scorecardresearch

കബീറും പങ്കുവും സ്റ്റെ ഓവർ പ്ലാനുകളും

'ഉച്ചമയക്ക നേരത്ത് എന്തോ കനമുള്ളത് അവൻ്റെ ദേഹത്തു വന്നു വീണു. അവനാകെ പേടിച്ചു.' പ്രിയ എ എസ് എഴുതിയ കഥ

'ഉച്ചമയക്ക നേരത്ത് എന്തോ കനമുള്ളത് അവൻ്റെ ദേഹത്തു വന്നു വീണു. അവനാകെ പേടിച്ചു.' പ്രിയ എ എസ് എഴുതിയ കഥ

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

മാൻ കുട്ടി കാട്ടിലൊക്കെ തന്നത്താനേ ഓടിച്ചാടി കളിച്ചു നടക്കുകയായിരുന്നു. കളിച്ച് ക്ഷീണിക്കുമ്പോൾ അവൻ പുഴയോരത്തേക്കു നടക്കും. പുഴയോരത്ത് നല്ല കറുമുറാ പുല്ലുണ്ട്. അതവൻ വയറു നിറയെ സാപ്പിടും. പിന്നെ പുഴയിൽ നിന്നു വെള്ളം കുടിക്കും. എന്നിട്ട് തിരിച്ചു വന്ന് ഏതെങ്കിലും മരത്തണലിൽ കിടന്ന് ഉച്ചമയക്കം പാസ്സാക്കും.

Advertisment

അങ്ങനൊരു ദിവസം അവൻ്റെ ഉച്ചമയക്ക നേരത്ത് എന്തോ കനമുള്ളത് അവൻ്റെ ദേഹത്തു വന്നു വീണു. അവനാകെ പേടിച്ചു തുള്ളി, ചാടിയെഴുന്നേറ്റു. നോക്കുമ്പോ ഒരു കുരങ്ങൻ. മരത്തിലൂടെ ചാടി മറിയുന്നതിനിടെ ബാലൻസ് പോയി വീണതാണ്.

മാൻകുട്ടിക്കാദ്യം ദേഷ്യം വന്നെങ്കിലും പിന്നെ അവനതിനോട് പാവം തോന്നി. ആ കുരങ്ങച്ചനെണീറ്റിരുന്ന് ദേഹത്തെ മണ്ണും പൊടിയും തുടച്ചു കളയുകയായിരുന്നു. "എന്തെങ്കിലും പരിക്ക് പറ്റിയോ?" എന്ന് മാൻകുട്ടി അടുത്തുചെന്ന് തിരക്കി. 'ഇല്ലില്ല' എന്നാംഗ്യം കാണിച്ചു കുരങ്ങച്ചൻ.
പിന്നെ അവർ തമ്മിൽത്തമ്മിൽ പരിചയപ്പെട്ടു.

മാൻ പറഞ്ഞു "എൻ്റെ പേര് കബീർ."

കുരങ്ങൻ പറഞ്ഞു "എൻ്റെ പേര് പങ്കു."

കബീറും പങ്കുവും പിന്നെ നിർത്താതെ സംസാരമായി, കളിയായി. "എനിക്കൊരു കളിക്കൂട്ടില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ," കബീർ പറഞ്ഞു.

Advertisment

"ഞാനും," എന്നു പറഞ്ഞു പങ്കു. "കൂട്ടുകാരില്ലാത്തതിൻ്റെ മടുപ്പ് മാറ്റാനാ ഞാനിങ്ങനെ വള്ളികളിൽ പിടിച്ച് ഊഞ്ഞാലാടുന്നതും ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടുന്നതും," പങ്കു പറഞ്ഞു.

"എനിക്ക് മരത്തിൽ കയറാനറിയില്ല," കബീർ സങ്കടത്തോടെ പറഞ്ഞു.

"നിന്നെപ്പോലെ തുള്ളിയോടാൻ എനിക്കറിയില്ലല്ലോ കബീറേ. നിൻ്റെയാ ചാടിത്തുള്ളി വരവ് കാണാൻ എന്തു ഭംഗ്യാ," എന്നു പറഞ്ഞു പങ്കു.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

അതു കേട്ടപ്പോ കബീറിന് നാണമായി. അവൻ്റെ നാണം കണ്ടപ്പോ പങ്കുവിന് ചിരി വന്നു.

"നാണക്കാരാ, ഞാൻ നിനക്ക് ഈ മരങ്ങളിലെയൊക്കെ പഴങ്ങൾ പറിച്ചു തരട്ടെ?" എന്നു ചോദിച്ചു പങ്കു അവനോട്. കബീർ തലയാട്ടി.

