പീലി കണ്ട ആകാശം

“ഇരുണ്ടു സുന്ദരികളായ കാർമേഘങ്ങൾ പീലിമോളെ വരവേറ്റു. ഒരു കുഞ്ഞു കാർമേഘം പീലിയുടെ കയ്യിൽ ക്കയറിയിരിപ്പായി. കാർമേഘങ്ങളുടെ അറ്റങ്ങളിലെല്ലാം കുഞ്ഞു മഴത്തുള്ളികൾ പറ്റിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു” പുണ്യ സി ആർ എഴുതിയ കഥ

എന്തു ചെയ്യുമ്പോഴാണ് നിങ്ങൾക്കേറ്റവും സന്തോഷമുണ്ടാവുക? കഥയോ, പാട്ടോ കേൾക്കുമ്പോഴാണോ? വർത്തമാനം പറയുമ്പോഴോ, ഡാൻസ് ചെയ്യുമ്പോഴോ ആണോ? അതോ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴോ? അങ്ങനെയങ്ങനെ… എന്തു കാര്യമാണ് നിങ്ങളെ ഏറ്റവും, ഏറ്റവുമേറ്റവും സന്തോഷിപ്പിക്കുന്നത്?

പീലിമോൾ ഏറ്റവും ആഹ്ലാദിക്കുന്നത് വെറുതെ മാനം നോക്കിയിരിക്കുമ്പോഴാണ് എന്ന് കേൾക്കുമ്പോൾ മറ്റുള്ളവരെപ്പോലെ നിങ്ങൾക്കും ചിരി പൊട്ടുമായിരിക്കും!

മുത്തശ്ശിയുടെ നീളൻ ചാരുകസേരയിലേക്ക് വലിഞ്ഞുകയറി, മണിക്കൂറുകളോളം വെറുതെ മാനം നോക്കിയിരിക്കുന്ന പീലിമോളെ നിങ്ങൾക്കത്ര പെട്ടന്നൊന്നും ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാൽ ആകാശം നോക്കിയിരിക്കുന്നത് പീലിമോൾ എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടു പോന്നു. അതത്ര എളുപ്പമാണെന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി! ആകാശം നോക്കിയിരിക്കുക എന്നാൽ ആകാശത്തെ മേഘങ്ങളെ, അവയുടെ ചലനങ്ങളെ, നേരിയ നിറവ്യത്യാസങ്ങളെപ്പോലും നിരീക്ഷിക്കുക എന്നാണ്. ആകാശം നോക്കിയിരിക്കുമ്പോൾ, അതിരറിയാത്ത ആകാശത്തിനും പീലിമോളുടെ കണ്ണുകൾക്കുമിടയിലൂടെ കടന്നു പോകുന്ന നാനാജാതി കിളികളേയും പ്രാണികളേയുമൊക്കെ അവൾക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

ആകാശത്തോളം പടർന്നു കിടക്കുന്ന മരങ്ങളെ, മേഘങ്ങളെ ഉമ്മവച്ചു കൊണ്ട് നിൽക്കുന്ന മലനിരകളെ, എല്ലായ്പ്പോഴും പീലിമോളെ അത്ഭുതപ്പെടുത്തിയിട്ടുള്ള വിമാനങ്ങളെ , തെളിഞ്ഞ മാനത്ത് ചുവന്ന കടല് വരക്കുന്ന അസ്തമയ സൂര്യനെ, കണ്ണു ചിമ്മുന്ന രാത്രിനക്ഷത്രങ്ങളെ, പുഞ്ചിരിക്കുന്ന അമ്പിളിമാമനെ,എന്നിങ്ങനെ ആകാശവുമായി ബന്ധപ്പെട്ടതെല്ലാം പീലിമോൾ നിരീക്ഷിച്ചു കൊണ്ടിരിക്കും.

punya, story, iemalayalam

“എപ്പോഴുമിങ്ങനെ മേപ്പട്ട് നോക്കിയിരിക്കാതെ മറ്റു കുട്ടികളെ പോലെ നിനക്ക് വല്ലതും കളിച്ചൂടെ പീലീ,” അച്ഛൻ ചോദിക്കും.

“ഞാൻ പുതിയ ആകാശത്തെ പരിചയപ്പെടുകയാണച്ഛാ,” പീലിമോൾ പറയും.

“ഹ ഹ… ഇതു നല്ല കഥ! പുതിയ ആകാശമോ? ആകാശമെപ്പോഴും ഒന്നു തന്നെയാണ് മോളേ. ആകെയൊരു ആകാശമല്ലേ നമ്മുടെ തലയ്ക്ക് മുകളിലുള്ളൂ!”

“അച്ഛന് തെറ്റി, നമ്മളോരോ നേരത്തും കാണുന്ന ആകാശം വെവ്വേറെയാണ്. ആകാശത്തിന് മനുഷ്യരേപ്പോലേ കുറേ മുഖങ്ങളുണ്ട്. നമ്മളേപ്പോലെ ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും കളിയാക്കാനുമൊക്കെ ആകാശത്തിനറിയാം അച്ഛാ. പക്ഷെ ഒരിക്കൽ കണ്ട ആകാശത്തിന്റെ മുഖം നമുക്ക് പിന്നെ കാണാനേയാകില്ല. നോക്കിനോക്കിയിരിക്കുമ്പോൾ തന്നെ ആകാശം മാറിമാറിയും. വെളള, നീല, മഞ്ഞ, ചുവപ്പ്, കറുപ്പ്… എത്രയെത്ര നിറങ്ങളാണ് മാനത്തിന്!”

“എന്റെ പൊന്ന് മോള് അച്ഛന് സ്റ്റഡി ക്ലാസ്സ് എടുത്തോണ്ടിരുന്നോ. നിന്നെപ്പോലുള്ള കുട്ടികൾ എന്ത് ഉഷാറായിട്ടാ ഇന്നലത്തെ സ്കൂൾ പരിപാടിയിൽ ഡാൻസ് കളിച്ചത്,” എന്ന് അച്ഛനെപ്പോഴും പീലി മോളെ നിരുത്സാഹപ്പെടുത്തി. പക്ഷെ അതൊന്നും പീലിയെ വിഷമിപ്പിച്ചതേയില്ല. അവൾ അവളുടെ വാനനിരീക്ഷണം കൂടുതൽ സന്തോഷത്തോടെ തുടർന്നു പോന്നു.

അവളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന കാരണം മുത്തശ്ശിയുടെ സ്നേഹവും വാക്കുകളുമായിരുന്നു. പീലിമോൾ മുത്തശ്ശിയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയിരുന്നത്. ഓരോ രാത്രിയിലും മുത്തശ്ശി പീലിമോൾക്ക് ഓരോ കഥകൾ പറഞ്ഞു കൊടുക്കും. കഥകളെമ്പാടും സ്നേഹത്തേയും തുല്യതയേയും പരസ്പര ബഹുമാനത്തേയും ആത്മവിശ്വാസത്തേയും പറ്റിയുള്ളതായിരിക്കും.

പീലിമോളെ ചേർത്തു പിടിച്ചു കൊണ്ട് മുത്തിശ്ശിയൊരുന്നാൾ ഇങ്ങനെ പറഞ്ഞു “ഓരോ മനുഷ്യരും വ്യത്യസ്തരാണ് മോളേ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യത്യസ്തമാണ്. ചിലർക്ക് പാട്ട് പാടാനായിരിക്കും ഇഷ്ടം. ചിലർക്ക് പാചകം ചെയ്യാൻ. ചിലർ ധാരാളം വർത്തമാനം പറയുന്നവരായിരിക്കും എന്നാൽ മറ്റു ചിലരോ? മുത്തശ്ശീടെ പീലി മോളെപ്പോലെ കുറച്ച് മാത്രം മിണ്ടും, കുറേ സ്വപ്നം കാണും. മോൾടെ കൂട്ടുകാർ പാർക്കിൽ പോയി കളിക്കുമ്പോൾ മോളെ പോലെ ചിലർ ചുറ്റുപാടും നിരീക്ഷിച്ച് കൊണ്ടിരിക്കും. സിനിമ കാണാൻ ഇഷ്ടമുള്ള കുട്ട്യോളും പുസ്തകം വായിക്കാൻ ഇഷ്ടള്ളോരും ഉണ്ടായിരിക്കും. ഒന്ന് നല്ലത് മറ്റൊന്ന് മോശം എന്നൊന്നൂല്ല മോളേ… ഓരോരുത്തരും അവർക്കിഷ്ടമുള്ളത് ചെയ്യാനുള്ള നേരം കണ്ടെത്തുന്നതാണ് വല്ല്യ കാര്യം. ഓരോരുത്തർക്കും ഓരോരോ അഭിരുചികളാണ്. എല്ലാരും മിടുക്കരാണ്.”

punya, story, iemalayalam

ഇത്രയും പറഞ്ഞവസാനിപ്പിച്ചതിന് ശേഷം മുത്തശ്ശി പീലിമോൾക്ക് മഴവിൽച്ചന്തമുള്ള ഒരു പുസ്തകം സമ്മാനിച്ചു.

പീലിമോൾ ആ പുസ്തകം മറിച്ച് നോക്കും മുമ്പേ മുത്തശ്ശി ഓർമ്മിപ്പിച്ചു “ഇതൊരു മാന്ത്രിക പുസ്തകമാണ്.ഈ പുസ്തകത്തിലെ ഓരോ പേജുകളിലും ഭംഗിയുള്ള ചിത്രങ്ങളുണ്ട് കടലിന്റെ, കാടിന്റെ, ആകാശത്തിന്റെ, വയലുകളുടെ. ഏതെങ്കിലും ഒഴിഞ്ഞയിടത്തിരുന്ന് ഇതിലെ ഓരോ ഏടുകളും മറിച്ചു നോക്കുക, മോൾക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമെടുത്ത് ആ ചിത്രത്തെ ആഴത്തിൽ പരിശോധിക്കുക. കണ്ണുകളടച്ച് പതുക്കെ ആ ചിത്രം മനസ്സിൽ മെനഞ്ഞെടുക്കുക. പീലിമോൾ നിമിഷനേരം കൊണ്ട് ആ ചിത്രത്തിൽ കാണുന്നയിടത്തെത്തിച്ചേരും!”

മുത്തശ്ശിയുടെ വാക്കുകൾ പീലിമോളുടെ കണ്ണുകളെ വിടർത്തി. അവളുടെ മുഖം ബൾബ് കത്തിയതുപോലെ പ്രകാശിച്ചു.

പിറ്റേന്ന് രാവിലെ പീലിമോൾ പതിവിലും നേരത്തെയെഴുന്നേറ്റു. തൊട്ടടു ത്ത് കിടന്നുറങ്ങുന്ന മുത്തശ്ശിയെ ശല്യം ചെയ്യാതെ പീലിമോൾ, മുറിയിലെ ജനലുകൾ തുറന്നിട്ടു. ആഹാ നല്ല തണുത്ത കാറ്റ്! ഇന്നലെ മറിച്ച് നോക്കിയതിന് ശേഷം മേശക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു വച്ച മാന്ത്രിക പുസ്തകമെടുത്ത് മേശമേൽ വച്ച് സ്വസ്ഥമായി തന്റെ കസേരയിലിരുന്നു.

അവൾക്ക് വല്ലാത്ത ആകാംഷ തോന്നി. മാന്ത്രിക പുസ്തകത്തിലെ പതിനൊന്നാമത്തെ പേജ് തുറന്ന് പീലിമോളതിലെ ചിത്രത്തിലേക്കുറ്റു നോക്കി. തെളിഞ്ഞ ആകാശത്തെ പഞ്ഞിമേഘകെട്ടുകൾക്കിടയിലൂടെ വിസ്മയത്തോടെ നടന്നകലുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ആ പെൺകുട്ടി താനാണെന്ന് തന്നെ പീലിമോൾക്ക് തോന്നി. മുത്തശ്ശി പറഞ്ഞതുപോലെ പതുക്കെ കണ്ണുകളടച്ച് അവളാ ചിത്രം മനസ്സിൽ വരച്ചിട്ടു.

പീലിമോൾ മെല്ലെ കസേരയിൽ നിന്നും മുകളിലോട്ട് ഉയരാൻ തുടങ്ങി. പുലർക്കാലക്കാറ്റിൽ അവൾ അന്തരീക്ഷത്തിലൂടെ പറന്നുയർന്നു. അവൾക്ക് തണുത്തു, ഇടയ്ക്ക് ഇക്കിളിപ്പെട്ടു. ഉയർന്നുയർന്ന് അവൾ മേഘക്കെട്ടുകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. പീലിക്ക് മേലാകെ കുളിർന്നു. പതുക്കെ കാലടികൾ വച്ച് അവൾ നടത്തം തുടർന്നു. ആകാശം പരന്ന് വിശാലമായി കിടക്കുകയാണ്. എങ്കിലും ഓരോ കാലടി വക്കുമ്പോഴും അവൾക്ക് അതിയായ കൗതുകം തോന്നി. തൊട്ടരുകിൽ തെളിഞ്ഞു വന്ന വലിയ മഴവില്ല് പീലിമോളെ കൈ നീട്ടി വിളിച്ചു. അവൾ മഴവില്ലിനടുത്തേക്ക് ചെന്ന് ഏഴു നിറങ്ങളിലൂടെയും വിരലോടിച്ചു. അവളുടെ കൈവിരലുകളിൽ ഏഴ് നിറങ്ങൾ പടർന്നു.

punya, story, iemalayalam

വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ പീലിമോൾ പാതിയുറങ്ങിക്കിടക്കുന്ന അമ്പിളിമാമനെ കണ്ടു. അവളെ കണ്ടപ്പോൾ അമ്പിളിമാമൻ പാതിമയക്കത്തിലും പുഞ്ചിരിച്ചു. അവൾ അമ്പിളിമാമന്റെ വക്കത്ത് കയറിയിരിപ്പായി. അമ്പിളിമാമൻ അവളെ അരുമയോടെ ചേർത്തു പിടിച്ചു, തിളങ്ങുന്ന നക്ഷത്രം വച്ചു പിടിപ്പിച്ചൊരു മാല പീലിയുടെ കഴുത്തിലണിയിച്ചു.

തിളങ്ങുന്ന നക്ഷത്രമാലയുമിട്ടോണ്ട് പീലിമോൾ കാർമേഘക്കൂട്ടങ്ങൾക്കിടയിലേക്ക് നടന്നു ചെന്നു. ഇരുണ്ടു സുന്ദരികളായ കാർമേഘങ്ങൾ പീലിമോളെ വരവേറ്റു. ഒരു കുഞ്ഞു കാർമേഘം പീലിയുടെ കയ്യിൽ ക്കയറിയിരിപ്പായി. കാർമേഘങ്ങളുടെ അറ്റങ്ങളിലെല്ലാം കുഞ്ഞു മഴത്തുള്ളികൾ പറ്റിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. മേഘങ്ങളെമ്പാടും ഒരുമിച്ച് കുലുങ്ങിച്ചിരിച്ചപ്പോൾ തങ്ങി നിൽക്കുന്ന മഴത്തുള്ളികളും ഒപ്പം പീലിമോളും നിലയില്ലാതെ താഴേക്ക് പതിച്ചു.

കണ്ണു തുറന്നപ്പോൾ പീലിമോൾ തന്റെ മുറിയിലെ ജനാലയ്ക്കരുകിലെ ഇരുപ്പിടത്തിലിരുന്ന് മേശമേൽ തലവച്ച് കിടക്കുകയാണ്. അവൾക്കരുകിൽ മുത്തശ്ശി സമ്മാനിച്ച മാന്ത്രിക പുസ്തകവുമിരിപ്പുണ്ട്. ‘ ഇതുവരെ കണ്ടെതെല്ലാം സ്വപ്നമായിരുന്നോ?’ അവൾ അവിശ്വാസത്തോടെ മാന്ത്രിക പുസ്തകത്തിലേക്ക് നോക്കി. പിന്നെ ആഹ്ലാദത്തോടെ ഓടിച്ചെന്ന് ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയെ വിളിച്ചെഴുന്നേൽപ്പിച്ചു. മുത്തശ്ശി പീലിയെ നോക്കി പതിവുപോലെ പുഞ്ചിരിച്ചു.

പീലി നടന്ന കഥകളെല്ലാം മുത്തശ്ശിയോട് പറഞ്ഞു.

“എന്നാൽ, നീയെന്നോടിപ്പോൾ പറഞ്ഞതെല്ലാം ഒരു പുസ്തകത്തിലെഴുതിവെക്ക്. ഇതൊരു അസ്സല് കഥയാവും,” മുത്തശ്ശി ചിരിച്ചു.

പീലിമോൾ തന്റെ കയ്യിലുള്ള കാർമേഘകുഞ്ഞിനെ മുത്തശ്ശിക്ക് സമ്മാനിച്ചു. മുത്തശ്ശി അവളുടെ കഴുത്തിലെ തിളങ്ങുന്ന നക്ഷത്രമാലയി ലൂടെ തഴുകി. മുത്തശ്ശിയും പീലിമോളും പരസ്പരം ഇറുക്കിക്കെട്ടിപ്പിടിച്ച് ഉമ്മവച്ചു.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Punya cr story for children peeli kanda akasham

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com