പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 3

ഗോപാലൻ ചേട്ടനൊഴികെ സകലരെയും കടിച്ചു കീറണമെന്ന ആജ്ഞ നായുടെ മസ്തിഷ്‌കത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അന്നേരമാണ് പരുപരുത്ത കൈകളാല്‍ അച്ഛനവന്റെ കണ്ണു തുടച്ചത്. പെണ്‍കുട്ടി, പേടിച്ചുപേടിച്ച് അവന്റെ കാലില്‍തൊട്ടു. പുതിയൊരു ലോകമറിയുകയായിരുന്നു നായ

rajalakshmi, childrens novel, iemalayalam

അച്ഛന്‍ മടങ്ങിവരുമ്പോള്‍ പിന്‍സീറ്റില്‍ മൃഗഡോക്ടറുണ്ടായിരുന്നു. നായയ്ക്കരികില്‍ കുന്തിച്ചിരുന്ന പെണ്‍കുട്ടി, എഴുന്നേറ്റു നിന്നു. എന്നിട്ട് അച്ഛന്റെ കൈയില്‍ത്തൂങ്ങിപ്പറഞ്ഞു,”അച്ഛാ, ഇതിനിപ്പോഴും ജീവനുണ്ട്.”

മൃഗഡോക്ടര്‍ നായയുടെ ദേഹം പരിശോധിച്ചു. ”വാരിയെല്ലിന് ഒടിവുണ്ട്. കാലിന്റെ എല്ലിനും. പിന്നെ അവിടവിടെ മുറിവുകള്‍”

”നമുക്കൊരു കൈനോക്കാരുന്നു,” അച്ഛന്‍ പറഞ്ഞു.

”രക്ഷപ്പെടാന്‍ ചാന്‍സുണ്ട്. പക്ഷേ മുറിവുകളില്‍ ഇന്‍ഫക്ഷന്‍ വരാതെ നോക്കണം,” ഡോക്ടർ കുട്ടിയോട് പറഞ്ഞു. കുട്ടി തലയാട്ടി.

ഡോക്ടര്‍ ഇഞ്ചക്ഷന്‍ കൊടുക്കുമ്പോള്‍ മിങ്കു വേദന കൊണ്ട്  നിലവിളിച്ചു കൊണ്ടിരുന്നു. വീണ്ടും അതിന്റെ കണ്ണില്‍നിന്ന് വെള്ളമൊഴുകി. മുറിവുകളില്‍ അയോഡിന്‍ പുരട്ടുമ്പോള്‍ അവന്‍ ഞരങ്ങി. എല്ലാറ്റിനും പുറമെ അവന്റെ കാലടികള്‍, റോഡിലെ ചൂടു ടാര്‍ കൊണ്ട് പൊള്ളിയിരുന്നു.

ഡോക്ടര്‍ പെണ്‍കുട്ടിയുടെ മുഖത്തുനോക്കുമ്പോഴുണ്ട് അവളുടെ കണ്ണിലാകെ സങ്കടവും കണ്ണീരും. ഡോക്ടര്‍ ചോദിച്ചു, ”മോള്‍ടെ പേരെന്താണ്?”

”സിന്ധു.”

”സിന്ധൂന് നായെ ഇഷ്ടായോ?”

അവള്‍ തലയാട്ടി.

”എന്നാല്‍ മരുന്നൊക്കെ കൊടുത്ത് മിടുക്കനാക്കി മോളിതിനെ കൂട്ടുകാരനാക്കിക്കോ.”

അവള്‍ക്ക് സംശയമായി,”സൂക്കേടുമാറിയാല്‍ ഇതു നമ്മളെ കടിയ്‌ക്ക്വോ?”

”ഏയ് ഇല്ലില്ല, നായകള്‍ നല്ല സ്‌നേഹമുള്ള ജീവികളാണ്,” ഡോക്ടര്‍ പറഞ്ഞു.

അച്ഛന്‍ പേഴ്‌സില്‍ നിന്ന് പൈസയെടുത്ത് ഡോക്ടര്‍ക്കു കൊടുക്കാനൊരുങ്ങുമ്പോള്‍, വാതിലിനു പിറകില്‍ നിന്ന് അമ്മ പിറുപിറുത്തു, ”ഓരോ കൊസ്രാക്കൊള്ളികള് ഒപ്പിച്ചോളും അച്ഛനും മോളും കൂടി.”

സിന്ധു വീണ്ടും നായയ്ക്കുമുന്നില്‍ കുന്തിച്ചിരുന്നു. നിറഞ്ഞ കണ്ണുകള്‍ തുറന്ന് മിങ്കു നോക്കുമ്പോഴെല്ലാം കരുണ ഉറഞ്ഞുകൂടിയതുപോലുള്ള അവളുടെ മുഖമവന്‍ തെളിഞ്ഞു കണ്ടു. ഡോക്ടറെ തിരിച്ചുകൊണ്ടുപോയാക്കിയിട്ട് അച്ഛനും അവള്‍ക്കരികിലിരുന്നു.

കേണല്‍ ഗോപാലനൊഴികെ സകലരെയും കടിച്ചു കീറണമെന്ന ആജ്ഞ നായുടെ മസ്തിഷ്‌കത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അന്നേരമാണ് പരുപരുത്ത കൈകളാല്‍ അച്ഛനവന്റെ കണ്ണു തുടച്ചത്. പെണ്‍കുട്ടി, പേടിച്ചുപേടിച്ച് അവന്റെ കാലില്‍തൊട്ടു. പുതിയൊരു ലോകമറിയുകയായിരുന്നു നായ.

അമ്മ പരിഭവത്തോടെ മുന്നില്‍ വന്നു നിന്നപ്പോള്‍ അച്ഛനെഴുന്നേറ്റു.

”എന്റെ ജാനകി, നീയൊന്നടങ്ങ്. ഇതൊരു നായയല്ലേ , പുലിയൊന്നുമല്ലല്ലോ.”

എന്നിട്ടച്ഛന്‍ മകളോട് പറഞ്ഞു; “ഈ കെടക്കണ നായ ഈ നാട്ടിലേക്കും വച്ച് ഭയങ്കരനാണ്. ജീവനോടെ കിട്ടിയാല്‍, ഇതിന് വില എത്രയാണെന്നറിയ്യ്യോ?”
rajalakshmi, childrens novel, iemalayalam

”അപ്പോഴച്ഛന്‍ ഇതിനെ വില്‍ക്ക്വോ, സൂക്കേട് മാറ്യാല്‍?”

”നയാപൈസ ഇല്ലാണ്ടെ വലഞ്ഞപ്പഴാ ദൈവമായിട്ട് ഇങ്ങനൊരു വഴി കാണിച്ചു തന്നതാന്നും നമക്ക് വിചാരിക്കാം.”

”വില്‍ക്കല്ലേ, അച്ഛാ,” സിന്ധു, മന്ത്രിച്ചു.

”എന്നിട്ടച്ഛന്‍ മോള്‍ക്ക് പാദസരം വാങ്ങിത്തരാം.”

”വേണ്ട.”

”പട്ടുപാവാട?”

”വേണ്ട വേണ്ടച്ഛാ…”

”നമുക്കെന്തിനാ സിന്ധുമോളേ കടിക്കണ നായേനെ?”

”എന്നാ നമുക്കിതിന്റെ വീട്ടുകാരെ കണ്ടുപിടിച്ച് തിരിച്ചു കൊടുത്താലോ അച്ഛാ.”

അച്ഛന്‍ ഒന്നും മിണ്ടാതെ അകത്തുപോയി, അവളുടെ പാലെടുത്തു വന്നു.
എന്നിട്ട് അവളുടെ തോളില്‍ത്തട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, “അച്ഛന്‍ വെറുതെ പറഞ്ഞതാ നായയെ വില്‍ക്കണ കാര്യമെല്ലാം. മോളെന്തു പറയും എന്നറിയാന്‍ അച്ഛന്‍ ഒരു സൂത്രം പ്രയോഗിച്ചതല്ലേ.”

അവള്‍ക്കച്ഛന്‍ പറഞ്ഞതുകേട്ട് വലിയ ആശ്വാസമായി.

അച്ഛന്റെ കൈയിലെ പാല്‍പ്പാത്രത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു, ”ന്റെ പാല്‍ നായയ്ക്ക് കൊടുക്ക്വാ?”

”പകുതി മോള് കുടിച്ചിട്ട് ബാക്കി കൊടുക്കാം.”

”വേണ്ടച്ഛാ. അതിന് കൊടുത്തോളൂ. പാവം.”

കേണലൊഴികെ മറ്റാരില്‍നിന്നും ഭക്ഷണം കഴിക്കരുതെന്ന ആജ്ഞ ഓര്‍മ്മവന്നു, നായയ്ക്ക് ഒരു നിമിഷം.

വായില്‍ നിറഞ്ഞ പാല്‍ത്തുള്ളികള്‍ അമൃതാണെന്നും തോന്നി മിങ്കുവിന് അടുത്ത നിമിഷം തന്നെ. പാല്‍ ഉള്ളില്‍ച്ചെന്നതിന്റെ തണുപ്പില്‍, മരുന്നകത്തു ചെന്നതിന്റെ ആശ്വാസത്തില്‍ ചാക്കില്‍ ചുരുണ്ടു കൂടി അവന്‍ കിടന്നു. “പാവം ഉറങ്ങട്ടെ,” എന്നു പറഞ്ഞു അച്ഛന്‍.

അവള്‍ പിന്നെയും അതിനടുത്തു തന്നെയിരുന്നു കുറേനേരം കൂടി.

അവനുറങ്ങിയെന്നു ബോധ്യമായപ്പോള്‍ അവന്റെ തലയില്‍ തലോടി, ഉറങ്ങി എണീക്കുമ്പോള്‍ എല്ലാം ശരിയാവും എന്നവനോട് മെല്ലെപ്പറഞ്ഞ് അവള്‍ വീട്ടിലേക്ക് തിരിച്ചു നടന്നു.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Rajalakshmi childrens novel polinja swapnam chapter 3

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express