കുഞ്ഞനിയന്റെ ജനനം സിന്ധുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു.
ഒരു ദിവസം കാലത്തെഴുന്നേറ്റപ്പോഴേ അമ്മയ്ക്ക് വയ്യാണ്ടായി. ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോലും കയറാൻ പറ്റാത്ത വിധം അമ്മക്ക് വയറുവേദനയായി.
അമ്മ പിന്നെ അച്ഛൻ്റെ സഹായത്തോടെ ഉടുപ്പൊക്കെ മാറിഎങ്ങോ പോകാനൊരുങ്ങി.
സിന്ധു അടുത്തു ചെന്നു. അമ്മയുടെ മുഖത്തെക്ഷീണവും വയറിൻ്റെ വേദനയും കണ്ടവൾ പേടിച്ചു.
“വാവ വരാറായി ഭൂമിയിലേക്ക്,” അച്ഛൻ പറഞ്ഞു.
“ആശുപത്രിയിൽ പോയി ഡോക്റ്ററെക്കൊണ്ട് പുറത്ത്കൊണ്ടുവരണം വാവയെ,” അമ്മ പറഞ്ഞു അവളെ ചേർത്തുനിർത്തിക്കൊണ്ട്.
“വാവ ഇന്നുതന്നെ വരുമോ അമ്മേ,” സിന്ധു അമ്മയുടെ വയർതലോടിക്കൊണ്ട് ചോദിച്ചു.
“സിന്ധൂനച്ഛൻ ചോക്ലേറ്റ് ഡ്രിങ്ക് കലക്കി വെച്ചിട്ടുണ്ട്. മിങ്കുവിന്റെ പാൽ എടുത്തു കൊടുക്കണം,” അമ്മ പതുക്കെ പറഞ്ഞു.
“പേടിക്കണ്ട, അമ്മേ, അനിയത്തി ആയാലും അനിയൻ ആയാലും കുഴപ്പമില്ല. അമ്മയ്ക്ക് വേദനിക്കാതിരുന്നാൽ മതി,” അവൾ വേവലാതിപ്പെട്ടു. അമ്മ അവളെ ഉമ്മവെച്ചു. “അമ്മ സിന്ധൂന് വാവേം കൊണ്ടുവരാം. മിങ്കൂന്റെ കൂടെ ഇരുന്നോളൂട്ടോ.”
നേരത്തെ തന്നെ പായ്ക്ക് ചെയ്ത വച്ച ബാഗുമായി അച്ഛൻ പുറത്തുവന്നു.
സിന്ധു വെഷമിക്കണ്ട. അമ്മമ്മ നാട്ടീന്ന് പുറപ്പെട്ടിട്ടുണ്ട്. ഇപ്പോ എത്തും. അതു വരെ മിങ്കുവുണ്ടല്ലോ മോൾക്ക് കൂട്ടിന്. ഞാൻ കൊറച്ച് കഴിഞ്ഞാൽ, വന്ന് മോളെ കൊണ്ടോവാം. അച്ഛൻ അങ്ങനെയൊക്കെ പറഞ്ഞ് അമ്മയെ പിടിച്ച് ടാക്സിയിലേക്ക് കയറ്റിയിരുത്തി.
അമ്മ വലിയ വയറുമായി പതുക്കെ കയറിയിരുന്ന് സിന്ധുവിനോട് ചിരിച്ചു. അവൾക്ക് സങ്കടം വന്നു. ചെറുപ്പത്തിലെന്നപോലെ അവൾ നീട്ടിക്കരഞ്ഞു. “കരയണ്ട. ഉച്ചയാവുമ്പോഴേക്കും ഞാൻ വരാം,” അച്ഛൻ വിളിച്ചു പറഞ്ഞു.
കാർ ഗേറ്റുകടന്നകന്നപ്പോൾ സിന്ധു കരഞ്ഞുകൊണ്ട് സോഫയിൽകിടന്നു. താൻ ഒറ്റപ്പെട്ടതായി അവൾക്കു തോന്നി. അമ്മയുടെ വയറിനകത്തുനിന്ന് കുഞ്ഞുവാവ പുറത്തു വരുമ്പോൾ എത്ര വേദനിക്കുമെന്ന് ആലോചിച്ചപ്പോൾ അവൾക്ക് പേടി തോന്നി.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
സോഫ അവളുടെ കണ്ണീരുവീണ് നനഞ്ഞിരുന്നു. മിങ്കു അവളുടെയടുത്ത് ഇരിപ്പുറപ്പിച്ചു. അവളെ കാലിൽ നക്കി ആശ്വസിപ്പിച്ചു.
