പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 2

മുഖത്തു വെള്ളം വീണപ്പോള്‍ അവന്‍ കണ്ണു തുറന്നു. അവനു ചുറ്റും, അപരിചിതരുടെ ഒരു വൃത്തം രൂപം കൊണ്ടിരുന്നു. കേണലിന്റെ തൊടി മാത്രമാണ് തന്റെ അധികാരപരിധി എന്നോര്‍ക്കാതെ അവന്‍ ഒന്നു കുരച്ചു

rajalakshmi, childrens novel, iemalayalam

താനോടുകയാണെന്നു പോലും മിങ്കു അറിയുന്നുണ്ടായിരുന്നില്ല. മുതുകിലെ കനല്‍ കോരിയിടുന്ന പോലത്തെ വേദനയും കാല്‍ക്കീഴിലെ റോഡിലെ തിളയ്ക്കുന്ന ടാറിന്റെ വേവും മാത്രമേ അവനറിയുന്നുണ്ടായിരുന്നുള്ളു. ആപത്ഘട്ടമാണ്, രക്ഷപ്പെടാനായി ഓടുക മാത്രമേ വഴിയുള്ളു എന്ന് തലച്ചോര്‍ കാലിന് നിര്‍ദ്ദേശം കൊടുത്തിരിക്കണം.

നടപ്പാതയിലേക്ക് നീങ്ങിയിട്ട് ഓടിയാല്‍, ഉരുകിയ ടാര്‍ ഒട്ടിപ്പിടിച്ച് കാല്‍ വേവുന്നതൊഴിവാക്കാമെന്നൊന്നും പാവം മിങ്കുവിന്  തോന്നിയില്ല.

എന്തോ ഭാഗ്യത്തിന്, വഴിയില്‍ വാഹനങ്ങളില്ലായിരുന്നു. അതുകൊണ്ട് മെയിന്‍ റോഡിലെത്തുവോളം അപകടം ഒഴിഞ്ഞുകിട്ടി. പക്ഷേ മെയിന്‍ റോഡിലെത്തിയതും, ഏതോ വാഹനം തട്ടി, മിങ്കു തെറിച്ചു വീണു. പിറകേ വന്ന സ്‌കൂട്ടര്‍ അവന്റെ കാലില്‍ കയറി, ബാലന്‍സ് പോയി ഒരാള്‍ വീഴുകയും ചെയ്തു.

വീണയാള്‍ എഴുന്നേറ്റ് ശാപ വാക്കോടെ അവനെ നോക്കി. ജീവിതത്തിലിന്നോളം വേണ്ടി വന്നിട്ടില്ലാത്ത ലജ്ജാവഹമായ ഒരു കരച്ചില്‍ തന്റെയുള്ളില്‍ നിന്നും പുറപ്പെടുന്നത് മിങ്കു അറിഞ്ഞു.

പാവം, അവന്റെ പിന്‍ കാലുകളിലൊന്ന് ഒടിഞ്ഞു പോയിരുന്നു. ദൈന്യതയോടെ അവന്‍ നിരങ്ങി, അടുത്തുള്ള ഏതോ വീടിന്റെ ഗേറ്റിനു മുന്നിലെത്തി. അപ്പോഴേക്ക് അവന്റെ ബോധം മറഞ്ഞു പോയിക്കഴിഞ്ഞിരുന്നു.

സ്‌കൂട്ടറിന്റെ ഉടമ അവനെ നോക്കി, ഇനി എന്തു ചെയ്യണമെന്നറിയാതെ നിന്നു.

വീടിന്റെ പൂമുഖത്തു നിന്ന് ഇറങ്ങി വന്നയാള്‍, അയാളോട് തട്ടിക്കയറി. ”ചത്ത നായയെ എന്റെ ഗേറ്റിനു മുന്നിലിട്ടിട്ട് പോവാന്‍ നോക്കണ്ട. വണ്ടി ഇടിച്ചു കൊന്നവര്‍ തന്നെ, വലിച്ചു കുഴിച്ചിട്ടോളണം.”

സ്‌കൂട്ടറുടമയ്ക്ക് ദേഷ്യം വന്നു ”ചാവാതെങ്ങനെയാ, കുഴിച്ചിടുന്നത്?”

വീട്ടുകാരനു പിറകെ അയാളുടെ മകള്‍ ഇറങ്ങി വന്നു. ഇത്ര വലിയ നായയെ അവള്‍ ആദ്യം കാണുകയായിരുന്നു. കറുകറുത്ത ഒരു കൂറ്റന്‍ നായ. അതിന്റെ വയറ് ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു.

”ചത്തട്ടില്ല അച്ഛാ…” അവള്‍ പേടിയോടെ പറഞ്ഞു.

അപ്പോഴേക്ക് അവളുടെ അമ്മയും എത്തി. നീ എന്തിനാ ഈ നായയുടെ അടുത്തുവന്നത് എന്ന് അവളുടെ അച്ഛന്‍, അമ്മയെ വഴക്കു പറഞ്ഞു.

