scorecardresearch

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 5

കേണൽ ചങ്ങല അവന്റെ കഴുത്തിനുനേരെ നീട്ടി. നായ ഒറ്റച്ചാട്ടത്തിന് അയാളുടെ മുഖത്തു കടിച്ചു. അയാൾ അവന്റെ ചാട്ടത്തിൻ്റെ ശക്തി കാരണം പിന്നോട്ടുവീണു

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 5

ക്രമേണ മിങ്കു എഴുന്നേറ്റ് മൂന്നുകാലിൽ ചാടി നടക്കാൻ തുടങ്ങി. ദേഹത്തെ മുറിവുകൾ ഉണങ്ങി. രോമങ്ങൾ എണ്ണക്കറുപ്പാർന്ന് തിളങ്ങി.

സിന്ധു, തന്നോളം പോന്ന നായയോട് വലിയ സ്നേഹത്തിലായി. അവൾ പോകുന്നിടത്തൊക്കെ, അവളെ മിങ്കു പിൻതുടർന്നു നടന്നു. മിങ്കു സൌമ്യനും ശാന്തനുമായി പെരുമാറി അവരോടെല്ലാം.

ഒടുവിൽ, ഒടിഞ്ഞ കാലിലെ കെട്ടും നീക്കം ചെയ്തു.

അവൻ ശരിയ്ക്ക് നാലുകാലിൽ നിവർന്നെണീറ്റു നിന്നു. അച്ഛൻ പറഞ്ഞത് ശരിയായിരുന്നു. ആ നാട്ടിൽ അത്രയ്ക്ക് ഉശിരനായ, മുന്തിയ മറ്റൊരു നായയില്ലായിരുന്നു.

പരിശീലനങ്ങളും ശിക്ഷകളും ഇല്ലാത്ത ജീവിതം മിങ്കു ശരിക്കും ആസ്വദിക്കാൻ തുടങ്ങി. അവന്റെ ജോലി, സിന്ധുവിന്റെ പിറകെ നടക്കുകമാത്രമായി.

വീട്ടിലാരെങ്കിലും വന്നാൽ അവനെ അകത്തെമുറിയിലിട്ടടയ്ക്കുക പതിവായി. ക്രമേണ ഗേറ്റിലാളെക്കണ്ടാൽ കുരയ്ക്കുകയും വീട്ടുകാർ പുറത്തുവന്ന് നോക്കിക്കഴിഞ്ഞാൽ സിന്ധുവിന്റെ മുറിയിലേക്ക് തന്നത്താനെ വാതിൽ തള്ളിത്തുറന്ന് കയറി, മൂക്കുകൊണ്ട് വാതിലടയ്ക്കുകയും മിങ്കു പതിവാക്കി.

ഒരു ദിവസം സിന്ധുവും നായയും മുറ്റത്ത് കളിക്കുകയായിരുന്നു. അവൾ എറിഞ്ഞ പന്ത് അവൻ കടിച്ചെടുത്ത് തിരിയുകയായിരുന്നു. അപ്പോഴുണ്ട് ഗേറ്റിൽ, കപ്പടാ മീശക്കാരനായ ഒരാജാനുബാഹു.

“മിങ്കു . . . അയാൾ ഉറക്കെ വിളിച്ചു. നായ ഒന്നു പതുങ്ങി. പിന്നെ ഉറക്കെ കുരയ്ക്കാൻ തുടങ്ങി. “അകത്തു പൊക്കോ,” സിന്ധു പറഞ്ഞു. നായ അവളുടെ പിറകിൽ നിന്ന് കുര തുടർന്നു. “ഉം . . . അകത്ത് . . . ” അവളാജ്ഞാപിച്ചു. നായ വാതിൽ തുറന്നകത്തുകയറി,  അവിടെ നിന്ന് കുര തുടർന്നു. സിന്ധു വാതിലടച്ചു.

വന്നയാൾ അകത്തുകയറി, കസേരയിലിരുന്നു. അയാളുടെ കൊമ്പൻ മീശയ്ക്കു താഴെ, ചുണ്ടുകളിൽ വല്ലാത്തൊരു ക്രൗര്യം സിന്ധു വായിച്ചെടുത്തു.

അച്ഛൻ പുറത്തുവന്നു.

“ആരാ, മനസ്സിലായില്ലാ. . . ”

“ഞാൻ കേണൽ ഗോപാലൻ . കുറച്ചകലെയാണ് വീട്. ഈ നായ എന്റേതാണ്.”

സിന്ധുവിന്റെ കണ്ണു നിറഞ്ഞു. നായയെ അച്ഛൻ തിരിച്ചുകൊടുക്കുമെന്ന് അവൾക്കുറപ്പായിരുന്നു.

