/indian-express-malayalam/media/media_files/uploads/2022/11/punya-fi.jpg)
പത്തുവയസുകാരിയായ അല്ലിയും അവളുടെ അമ്മയും കാടിനോരത്തുള്ള ഒരു കുഞ്ഞ് വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന് പുറക് വശത്ത് ഇടതൂർന്ന മരങ്ങളുള്ള കാടും കാടിന് കുറുകെ ഒരു മനോഹരമായ പുഴയും പുഴക്കപ്പുറം കാട്ടിൽ സഹവസിച്ചു പോരുന്ന നിറയെ മൃഗങ്ങളുമുണ്ടായിരുന്നു.
അല്ലിയും അമ്മയും കൂടി വീടിനു മുൻവശത്ത് വലിയൊരു പൂന്തോട്ടമൊരുക്കിയിരുന്നു. അല്ലിക്ക് ചെടികളും പൂക്കളും ഒത്തിരിയിഷ്ടമായിരുന്നു. സൂര്യകാന്തി, ലില്ലി പൂക്കൾ, പല നിറങ്ങളിലുള്ള ചെമ്പരത്തി പൂക്കൾ, പിച്ചി പൂക്കൾ, മുക്കുറ്റി, ചെണ്ടുമല്ലി, ജമന്തി, പനിനീർ പൂക്കൾ, വാടാമല്ലി… തുടങ്ങി പേരറിയുന്നതും പേരറിയാത്തതുമായ എത്രയോ പൂച്ചെടികൾ അല്ലിയുടെ വീട്ടുമുറ്റത്ത് പുഞ്ചിരിച്ച് നിന്നു.
കാടായിരുന്നു അല്ലിയുടെ സ്കൂൾ. എല്ലാ ദിവസവും അതിരാവിലെയെഴുന്നേറ്റ് അവൾ അമ്മക്കൊപ്പം കാട്ടിലേക്ക് വിറകും ഭക്ഷണവും ശേഖരിക്കാൻ പോകും. കാട്ടിലെ ഓരോ മൃഗങ്ങളോടും എങ്ങനെ പെരുമാറണമെന്നും അപകടങ്ങളെ എങ്ങനെ ചെറുക്കണമെന്നും അമ്മ അവൾക്ക് പറഞ്ഞു കൊടുക്കും.
സ്ഥിരമായി തങ്ങളെ സന്ദർശിക്കാനെത്തുന്ന അല്ലിയുമായി ചില പക്ഷികളും മുയലും മാനും ആനക്കുട്ടിയും അണ്ണാനുമെല്ലാം സൗഹൃദത്തിലായി. കാടിനേയും മരങ്ങളേയും അവിടുത്തെ ജീവജാലങ്ങളേയും അല്ലി ഏറ്റവും അടുത്ത കൂട്ടുകാരായി കരുതിപ്പോന്നു. കാട്ടിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന് ആവശ്യത്തിനുള്ള ഭക്ഷണവും വിറകുമായി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം അല്ലി അമ്മ സമ്മാനിച്ച പുസ്തകങ്ങൾ വായിച്ചു പഠിക്കും.
മലയാളവും കണക്കും സയൻസും ഇംഗ്ലീഷുമെല്ലാം പഠിക്കാൻ അല്ലിക്ക് ഏറെയിഷ്ടമായിരുന്നു. അതിന് ശേഷം അമ്മയ്ക്കൊപ്പം പാചകം ചെയ്തും പൂന്തോട്ടത്തിലെ ചെടികളെ പരിപാലിച്ചും വീടിനു ചുറ്റും പറന്നു കളിക്കുന്ന പക്ഷികൾക്കും ജീവികൾക്കും ഭക്ഷണം നൽകിയും അല്ലി സമയം വിനിയോഗിക്കും. വൈകുന്നേരങ്ങളിൽ അമ്മയുടെ സഹായത്തോടെ പുഴയുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ചെന്ന് അല്ലി നീന്താൻ പഠിക്കും. ഉയരമില്ലാത്ത മരങ്ങളിൽ വലിഞ്ഞു കയറി മരം കയറ്റം പഠിക്കും.
രാത്രി വീട്ടിൽ ചെന്നാൽ, ആഴ്ചയൊടുവുകളിൽ ചന്തയിൽ പോയി വിൽക്കാനുള്ള മുളകൊണ്ടും പാള കൊണ്ടുമുള്ള കരകൗശല വസ്തുക്കളുണ്ടാൻ അമ്മക്കൊപ്പം കൂടാനും അല്ലി മറക്കാറില്ല. അന്നത്തെ ദിവസം അല്ലിയുടെ മനസ്സിൽ തറഞ്ഞ എന്തെങ്കിലുമൊരു കാഴ്ച ഉറങ്ങുന്നതിന് മുൻപ് അല്ലി കടലാസിൽ വരച്ചു ചേർക്കും. അതിനു താഴെ രണ്ടുവരി കഥയോ കവിതയോ കുറിച്ചിടും.
/indian-express-malayalam/media/media_files/uploads/2022/11/punya-1.jpg)
അല്ലിക്ക് രസകരമായ മറ്റൊരു വിനോദം കൂടിയുണ്ടായിരുന്നു. തൂവൽ ശേഖരണം!
കാട്ടിലും മേട്ടിലും പക്ഷികൾ പൊഴിച്ചിട്ട തൂവലുകൾ പെറുക്കിക്കൊണ്ടുവന്ന് നോട്ടുപുസ്തകത്തിൽ ഒട്ടിച്ച് വക്കുക. അല്ലിയുടെ ഒരു വലിയ നോട്ടുപുസ്തകം മുഴുവൻ പല നിറമുള്ള തൂവലുകളാൽ നിറഞ്ഞിരുന്നു. കറുപ്പ്, പച്ച, മഞ്ഞ, നീല, ഓറഞ്ച്, വെള്ള… തുടങ്ങി ഒന്നിലേറെ നിറങ്ങൾ ഇടകലർന്ന തൂവലുകളും അവളുടെ ഏടുകളിൽ പറ്റിപിടിച്ചിരുന്നു. എന്തു രസമാണെന്നോ കാണാൻ!
ഓരോ തൂവലും ഏതേത് പക്ഷിയുടേതാണെന്ന് അന്വേഷിച്ച് കണ്ടു പിടിച്ച് അതത് തൂവലുകൾക്കൊപ്പം പക്ഷിയുടെ പേരും എഴുതിവക്കാൻ അല്ലി മറന്നില്ല. അറുപത്തിമൂന്ന് വിധം പക്ഷികളുടെ വർണ്ണതൂവലുകൾ അല്ലിയുടെ പുസ്തകത്തിൽ രഹസ്യമായി ഉറങ്ങിക്കിടന്നു. അല്ലിയെന്നും തൂവൽ പുസ്തകമെടുത്ത് മറിച്ച് നോക്കും. അത്ഭുതത്തോടെ ഓരോ തൂവലും തഴുകും.
ഒരുനാൾ അമ്മക്കൊപ്പം കാട്ടിലേക്ക് പോയ അല്ലിക്ക് അതിമനോഹരമായൊരു തൂവൽ കളഞ്ഞുകിട്ടി. നീലയും മഞ്ഞയും കലർന്നതായിരുന്നു ആ തൂവലിന്റെ നിറം.
"അമ്മേ, ഇതേത് പക്ഷിയുടെ തൂവലാ?"
പതിവുപോലെ കൗതുകമടക്കാനാകാതെ അല്ലി അമ്മയോടു ചോദിച്ചു.
അമ്മ ആ തൂവല് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അമ്മയുടെ നെറ്റി ചുളിഞ്ഞു. തൂവലിനറ്റത്ത് കാണപ്പെട്ട ചുവന്ന പൊട്ടുകളും സ്വർണ്ണപ്പൊടി വിതറിയ പോലുള്ള തൂവലിന്റെ തിളക്കവുമാണ് അമ്മയെ കുഴപ്പത്തിലാക്കിയത്. ഇങ്ങനെയൊരു പക്ഷിയോ! എന്ന് അമ്മ അതിശയം പൂണ്ടു.
"അമ്മക്ക് പിടി കിട്ടുന്നില്ല കുഞ്ഞാ… നമുക്ക് മാതമുത്തിയോട് ചോദിക്കാം."
കാട്ടിൽ ജനിച്ചു വളർന്ന കരുത്തുറ്റ ബുദ്ധിമതിയായ സ്ത്രീയാണ് മാതമുത്തി. ദേഹമൊക്കെ ചുക്കിചുളിഞ്ഞ് തലമുടി മുഴുവൻ അപ്പൂപ്പൻത്താടിയായിട്ടും മുത്തിയിപ്പൊഴും കാട് കയറാൻ പോകും. മുത്തി പ്രത്യേകതരം ശബ്ദത്തിൽ വിളിച്ചാൽ ഏത് പക്ഷിയും പറന്നു വരും. മുത്തിയുടെ സ്നേഹം നിറഞ്ഞ നോട്ടത്തിൽ ഏത് മൃഗവും അരുമയാകും. കാടിറങ്ങി വരുന്ന മുത്തിക്ക് തുണയായി മാനും കുരങ്ങും കരടിയും വീട്ടുമുറ്റം വരെ വരും. കാടിന്റെ പൊന്നോമനയായ മുത്തിക്ക് കാടിന്റെ മിടിപ്പറിയാം. സകലമാന പക്ഷികളുടേയും മൃഗങ്ങളുടേയും ഉള്ളറിയാം.
അല്ലി ഉള്ളം കയ്യിൽ വച്ചുകൊടുത്ത വർണ്ണാഭമായ തൂവൽ നോക്കവേ മാതമുത്തിയുടെ കണ്ണുകൾ തിളങ്ങി. ആ പക്ഷിത്തൂവലിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് മുത്തി ചോദിച്ചു "നിനക്കെവിടെ നിന്ന് കിട്ടി ഇത്?"
അല്ലി അങ്ങ് ദൂരേക്ക് വിരൽ ചൂണ്ടി. പുഴക്കക്കരെയുള്ള പച്ചയായ കാട്ടിലേക്ക്.
" സമുദ്രകൾക്കുമപ്പുറം വസിക്കുന്ന 'മചിഷി' എന്ന മാന്ത്രിക പക്ഷിയുടെ തൂവലാണിത്. പണ്ട്, പണ്ട്… ഞാൻ തീരെ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ മചിഷി പക്ഷിയെ കാണുകയുണ്ടായി. നീലയും മഞ്ഞയും ചുവപ്പുമൊക്കെ കലർന്ന് ഭംഗിയുള്ള മേനിയാണതിന്. ഒരു പരുന്തിനേക്കാൾ വലിപ്പമുണ്ട്. മറ്റ് പക്ഷികളേ പോലെയല്ല. മചിഷിക്ക് മായാജാലമറിയാം. എന്നെ കണ്ട നിമിഷത്തിൽ അത് ആകാശത്തേക്ക് പറന്നുയർന്ന് സൂര്യന് പുറകിലൊളിക്കുകയാ ചെയ്തത്! വല്ലാത്തൊരു കാഴ്ച്ചയായിരുന്നു.''
/indian-express-malayalam/media/media_files/uploads/2022/11/punya-2.jpg)
മാതമുത്തി പറയുന്നത് കേട്ട് അല്ലി വാ പൊളച്ച് നിന്ന് പോയി. സൂര്യന് പുറകിലൊളിക്കുന്ന പക്ഷിയോ! ഒരു മാന്ത്രിക പക്ഷിയുടെ തൂവലാണോ എന്റെ കയ്യിലിരിക്കുന്നത്. മാതമുത്തി തിരികെ നൽകിയ തൂവൽ അല്ലി ഒരു നിധിയെന്ന പോലെ കയ്യിൽ കരുതി.
തൂവൽ പുസ്തകത്തിൽ അറുപത്തിനാലാം നമ്പറിട്ട പേജിൽ അല്ലി മചിഷി പക്ഷിയുടെ തൂവലൊട്ടിച്ചു വച്ചു. പുസ്തകത്തിന്റെ ഏടിന് വല്ലാത്ത തിളക്കമുണ്ടായി. അന്നു രാത്രി എത്ര കണ്ണടച്ചു കിടന്നിട്ടും അല്ലിക്ക് ഉറക്കമേ വന്നില്ല. ഇടക്കൊന്ന് ഉറക്കത്തിലേക്ക് വഴുതി വീണ അല്ലി ഏതൊക്കയോ പക്ഷികളുടെ കലപില ശബ്ദങ്ങൾ കേട്ട് ഞെട്ടിയെഴുന്നേറ്റു.
ഉറങ്ങിക്കൊണ്ടിരിക്കുന്ന അമ്മയെ ഉണർത്താതെ പുതപ്പിനുള്ളിൽ നിന്നും മെല്ലെ തല പൊക്കി നോക്കി. നേരം പുലർന്നിട്ടില്ലെങ്കിലും മുറിയിലെന്ത് വെളിച്ചമാണ്! അല്ലി കണ്ണു തിരുമ്മി. മുന്നിലെ കാഴ്ച കണ്ട് അവൾ അന്ധാളിച്ചു പോയി. തനിക്കു ചുറ്റിലും കുറേ പക്ഷികൾ പാറിപ്പറക്കുന്നു. തൂവൽ പുസ്തകത്തിൽ നിന്നും വരുന്ന വെട്ടമാണ് മുറിയിലാകെ പരന്നിരിക്കുന്നത്. തൂവൽ പുസ്തകത്തിന്റെ ഏടുകൾ സ്വയം മറിഞ്ഞു കൊണ്ടിരിക്കുന്നു. ഓരോ ഏടിൽ നിന്നും ഓരോ പക്ഷികൾ പറന്നുപൊന്തുന്നു. അല്ലി എന്തു ചെയ്യണമെന്നറിയാതെ അതേ ഇരുപ്പിരുന്നു.
പെട്ടന്നതാ തൂവൽ പുസ്തകത്തിലെ അറുപത്തിനാലാമത്തെ ഏടിൽ നിന്നും മിന്നാമിന്നി വെളിച്ചങ്ങളും പുറകെയൊരു പക്ഷിയും രൂപപ്പെട്ട് വരുന്നു. പക്ഷി വലുതായി വലുതായി ഭീമാകാരിയായി പക്ഷിയായി മാറി. പക്ഷിയുടെ ഭംഗി കണ്ട് അല്ലിയുടെ കണ്ണുകൾ കൂടുതൽ വിടർന്നു.
"മചിഷി!" അല്ലി ചെറിയ ശബ്ദത്തില്‍ മന്ത്രിച്ചു.
നോക്കിയിരിക്കുമ്പോഴതാ തനിക്കു ചുറ്റിലും പാറുന്ന മറ്റു പക്ഷികളെല്ലാം മചിഷി പക്ഷിക്കടുത്തേക്ക് പറക്കുന്നു. അവർ മചിഷി പക്ഷിയെ വലം വെച്ച് പറക്കുന്ന കാഴ്ച്ച അമ്മയേയും കാണിക്കാനായി അല്ലി അമ്മയെ തട്ടിയുണർത്തി.
"എന്തു പറ്റി അല്ലീ?" അമ്മ ഞെട്ടിയെഴുന്നേറ്റു.
"അത് നോക്കമ്മേ..." അല്ലി മുന്നിലേക്ക് വിരൽ ചൂണ്ടി.
"എന്ത്? ഈ ഇരുട്ടത്തെന്ത് നോക്കാനാ."
അമ്മ ഉറക്കച്ചടവോടെ ലൈറ്റിട്ടു.
"മചിഷി പക്ഷിയെവിടെ!" അല്ലി ചുറ്റിലും നോക്കി.
/indian-express-malayalam/media/media_files/uploads/2022/11/punya-3.jpg)
ഇത്ര നേരം താൻ കണ്ട മാന്ത്രിക വെളിച്ചവും മചിഷിയും മറ്റ് പക്ഷികളുമൊന്നും തന്റെ മുന്നിലില്ലെന്ന് തിരിച്ചറിഞ്ഞ അല്ലിക്ക് വിഷമമായി.
"മചിഷി പക്ഷിയോ? ഹ...ഹ... ഇത് നല്ല കഥ! ഇവിടെ ഒരു പക്ഷിയുമില്ല. അമ്മേടെ മോള് സ്വപ്നം കണ്ടതാവും."
അമ്മ അല്ലിയെ ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു.
അല്ലിയുടെ തലമുടിയിൽ തഴുകി തലോടിക്കൊണ്ട് അമ്മ വീണ്ടും ഉറക്കമായി. അല്ലിക്ക് പക്ഷേ, ഉറക്കം വന്നതേയില്ല. അമ്മ ഉറങ്ങിയെന്ന് മനസ്സിലായതും അല്ലിയെഴുന്നേറ്റ് പമ്മി പമ്മി തൂവൽ പുസ്തകത്തിനടുത്തേക്ക് നടന്നു.
അവൾക്ക് പേടിയും ആകാംക്ഷയും തോന്നി. ടേബിൾ ലൈറ്റ് ഓണാക്കി മെല്ലെ തൂവൽ പുസ്തകം കയ്യിലെടുത്തു. ഏടുകൾ മറിക്കാൻ തുടങ്ങി. തൂവലുകളെല്ലാം പഴയപോലെ തന്നെ പുസ്തകത്തിലുണ്ട്. അല്ലിക്കാശ്വാസമായി. മറിച്ച് മറിച്ച് മചിഷിപ്പക്ഷിയുടെ തൂവലൊട്ടിച്ച പേജായി. പേജ് തുറന്നതും പെട്ടന്നൊരു വർണ്ണവെളിച്ചം!
അല്ലിയുടെ ചുറ്റിലും പ്രകാശം പരക്കാൻ തുടങ്ങി. തിളക്കമുള്ളൊരു പക്ഷി പുസ്തകത്തിൽ നിന്നും പറന്നു പൊന്തി അല്ലിയുടെ തോളിൽ വന്നിരുന്നു. അല്ലിയതിനെ മൃദുവായി തൊട്ടു.
"മചിഷി…" അവൾ വിളിച്ചു.
അല്ലിയുടെ ചെവിയിലെന്തോ മന്ത്രിച്ചു കൊണ്ട് ആ സുന്ദരിയായ പക്ഷി തുറന്ന് കിടക്കുന്ന ജനലിലൂടെ പുറത്തേക്ക് പറന്നു. അവൾ കണ്ണടുക്കാതെ അതിനെ നോക്കി നിന്നു. പക്ഷി പറന്ന് പറന്ന് ആകാശത്തേക്കുയരുന്നതും അമ്പിളിമാമനു നേരെ കുതിക്കുന്നതും അവൾ അതിശയത്തോടെ കണ്ടു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ സീന ജോസഫ്‌എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/seena-joseph-card.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.