ആ വഴക്കൊന്നും കാര്യമാക്കാതെ നിന്നു അമ്മ.

നീണ്ടരോമങ്ങള്‍ക്കു മേല്‍ ചോരത്തുള്ളികള്‍ കണ്ടമ്മ, കഷ്ടമായിപ്പോയി എന്നു പറഞ്ഞതിനെത്തന്നെ നോക്കി നില്‍പ്പായി. എന്നിട്ട് അമ്മ പറഞ്ഞു ”ജീവന്‍ പോയിട്ടില്ല, പാവം നായ. ഏതോവലിയ വീട്ടിലെയാണെന്ന് കണ്ടാലറിയാം. അതിന് ലേശം വെള്ളം കൊടുക്കൂ. അല്ലേല് അതിപ്പോത്തന്നെ ചാവും.”
rajalakshmi, childrens novel, iemalayalam

തോട്ടത്തിലെ വെയിലില്‍ ചുട്ടുപൊള്ളുന്ന പൈപ്പില്‍നിന്ന് ഒരു കോപ്പവെള്ളമെടുത്ത് അപ്പോഴേക്കാ പെണ്‍കുട്ടി അവനരികിലെത്തി.

മുഖത്തു വെള്ളം വീണപ്പോള്‍ അവന്‍ കണ്ണു തുറന്നു. അവനു ചുറ്റും, അപരിചിതരുടെ ഒരു വൃത്തം രൂപം കൊണ്ടിരുന്നു. കേണലിന്റെ തൊടി മാത്രമാണ് തന്റെ അധികാരപരിധി എന്നോര്‍ക്കാതെ അവന്‍ ഒന്നു കുരച്ചു.

”എന്താ ശൗര്യം,” വീട്ടമ്മ പറഞ്ഞു.

അടുത്ത നിമിഷം, തകര്‍ന്നുപോയ വാരിയെല്ലിന്റെ ഉള്ളില്‍ നിന്നു പുറപ്പെട്ട കുത്തുന്ന വേദനയറിഞ്ഞ് മിങ്കു നിശ്ശബ്ദനായി.

മിങ്കുവിന്‍റെ കണ്ണില്‍ നിന്നും വലിയ ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങി. പെണ്‍ കുട്ടിക്ക് സങ്കടം വന്നു.

”പാവം അച്ഛാ അത് കരയ്യ്യാണ്.”

”ഏതായാലും ഇത് ചാവും. തല്‍ക്കാലം അതിനെ തോട്ടപ്പുരയിലേക്ക് കിടത്താം,” വീട്ടുകാരന്‍ പറഞ്ഞു.

”എന്നിട്ടു വേണം അതിന്റെ മരണപരാക്രമം കൂടി നമ്മള് കാണാന്‍,” പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ദേഷ്യം വന്നു.

പക്ഷേ അയാള്‍ ഒരു ചാക്കു കൊണ്ടു വന്ന് നായയെ അതിലേക്കു കിടത്തി. പിന്നെ ചാക്കു വലിച്ച് തോട്ടത്തില്‍ കൈക്കോട്ടും കൊട്ടയും ഒക്കെ വെയ്ക്കുന്ന ചെറിയ ഷെഡ്ഡിലേക്കതിനെ എത്തിച്ചു. അയാളുടെ മകള്‍ ഒപ്പം നിന്നു.

കോപ്പയിലെ വെള്ളം, പെണ്‍കുട്ടി വായിലൊഴിച്ചു കൊടുത്തപ്പോള്‍ അത് ആര്‍ത്തിയോടെ കുടിച്ചു. എന്നിട്ട് ഒട്ടും പറ്റാഞ്ഞിട്ടും മെല്ലെ വാലാട്ടാന്‍ നോക്കി.

”ഹാവു ഇനി ഇത് ചത്താലും വിരോധല്യാ. നമ്മള് ഇതിന് വെള്ളം കൊടുത്തൂലോ. അങ്ങനെ സമാധാനിക്കുകയല്ലാതെ വേറെന്തു വഴി,” അമ്മ പറഞ്ഞു.

പിന്നെ ബൈക്കെടുത്ത് അച്ഛന്‍ എന്തിനോ പുറത്തിറങ്ങി. കുറെ നേരം നോക്കിനിന്നശേഷം വഴിയോരത്തെ ആളുകളും പിരിഞ്ഞുപോയി.

അമ്മ, ഗേറ്റടച്ച് അകത്തുപോയി.

മകള്‍ മാത്രം, അതിനെന്തെങ്കിലും പറ്റുമോ എന്ന പേടിയോടെ നോക്കിക്കൊണ്ട് അതിനരികിലിരിപ്പായി. അവളതിനെ മെല്ലെ തലോടി. ആ തലോടലിന്റെ സുഖം കൊണ്ടാണോ എന്നറിയില്ല, വേദന മറന്നു മിങ്കു, മയങ്ങി ഇത്തിരി നേരം.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Rajalakshmi childrens novel polinja swapnam chapter 2

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com