സിന്ധു പിന്നെ അവന് പാൽ പാത്രത്തിലൊഴിച്ചു കൊടുത്തു. സിന്ധുവും കുടിക്കണമെന്ന് മിങ്കു “ബൌ ബൗ,” എന്ന് പറഞ്ഞു. അവൾക്ക് ചിരി വന്നു. അവൾ വേണ്ടെന്നു തോന്നിയിട്ടും ചോക്ലേറ്റ് ഡ്രിങ്ക് കുടിച്ചു.
അല്പം കഴിഞ്ഞ് അമ്മമ്മ ഒരു ബാഗുമായി ഓട്ടോയിൽ വന്നിറങ്ങി. അവർ വല്ലാതെ പരിഭ്രമിച്ചിരുന്നു. അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോൾ “ട്രാഫിക് ബ്ലോക്കു കാണുമോ വഴിയിൽ, ഇപ്പോ പ്രസവം നടന്നു കാണുമോ,” എന്നൊക്കെ അമ്മമ്മ തന്നത്താൻ വർത്തമാനം പറഞ്ഞു നിന്നു.
എന്തൊക്കെയാണെങ്കിലും, തന്നെ ചേച്ചി എന്നു വിളിക്കുന്ന ഒരു വാവയെ കിട്ടുകയെന്ന കാര്യം വളരെ നല്ലതായിത്തോന്നി സിന്ധുവിന്. അവൾ മിങ്കുവിൻ്റെ കൂടെ കളിച്ചു. അമ്മമ്മ ചോറും കൂട്ടാനുമുണ്ടാക്കാൻ അടുക്കളയിൽ കയറി.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
“വാവയുണ്ടായാലും മിങ്കു തന്നെയാണ് എന്റെ ഫ്രണ്ട്, കേട്ടോ മിങ്കു,” സിന്ധു അവന്റെ ശിരസ്സിൽ തലോടി. മിങ്കു, വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു.
അച്ഛൻ തിരിച്ചെത്തി സോഫയിൽ കിടന്നുമയങ്ങിപ്പോയ സിന്ധുവിനെ എടുത്തുയർത്തിയ ശേഷം അച്ഛൻ പറഞ്ഞു, “അനിയൻ തന്നെ സിന്ധൂ.”
സിന്ധു അന്നോളം കണ്ടതിൽ വെച്ചേറ്റവും വലിയ ബാർ ചോക്ലേറ്റ് അച്ഛനവൾക്കു നീട്ടി.
“മിങ്കു. . അനിയൻ,” അവളൊരു കഷണം ചോക്ലേറ്റവന് കൊടുത്തു. അച്ഛനവളെ ഉയർത്തിയെടുത്ത് കസേരിയിലിരുത്തി. പിന്നെ അമ്മ സ്നേഹം തോന്നുമ്പോൾ ചെയ്യാറുള്ളതുപോലെ, ഭക്ഷണമവൾക്ക് വായിൽ കൊടുത്തു തുടങ്ങി.
“എനിക്ക് തലവേദനണ്ട് അച്ഛാ,” അവൾ പറഞ്ഞു. “സാരല്യ. നീയ് കരഞ്ഞിട്ടാണ്, അനിയനെ കണ്ടാൽ മാറും തലവേദന,” മിങ്കുവിന്റെ പാത്രത്തിൽ ചോറ് ഇട്ടുകൊണ്ട് അച്ഛൻ പറഞ്ഞു.
സിന്ധു ഉടുപ്പുമാറി വന്നു. പിന്നെ പുത്തനുടുപ്പിട്ട് പൌഡർ പൂശി. കൺമഷിയും പൊട്ടുമൊക്കെ തനേ എടുത്തു തേച്ച് മുഖമാകെ കുരുതിക്കളം പോലാക്കി. അതു കണ്ട് മിങ്കു പോലും ചിരിച്ചു പോയി.
പിന്നെ അവൾ അച്ഛനു മുന്നിൽ ചെന്നു നിന്ന് ചോദിച്ചു, “എന്നെ അനിയന് ഇഷ്ടാവില്യേ, അച്ഛാ. .. ന്നെ ഭംഗീല്യേ.”
സിന്ധുവിനെ ബൈക്കിനു മുന്നിലിരുത്തി ,അമ്മമ്മയെ പിന്നിലുമിരുത്തി ബൈക്ക് ഓടിക്കുമ്പോൾ അച്ഛൻ പറഞ്ഞു, “മോളെ ഇഷ്ടാവാണ്ടിരിക്ക്യോ, ചേച്ചിയല്ലേ.”
ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു സിന്ധു ഞെളിഞ്ഞിരുന്നു.
തുടരും…