ഇപ്പോഴായി, ഉണ്ണി വന്നതോടെ എല്ലാവര്ക്കും തിരക്കാണ്. അച്ഛനും. പണ്ടത്തെ പതിവുകളൊക്കെ മാറിപ്പോയിരിക്കുന്നു. അച്ഛന് സിന്ധുവിനെ എടുക്കാറും കൂടിയില്ല.
ഇപ്പോഴച്ഛന് ഓഫീസു വിട്ടുവന്നാല്‍, കൈയിലെ ബിസ്ക്കറ്റ് പാക്കറ്റോ പഴംപൊരിപ്പാക്കറ്റോ സിന്ധുവിന്റെ കൈയില്‍ കൊടുത്തിട്ട് അമ്മേം വാവേം കാണാന്‍ പോവും.
മുന്പാണെങ്കിലോ, സിന്ധുവിനു തിന്നാന്‍ കൊണ്ടുവന്നത് അവളുടെ കൈയില്‍ കൊടുത്തിട്ട അവളെയെടുത്ത് പുന്നാരിച്ച് മടിയില്‍ വെയ്ക്കും, അതെല്ലാം തുറക്കാന്‍ അവളെ അച്ഛന് സഹായിക്കും. പിന്നെ അച്ഛന് കൊണ്ടുവരുന്ന ബിസ്കറ്റും കേക്കും, സിന്ധുവും മിങ്കുവും പകുത്തുതിന്നും.
പക്ഷേ ഒരു ദിവസം അച്ഛന് വരുമ്പോള്‍ ഇരുട്ടിയിരുന്നു. അന്ന് ഉണ്ണി ഭയങ്കര കരച്ചിലായിരുന്നതു കൊണ്ട് അമ്മയ്ക്കും, സിന്ധുവിനെ അത്രയൊന്നും ശ്രദ്ധിക്കാന്‍ നേരം കിട്ടിയില്ല.
“കുട്ടി ഉച്ചയ്ക്കുറങ്ങാന്‍ കിടന്നിട്ട് ഇതുവരെ എണീറ്റില്ലേ, എന്താന്നു തിരക്കീല്ലേ,” എന്ന് അമ്മമ്മയോട് ചോദിച്ചു അച്ഛന്.
“ഉച്ചയുറക്കം കഴിഞ്ഞാല്‍ സിന്ധു കറങ്ങിത്തിരിഞ്ഞ് വരുന്നതാണ് വാവയെ കാണാന്‍, ഇന്നു കണ്ടില്ല ഇങ്ങോട്ടൊന്നും, ഒന്നു നോക്കാമോ അവളെ എന്നമ്മ ആ അമ്മമ്മയോട് ചോദിക്കുന്നത് അച്ഛന് കേട്ടിരിക്കും.”
അച്ഛന് അകത്ത് ചെന്നുനോക്കുമ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് പനിച്ചു വിറയ്ക്കുന്ന സിന്ധുവിനെയാണ് കണ്ടത്. അവളുടെ മുഖം ചീര്‍ത്തും കണ്ണിടുങ്ങിയുമിരുന്നു.
അച്ഛനവളെയെടുത്ത്, “അച്ഛന്റെ കുട്ടിക്ക് നല്ല പനിയുണ്ടല്ലോ,” എന്നു പറഞ്ഞ തോളത്തു കിടത്തി. എന്നിട്ട് അമ്മമ്മയുടെ റ്റിവി ഓഫ് ചെയ്തു.
മുലക്കിലിരുന്ന് സീരിയല്‍ കാണുകയായിരുന്ന അമ്മമ്മ, “അത് വെയ്ക്ക്, കാണട്ടെ” എന്നു പറഞ്ഞെങ്കിലും അച്ഛനത് മൈന്‍ഡ് ചെയ്തില്ല. ”എന്തു പറ്റി അച്ഛന്റെ കുട്ടിസ്രാങ്കിന്,” എന്നു ചോദിച്ച് അച്ഛനവളെ ഉമ്മവെച്ചു.
”ഉണ്ണീണ്ടായപ്പോള് ഇന്നെ ആര്‍ക്കും ഇഷ്ടല്യാണ്ടായീ…” സിന്ധു പറഞ്ഞു.
”മോള്‍ടടുത്ത് മിങ്കുവും വന്നില്ലേ ഇന്ന്,” അച്ഛന് ചോദിച്ചു.
സിന്ധുവിനപ്പോഴേക്ക് കരച്ചില് പൊട്ടി. അവള് പറഞ്ഞു. “അവന് അടുത്തിരിക്കാനല്ലേ പറ്റൂ, എന്നോട് മലയാളത്തില്‍ സംസാരിക്കാനാറിയില്ലല്ലോ?”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
പിന്നെയവള്‍ പതുക്കെ പറഞ്ഞു, “അച്ഛനറിഞ്ഞോ മിങ്കുവിനെ വാവയുടെ അടുത്തു കൊണ്ടുപോയി എന്നു പറഞ്ഞ അമ്മമ്മ ഇന്നെ തല്ലി.” എന്നിട്ട് അവള് ഉടുപ്പുയര്‍ത്തി കാല് കാണിച്ചു കൊടുത്തു. അടി കിട്ടിയേടം ഒരു കൈപ്പത്തിയടയാളം തെളിഞ്ഞു കാണാമായിരുന്നു.
അച്ഛന് അമ്മമ്മയോട് ഭയങ്കര ദേഷ്യം വന്നു . അച്ഛന് അമ്മമ്മയോട് ഒച്ചവെച്ചു.”നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള്‍ മോളെയും തല്ലാറില്ല, നായയെയും തല്ലാറില്ല. കുട്ടിയെ നിങ്ങളടിക്കുന്നതു കണ്ടാല്‍ നായയ്ക്ക് ദേഷ്യം വരും. പിന്നെ നായ കടിച്ചു എന്നു പരാതി പറഞ്ഞ് വരരുത്.”
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
”നായ്ക്കളെ കൂട്ടിലിടണം. വീട്ടില്‍ ചെറിയകുട്ടീള്ളതാണ്,” അമ്മമ്മ വിട്ടില്ല.
”അവനെ ഇനി അനിയന്റെയടുത്ത് കൊണ്ടോവണ്ടാട്ടോ മോളേ. അവന് ജനിച്ചതല്ലേയുള്ളൂ?” അമ്മ പറഞ്ഞു. “അഞ്ചാറുമാസം പ്രായാവുമ്പോ വാവയ്ക്ക് നിങ്ങടെ കൂടെ കളിക്കാറാവും.”
വാഷ് ബേസിനു മുന്നില്‍ സ്റ്റൂളിട്ടു അവളെ നിര്‍ത്തി, അച്ഛന് അവളുടെ കാല് വെള്ളമിട്ടുഴിഞ്ഞു. പനിയ്ക്കുള്ള സിറപ്പും കൊടുത്തു. അച്ഛനവളെ എടുത്തു കൊണ്ടു നടന്നു.
പിന്നെ പറഞ്ഞു ”സാരല്യാട്ടോ. മോളിന്ന് അമ്മമ്മയുടെ കൂടെ കിടക്കണ്ട. അച്ഛന്റെ കൂടെ ഉറങ്ങിയാല്‍ മതി.”
“കിടക്കേല് മിങ്കുവിനേം കൂടി കിടക്കാന്‍ സമ്മ്തിക്കുമോ അച്ഛാ,” അവള് ചോദിച്ചു.
“പിന്നെന്താ,” എന്നു പറഞ്ഞു അച്ഛന് .
വലിയ കിണ്ണത്തിലെടുത്ത ചോറും മീനും തൈരുമെല്ലാം അച്ഛനവള്ക്കുരുട്ടിക്കൊടുത്തു. മിങ്കു, മുള്ളുകള്‍ ചവച്ചു തിന്നു.
കിടക്കയിലവള്‍ കിടന്നപ്പോളവന് അവളുടെ മുഖം മണത്തു. ”മിങ്കൂനച്ഛന് തരൂട്ടോ ചോറും മീനും.”
അവളവനെ തലോടി. രണ്ടാളും കെട്ടിപ്പിടിച്ച് ഉറക്കമായി. അച്ഛന് വന്ന് സിന്ധുവിനെ പുതപ്പിച്ചു.
തുടരും…