കുഞ്ഞിനെ നോക്കുവാനും അമ്മയെ കുളിപ്പിക്കാനും അടുക്കളപ്പണിക്കുമായി നാട്ടിൽ നിന്ന് അച്ഛൻ വിളിച്ചു വരുത്തിയ ആ അമ്മൂമ്മ, അച്ഛൻ്റെ ബൈക്കിനു പിന്നിലിരുന്ന് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു ‘ബസൊക്കെ കിട്ടാൻ വൈകി, ഇല്ലേൽ കുഞ്ഞിനെ ഡോക്റ്റർ തരുന്നത് എൻ്റെ കൈയിലേക്കായേനെ,’ എന്നു പിന്നെയും പിന്നെയും പറഞ്ഞു അവർ.

റോസ് നിറമാണ് കുഞ്ഞുവാവയ്ക്ക്, നേഴ്സ് അച്ഛൻ്റെ കൈയിൽ കൊടുത്തതും അതുവരെ നിർത്താതെ കരഞ്ഞു കൊണ്ടിരുന്ന വാവ കരച്ചിൽ നിർത്തി ഉണ്ടക്കണ്ണ് മിഴിച്ച് ഇതാണോ എൻ്റെ അച്ഛൻ എന്ന മട്ടിൽ നോക്കാൻ തുടങ്ങി എന്നെല്ലാം അച്ഛൻ പറയുന്നതു കേട്ട് അവൾക്ക് വാവയെക്കാണാൻ കൊതിയായി.

കൽക്കണ്ടവും മുന്തിരിയും ലയിപ്പിച്ച വെള്ളം കൊടുക്കണം നമ്മൾ ചെന്നാലുടനെ കുഞ്ഞിന് എന്നാ അമ്മൂമ്മ പ്ലാനിട്ടു വണ്ടിയിലിരുന്ന്. അമ്മയുടെ പാൽ മാത്രമേ കൊടുക്കാവൂ എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട് എന്നു മറുപടി പറഞ്ഞു അച്ഛൻ. ‘ഇൻഫെക്ഷനാവും കുഞ്ഞിന് അങ്ങനൊക്കെ ചെയ്താൽ’എന്ന് കൂടി അച്ഛൻ പറഞ്ഞു.

‘ഞങ്ങൾ മുന്തിരിനീര് തന്നിട്ട് നിങ്ങളാരും ചത്തു പോയില്ലല്ലോ,’ എന്നാ അമ്മൂമ്മ പിറുപിറുത്തത് അച്ഛൻ കേട്ടില്ലായിരിക്കും എന്നോർത്തു സിന്ധു.

അവർ ചെല്ലുമ്പോൾ അമ്മ ക്ഷീണം കൊണ്ട് മയങ്ങുകയായിരുന്നു.

സിന്ധു, വാതിൽ തുറന്ന് ഓടിച്ചെന്നു. അമ്മയ്ക്കപ്പുറം ഉയരമുള്ള ഇരുമ്പുകട്ടിലിൽ കിടപ്പുണ്ടായിരുന്നു അനിയൻ വാവ. പ്രയാസപ്പെട്ട് വായിലാക്കിയ വിരൽ ആർത്തിയോടെ നോട്ടിനുണയുന്ന ഓമനത്തമുള്ള വാവസ്വരം കേൾക്കാമായിരുന്നു. അച്ഛനതിനിടെ അമ്മക്കെന്തോ മരുന്നു വാങ്ങാൻ പോയി.

കുഞ്ഞിനെ വാരിയെടുത്തുമ്മവെയ്ക്കാൻ കൊതിച്ചു് സിന്ധു കട്ടിലിലേക്ക് കയറാൻ തുടങ്ങി.rajalakshmi, childrens novel, iemalayalam

“ഇറങ്ങവിടുന്ന്,” എന്ന ആജ്ഞയായി അപ്പോഴാ അമ്മമ്മ. അവളതനുസരിക്കാൻ ഭാവമില്ലെന്നു കണ്ടപ്പോൾ, ആ അമ്മമ്മ അവളെ നിന്നോടല്ലേ പറഞ്ഞത് എന്നു ഒച്ച വെച്ച്ദേഷ്യപ്പെട്ടു. അവൾക്ക് ഒരടിയും കൊടുത്തു പിന്നെയവർ. സിന്ധു വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലിൽ നിന്നിറങ്ങി.

