മലയാളം ക്ലാസാണ് രസം. നേരം പോണതറിയേയില്ല. എന്തു രസമാണ് കമല ടീച്ചറുടെ ക്ലാസ്!

ടീച്ചര്‍ക്ക് അത്ര നന്നായി കവിത ചൊല്ലൊനൊന്നുമറിയൂലാ. പക്ഷേ, കഥ. അത് ടീച്ചര്‍ പറയന്നതു തന്നെ കേള്‍ക്കണം. കണ്ണുംമിഴിച്ചിരുന്നു പോവും. എത്ര നേരം വേണമെങ്കിലും കേട്ടോണ്ടിരിക്കാം.

ഉണ്ണാന്‍ പോവാതെ, ഉറക്കം വരാതെ.

സാധാരണ ക്ലാസുകളില്‍ മുന്‍ബഞ്ചിലിരുന്നു പോലും ചില പീരീഡുകളില്‍ ഉറക്കം തൂങ്ങുന്ന വീരന്‍മാര്‍ വരെ ശ്രദ്ധിച്ചുശ്രദ്ധിച്ചിരിക്കും.

അല്ല, അതല്ല സത്യം.

ടീച്ചര്‍ ശ്രദ്ധിപ്പിക്കും.

അറിയാതെ മനസ്സൊന്നു മാറീന്നു വയ്ക്കൂ. ടീച്ചര്‍ കണ്ടുപിടിക്കേം ചെയ്യും. വഴക്കൊന്നും പറയൂല.

പക്ഷേ, നമുക്കു നാണം വന്നുപോകും. ‘അയ്യേ, ഞാനെന്താ ഇങ്ങനേ’ന്ന് ആലോചിച്ചും പോവും.
അതാണ് ഞാന്‍ പറഞ്ഞോണ്ടു വന്നത്. ടീച്ചറുടെ ക്ലാസീന്ന് ആര്‍ക്കും ഒരു നിമിഷത്തേക്കും മനസ്സു കൊണ്ടു പോലും മാറി നിക്കാന്‍ പറ്റൂലാന്ന്.

ടീച്ചറിന് മന്ത്രവാദമറിയാമായിരിക്കും.

അല്ലെങ്കില്‍ ഞൊടിയിട മനസ്സു മാറിയാലെങ്ങനെയറിയാമ്പറ്റും?

ഇത്രേം കുട്ടികളുള്ള ക്ലാസല്ലേ?

radhika c. nair, story

ചിത്രീകരണം: ജയകൃഷ്ണൻ

ടീച്ചറുടെ ക്ലാസിലിരുന്നാല്‍ മറ്റൊന്നും ഓര്‍ക്കാമ്പറ്റില്ലെങ്കിലും അമ്മയെ ഓര്‍ത്തു പോവും. കാരണമുണ്ട്. ടീച്ചര്‍ടെ ചിരിയും നുണക്കുഴിയും ഒക്കെ അമ്മയ്ക്കുമുണ്ട്. ചിരിക്കുമ്പോ വിടര്‍ന്നു പിന്നേം വലുതാവണ വല്യകണ്ണും. അമ്മയാണോന്നു തോന്നിപ്പോവും ചിലപ്പോ.
അപ്പോളോര്‍ത്തു പോവണ ഒരു കുഞ്ഞു നേരം പോലും ടീച്ചര്‍ നമ്മളെ മനസ്സിലാക്കും.
എന്നിട്ട് ശ്രദ്ധിച്ചു ശ്രദ്ധിച്ചിരിക്കാന്‍ പറയും.

മലയാളം അല്ലെങ്കിലേ ശ്രീക്കുട്ടിക്ക് പഠിക്കാനൊരുപാടിഷ്ടമുള്ള വിഷയമാണ്. വീട്ടില്‍ അമ്മയാണ് മലയാളക്കുട്ടി.

ഭയങ്കര വായനക്കാരിയാണ്.

എന്തും വായിക്കും.

സാധനം പൊതിഞ്ഞുവരണ കടലാസുവരെ.

അമ്മേടെ കാര്യം ബഹുരസമാണ്. ഒപ്പം എന്തിനും കൂടും. ഡാന്‍സു കളിക്കണോ, പാട്ടു പാടണോ, കൊഞ്ഞനം കുത്തണോ, വഴക്കിടണോ, തെങ്ങേക്കേറണോ, കല്ലെറിയണോ എന്തിനും!

യ്യോ, ടീച്ചറുടെ ക്ലാസീന്ന് വീണ്ടും അമ്മേടടുത്തേക്കു പോകുമ്പോലായല്ലോ. ടീച്ചര്‍ടെ കാര്യം പറഞ്ഞ് ദാ, അമ്മേടടുത്തെത്തി.

ഉച്ചയൂണ് കഴിഞ്ഞ് വീട്ടീന്ന് ചോറിന്റെ കൂടെ തന്നയച്ച നെല്ലിക്കാക്കറിയിലെ നെല്ലിക്കേടെ ഉപ്പുരുചിയുള്ള കുരു വായിലിട്ട് ഉപ്പു നീരിറക്കിയിറക്കി.

അമ്മേക്കുറിച്ചാലോചിച്ചിരിക്കയായിരുന്നു, ടീച്ചറേം.

ദാ, ബെല്ലടിക്കണു; മലയാളം പീരീഡാണ്.

ഒറ്റത്തുപ്പിന് നെല്ലിക്കക്കുരു മുറ്റത്തേക്ക് അരമതിലിനു മുകളിലൂടെ തുപ്പിക്കളഞ്ഞു ക്ലാസില്‍ക്കേറി.

ചുണ്ടിലും തൊണ്ടയിലും നാവിലുമൊക്കെ ഇപ്പോഴുമുണ്ട് നെല്ലിക്കാപ്പുളി, മധുരച്ചവര്‍പ്പ്, പിന്നെ ഉപ്പിന്റെ മേമ്പൊടി.

ചിരിച്ചോണ്ട് ക്ലാസിലേക്കു വരണുണ്ട് ടീച്ചര്‍. ആ വരവു തന്നെ എത്ര രസമാണ്. ക്ലാസിലെ ആരവവും കാക്കക്കരച്ചിലും നിന്നു. ടീച്ചര്‍ വരാന്‍ വൈകിയാല്‍ കുട്ടിക്കൂട്ടത്തിന്റെ പിറുപിറുക്കലുകള്‍, വിളികള്‍, അടക്കം പറച്ചിലുകള്‍ ഒക്കെക്കൂടി കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞ മേളത്തിലാവും. അപ്പുറത്തെ ക്ലാസിന് തടസ്സമാകും ഈ ബഹളങ്ങളെന്നു രാവിലെ മുതല്‍ ടീച്ചര്‍മാര്‍ മാറിമാറി പറഞ്ഞോണ്ടിരുന്നാലും ഒരു ടീച്ചര്‍ പോയി അടുത്ത ടീച്ചര്‍ ക്ലാസി വരണ വരെയുള്ള സമയത്ത് ഏതു ക്ലാസും കല്ലു വീണ കാക്കക്കൂടാവും.

കമല ടീച്ചര്‍ ക്ലാസിലെത്തിയതും പിറുപിറുക്കലുകള്‍ അമര്‍ന്നു. അടക്കം പറച്ചിലുകള്‍ നിന്നു. പതുങ്ങിച്ചിരികളില്ലാതായി. ‘നമസ്‌തേ ടീച്ചര്‍’ എന്ന വായ്ത്താരിയുയര്‍ന്നു. ടീച്ചറങ്ങനെയാണ്, ഗുഡ്‌മോണിങും ഗുഡാഫ്റ്റര്‍നൂണുമൊന്നും പറയാന്‍ സമ്മതിക്കില്ല.

radhika c. nair, story

ചിത്രീകരണം: ജയകൃഷ്ണൻ

പാഠമെടുക്കാന്‍ തുടങ്ങണേനു മുമ്പ് ടീച്ചര്‍ ഒരു ചോദ്യമെറിഞ്ഞു.
‘സഹസ്രമെന്നു പറഞ്ഞാലെത്ര!’

ശ്രീക്കുട്ടിക്കുത്തരമറിയാം. പൂന്താനത്തിന്റെ വരികള്‍ വീട്ടില്‍ അമ്മൂമ്മ ഇടയ്ക്കിടെ ചൊല്ലും. അതിലുണ്ട് ഈ വാക്ക്.

‘പത്തു കിട്ടുകില്‍ നൂറു മതിയെന്നും,
നൂറാകില്‍ സഹസ്രം മതിയെന്നും’

ചോദ്യം തീരും മുമ്പ് ശ്രീക്കുട്ടി ഉത്തരം പറഞ്ഞു കഴിഞ്ഞു.
മിടുക്കീന്നൊരു വിളിയില്‍ സന്തോഷമറിയിച്ച് ടീച്ചറൊരു വാക്കു പറഞ്ഞു.
സഹസ്രനേത്രന്‍. ആയിരം കണ്ണുള്ളവന്‍.

ആരാ?
ആരാ?

ശ്രീക്കുട്ടിക്ക് ഉത്തരമറിയില്ല.
ടീച്ചര്‍ ഉത്തരം പറഞ്ഞു. സഹസ്രനേത്രന്‍ എന്നാല്‍ ആയിരം കണ്ണുള്ളവന്‍ – ഇന്ദ്രന്‍.

ഇതുപോലുള്ള വാക്കുകള്‍ ഇനിയുമുണ്ട്.
സഹസ്രബാഹു – ആയിരം കൈയുള്ളവന്‍, കാർത്തവീര്യാര്‍ജുനന്‍.

എത്ര ശ്രമിച്ചിട്ടും ടീച്ചറുടെ വാക്കു കേട്ടതും അതിന്റെ അര്‍ഥംകേട്ടതും മനസ്സു പിടിവിട്ട് അമ്മയില്‍ ചെന്നു നിന്നു. സഹസ്രനേത്രന്‍ – ഇന്ദ്രന്‍. ആ ആയിരം കണ്ണുകൊണ്ട് ഇന്ദ്രന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാവും? എന്തിനധികം, രണ്ടു കണ്ണുള്ള അമ്മ അതു കൊണ്ടെന്തൊക്കെചയ്യുന്നു! ഇടയ്ക്ക് തോന്നാറുണ്ട്, അമ്മയ്ക്ക് രണ്ടു കണ്ണൊന്നുമല്ലെന്ന്.

എന്തും എങ്ങനേം കണ്ടു പിടിക്കും.ഏതു കുറ്റവും എത്ര ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും അമ്മേടെ കണ്ണു വെട്ടിച്ചതു ചെയ്യാന്‍ പറ്റില്ല. അത്രയ്ക്ക് സൂക്ഷ്മതയാണമ്മയ്ക്ക്.

മാര്‍ക്ക് കുറഞ്ഞ ഉത്തരക്കടലാസ് ബാഗിലെവിടെ ഒളിപ്പിച്ചു വച്ചാലും എങ്ങനേം അതമ്മേടെ കൈയിലെത്തും. മുടി ചീകുമ്പോള്‍ പൊഴിയണ മുടി മേശയ്ക്കടിയിലേയ്ക്ക് തട്ടിയിട്ടാല്‍ അമ്മ കൃത്യമായി അതു കണ്ടുപിടിക്കും.

കുളിച്ചിട്ടു തോര്‍ത്തു പിഴിഞ്ഞു വിരിച്ചില്ലെങ്കില്‍, ചോറ്റു പാത്രം സ്‌കൂളീന്നു വന്നാല്‍ കഴുകാനിട്ടില്ലെങ്കില്‍, സോക്‌സും ഷൂസുമൂരി കട്ടിലിന്റടീലോട്ട് തട്ടിയെറിഞ്ഞാല്‍, പേന കളഞ്ഞിട്ടു വന്നാല്‍, ഉടുപ്പില്‍ മഷിയാക്കിയാല്‍, പുറത്തെ കടേന്ന് എന്തെങ്കിലും സാധനം വാങ്ങിത്തിന്നാല്‍, മഴയത്ത് കുടയെടുക്കാതെ പോയാല്‍ എല്ലാം അമ്മ ഉടനടി കണ്ടെത്തും. വഴക്കു പറഞ്ഞോണ്ടാണെങ്കിലും എല്ലാം ചെയ്തുതരും. അപ്പോപ്പറ, രണ്ട് കണ്ണുകൊണ്ടുമാത്രം ഇതൊക്കെ കാണാന്‍ പറ്റുമോ?

radhika c. nair, story

ചിത്രീകരണം: ജയകൃഷ്ണൻ

പിന്നെയോ, രാവിലെ ഉണര്‍ന്നെണീറ്റു സ്‌കൂളീ പോണേന് മുമ്പ് എന്തൊരൊച്ചയും ബഹളവുമാണ്.  എന്നും ശ്രീക്കുട്ടീടെ ഏതെങ്കിലുമൊരു പുസ്തകം കാണാതാവും.
അതോടെ ബാഗടുക്കണനേരം ശ്രീക്കുട്ടി നെലോളി തുടങ്ങും.

അമ്മ ഞൊടിയിടയില്‍, വഴക്കു പറഞ്ഞിട്ടാണെങ്കിലും, പുസ്തകം കണ്ടെത്തിത്തരും. റബ്ബര്‍ക്കട്ട കണ്ടില്ലെങ്കില്‍, പേനേല്‍ മഷി തീര്‍ന്നാല്‍, മുടി മെടഞ്ഞിടാന്‍, കണ്ണില്‍ കരിയെഴുതാന്‍, ഇതിനിടയില്‍ പാല്‍ക്കാരന്‍ വന്നാല്‍ പാല്‍ വാങ്ങാന്‍, അച്ഛന്റുടുപ്പിസ്തിരിയിടാന്‍, ചോറു കെട്ടാന്‍, ദോശ ചുടാന്‍, അയലത്തെ രമണിച്ചേച്ചി ഇത്തിരി പഞ്ചസാരയ്‌ക്കോ തേയിലയ്ക്കോ വന്നാല്‍ സ്പൂണിലളന്ന് പേപ്പറില്‍ പൊതിഞ്ഞു കൊടുക്കാന്‍, ഇതിനൊക്കെ രാവിലെ ഒറ്റയാളെയേ ശരണം പ്രാപിക്കാനുള്ളൂ – അമ്മയെ. അപ്പോ അമ്മേക്കാളും ജോലിയുണ്ടാവുമോ ആയിരം കൈകൊണ്ടു ചെയ്യാന്‍ കാർത്തവീര്യാര്‍ജുനന്.

ടീച്ചര്‍, ശ്രീക്കുട്ടീടെ ശ്രദ്ധമാറിയതറിഞ്ഞില്ലെന്ന് തോന്നുന്നു. ചോദ്യവും ഉത്തരവും കഥ പറച്ചിലും പാഠമെടുക്കലും കഴിഞ്ഞ് കമല ടീച്ചര്‍ പോയപ്പോഴും ഇടയ്ക്കിടെ ശ്രീക്കുട്ടി അമ്മയെ ഓര്‍ത്തോണ്ടിരുന്നു.

പിറ്റേന്ന് രാവിലെ മൂന്നാമത്തെ പീരീഡ് മലയാളം നോട്ട് തിരുത്തിക്കൊണ്ടിരുന്നപ്പോ കമല ടീച്ചര്‍ തലചെരിച്ച് ശ്രീക്കുട്ടിയെ അടുത്തേയ്ക്ക് വിളിച്ചു. എന്തിനാണോ എന്തോ? ഒരു തെറ്റും വരാതെ ബുക്കെഴുതണേന് ടീച്ചര്‍ പ്രശംസിക്കാന്‍ വിളിച്ചതാണോ?

പുസ്തകം നന്നായി സൂക്ഷിച്ചാല്‍ കമല ടീച്ചര്‍ മിഠായി തരും, പാഠം തെറ്റാതെഴുതിയാലും കിട്ടും സമ്മാനം. പകര്‍ത്തെഴുത്ത് പുസ്തകം ദിവസവും എഴുതിയാല്‍, പുസ്തകം അഴുക്കാക്കാതിരുന്നാല്‍, മുടി കെട്ടിവയ്ക്കാതിരുന്നാല്‍ ഒക്കേയും സമ്മാനവും മാര്‍ക്കു കുറയ്ക്കലും തരം പോലെ ചെയ്യും.

പേടിച്ചാണ് അടുത്തെത്തിയത്.
മുഖത്ത് ദേഷ്യമില്ല.
നോട്ട്ബുക്ക് ചൂണ്ടിക്കാണിച്ച് ഗൗരവംവരുത്തി ടീച്ചര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ചിരിക്കണോ കരയണോ എന്നായി ശ്രീക്കുട്ടിക്ക്.

‘സഹസ്രനേത്രന്‍’ എന്ന വാക്കിന് ശ്രീക്കുട്ടി എഴുതിയത് ഇന്ദ്രന്‍ എന്നയര്‍ഥമല്ല. സഹസ്രനേത്രനും സഹസ്രബാഹുവിനും ഒരേ വാക്ക് അര്‍ഥമായി എഴുതിയിരിക്കണ് ശ്രീക്കുട്ടി.

അതല്ലാതെ വേറൊരു വാക്കെങ്ങനെ ശ്രീക്കുട്ടി എഴുതും; ‘അമ്മ’ എന്നല്ലാതെ!

വീട്ടില്‍ എന്നും ശ്രീക്കുട്ടി കാണണത് സഹസ്രനേത്രയായ അമ്മയെയല്ലേ? ആ സഹസ്രബാഹു അമ്മയ്ക്കല്ലാതെ ആര്‍ക്കാണ് ഞൊടിയിടയില്‍ വീടു വൃത്തിയാക്കാന്‍ കഴിയുന്നത്.

ഒരു ചിരിയിലൊതുക്കി കമലടീച്ചര്‍ തോളത്തു തട്ടി സ്‌നേഹിച്ചപ്പോ ആ വിടര്‍ന്ന കണ്ണുകളില്‍ ശ്രീക്കുട്ടി കണ്ടു, രണ്ടു നീര്‍മുത്തുകള്‍!

പൂർണ പ്രസിദ്ധീകരിക്കുന്ന “ആയിരം കണ്ണുള്ള അമ്മ” എന്ന ബാലസാഹിത്യ സമാഹാരത്തിലെ കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook