“പെപ്പറേ… ആകാശേ… മിമ്മീ… ഡൂമേ…” കണ്ണുതിരുമ്മി ഉറക്കമെണീക്കും മുമ്പുതന്നെ പവി എന്നും കൊഞ്ചിവിളിക്കുന്നത് ദാ ഈ നാലെണ്ണത്തിനെയാണ്.
ഒന്ന് അവളുടെ കാല്‍ക്കീഴില്‍ പുതപ്പില്‍ മുഖമൊളിപ്പിച്ചു കിടക്കുകയാവും. ഒന്ന് അവളോടൊട്ടി മുഖത്തു മുഖംചേര്‍ത്ത്, മറ്റൊന്ന് അവളുടെ എല്ലാമെല്ലാമായ അപ്പുപ്പാവയുടെ വയറ്റത്തു കൈവച്ച്, ഇനിയൊന്ന് അവളുടെ വയറ്റത്ത്.
പെപ്പര്‍, ആകാശ്, മിമ്മി, ഡൂമ-നാലു പൂച്ചകള്‍…
അദ്ഭുതപ്പെട്ടുപോകുംവിധം വെള്ളനിറമാണ് മിമ്മിക്ക്. നീലനിറമുള്ള കണ്ണുകളൊഴികെ ബാക്കിയെല്ലാം വെളുത്ത, വെളുത്ത, വെളുപ്പ്. ദേഹത്തൊരിത്തിരി അഴുക്കുപോലും പുരളാന്‍ സമ്മതിക്കാതെ, അടുക്കളവാതില്‍ക്കല്‍ ഇപ്പം എന്തെങ്കിലും തിന്നാന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു കാത്തുകാത്തിരിക്കുന്ന പഞ്ഞിക്കെട്ടുപോലെയോ മേഘത്തുണ്ട് പോലെയോ, പവിക്ക് പിറന്നാളിന് അമ്മായി വാങ്ങിക്കൊടുത്ത പതുപതുപ്പന്‍ ടെഡ്ഡി ബെയറുപോലെയോ ഉള്ള മിമ്മിയാണ് വീട്ടിലെ ഏറ്റവും മുതിര്‍ന്ന പൂച്ച. അവള്‍ക്ക് ചിലപ്പോള്‍ അമ്മൂമ്മയുടെ ഛായയുണ്ടെന്ന് തോന്നും പവിക്ക്.
അമ്മൂമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ പവിക്ക് ശരിക്കും സങ്കടംവരും. ശരിക്കും, ശരിക്കും സങ്കടംവന്ന് കണ്ണീരു വരും. അമ്മൂമ്മ മിമ്മിയെപ്പോലെ വെളുവെളുത്തിട്ടായിരുന്നു. പവി ജനിച്ച് അമ്മൂമ്മയെ കണ്ട് തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴേക്കും അമ്മൂമ്മയുടെ മുടി പഞ്ഞിക്കെട്ടുപോലെ വെളുത്തു പോയിരുന്നു.
അമ്മൂമ്മയ്ക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. ശരിക്കും ജോലിയൊക്കെ ചെയ്യുമായിരുന്നു. പവിയുടെ കൂടെക്കൂടി ഐസ്‌ക്രീമും ബിരിയാണിയും ഒക്കെത്തിന്നാന്‍ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷംമുമ്പ് ക്യാന്‍സര്‍ വന്ന് അമ്മൂമ്മയെ കൊണ്ടുപോയി.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് പവി ചെന്നുനോക്കുമ്പോള്‍ അമ്മൂമ്മ കണ്ണുതുറന്ന് കിടക്കുന്നുണ്ടായിരുന്നു. അവസാനദിവസങ്ങളിലൊക്കെ കഠിനമായ വേദനയായിരുന്നു. കുടിക്കാന്‍ വെള്ളം തരട്ടേന്ന് ചോദിച്ച് പവി കൊടുത്ത വെള്ളം അമ്മൂമ്മ കുടിച്ചതാണ്.
അമ്മ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. അച്ഛന്‍ ഊണു കഴിഞ്ഞ് ഉറക്കത്തിന് വട്ടംകൂട്ടുകയായിരുന്നു. “ഞാനേ ബാത്‌റൂമില്‍ പോയിട്ടിപ്പം വരാമേ,” എന്നുപറഞ്ഞ് പവി പോകുമ്പോള്‍ “അമ്മ വെള്ളം കുടിച്ചാ പവീ”ന്ന് അമ്മ വിളിച്ചുചോദിച്ചു.
“ഉം” എന്നു മൂളി പവി പോയിവന്ന് അമ്മൂമ്മയ്ക്ക് പുതപ്പു മൂടിക്കൊടുക്കാന്‍ തുടങ്ങുമ്പോഴേക്കും അമ്മൂമ്മ മരിച്ചുപോയിരുന്നു. പാവം എന്തു സ്‌നേഹമായിരുന്നു അമ്മൂമ്മയ്ക്ക് പവിയോടും അച്ഛനോടും അമ്മയോടുമൊക്കെ.

അമ്മൂമ്മ മരിക്കുമ്പോള്‍ മിമ്മിപ്പൂച്ച പൂര്‍ണഗര്‍ഭിണിയാണ്. കുട്ടികള്‍ വയറ്റില്‍ കിടക്കുമ്പോ മിമ്മിപ്പൂച്ച ആരോടും കൂട്ടുകൂടില്ല. അടുക്കളവരാന്തയില്‍, ഊണുമുറിയില്‍, ബെഞ്ചില്‍, ടീപ്പോയ്ക്ക് മുകളില്‍, കാര്‍ഷെഡ്ഡില്‍ അനക്കമറ്റ് ഒരു പ്രതിമപോലിരിക്കും. ആലോചനയാണോ?
വേലിചാടി ഇടയ്ക്കിടെ മാത്രം മക്കളെ കാണാന്‍വരുന്ന സ്‌നേഹമില്ലാത്ത കണ്ടന്‍പൂച്ച ചെലവിനുകൊടുക്കാതെ മക്കളെ എങ്ങനെ പോറ്റി വളര്‍ത്തുമെന്ന ആശങ്കയാണോ എന്തോ?മിമ്മിപ്പൂച്ചയുടെ മകളാണ് മിമ്മിയുടെ മുറിച്ച മുറിപ്പാതിപോലെ എന്നുപറയാനിടതരാത്ത ഡൂമ. ഡൂമ വരയന്‍പൂച്ചയാണ്. ചാരവും കറുത്തനിറവും ഇടകലര്‍ത്തി ദൈവം വരച്ചുവിട്ട പൂച്ച. ആ കണ്ടന്‍പൂച്ചയെപ്പോലെ തന്നെ ഉള്ളത്.
വേറെയും കുട്ടികളുണ്ടായിരുന്നു മിമ്മിക്ക്. മിമ്മിയെപ്പോലെ പാല്‍നിറമുള്ള കുട്ടികള്‍ മൂന്നെണ്ണം. മൂന്നിനെയും സഹായത്തിനുവരുന്ന സതിയാന്റി ചന്തംകണ്ട് എടുത്തു കൊണ്ടുപോയി. ബാക്കിയായ ചന്തംകുറഞ്ഞ പൂച്ചയാണ് ഡൂമ. (ഇത് അമ്മയുടെ അഭിപ്രായമാണ്; പവിയുടേതല്ല. പവിക്ക് പൂച്ച കറുത്തതെന്നോ വെളുത്തതെന്നോ ഭേദമില്ല. പൂച്ച പൂച്ച മാത്രം).
ഡൂമ പവിയുടെ അടിമയാണ്. പവി ഡൂമയെ കളിപ്പിക്കും, കുളിപ്പിക്കും, ചീത്ത പറയും, അടിക്കും ചിലപ്പോള്‍ മുറിയില്‍ ഡൂമയ്ക്കു മാത്രമായൊരുക്കിയ റിസോര്‍ട്ടിടത്തില്‍ കിടത്തിയുറക്കും. അതിന്റേതായ അഹങ്കാരമൊക്കെയുള്ള പൂച്ചയാണവള്‍. അഹങ്കാരിയും.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മിമ്മിയും ഡൂമയും ഒന്നിച്ച് ഗര്‍ഭിണികളായി. വലിയ വയറും താങ്ങി രണ്ടുപേരും അടുക്കളവരാന്തയിലും കാര്‍പോര്‍ച്ചിലും വിശ്രമിച്ചു. ഡൂമയ്ക്ക് നാലും മിമ്മിക്ക് നാലും കുട്ടികളായി. ഇത്തവണ നാലു വെള്ളപ്പഞ്ഞിക്കെട്ടുകളെയാണ് മിമ്മി പെറ്റിട്ടത്. കണ്ണുതുറന്ന് ഓടിച്ചാടിക്കളിക്കണ പ്രായമായപ്പോഴേക്കും നാലിനും പലയിടങ്ങളില്‍നിന്ന് അവകാശികളെത്തി.
ഡൂമയുടെ നാലും നാലുരീതിയിലായിരുന്നു. ഒന്ന് കറുകറുകറുത്തിട്ട്. മറ്റൊന്ന് അമ്മയെ മുറിച്ചുവച്ച പോലെ ചാര, കറുപ്പ് വരകളോടെ. വീണ്ടുമൊന്ന് വെള്ളയും ബ്രൗണും വരകലര്‍ന്ന്, വീണ്ടുമൊന്ന് കറുപ്പും വെളുപ്പും നിറത്തില്‍.
“ഇവള്‍ റേസിസ്റ്റാണ്,” അമ്മ പറയും. കറുത്തപൂച്ചയെ ഡൂമ മൈന്‍ഡേ ചെയ്യില്ല. ബാക്കി മൂന്നെണ്ണത്തിനെ എപ്പഴും കുളിപ്പിക്കും, പാലുകൊടുക്കും, കളിപ്പിക്കും.
എന്തിനധികം ആ നാലിലൊന്ന്, കറുപ്പും ചാരവും ദീനം വന്നു മരിച്ചു. “മനുഷ്യരൊഴികെയുള്ളതെല്ലാം ചത്തുവെന്നു പറഞ്ഞാല്‍ മതി. മനുഷ്യരെ മരിച്ചുവെന്നും പറയണം,” എന്ന് അമ്മ പറയുമ്പോള്‍ പവി പറയും. “പൂച്ച പാവാ ïഅമ്മാ മരിച്ചോട്ടെ. ചത്തൂന്ന് പറയുമ്പോ എന്തോ അന്യരെപ്പറയണപോലെ, സ്‌നേഹമില്ലാത്ത പോലെ,” എന്ന്.
വെള്ളയും ബ്രൗണും വരയുള്ളതിനെ കാണാതായി. പേരിടാത്തതിനാല്‍ ക്യാറ്റ്ഫുഡിന്റെ പാത്രം കിലുക്കിയും പാല്‍പ്പാത്രം കൊട്ടിയും മീന്‍വെട്ടി വിതറിയും കാര്‍ഷെഡ്ഡിലും പറമ്പിലും അടുപ്പിനുകീഴെയും കട്ടിലിലും റാക്കിലും പരതിയെങ്കിലും പൂച്ച വന്നില്ല.
കറുപ്പും വെളുപ്പും ഇടകലര്‍ന്നതിനെ “അപ്പുറത്തെ വീട്ടിലെ ഒരു മോന്‍ വന്ന് ചോദിച്ചു മക്കളേ, കൊണ്ടോട്ടോ,” എന്ന് സതിയാന്റി ചോദിച്ചപ്പോ “സത്യം തന്നല്ലോ, കളയാനല്ലല്ലോ, ഇടയ്ക്കിടെ ഫോട്ടോയെടുത്തയയ്ക്കണേ, നല്ലോണം നോക്കണേ,” എന്നൊക്കെപ്പറഞ്ഞ് പവി കൊടുത്തുവിട്ടു.

Read More: രാധിക സി നായരുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
അങ്ങനെ നാലില്‍ ഒന്ന് കറുകറുത്ത ആ പൂച്ചക്കുട്ടി മാത്രം രണ്ട് അമ്മമാര്‍ക്കുംകൂടി വീട്ടിലെ പൊന്നോമനയായി. റേസിസം ഒക്കെ മാറ്റിവച്ച് ഡൂമ ‘കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്ന ചൊല്ല് ശരിക്കും നടപ്പാക്കി. കറുത്തമുത്ത് എന്ന അര്‍ഥത്തില്‍ ഒരു സ്‌റ്റൈലന്‍ പേരിട്ടത് പവിയാണ്. അങ്ങനെ ഡൂമ, പെപ്പര്‍, മിമ്മി എന്ന് മൂന്നുപേരായി വീട്ടില്‍.
പൂച്ചക്കഥയില്‍ ഇപ്പഴാണ് ഒരു ട്വിസ്റ്റ് വരുന്നത്. പവി ഉറക്കത്തീന്നുണര്‍ന്നു വിളിക്കുന്ന ആ ആകാശ്പൂച്ചയുണ്ടല്ലോ, ഈ മൂവര്‍സംഘത്തിനിടയില്‍ പെപ്പര്‍, പെപ്പറിന്റെ അമ്മ ഡൂമ, ഡൂമയുടെ അമ്മ മിമ്മി എന്ന കൂട്ടുകുടുംബത്തിനു ള്ളില്‍ ആകാശ് പൂച്ച വന്നതെങ്ങനെ? ആകാശ് പൂച്ചയ്ക്ക് ആകാശ് പൂച്ചാന്നു പേരുവന്നതെങ്ങനെ?
പി ആര്‍ ആകാശ് എന്ന് കോണിപ്പടിയിറങ്ങുമ്പോഴൊക്കെ അച്ഛന്‍ ഉച്ചത്തില്‍ നീട്ടിവിളിക്കുന്ന ആകാശ് എങ്ങനെ ഈ കൂട്ടുകുടുംബത്തിലെത്തി?
സംഭ്രമജനകവും ഞെട്ടിപ്പിക്കുന്നതുമായ ആ കഥ ഇങ്ങനെയാണ്: ഒരു ദിവസം അടുക്കളയില്‍ അത്താഴത്തിന് ചപ്പാത്തിയും ചിക്കനും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അമ്മ. കൂട്ടിന് പവിയുമുണ്ട്. ചൂടുചപ്പാത്തി ഉണ്ടാക്കി കാസറോളില്‍ അമ്മ വയ്ക്കാന്‍ തുടങ്ങുമ്പോഴേ “അമ്മാ ഒരെണ്ണം കഴിച്ചോട്ടേ?” എന്ന് പവി ചിണുങ്ങും.
ചിക്കന്‍കറിയുടെ ടേസ്റ്റര്‍ ഹോള്‍സെയിലായി പവിയാണ്; എന്നുവച്ചാല്‍ എന്ന് ചിക്കന്‍കറി ഉണ്ടാക്കിയാലും പവിയായിരിക്കും ആദ്യടേസ്റ്റര്‍. ചപ്പാത്തിക്ക് ഉപ്പുണ്ടോന്ന് നോക്കാന്‍ ഒന്ന്, ചിക്കന്‍ ടേസ്റ്റുണ്ടോന്ന് നോക്കാന്‍ ഒന്ന്. ഇനിയിപ്പം ഒന്നിച്ചാഹാരം കഴിക്കണനേരത്ത് പവി മാത്രം ഉണ്ടാവില്ല. അമ്മ “മതി മതീ”ന്ന് പറഞ്ഞാലുടന്‍ പവി പറയും “നൗ ഫുള്‍ ഈറ്റേ… നോ ഹങ്ഗർ ഫോര്‍ ഡിന്നര്‍!”
അങ്ങനെ ചപ്പാത്തിയുണ്ടാക്കുമ്പോഴാണ് കാര്‍ഷെഡ്ഡില്‍ വമ്പന്‍ കടിപിടി, ബഹളം, ഡൂമയുടെ അലറല്‍, വിളി, ഗ്വാഗ്വാ വിളികള്‍. “പോയി നോക്കാമമ്മേ, ഡൂമയുടെ വിളി കേട്ടാ,” എന്നുപറഞ്ഞ് ചപ്പാത്തിയുടെയും ചിക്കന്റെയും തീ കെടുത്തി അമ്മയും പവിയും കാര്‍ഷെഡ്ഡിലെത്തുമ്പോള്‍ കാണുന്നത് ഷെഡ്ഡിലെ ഷെല്‍ഫുകളിലൊന്നിന്റെ അടിയിലേക്കു നോക്കി ‘വാടാ ചുണയു ണ്ടെങ്കിൽ’ എന്നു പോര്‍വിളിക്കുന്ന ഡൂമയെ.
പോര്‍വിളി കഴിഞ്ഞാല്‍ ഉടനെ അടുത്തത് കുഞ്ഞിക്കൈ നീട്ടി ഷെല്‍ഫിന്റെ താഴെയുള്ള എന്തിനെയോ തൊടാനായി ആയുന്നതാണ്. ഇതു കുറച്ചുനേരം കണ്ടുനിന്നപ്പോ അമ്മ പറഞ്ഞു, ‘ഇനി വല്ല പാമ്പോ മറ്റോ ആണോ?”
കാര്യമുണ്ട്. വീടിന്റെ ഗേറ്റുമുതല്‍ ഇടതുവശത്തും വലതുവശത്തും ഏഴടിപൊക്കത്തില്‍ മതിലാണ്. ബാക്കി രണ്ട് വശത്തും ഏതാണ്ട് നാലാള്‍പൊക്കത്തില്‍ കൂറ്റന്‍ തേരിയും. തേരിയിലേക്ക് പടര്‍ന്നുകയറിയ നല്ല വെറ്റിലവള്ളികളും കുരുമുളകുവള്ളികളും ഒരു ചെറുകാടിന്റെ പ്രതീതിയുണ്ടാക്കിയിട്ടുണ്ട്.