പങ്കു ഉടനെ പേരമരത്തിലേക്ക് ചാടിക്കയറി തുരുതുരാ എന്ന് മൂത്തുപഴുത്തപേരക്കകൾ പറിച്ച് താഴേക്കെറിയാൻ തുടങ്ങി. "മതി, മതി ഇതിൻ്റെ സ്വാദ് എനിക്കിഷ്ടമാകുമോന്ന് നോക്കട്ടെ. അല്ലെങ്കിൽത്തന്നെ ഇത്രയും പേരക്ക ഒറ്റയടിക്ക് തിന്നാൽ എനിക്ക് വയറുവേദനിക്കില്ലേ?" എന്നു ചോദിച്ചു കബീർ.

എന്നിട്ടവൻ കാരിക്കാരിത്തിന്നു ഒരു പേരയ്ക്ക. "എപ്പോഴും ഞാൻ പുല്ലല്ലേ തിന്നുന്നത്? ഒരു ടേസ്റ്റ് മാറ്റം ആരാണാഗ്രഹിക്കാത്തത്? എനിക്കിഷ്ടായി കേട്ടോ പേരയ്ക്ക," എന്നു പറഞ്ഞു അവൻ.

"ഇനി ബാക്കി വന്നത് എന്തു ചെയ്യും," എന്നു ചോദിച്ചു പങ്കു.

"ഞാൻ കൊണ്ടു പോയ്ക്കോളാം, എൻ്റെ അച്ഛനുമമ്മയ്ക്കും കൊടുക്കാം ,അവർക്കുമിഷ്ടമാവും," എന്നു പറഞ്ഞു കബീർ.

"ഞാനും നിൻ്റെ കൂടെ വരാം," എന്നു പറഞ്ഞു പങ്കു.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

കബീറിൻ്റെ പുറത്തു കയറിയിരുന്നാണ് പങ്കു കബീറിൻ്റെ വീട്ടിലേക്കു പോയത്.

പങ്കുവിനെ കബീറിൻ്റെ അച്ഛനും അമ്മയ്ക്കും നല്ല ഇഷ്ടമായി. അവരവന് നീലശംഖുപുഷ്പം ജ്യൂസ് കൊടുത്തു. പുല്ലിൻ്റെ ഒരു സ്ട്രോ ഇട്ട് അവൻ പിന്നെയും പിന്നെയും വാങ്ങിക്കുടിച്ചു തീർത്തു ആ വയലറ്റ് നിറമുള്ള ജ്യൂസ്.

പിന്നെ പങ്കു കാട്ടുവള്ളികളിൽത്തൂങ്ങി കസർത്തു കാണിച്ച് അവരെ രസിപ്പിച്ചു. വൈകുന്നേരമായപ്പോൾ പങ്കു യാത്ര പറഞ്ഞ് തിരികെ പോയി. അമ്മയോടും അച്ഛനോടും ചോദിച്ച് സമ്മതം വാങ്ങിയ ശേഷം അടുത്തൊരു ദിവസം സ്റ്റെ ഓവറിന് വരുമെന്ന് പറഞ്ഞാണ് അവൻ പോയത്.

അച്ഛനുമമ്മയും അവനെ കബീറിൻ്റെ വീട്ടിൽ കൊണ്ടു വന്നാക്കും സ്റ്റെ ഓവറിന്. കബീറിനും ഫാമിലി ക്കും കഴിക്കാൻ കുറേ തരം ഫ്രൂട്ട്സ് കൊണ്ടുവരാമന്നേരം, നമുക്കു മതി വരുവോളം കളിച്ച് ക്ഷീണിച്ച് ഒരേ മുറിയിൽ ഓരോന്നും പറഞ്ഞ് കിടന്നുറങ്ങാം എന്നൊക്കെയാണ് അവരുടെ പ്ലാൻ. കബീറിനെയും പങ്കുവിനെയും കൂട്ടി പുറത്ത് റെസ്റ്റോറൻ്റിൽ കഴിക്കാൻ പോകാമന്നേരം എന്നാണ് കബീറിൻ്റെ അമ്മയും അച്ഛനും പ്ലാൻ ചെയ്യുന്നത്.

പങ്കുവിനെ സ്റ്റെ ഓവറിന് വിടാമോ എന്നു ചോദിച്ച് പങ്കുവിൻ്റെ വീട്ടുകാരെ ഫോൺ ചെയ്യാനിരിക്കുകയാണ് കബീറിൻ്റെ വീട്ടുകാർ. അവനെ അവര് വിടണേ എന്ന് പ്രാർത്ഥിച്ചിരിപ്പാണ് കബീർ. അവര് വിടുമായിരിക്കും പങ്കുവിനെ അല്ലേ?

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: