നായുടെപേര് മിങ്കു എന്നാണെന്ന് കേണലിൻ്റെ വരവോടെ സിന്ധുവിന് മനസ്സിലായി.
“മിങ്കു കം . . . ” എന്നൊക്കെ അവളും കമാൻഡ് ചെയ്തു തുടങ്ങി. പക്ഷേ ‘ഇവിടെ വാടാ,’ എന്ന് അമ്മ വിളിക്കുമ്പോഴുള്ള അവൻ്റെ കുതിച്ചോട്ടം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. നിനക്ക് അമ്മയോടാണല്ലേ കൂടുതൽ സ്നേഹം എന്ന് അപ്പോഴൊക്കെ സിന്ധു പരിഭവിച്ചു.
മിങ്കു, ആളുകളുടെ സംസാരം ചെവി കൂർപ്പിച്ച് ശ്രദ്ധിക്കുക ഒരു പതിവാക്കി. നിനക്ക് ഞങ്ങൾ പറയുന്നതു മുഴുവൻ മനസ്സിലാകും അല്ലേ എന്നു ചോദിച്ച് സിന്ധു ചിരിച്ചു നിന്നു.
നേരത്തെയൊക്കെ കൂട്ടിൽത്തന്നെ നിന്ന് അവന് മടുക്കുന്ന അവസരങ്ങളിലെല്ലാം “കം ഔട്ട്സൈഡ്,” എന്നാജ്ഞാപിക്കുമായിരുന്നു, കേണൽ. ‘സിറ്റ്,’ ‘സ്റ്റാൻഡ്’,‘ഗോ ഇൻസൈഡ്’ എന്നൊക്കെ ആവർത്തിക്കുന്നതിനിടയിൽ അവന് നല്ല അടി കൊടുക്കുമായിരുന്നു കേണൽ.
ആജ്ഞകൾക്കും തല്ലിനുമൊടുവിൽ വേവിച്ച ഇറച്ചി ചേർത്ത ചോറു് കാണുമ്പോഴവന് തെല്ലാശ്വസമാകും.
പക്ഷേ ‘ഡോണ്ട് ടേക്ക്,’ എന്ന കേണലിൻ്റെ ആജ്ഞ ഉടനെ വരുമല്ലോ. കൊതിയടങ്ങാതെ മുന്നോട്ടു ചാടിയാൽ തല്ല് ഉറപ്പായിരുന്നു. ആജ്ഞകളുടെ നീണ്ട പരമ്പര അവനെ വട്ടം കറക്കിയിരുന്നു കേണലിനൊപ്പമായിരുന്നപ്പോഴെല്ലാം.
ഒരു കൂറ്റൻ നായയെ ചൂരൽ തുമ്പിൽ ഒതുക്കി നിർത്തുന്നതിൽ കേണൽ തൻ്റെ സന്തോഷം കണ്ടെത്തി. അവനെ തൊട്ടുതലോടാൻ തൻ്റെ മക്കൾക്കുപോലും അനുവാദം കൊടുത്തിരുന്നില്ല കേണൽ.
അത്തരം സങ്കടങ്ങളുടെയും നോവുകളുടെയും കാലത്തിന്റെ പാരമ്യത്തിലാണ് അവൻ സിന്ധുവിന്റെ ഗേറ്റിൽ അർദ്ധപ്രാണനായി ചെന്നു വീണത്.
സിന്ധുവിൻ്റെയും അച്ഛൻ്റെയും അമ്മയുടെയും മൃദുല പരിചരണത്തിനൊടുവിൽ അവൻ ആരോഗ്യവാനായി തിരിച്ചെത്തിയത് സ്നേഹത്തിന്റെ കുത്തൊഴുക്കിലേക്കായിരുന്നു.
നാഴികകൾക്കപ്പുറത്തു നിന്ന് അസ്ത്രംപോലെ പാഞ്ഞുവന്ന് അവൻ തന്റെ വീട്ടുപടിക്കൽതന്നെ വന്നുവീണത് ഒരു നിയോഗം പോലെ തോന്നി, സിന്ധുവിന്റെ അമ്മയ്ക്ക്. അങ്ങനെ തോന്നിക്കഴിഞ്ഞപ്പോൾ, അവരിൽ, അവനുനേരെ മാതൃ സ്നേഹം നുരഞ്ഞു പൊങ്ങി.
സിന്ധു കഴിക്കുന്നതെന്തും ഒരു പങ്ക് അവനു കിട്ടി. അവളോടൊപ്പമിരുന്ന് അവൻ ചക്കയും മാങ്ങയും വരെ തിന്നു. നുറുക്കുന്ന പച്ചക്കറിയുടെ പങ്കുപറ്റുന്നതുകണ്ടപ്പോൾ ‘നീ യെന്താ ആടാണോടാ, മിങ്കൂ’ എന്നു പരിഹസിച്ചു അവളുടെ അച്ഛൻ.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
‘നായയാണ്, പടിക്കുപുറത്ത്’ എന്ന ആദർശവും വാശിയുമൊക്കെ അച്ഛൻ മെല്ലെ മെല്ലെ മറന്നു, അവന്റെ കുലീനമായ പ്രകൃതം കണ്ടപ്പോൾ.
ആദ്യം സ്വീകരണമുറിയിലും പിന്നെ, കിടപ്പറയിലും അടുക്കളയിലുമൊക്കെയായി അവൻ തന്റെ സാമ്രാജ്യം വിപുലപ്പെടുത്തി. പുറത്തുപോയി, തിരിച്ചു വരുന്ന കുടുംബാംഗങ്ങൾക്ക് എന്നും ഊഷ്മളസ്വീകരണം കൊടുത്തു, അവൻ. മെയിൻ റോഡിനു നേരെയാണ് പോയാൽ സിന്ധുവിന്റെ അച്ഛൻ വരാൻ വൈകുമെന്നും വലത്തോട്ടു പോയാൽ ചെറിയ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, വേഗം വരുമെന്നും അവൻ മനസ്സിലാക്കി.
വീടിന്റെ ഗേറ്റു കടന്ന് വലത്തോട്ടു പോകുന്നത് ആരായാലും അവൻ ഗേറ്റിനു മുന്നിൽ കാത്തു കിടക്കും. ആൾ തിരികെ വന്നാൽ സ്വീകരിച്ചാനയിക്കുകയായി. വരുന്ന ആളുടെ നേരെ ചാടുകയായിരുന്നു, അവന്റെ സ്വീകരണം. അവന്റെ കാലിലെ ചെളി വരുന്നയാളുടെ ഉടുപ്പിലാകും എന്ന അസൌകര്യം പ്രകടിപ്പിക്കുന്നതുകണ്ടപ്പോഴവൻ ചാട്ടം നിർത്തി, ഉരുമ്മലിലേക്കൊതുക്കി, സ്നേഹം. “ചെളിയാവും” എന്ന അഭിപ്രായപ്രകടനം കേണലിൻ്റെ ‘നോ’ ആയിത്തന്നെ അവൻ വായിച്ചെടുത്തു .
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
ഒന്നര വയസ്സുവരെ ഒരു മൃഗമായി ജീവിച്ചശേഷം പകുതി മനുഷ്യനായ ഒരു ജീവിയായി മാറുകയായിരുനനു, മിങ്കു.
അതിഥികൾ തന്നെക്കണ്ടു ഭയന്നാൽ, ‘അകത്തു പെയ്ക്കോ’ എന്നു പറയും സിന്ധുവിൻ്റെ അച്ഛൻ. അതു കേൾക്കുക സങ്കടമായതുകൊണ്ട് ആജ്ഞ വരും മുൻപെ മുറിയിൽ കടന്ന്, മൂക്കുകൊണ്ട് വാതിലടച്ച് കിടക്കുക പതിവാക്കി, മിങ്കു. ആളുകൾ അവന്റെ അവസോരോചിതമായ പെരുമാറ്റം കണ്ട് അതിശയിച്ചു.
നിലം അടിച്ചുവാരാൻ തങ്കം എന്ന ജോലിക്കാരി ചൂലുമായി വന്ന്, “മുറ്റത്തേക്കിറങ്ങി നിൽക്ക്, മിങ്കൂ, വീട് അടിച്ചു തുടയ്ക്കട്ടെ” എന്നവനോട് പറയുക പതിവായിരുന്നു.
അവർ ചൂലെടുത്താലവൻ മുറ്റത്തിറങ്ങിക്കിടക്കുകയായി.
പരുഷമായ വാക്കിനെ മിങ്കുവെറുത്തു അത്രയും കാലം ആജ്ഞകൾക്കു നടുവിൽ കിടന്നു വലഞ്ഞത് ഓർമ്മ വരികയാലാവാം അത്.
ഏത് അർദ്ധരാത്രിയിലും പുറത്തിറങ്ങാൻ സിന്ധുവിന് ഭയമില്ലാതായി. മിങ്കു അവളുടെ കൂടെയുള്ളപ്പോൾ കള്ളന്മാരാരും മാലപൊട്ടിക്കാൻ വരില്ലെന്നുറപ്പായിരുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം അവന്റെ ദേഹം ബ്രഷ് ചെയ്യുക അവൾ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപാണ്.
“ബ്രഷ് ചെയ്യണ്ടേ” എന്നു ചോദിച്ചാൽ സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് ബ്രഷ് കടിച്ചെടുത്ത് മുറ്റത്തേയ്ക്കോടുകയായി മിങ്കു. ബ്രഷ് ദേഹത്തുകൂടി നീങ്ങുമ്പോൾ അവൻ നിർത്താതെ വാലാട്ടിക്കൊണ്ടിരുന്നു.
ഇത്ര ചെറിയ കുട്ടി, ഒരു കൂറ്റൻ നായയെ കൊണ്ടു നടക്കുന്നത് ഗേറ്റിനരികിൽ വന്ന് നോക്കി നിൽക്കുക പതിവായി ആളുകൾ.
തുടരും…