൻ വിഷമമായിരുന്നു. ഒരിക്കൽ അമ്മയുമൊരു ചെറിയ കുട്ടിയായിരുന്നു എന്നവൾക്ക് സങ്കൽപ്പിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല.

സ്കൂളിൽ പഠിക്കാൻപോയും, അമ്മയുടെ അമ്മയുടെ ലാളനമേറ്റും ഉയരത്തിലുയരത്തിൽ ഊഞ്ഞാലാടിയും ബാല്യമാഘോഷിച്ച ഒരു കാലം അമ്മയ്ക്കും ഉണ്ടായിരുന്നു എന്നമ്മ പറയുമ്പോൾ അവളത്ഭുതപ്പെട്ടു.

അതിനെക്കുറിച്ച് അമ്മ പറയുമ്പോഴെല്ലാം ഞാനെവിടെയായിരുന്നു അന്ന് എന്ന് ഓരോ തവണയും അവൾ ചോദിച്ചുകൊണ്ടിരുന്നു.

അമ്മ കുട്ടിയായിരുന്നപ്പോൾ അമ്മൂമ്മയ്ക്കൊപ്പം തന്നെ അമ്മയെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത വേറൊരു അമ്മൂമ്മയാണ് ഇപ്പോൾ മരിച്ചു പോയിരിക്കുന്നത്.

താനും വലുതായി വിവാഹം കഴിക്കും ഒരിക്കൽ, ബാല്യത്തിലും കൌമാരത്തിലും പ്രധാനമായിരുന്ന പലതിൽ നിന്നും അകന്ന് ജീവിക്കേണ്ടി വരും അപ്പോൾ താനും എന്നോർത്തപ്പോൾ സിന്ധുവിന് സങ്കടമായി. വളർന്ന് വലിയ സ്ത്രീയായി, മക്കളെയും വളർത്തി ജീവിക്കുന്ന കാലം അവൾ സങ്കൽപ്പിച്ചു. മിങ്കു, അവിടെ ഉണ്ടായിരിക്കില്ലെന്നോർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.

ഇന്ന് പ്രധാനമായ പലതും, നാളെ അങ്ങനെയാവില്ലെന്ന കാര്യം ഉൾക്കൊള്ളാൻ മാത്രം വളർന്നിരുന്നില്ല, അവളപ്പോൾ.

അമ്മ മേശപ്പുറത്തുവെച്ച ഭക്ഷണം കഴിച്ച് അവൾ റ്റിവിയ്ക്ക് മുന്നിലിരുന്നു കാർട്ടൂൺ കാണാൻ തുടങ്ങി. അവളോടു ചേർന്നിരുന്നു, മിങ്കു. അവനിഷ്ടമായിരുന്നു ടോം ആൻ്റ് ജെറി കാണാൻ.

അവനുള്ളപ്പോൾ ആരും തന്നെ ഉപദ്രവിക്കില്ലെന്ന് അവൾക്ക് ധൈര്യമുണ്ടായിരുന്നു. ആ കാശത്തിൽ മഴക്കാറ് പരന്നു അതിനിടെ. അങ്ങനെ പ്രകാശം മങ്ങിയപ്പോൾ സിന്ധു, ലൈറ്റ് ഓൺ ചെയ്തു.

അമ്മ എടുത്തുവെച്ച കുഞ്ഞു ബിസ്ക്കറ്റുകൾ ഓരോന്ന് വായിലിട്ടും ഓരോന്ന് മിങ്കുവിന് കൊടുത്തും അവളിരുന്നു.

അതിനിടെ ഇടി കുടുങ്ങാൻ തുടങ്ങി. സിന്ധുവിന് പേടിയായിത്തുടങ്ങി.

ഇത്തിരി കഴിഞ്ഞതും വല്ലാത്തൊരു പ്രകാശത്തോടൊപ്പം, നിലത്തിറങ്ങി വെട്ടി ഒരു ഇടിനാദം. അതോടെ, കറൻ്റ് പോയി, റ്റിവി ഓഫായി. സിന്ധു ഞെട്ടിവിറച്ചു.

ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ കട്ടപിടിച്ച കരിമേഘങ്ങൾ പടിഞ്ഞാറുനിന്ന് കയറിവരുന്നതാണ് കണ്ടത്. ആകാശത്തിനറ്റത്തു നിന്നത് കയറി, വീടിനെയാകെ ചുറ്റിപ്പൊതിയുമെന്നവൾക്കു തോന്നി.

വീട്ടിനകത്തേക്ക് മേഘം തിക്കിത്തിരക്കി കയറ്റി വരുമെന്നും ഇനിയും തുരുതുരാ ഇടിവെട്ടുമെന്നും വിചാരിച്ചു അവൾ. താൻ തനിച്ചാണെന്നു കൂടി ഓർത്തപ്പോൾ അവൾ കരയാൻ തുടങ്ങി. മേഘങ്ങൾക്കരികിലൂടെ മിന്നൽ പല്ലിളിച്ചു കടന്നു പോയി.

തപ്പിത്തടഞ്ഞ് സോഫയിൽ കയറി, അതിന്റെ മൂലയിലേക്ക് മുഖമമർത്തി അവൾ കിടന്നു വിറച്ചു. കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ കാണാതിരിക്കാൻ കണ്ണുകളടച്ചു കിടന്നു.

അച്ഛനുമമ്മയും ബൈക്കിൽ വരുമ്പോൾ, അവരുടെ മേൽ മേഘങ്ങൾ ഇടിഞ്ഞു വീഴുമെന്നും അവൾക്കുതോന്നി.rajalakshmi , childrens novel, iemalayalam

സോഫയിൽ കയറാൻ അനുവാദമില്ലാത്തതുകൊണ്ട് തറയിൽ നിന്ന് ഏന്തി, അവൻ സിന്ധുവിനെ മണത്തു നിന്നു.

മെല്ലെമെല്ലെ അവളുടെ കരച്ചിൽ ഉച്ചത്തിലായി. കേണലിൻ്റ ക്രൌര്യം നിറഞ്ഞ ‘നോ’ മറന്നു കൊണ്ടവൻ സോഫയിലേക്ക് ചാടിക്കയറി. തൊണ്ടയിലൊരു കുറുകുന്ന ശബ്ദത്തോടെ തന്റെ മുഖം, സിന്ധുവിന്റെ മുഖത്തോടു ചേർത്തു. പിന്നെ, സകല കമാന്റുകളും മറന്ന്  മിങ്കു അവളെ ഉരുമ്മി കിടന്നു.

വല്ലാത്തൊരാശ്വാസമറിഞ്ഞ് സിന്ധു കണ്ണു തുറന്നു. അമ്മയുടെ ആലിംഗനംപോലെ അവന്റെ കൈകളവളെ ചുറ്റിയിരുന്നു.

അവൾക്ക് സമാധാനമായി തുടങ്ങുന്നു എന്നു കണ്ടപ്പോൾ അവനും സമാധാനമായിത്തുടങ്ങി.

ഇടതടവില്ലാതെ വെട്ടിയ ഇടിതുടര്‍ന്നു. വീടിനകത്തെ ബൾബുകൾ തെളിഞ്ഞണഞ്ഞു.

തുറന്നിട്ട ജനാലയിലൂടെ, കാറ്റിൽ തെറിച്ച മഴവെള്ളം അവളുടെ ദേഹത്തുവീണു. അവൾക്കപ്പോ ഒരു കളി ചിരി വന്നു.

“മിങ്കു, കറുത്ത മേഘം അകത്തേക്കുവരും. എനിക്കമ്മേ കാണണം…” അവൾ പറഞ്ഞു. അപ്പോൾ അവളോട്‌ ചേർന്നിരുന്ന് അവൻ കുറുകി.

ഭയന്നാലും സങ്കടം വന്നാലും സിന്ധു ഉറക്കത്തിലേക്കാണ് രക്ഷപ്പെടാറ്. സോഫയിൽ മുഖമൊളിപ്പിച്ച് അവൾ ഉറക്കത്തിലേക്കു വീണു.

മിങ്കു സോഫയിൽ നിന്നിറങ്ങി. സിന്ധുവിന് സമാന്തരമായി നിലത്തു കിടന്നു.

കുറച്ചു കഴിഞ്ഞതും നനഞ്ഞു കുളിച്ചു അച്ഛനുമമ്മയും, ‘സിന്ധൂ മോളെ, മോളെവിടെയാ,’ എന്നു ചോദിച്ച് വന്നു. സോഫയിൽ പേടിച്ചുറങ്ങുന്ന സിന്ധുവിന് കാവൽ കിടക്കുന്ന മിങ്കുവിനെ അമ്മ ആലിംഗനം ചെയ്തു.

‘നീ ഇവിടെ ഉണ്ടായിരുന്നതെത്ര നന്നായി മിങ്കൂ,’ എന്നു പറഞ്ഞ് അമ്മയും അച്ഛനും അവനെ ലാളിച്ചു. അവൻ വാലാട്ടി.

സിന്ധുവിനെ ഉമ്മ വച്ച്, ‘പേടിക്കണ്ട ഞങ്ങളെത്തി, എന്നു പറഞ്ഞത് അവൾ കേട്ടോ ആവോ?

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Rajalakshmi childrens novel polinja swapnam chapter

Next Story
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 6rajalakshmi, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express