പൊലിഞ്ഞ സ്വപ്നം-കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു

നാല്പതു ദിവസം പ്രായമുള്ളപ്പോൾ, മുന്തിയ ഇനത്തിൽപ്പെട്ട ഒരു നായക്കുഞ്ഞിനെ അയാൾ വിലയ്ക്കുവാങ്ങിയതായിരുന്നു. വലിയൊരു കൂടും അതിയാൾ പണിതു. താനൊഴികെയുള്ള ആരെയും പടിയ്ക്കത്തുകറിയാൽ കടിക്കാനുള്ള അനുവാദം അവനുണ്ടായിരുന്നു

rajalakshmi ,childrens novel, iemalayalam

കേണല്‍ ഗോപാലന്റെ നായയ്ക്കു മുന്നില്‍, ഗേറ്റ് മലര്‍ക്കെ തുറക്കപ്പെട്ടു. തനിക്കനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യത്തില്‍ സത്യത്തിലാ നായയ്ക്ക് വിശ്വാസം വന്നില്ല. പക്ഷേ പെട്ടെന്ന്, വായുവില്‍ മൂളിയുയര്‍ന്ന ചാട്ടവാര്‍ അവന്റെ പുറത്തു വീണു.

ചാട്ടുളിപോലെ നായ പൊരിവെയിലിലേക്ക് ചാടി, വേദന കൊണ്ട് പുളഞ്ഞ് കണ്ണില്‍ക്കണ്ടവഴിയിലൂടെ ഓടിപ്പാഞ്ഞു. ടാര്‍ ഉരുകിക്കിടന്ന ചുട്ടുപഴുത്ത റോഡിലൂടെ ഓടുമ്പോള്‍, പുറത്തുവീണ അടിയുടെ വേദന മാത്രമേ അവനറിയുന്നുണ്ടായിരുന്നുള്ളൂ.

കേണലിന്റെ നായ, അയാളെ കടിച്ചു എന്ന വര്‍ത്തമാനം, പാഞ്ഞു പോകുന്ന നായയ്ക്കു മുന്‍പേതന്നെ എല്ലാ ദിക്കുകളിലെത്തിക്കഴിഞ്ഞിരുന്നു. നാട്ടുകാരത് രസമുള്ള ഒരു വാര്‍ത്തയായി കൊണ്ടാടി… ഏറെനേരം പാഞ്ഞു കഴിഞ്ഞപ്പോള്‍, പുറം മുറിഞ്ഞതിന്റെ ചോര പറ്റിപ്പിടിച്ചുണങ്ങിയ നിലയിലായി.

സത്യത്തിലുണ്ടായത് എന്താണെന്നോ? ‘മിങ്കു, ദേ ചപ്പാത്തി, ചാടിപ്പിടി, ചാടിപ്പിടി’ എന്നു പറഞ്ഞ് നായയ്ക്ക്  തിന്നാൻ ചപ്പാത്തി എറിഞ്ഞു കൊടുക്കുകയായിരുന്നു കേണലിൻ്റെ ഇളയ മകൾ നീലിമ. ചപ്പാത്തി ചാടിക്കടിച്ചെടുത്ത് തങ്ങളുടെ വളര്‍ത്തുനായ അത് തിന്നുന്നതു കാണാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

നായ, ചപ്പാത്തിക്കു വേണ്ടി ചാടുമ്പോള്‍, കേണല്‍ തിടുക്കത്തില്‍ വീട്ടിലേക്ക് കയറുകയായിരുന്നു. ചപ്പാത്തി അയാളുടെ കാലില്‍ കൊണ്ടു താഴെ വീഴുമ്പോഴേക്കും നായ ആ ചപ്പാത്തിക്കഷണത്തെ ലക്ഷ്യമാക്കി, ചാടിക്കഴിഞ്ഞിരുന്നു. ചെറുവിരലോളം നീളമുള്ള അതിന്റെ കോമ്പല്ല് അയാളുടെ തുടയിലാഴ്ന്നു. വീട്ടിലേക്കു കയറിവന്ന തന്നെ അവന്‍ മനപ്പൂര്‍വ്വം കടിച്ചതായി അയാള്‍ ധരിച്ചു.

താന്‍ ചപ്പാത്തിയാണ് കടിച്ചതെന്നു പറയാനറിയാത്ത നായ, തലതാഴ്ത്തി നിന്നു.

rajalakshmi ,childrens novel, iemalayalam
നാല്പതു ദിവസം പ്രായമുള്ളപ്പോള്‍, മുന്തിയ ഇനത്തില്‍പ്പെട്ട ഒരു നായക്കുഞ്ഞിനെ അയാള്‍ വിലയ്ക്കുവാങ്ങിയതായിരുന്നു. വലിയൊരു കൂടും അതിയാള്‍ പണിതു. താനൊഴികെയുള്ള ആരെയും പടിയ്ക്കത്തുകറിയാല്‍ കടിക്കാനുള്ള അനുവാദം അവനു കേണല്‍ കൊടുത്തിട്ടുണ്ടായിരുന്നു.

പക്ഷേ ഇറയത്തുകിടന്ന തോല്‍ച്ചെരുപ്പുകള്‍ ചപ്പി, കഷണമാക്കിയതല്ലാതെ യാതൊരു ശൗര്യപ്രകടനത്തിനും അവന് അവസരം ലഭിച്ചിരുന്നില്ല. കേണലിന്റെ അരയോളം ഉയരവും നീണ്ടു കറുത്ത രോമങ്ങളുമുള്ള ആ നായയെക്കണ്ടാല്‍ ആരും ഗേറ്റു തുറക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല.

ചപ്പും ചവറും പെറുക്കി നടക്കുന്ന സാധുക്കള്‍, ഗേറ്റിനു പുറത്തു നിന്ന് അതിനെ നോക്കുന്നതുകണ്ട് കേണല്‍ ഉന്മത്തനായി. ഭിക്ഷക്കാരുടെ നിഴല്‍ കണ്ടാലേ, നായ കുരയ്ക്കുന്നതുകൊണ്ട് ഇനി ഒറ്റ ഒരുത്തനും ശല്യപ്പെടുത്താന്‍ വരില്ല എന്നയാള്‍ അഭിമാനിച്ചു.
ആരെങ്കിലും കയറിവരാനും തന്റെ നായയുടെ പല്ലിന്റെ ഗുണമറിയാനും ആയിരുന്നു സത്യത്തില്‍ കേണലിന്റെ ആഗ്രഹം.

ഗേറ്റിനു മുന്നില്‍, നാലാള്‍ കാണ്‍കെ അതിനെ കസര്‍ത്തു ചെയ്യിക്കുകയും അയാള്‍ക്ക് ഹരമായിരുന്നു.

”ആരെയെങ്കിലും കിട്ടിയാല്‍ കടിച്ചു കീറും. പക്ഷേ എന്റെ കയ്യില്‍ മിങ്കു മുയല്‍ക്കുഞ്ഞിനെപ്പോലെ ഒതുങ്ങി നില്‍ക്കും,”എന്നയാള്‍ എപ്പോഴും വമ്പു പറയാറുണ്ടായിരുന്നു.

rajalakshmi ,childrens novel, iemalayalam

പക്ഷേ അങ്ങനെയിരിക്കെയാണ് കുട്ടിയെറിഞ്ഞ ചപ്പാത്തിക്കും, മിങ്കുവിന്‍റെ പല്ലിനുമിടയില്‍ കേണലിന്റെ കാല്‍ പെടാനിടയായതും അയാളുടെ തുടയില്‍ അതിന്റെ കോമ്പല്ല് ആഴ്ന്നിറങ്ങാനിടയായതും. തോക്കുണ്ടായിരുന്നെങ്കില്‍, അപ്പോള്‍ത്തന്നെ അയാളതിന്റെ പണി തീര്‍ക്കുമായിരുന്നു.

നായുടെ വെളുത്ത പല്ലില്‍ തന്റെ ചോരതിളങ്ങുന്നതുകണ്ടപ്പോള്‍ സകല അഭിമാനവും നഷ്ടപ്പെട്ടതായി അയാള്‍ക്കു തോന്നി.

‘തീറ്റിപ്പോറ്റിയതിനുള്ള കൂലി കിട്ടി, നന്ദികെട്ടവനായ ഇവനെ ഇനി എന്താണ് ചെയ്യേണ്ടത്’ എന്ന്  ആലോചിച്ചു അയാളുടെ തലയ്ക്ക് ചൂടുപിടിച്ചു.

നാണക്കേടായില്ലേ ഇപ്പോ… ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും എന്നായിരുന്നു, അടുത്തചിന്ത. തന്റെ നായ,തന്നെത്തന്നെ കടിക്കുക. ഇതില്‍പ്പരം നാണക്കേട് വേറെന്തുണ്ട്?

അതായവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ വാങ്ങിവെച്ച ചാട്ട, ഇറയത്തുനിന്ന് വലിച്ചെടുത്തു ഉടനെ കേണല്‍. എന്നിട്ടോ, നായ പുറത്തു പോകാതിരിക്കാന്‍ സദാ അടച്ചിടാറുള്ള ഗേറ്റ് മലര്‍ക്കെതുറന്നു.

കാര്യമെന്താണെന്നു മനസ്സിലാകാതെ തല ഉയര്‍ത്തി നോക്കിയ മിങ്കുവിന്‍റെ കണ്ണില്‍ വിശാലമായ ലോകം പ്രതിഫലിച്ചു.  ഹോ, യജമാനന്‍ തന്നെ പുറത്തു പോകാനനുവദിച്ചിരിക്കുന്നു എന്നു കരുതി സന്തോഷത്തോടെ ചാടിയെഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ്, കേണലിന്റെ കൈയും ചാട്ടയും ഉയര്‍ന്നു താഴ്ന്നത്.

കനല്‍ കോരിയിട്ടതു പോലൊരു വേദന അറിഞ്ഞതും മിങ്കു മുന്നോട്ടു പാഞ്ഞു. അവനുപിറകില്‍, ഗേറ്റടഞ്ഞു,വലിയ ശബ്ദത്തോടെ.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Rajalakshmi childrens novel polinja swapnam chapter 1

Next Story
പെരുമഴയത്തെ കുഞ്ഞിതളുകള്‍-കുട്ടികളുടെ നോവൽ ഒന്നാം ഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com