അവിടെനിന്ന് പലപ്പോഴും കുഞ്ഞുപാമ്പുകള്‍, ഒരിക്കലൊരു മൂര്‍ഖന്‍, ഒരിക്കലൊരു ചേര ഒക്കെ താഴെ മുറ്റത്തേക്കിഴഞ്ഞു വന്നിട്ടുണ്ട്. അല്ലാതെ ഗേറ്റുകടന്ന് മനുഷ്യര്‍ വരുന്നതൊഴിച്ചാല്‍ മുന്നിലെ, എപ്പോഴും വണ്ടികള്‍ ചീറിപ്പായുന്ന റോഡുകടന്ന് ഒന്നിനും വീട്ടില്‍ കയറിവരാന്‍ പറ്റില്ല. പാമ്പു തന്നെയാവും. ടോര്‍ച്ചെടുത്തു നോക്കട്ടേ അമ്മേന്ന് പറഞ്ഞ് പവി കാറിന്റെ മറ്റേ വശത്തുകൂടെ വന്നുനോക്കുമ്പോഴും ഡൂമ യുദ്ധസന്നദ്ധയായിത്തന്നെ നില്‍ക്കുകയാണ്.
“പവീ വേണ്ടാ, പാമ്പാണെങ്കീ എന്തുചെയ്യുമെ”ന്ന് അമ്മ.
ഡൂമ ഒരടി പിന്നോട്ടില്ലെന്ന മട്ടില്‍ ചീറിയും ചാഞ്ഞും ചരിഞ്ഞും മുറുമുറുത്തും വിളിച്ചും …
ഒടുവില്‍ പവി കണ്ടുപിടിച്ചു. അതൊരു പൂച്ചക്കുഞ്ഞായിരുന്നു.
കറുപ്പും വെളുപ്പും നിറമുള്ള ഒന്ന്. ഗേറ്റ് കടന്നുവരാനുള്ള സാധ്യതയില്ല. മതില്‍ ചാടിക്കടക്കാനുമായിട്ടില്ല. ഒരേയൊരു സാധ്യത, അതും രാത്രിയില്‍, തേരിയില്‍നിന്നും താഴെ വീണു വന്നതാകാമെന്നതാണ്.
പവി അച്ഛനെ വിളിച്ചു. അച്ഛന്‍ ചടപടേന്ന് കോണിപ്പടി ചാടിയിറങ്ങി വന്നു. പവി പൂച്ചയെ കൈയിലെടുത്തു തഴുകി.
“എന്റെ പവീ, എങ്ങാണ്ടുന്നുവന്ന പൂച്ചയെ എടുത്ത് ലാളിക്കാതെ. കൊണ്ടുപോയി കുളിപ്പിച്ചിട്ടാണെങ്കില്‍ ശരി,” അമ്മ പറഞ്ഞു.
പവി ആ പൂച്ചയെ കുളിപ്പിച്ചു. തുടച്ചുകൊടുത്തു. അപ്പുറത്തെയും ഇപ്പുറത്തെയും മോളിലെയും വീട്ടുകാരെ (അവരില്‍ രണ്ട് വീട്ടുകാര്‍ പൂച്ചസ്‌നേഹികളാണേ, അതാ) വിളിച്ചുചോദിച്ചു, പൂച്ചയെയെങ്ങാനും കാണാതായിട്ടുണ്ടോന്ന്. ഇല്ലെന്ന് മറുപടി കിട്ടിയതോടെ പൂച്ച ഈ വീട്ടിലെ പൂച്ചയായി.
അമ്മ പാല്‍ ചൂടാക്കിക്കൊടുത്തു. അച്ഛന്‍ പേരിട്ടു. ആകാശത്തുനിന്ന് വീണുകിട്ടിയവന്‍ ആകാശന്‍. “അച്ഛാ പേരൊന്ന് സ്‌റ്റൈലാക്കെ”ന്ന് പവി. അങ്ങനെയാണ് ആകാശന്‍ ആകാശായത്.
കൂട്ടത്തില്‍ക്കൂട്ടാതെയും പാലുകൊടുക്കാതെയും സ്വന്തംമകനെക്കൊണ്ടു മിണ്ടിക്കാതെയുമൊക്കെ ഡൂമയും മിമ്മിയും പെപ്പറിനെ ചേര്‍ത്തുപിടിച്ചെങ്കിലും ദാ ആകാശ് ഇപ്പോള്‍ പെപ്പറിന്റെ കൂടെ മുറ്റത്ത്, പിന്നെ മിമ്മീടെ മടിയില്‍ തലവച്ച്, പിന്നെ ഡൂമേടെ പാലുകുടിച്ച് പിന്നെ, പവീടെ മെത്തയിലുറങ്ങി… പിന്നെ…