“ഏതാണ്ട് ചാവാറായ നിലയിലാണ് അത് ഞങ്ങളുടെ ഗേറ്റിൽ വന്നു വീണത്,” അച്ഛൻ പറഞ്ഞു

“അറിയാം. നിങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് അതിനെ ചികിത്സിച്ചതെന്ന് ഞാൻ കേട്ടു. അതിന്റെ ചെലവ് എത്രയായാലും തരാം. ഇവനെ തിരിച്ചു കൊണ്ടു പോകാനാണ് ഞാൻ വന്നത്.”
rajalakshmi, childrens novel, iemalayalam
“അതിപ്പോ, ചെലവൊന്നും എഴുതിവച്ചിട്ടില്ല. എനിക്കൊട്ട് തരികയും വേണ്ട. നായ നിങ്ങളുടേതാണെങ്കിൽ വിളിച്ചുകൊണ്ടു പൊയ്ക്കോളൂ,” അച്ഛനങ്ങനെയാണ് പറഞ്ഞത്

കേണൽ ഗോപാലൻ, ഉടനെ നീട്ടി വിളിച്ചു, “മിങ്കു .”

നായ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി.

അയാൾ വാതിൽ തുറന്ന് ആജ്ഞാപിച്ചു.

“മിങ്കു . . . കം … ”

നായ ഓടി സിന്ധുവിന്റെ പുറകിൽ പതുങ്ങി.

കേണൽ, അവന്റെ ലീഷുമായി നടന്നടുത്തു. നായ പേടിയോടെ മുറിയുടെ മൂലയിൽ പതുങ്ങി.

“എന്താടാ, വിളിച്ചാൽ വന്നൂടെ,” അയാൾ പരുക്കൻ ഒച്ചയിൽ ചോദിച്ചുകൊണ്ട് അടുത്തേയ്ക്കു നീങ്ങി.

നായ പിന്നിലേക്കു നീങ്ങി നീങ്ങി, മുറിയുടെ മൂലയിൽ, ഇനിയും പിന്നോട്ടു നീങ്ങാനാവാതെ പതുങ്ങി നിന്നു.

കേണൽ ചങ്ങല അവന്റെ കഴുത്തിനുനേരെ നീട്ടി. മിങ്കു ഒറ്റച്ചാട്ടത്തിന് അയാളുടെ മുഖത്തു കടിച്ചു. അയാൾ അവന്റെ ചാട്ടത്തിൻ്റെ ശക്തി കാരണം പിന്നോട്ടുവീണു. നായ അയാൾക്കുമേൽ, ഉച്ചത്തിൽ കുരച്ചുകൊണ്ട് കയറിനിന്ന് ആക്രമണ സന്നദ്ധനായി. സിന്ധു അവനെ പിടിച്ചുമാറ്റി. കുരച്ചുകൊണ്ടവൻ വീണ്ടും അയാളുടെ നേരെ ചാടി.

നായുടെ പല്ലിന്റെ ആഴം അയാളുടെ കവിളിൽ തെളിഞ്ഞു. അയാൾ പിടഞ്ഞു, വീണിടത്തു നിന്ന് കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കി

“നായ നിങ്ങളുടെയല്ല, അല്ലേ,” അച്ഛൻ ചോദിച്ചു.

അയാൾ മുഖം കൈകൊണ്ട് അമർത്തിപ്പിടിച്ചു എഴുന്നേറ്റു നിന്നു.

സിന്ധുവിന്റെ പിറകിൽനിന്ന് നായ വീണ്ടും കുരച്ചു ചാടിയപ്പോൾ അയാൾ മുറിക്കു പുറത്തേക്കോടി.

അമ്മ പഞ്ഞിയും അയോഡിനുമായി വരുമ്പോഴേക്ക് അയാൾ മുഖം പൊത്തിക്കൊണ്ട് ഗേറ്റ് കടന്ന് പുറത്തേയ്ക്കു നീങ്ങിക്കഴിഞ്ഞിരുന്നു.

അയാളെ നോക്കി നായ ഉച്ചത്തിൽ കുരച്ചു കൊണ്ടേയിരുന്നു. അത്രയ്ക്ക് ശൗര്യമുണ്ട് അവനെന്നവർ അറിഞ്ഞിരുന്നില്ല.

“നായ അയാളുടേതല്ലാ, ല്ലേ,” സിന്ധു ചോദിച്ചു.

അച്ഛൻ പറഞ്ഞു “ആണ്. ഡോക്ടർ പറഞ്ഞിരുന്നു, ഇവൻ കേണലിന്റതാണ്, അയാളെ കടിച്ച ദേഷ്യത്തിന് അയാൾ ചാട്ടകൊണ്ടടിച്ചോടിച്ചതാണ് ഇവനെയെന്ന്.”

“അപ്പോഴിവൻ നമ്മളെ കടിയ്ക്ക്വോ, അച്ഛാ.”

“ചോദിച്ചു നോക്ക്, അവനോടുതന്നെ,” അച്ഛൻ ചിരിച്ചു.

നായുടെ കുര നിന്നിരുന്നു. സിന്ധു തിരിഞ്ഞുനോക്കി.

അവനെ ഇറുകെപ്പുണർന്നിരിക്കുകയായിരുന്നു, അമ്മ. ആർക്കുമവനെ വിട്ടുകൊടുക്കുകയില്ലെന്ന് പ്രഖ്യാപിക്കും പോലെ.

തുടരും…

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Rajalakshmi childrens novel polinja swapnam chapter 4

Best of Express