അമ്മ ഒന്ന് കണ്ണു തുറന്നുനോക്കിയെങ്കിൽ എന്നവൾ കൊതിച്ചു. “മിണ്ടരുത്,” എന്ന് ചുണ്ടിൽ കൈവെച്ച് ആജ്ഞാപിച്ചു, അമ്മമ്മ. കുഞ്ഞിനുള്ള കുഞ്ഞുടുപ്പുകളും കൊതുകുകുടയും മറ്റും വാങ്ങാൻ പോയിക്കഴിഞ്ഞിരുന്നു, അച്ഛൻ.

തന്നെക്കാൾ പൊക്കമുള്ള ആശുപത്രിക്കട്ടിലിനരികിൽ വാവയെ ഒന്നു കൺ നിറയെ കാണാൻ കൊതിയോടെ സിന്ധു നിലയുറപ്പിച്ചു.

മുറുക്കാൻ പൊതി തപ്പിയെടുത്ത് മുറുക്കാൻ തുടങ്ങി, അമ്മമ്മ. മിണ്ടാൻ ഭയന്ന് അവൾ കണ്ണിമ ചിമ്മിച്ചിമ്മി, കണ്ണീരൊളിപ്പിച്ചുകൊണ്ടിരുന്നു.

ഇത്തിരി കഴിഞ്ഞതും അച്ഛൻ വന്ന് ഒച്ചയുണ്ടാക്കാതെ കുഞ്ഞിന് കൊതുകുകുട വെച്ചു കൊടുത്തു. അപ്പോഴേക്കാ അമ്മൂമ്മ മുറുക്കാൻ തുപ്പിക്കളയാനായി ബാത്റൂമിലേക്ക് പോയിരുന്നു.

“എന്തു പറഞ്ഞു ചേച്ചിക്കുട്ട്യോട് വാവ,” എന്നു ചോദിച്ചു ചിരിച്ചു അച്ഛൻ.

ഉണ്ണിയെ കാണാനും തൊടാനും പറ്റീല്ല ഇതുവരെ, അമ്മമ്മ സമ്മതിച്ചില്ല, സിന്ധു പറഞ്ഞു. അച്ഛൻ കാണിക്കാലോ എന്നു പറഞ്ഞച്ഛനവളെ എടുത്തുയർത്തി.

അവൾ വാവയെ വിരൽ നീട്ടിത്തൊട്ടു. “പാവക്കുട്ടിയോളമേ യുള്ളു അല്ലേ അച്ഛാ,” അവൾ ചോദിച്ചു. അച്ഛൻ തല കുലുക്കി. അവളുടെ ശബ്ദം കേട്ടാവും അമ്മ കണ്ണ് തുറന്നു ചിരിച്ചു .എന്നിട്ട് ചോദിച്ചു, ഇഷ്ടായോ വാവയെ?” അവൾ തലയാട്ടി.

അമ്മമ്മയെ അവിടെ നിർത്തി അച്ഛനും അവളും തിരിച്ചു വീട്ടിലേക്ക് പോന്നു.

ഗേറ്റു കടന്നതും മിങ്കു ഓടി വന്ന് അവളെ സ്വീകരിച്ചു.

മിങ്കുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് സിന്ധു പറഞ്ഞു “ഉണ്യേ ഞാൻ കണ്ടു. രണ്ടു ദിവസം കഴിയുമ്പോ അവര് വരും അപ്പോ നിനക്കും കാണാ ട്ടോ…”

മിങ്കു എല്ലാം മനസ്സിലായതുപോലെ പറഞ്ഞു, ‘ബൗ ബൗ!’

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook