/indian-express-malayalam/media/media_files/uploads/2023/08/priya-as-3.jpg)
ചിത്രീകരണം : വിഷ്ണു റാം
തിരുവോണ ദിവസമാണ്. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മഹാബലി ഭൂമിയിലെ തന്റെ പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വിരുന്നു വരുന്ന ദിവസമാണ് തിരുവോണം എന്നൊക്കെ കീര്‍ത്തനയ്ക്കറിയാം.
രാവിലെ കുളിച്ചൊരുങ്ങി പട്ടുപാവാടയും ബ്ലൗസുമിട്ട് നില്‍ക്കണം ഓണത്തപ്പനെ വരവേല്‍ക്കാന്‍ എന്നു പറഞ്ഞു കീര്‍ത്തനയുടെ അമ്മ.
കുളിച്ചുവന്നപ്പോ അമ്മ അവളെ കണ്ണെഴുതിച്ചു പൊട്ടു തൊടീച്ചു. പിന്നെ തലമുടിയില്‍ മുല്ലപ്പൂ ചൂടി കൊടുത്തു.
കീര്‍ത്തനയും അമ്മയും അച്ഛനും കൂടി പിന്നെ ഓണപ്പൂക്കളമിട്ടു , ദോശയുണ്ടാക്കിക്കഴിച്ചു.ദോശയ്ക്ക് കൂട്ടാന്‍ തേങ്ങാച്ചമ്മന്തിയും സാമ്പാറും ഉണ്ടായിരുന്നു. കീര്‍ത്തന ചമ്മന്തി കൂട്ടിയാണ് ദോശ കഴിച്ചത്. സാമ്പാറവള്‍ക്കിഷ്ടമേയല്ല.
അതു കഴിഞ്ഞ് അമ്മയും അച്ഛനും കൂടി അടുക്കളപ്പാചകത്തില്‍ മുഴുകി.
രണ്ടു പായസം വയ്ക്കും എന്നാണച്ഛന്‍ പറഞ്ഞത്. പായസത്തിനുള്ള തേങ്ങ ചിരണ്ടിക്കൊടുക്കലും തേങ്ങാ പിഴിഞ്ഞ് പാലെടുക്കലും പായസമിളക്കലും അച്ഛന്റെ പണിയാണ്.
അന്നേരമൊക്കെ കീര്‍ത്തന ഊഞ്ഞാലിലിരുന്നാടി. പഴയ ഊഞ്ഞാല്‍ മോശമായെന്നു പറഞ്ഞ് അച്ഛനിത്തവണ ഓണ്‍ലൈനില്‍ വാങ്ങിച്ച് അവള്‍ക്ക് കെട്ടിക്കൊടുത്തതാണ് ഊഞ്ഞാല്‍. ഓണയൂഞ്ഞല്‍ വരെ ഓണ്‍ലൈനില്‍ കിട്ടുന്ന ഒരു കാലം, കാലത്തിന്റെ ഒരു പോക്കേ എന്നു പറഞ്ഞാശ്ചര്യപ്പെട്ടു അവളുടെ അമ്മൂമ്മ. അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും ഒക്കെ ഒഴിച്ച് ബാക്കിയെല്ലാം ഇപ്പോ ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും എന്ന് അപ്പോ അമ്മ ചിരിച്ചു. കലികാലം എന്നു പറഞ്ഞു അമ്മൂമ്മ.
ഉച്ചയ്ക്ക് ഇലയിട്ടായിരുന്നു ഊണ്. വടക്കേപ്പുറത്തു നില്‍ക്കുന്ന പൂവന്‍വാഴയില്‍ നിന്ന് അച്ഛന്‍ നാലില വെട്ടി.
അമ്മയാണ് ഊണു വിളമ്പിയത്. സാമ്പാറും അച്ചിങ്ങാത്തോരനും വെണ്ടയ്ക്കാ പച്ചടിയും അവിയലും ഓലനും ഇഞ്ചിക്കറിയും മാങ്ങാക്കറിയും നാരങ്ങാ അച്ചാറും, ഉപ്പേരിയും, പപ്പടവും, നെയ്യും, പരിപ്പും ഒക്കെയുണ്ടായിരുന്നു ഊണിന്. കീര്‍ത്തന പറഞ്ഞു, "എനിക്ക് ഊണ് ഇഷ്ടമല്ല. ചിക്കന്‍ ബിരിയാണിയായിരുന്നെങ്കില്‍ എന്തു രസമായിരുന്നേനെ കഴിക്കാന്‍," എന്നു പറഞ്ഞു മുഖം കോട്ടി അവള്‍.
"തിരുവോണത്തിന് ആരെങ്കിലും ചിക്കൻ ബിരിയാണി കഴിക്കുമോ, എന്റെ കുട്ടീ?" എന്നു ചിരിച്ചു അമ്മൂമ്മ.
"നാളെയുണ്ടാക്കിത്തരാം ചിക്കന്‍ ബിരിയാണി," എന്നമ്മ അവളെ ആശ്വസിപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2023/08/priya-as-1-1.jpg)
ഊണു കഴിഞ്ഞ് മേശ തുടച്ചു കൊണ്ട് കീര്‍ത്തന നില്‍ക്കുമ്പോഴാണ് ഗേറ്റിന്റെ കൊളുത്താരോ ഊരുന്ന ശബ്ദം കേട്ടത്.
"ആരാണാവോ തിരുവോണ ദിവസമായിട്ട് ഊണുനേരത്ത് വരുന്നതെന്ന്," ചോദിച്ചു അമ്മ.
കീര്‍ത്തന വാതില്‍ക്കല്‍ പോയി നോക്കി .
ഒരമ്മയും മകളും. എന്തെങ്കിലും കഴിക്കാന്‍ തരണേ എന്നു ചോദിച്ചു വന്നതാണ് .
കീര്‍ത്തന നോക്കി. അവളോളം പ്രായം വരും ആ പെണ്‍കുട്ടിക്ക്. ചെമ്പിച്ച തലമുടി പാറിപ്പറന്നു കിടക്കുന്നു. ഇട്ടിരിക്കുന്ന ഉടുപ്പ് കീറിയിരിക്കുന്നു. നടന്നുനടന്നാവും ക്ഷീണിച്ചു പോയിരിക്കുന്നു ആ അമ്മ.
വടക്കേപ്പുറത്തെ അരപ്രൈസിലിരുത്തി അമ്മ അവര്‍ക്കു രണ്ടു പേര്‍ക്കും ഊണു വിളമ്പിക്കൊടുത്തു .
ആ കുട്ടിയ്‌ക്കേറ്റവുമിഷ്ടമായത് സാമ്പാറാണ്. അവളതു പിന്നെയും പിന്നെയും വാങ്ങിക്കഴിച്ചു.
"എനിക്ക് സാമ്പാറോ ചോറോ ഒന്നുമിഷ്ടമല്ല," എന്നു കീര്‍ത്തന അവളോട് പറഞ്ഞു.
"എനിക്ക് കഴിയ്ക്കാന്‍ എന്തു കിട്ടിയാലും അമൃത് പോലെയാണ്," എന്നു പറഞ്ഞു ആ പെണ്‍കുട്ടി.
അവളവസാനം ഇല നക്കിത്തുടച്ചു കഴിക്കുന്നത് കീര്‍ത്തന നോക്കി നിന്നു.
"കുറേ ദിവസം കൂടി വയറു നിറഞ്ഞു അല്ലേ അമ്മേ," ആ പെണ്‍കുട്ടി അവളുടെ അമ്മയോടു ചോദിച്ചു.
അവളുടെ അമ്മ അപ്പോള്‍ കീര്‍ത്തനയുടെ തലയില്‍ കൈ വച്ച് പറഞ്ഞു, "നന്നായി വരും."
കീര്‍ത്തനയുടെ നല്ല രണ്ടുമൂന്നുടുപ്പു കൊടുത്തു അമ്മ അവള്‍ക്ക്.
പിന്നെ അവര്‍ക്ക് രാത്രി ഉണ്ണാനുള്ള ചോറും കൂട്ടാനും ഇല വാട്ടി പൊതിഞ്ഞു കൊടുത്തു. ഒരു കുപ്പിയില്‍ സാമ്പാറും കൊടുക്ക് എന്നു പറഞ്ഞു കീര്‍ത്തന.
പിന്നെ കീര്‍ത്തന അവളോട് ചോദിച്ചു, "നിനക്കൂഞ്ഞാലിലിരിക്കണോ?"
/indian-express-malayalam/media/media_files/uploads/2023/08/priya-as-2-1.jpg)
അവള്‍ തലയാട്ടി. അവളെ ഇരുത്തി കീര്‍ത്തന ഊഞ്ഞാലാട്ടി. അന്നേരമൊക്കെ കീര്‍ത്തനയുടെ അമ്മ, അവളുടെ അമ്മയോട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. കീര്‍ത്തന അവളുടെ പേര് ചോദിച്ചു. അവള്‍ പറഞ്ഞു, "വാസന്തി."
കീര്‍ത്തന അവളിട്ടിരുന്ന മുത്തുമാല വസന്തിക്ക് കൊടുക്കട്ടെ എന്നമ്മയോട് ചോദിച്ചു. അമ്മ സമ്മതിച്ചു.
അവര്‍ ക്ഷീണമൊക്കെ മാറി, നല്ല ഉഷാറോടെ ഗേറ്റ് കടന്നു പോവുമ്പോഴും വസന്തി ആ മാല തൊട്ടുനോക്കിക്കൊണ്ടേയിരുന്നു.
അമ്മ അവരോട് പ്രത്യേകം പറഞ്ഞു, "എപ്പോ വന്നാലും ഇവിടെ രണ്ടാള്‍ക്കുള്ള ഊണ് മിച്ചമുണ്ടാവും."
രാത്രി ഊണു കഴിക്കാനിരിക്കുമ്പോള്‍ കീര്‍ത്തനയോര്‍ത്തു, "അവള്‍ വാസന്തി ഊണു കഴിച്ചു കാണുമോ?"
അവളിത്തിരി കൂടി സാമ്പാര്‍ അമ്മയോടു വാങ്ങി പപ്പടവും ചേര്‍ത്തു കുഴച്ചു കഴിച്ചു.
വാസന്തിയും അമ്മയും വന്നതു കാരണം ഇത്തവണത്തെ നമ്മുടെ ഓണം പൊലിച്ചു എന്നു പറഞ്ഞു അമ്മ.
കീര്‍ത്തന തലകുലുക്കി.
അവള്‍ പറഞ്ഞു, "സാമ്പാറിഷ്ടമല്ല എന്ന്, ചോറിഷ്ടമല്ല എന്ന് ഞാനിനി ഒരിക്കലും പറയുകയില്ല."
അച്ഛനവളെ കെട്ടിപ്പിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.