Latest News

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 4

“ദാ അച്ഛാ, തലപൊക്കി,” സിന്ധു വിളിച്ചുകൂവി. അല്പം ഭയത്തോടെ അവൾ അടുത്തു ചെന്നപ്പോഴവൻ വാലാട്ടി. ആദ്യമായി, അവൻ കാണിച്ച സ്നേഹപ്രകടനം അമ്മയുടെ മനസ്സിളക്കി.

rajalakshmi, childrens novel, iemalayalam

തല ഉയർത്തി നോക്കാൻ ശ്രമിക്കുമ്പോഴെല്ലാം നുറുങ്ങിയ വാരിയെല്ലുകളുടെ വേദന കൊണ്ടവൻ മോങ്ങി.

സിന്ധു, തനിക്കുള്ള പാൽ അമ്മയറിയാതെ ദിവസവും അതിന്റെ പാത്രത്തില്‍ കൊണ്ട് ഒഴിച്ചുകൊടുത്തു.

പിറ്റേന്ന് അച്ഛൻ ഓഫീസിൽനിന്ന് വന്നപ്പോൾ ഒരു ടിൻ പാല്‍പൊടി കൊണ്ടുവന്നു. “എന്താ, സിന്ധുമോളെ മലർത്തിക്കിടത്തി ഇങ്ക കൊടുക്കാനാണോ ഭാവം?” അമ്മ ചോദിച്ചു. ഞാനെന്താ ചെയ്യാൻ പോവുന്നതെന്ന് അമ്മേം മോളും കണ്ടോളൂ എന്നച്ഛൻ ചിരിച്ചു.

പാൽ തിളപ്പിച്ച് സിന്ധുവിന്റെ ഗ്ലാസിൽ അമ്മ ഒഴിച്ചതും രണ്ട് സ്പൂൺ പാല്‍പൊടി അതിൽ കലക്കുകയായി, അച്ഛൻ. ഒരു കൂറ്റൻ നായയ്ക്ക് വിശക്കാതിരിക്കണമെങ്കിൽ പാൽ പോരെന്ന് അച്ഛന് തോന്നിക്കാണണം.

“ഇതൊന്ന് തല ഉയർത്തിയിരുന്നെങ്കിൽ ചോറ് കൊടുക്കാമായിരുന്നു,” എന്നു അച്ഛൻ പറഞ്ഞതും അമ്മയ്ക്ക് തീരെ പിടിച്ചില്ല.

അപരിചിതരെ കണ്ടാൽ കുരയ്ക്കണമെന്ന പാഠം ഓർമ വന്നപ്പോൾ ആളുകൾക്കു നേരെ പല്ലിളിച്ച് ക്രൗര്യം പ്രകടിപ്പിച്ചു അവൻ, കിടന്ന കിടപ്പിലാണെങ്കിൽപ്പോലും.

“ഇവിടുന്നെണീറ്റാൽ ഈ നായ നമ്മളെ കടിച്ചു തുപ്പും,” എന്ന് അയൽക്കാർ പറഞ്ഞു.

“ഒരാളും ഇങ്ങട്ട് കടക്കാണ്ടാവും,” അമ്മ ആത്മഗതം നടത്തി.

സിന്ധു പരിഹാരം കണ്ടു. “കെട്ടിയിടാലോ വയ്യായ്ക മാറിയാൽ.”

നായ രക്ഷപ്പെടുമെന്ന് തോന്നാൻ തുടങ്ങിയിരുന്നു, അവൾക്ക്.

പാലും പാല്‍പൊടിയും കൊണ്ട് ഒന്നും അവന്റെ വിശപ്പു തീർക്കാതായിരുന്നു. വേവിച്ച മത്സ്യം വായുടെ ഒരു വശത്തുകൂടി വച്ചു കൊടുത്താൽ അവൻ മെല്ലെ ചവച്ചു തിന്നാൻ തുടങ്ങി. ചോറും മത്സ്യവും മിക്സിയിലടിച്ച് കോരിക്കൊടുത്തു.

അങ്ങിനെ ഒരു ദിവസം അച്ഛൻ കൊടുത്ത ഭക്ഷണം മുഴുവനും കഴിക്കാൻ സാധിച്ച മിങ്കു തലയുയർത്തി നോക്കി ചുറ്റുപാടും. വിശപ്പിന്റെ കത്തലടങ്ങിയതിന്റെ തിളക്കം, അവന്റെ കണ്ണുകളിലുണ്ടായിരുന്നു.

“ദാ അച്ഛാ, തലപൊക്കി,” സിന്ധു വിളിച്ചുകൂവി. അല്പം ഭയത്തോടെ അവൾ അടുത്തു ചെന്നപ്പോഴവൻ വാലാട്ടി. ആദ്യമായി, അവൻ കാണിച്ച സ്നേഹപ്രകടനം അമ്മയുടെ മനസ്സിളക്കി.
rajalakshmi, childrens novel, iemalayalam

“അതിന് മോളെ ഇഷ്ടായീട്ടുണ്ട്,” അമ്മ പറഞ്ഞു.

“ഇഷ്ടമാകാതെങ്ങനെ? ഏതുനേരവും അതിനടുത്തുതന്നെയല്ലേ അവൾ,” അച്ഛൻ പറഞ്ഞു.

സ്നേഹത്തിന്റെ മാന്ത്രികത ആദ്യമായറിയുകയായിരുന്നു മിങ്കു.

സിന്ധു അതിനരികിലിരുന്ന്, നിറുകയിൽ കൈവെച്ചപ്പോഴവൻ കണ്ണുകളടച്ച് ഒരു പാവക്കുട്ടിയെപ്പോലെ അനങ്ങാതെ കിടന്നു. പരിശീലനത്തിനിടയിൽ പത്ത് തല്ലുകഴിഞ്ഞാൽ ഇടയ്ക്കുകിട്ടുന്ന ഒരു “ഗുഡ്” ആയിരുന്നു അവനതു വരെ ആകപ്പാടെ യറിഞ്ഞിട്ടുള്ള സ്നേഹം.

സിന്ധുവിന്റെ അച്ഛൻ മൃദുവായി പിടിച്ചുയർത്തിയപ്പോൾ അത് ഒടിഞ്ഞ പിൻകാൽ നിലത്തു കുത്താതെയെങ്കിലും ആദ്യമായി, എഴുന്നേറ്റു നിന്നു.

വേദനയുണ്ടായിട്ടും മിങ്കുവിന് സന്തോഷമായിരുന്നു ആ എഴുന്നേറ്റു നിൽപ്പിൽ.

“നാളെ നമുക്ക് നടക്കണട്ടോ,” സിന്ധു പ്രോത്സാഹിപ്പിച്ചു. നിർത്താതെ വാലാട്ടിക്കൊണ്ടിരുന്നു, അവൻ.

അമ്മയുടെ മനസിലെ അവനെക്കുറിച്ചുള്ള ഭയാശങ്ക നീങ്ങി.

നായ സ്നേഹമുള്ള ജാതിയാണ്, കണ്ടാൽ പേടിയാകുമെങ്കിലും. “ഒരു പക്ഷേ, നടക്കാറായാൽ അത് സ്വന്തക്കാരുടെ അടുത്തേക്ക് പോവാനും മതി,” അമ്മ പറഞ്ഞു. അവൻ പോകുമോ എന്ന് ആലോചിച്ചപ്പോൾ അവർക്കെല്ലാം വിഷമം തോന്നി.

“നമ്മളോട് പറയാതെ മടങ്ങിപ്പോവ്വ്വോ, അച്ഛാ, ഇവൻ,” സിന്ധു ചോദിച്ചു അച്ഛനതിനുത്തരമില്ലായിരുന്നു. ഉടമസ്ഥൻ അത്ര ദൂരത്തല്ലാതെ ഉണ്ടാകാനാണ് വഴി.

“ഇവന്റെ പേരെന്താവും, അച്ഛാ,” സിന്ധു ചോദിച്ചു.

“മോളുതന്നെ ചോദിച്ചറിഞ്ഞോളൂ,” അച്ഛൻ പറഞ്ഞു.

ഇത്തവണ അമ്മ പൊട്ടിച്ചിരിച്ചു. മഴ മേഘങ്ങൾ നീങ്ങിയ മാനംപോലെയായി സിന്ധുവിന്റെ മനസ്സ്. അമ്മ, നായയോടുള്ള വിരോധം മറന്നിരിക്കുന്നു. ഇനി എല്ലാം വേഗം ശരിയാവുമെന്ന് അവൾ വിചാരിച്ചു.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Rajalakshmi childrens novel polinja swapnam chapter 4

Next Story
വയലറ്റും ഗ്രീനും-കുട്ടികളുടെ നോവൽ രണ്ടാം ഭാഗംpriya as novel
The moderation of comments is automated and not cleared manually by malayalam.indianexpress.com