അമ്മിണിയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു.
ചെറുതായിട്ടൊന്നുമല്ല നല്ലോണം സങ്കടം വരുന്നുണ്ടായിരുന്നു അവള്‍ക്ക്.കളിയ്ക്കാനാരെയും കൂട്ടു കിട്ടുന്നില്ല അമ്മിണിയ്ക്ക്. അതാണ് സങ്കടകാരണം.
അമ്മയുടെ അടുത്തു ചെന്നപ്പോഴുണ്ട് ജനല്‍പ്പടിയില്‍ വിസ്തരിച്ചിരുന്ന് അമ്മ ഒരു തടിയന് പുസ്തകം വായിയ്ക്കുകയാണ്. “ഇതു വായിച്ചു രസം പിടിച്ചിരിക്കുകയാണ് അമ്മിണീ, ഞാന്‍. ഇതിപ്പോ ഒരു അരമണിക്കൂറു കൊണ്ട് ഞാന്‍ വായിച്ചു തീരും. എന്നിട്ട് നമ്മക്ക് കളിയ്ക്കാം,” അമ്മ പറഞ്ഞു.
അമ്മ ഏതെങ്കിലും വായിച്ചോട്ടെ, രസിച്ചോട്ടെ അതിലമ്മിണിയ്ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ അമ്മ വായിച്ചു തീരാനെടുക്കുന്ന അര മണിക്കൂര്‍, അതൊരു വലിയ സമയമല്ലേ? എന്തു ചെയ്യും അമ്മിണി ആ സമയത്ത്? അതാണ് അമ്മിണിയുടെ പ്രശ്നം.
മുറിയുടെ മറ്റേ അറ്റത്ത് ചായബ്രഷുകളുമായി ക്യാന്‍വാസിന്റെ മുന്നില്‍ വളരെ ശ്രദ്ധിച്ച് നിന്നു എന്തൊക്കെയോ വരയ്ക്കുകയാണ് അച്ഛന്.
അച്ഛനോടും ചെന്ന് അമ്മിണി ചോദിച്ചുനോക്കി “ഒരു അര മണിക്കൂര്‍ നേരം എന്റൂടെ കളിയ്ക്കാന്‍ വരാമോ?”
അപ്പോ അച്ഛന് പറയുകയാണ്, “അച്ഛന് ഇന്ന് തിരക്കുണ്ട്. മോള് കാണുന്നില്ലേ? അച്ഛന് വരയ്ക്കുകയാണ്. അച്ഛനിപ്പോ വരയ്ക്കാന്‍ നല്ല മൂഡാണ്. ആ മൂഡ് പോകും മുമ്പ് അച്ഛനിത്തിരി നേരം വരച്ചോട്ടെ.”
അച്ഛന് വരയ്ക്കുന്നത് അമ്മിണിയ്ക്കിഷ്ടമാണ്. അച്ഛന് വരക്കുന്നത് നോക്കി നില്‍ക്കാനും വരയ്ക്കുന്ന സമയത്ത് അച്ഛനാവശ്യപ്പെടുന്ന കുഞ്ഞു കുഞ്ഞു സഹായങ്ങള്‍ ചെയത് അടുത്തുനില്‍ക്കാനും ഇഷ്ടമുള്ള കുട്ടിയാണ് അമ്മിണി.
പക്ഷേ അമ്മിണിയ്ക്കിന്ന് കളിച്ചേ പറ്റൂ, ആരുടെ കൂടെയെങ്കിലും.
“പാവകളെയോ കളിക്കാറുകളെയോ വച്ച് കളിയ്ക്ക് മോള്. അല്ലെങ്കില്‍ ലല്ലുപ്പൂച്ചയെ വിളിച്ച് അവളുടെ കൂടെ പന്തു തട്ടി കളിയ്ക്ക്. അല്ലെങ്കില്‍ ഇത്തിരി നേരം ഊഞ്ഞാലാട്. അപ്പോഴേയ്ക്കും അച്ഛനും അമ്മയും ഫ്രീ ആവും. എന്നിട്ട് നമക്ക് മൂന്നാള്‍ക്കും കൂടി കളിയ്ക്കാം,” അച്ഛന് പറഞ്ഞു.
അങ്ങനെയെങ്കില്‍ അങ്ങനെ, അമ്മ ബിസി അച്ഛനും ബിസി ആയ സ്ഥിതിയ്ക്ക് ഇനി ലല്ലുപ്പൂച്ചയെ എങ്കിലും നോക്കാം എന്നു വിചാരിച്ചു അമ്മിണി.

ജനലിന്റെ താഴെ മണ്ണില്‍ ആകാശത്തേയ്ക്കോ മരക്കൊമ്പത്തേയ്ക്കോ നോക്കി ലല്ലുപ്പൂച്ച ചുമ്മാ ഇരിയ്ക്കുന്നത് കുറച്ചു നേരം മുമ്പ് അവള് കണ്ടതാണ്. പന്തുമെടുത്ത് അവള് അവനെ തിരക്കി ചെന്നപ്പോഴുണ്ട്, അവന്, ഭിത്തിയിലിരിക്കുന്ന ഒരു പല്ലിയെ പേടിപ്പിച്ചോടിയ്ക്കുന്ന തിരക്കിലാണ്.
“ലല്ലൂ, ലല്ലൂ… അരണിക്കൂറിനകം അമ്മ ഫ്രീയാകും, എന്നിട്ട് ഞങ്ങള്‍ കളിയ്ക്കും, അതു വരെ നമുക്കൊന്നീ പന്തു തട്ടാം,” എന്നവള്‍ അവനെ വിളിച്ചു നോക്കി.
‘ങേഹേ,’ കേട്ട ഭാവം വേണമല്ലോ അവന് ! അവന് പല്ലിയുടെ ദേഹത്തു നിന്ന് കണ്ണെടുക്കാതാതെ ഇരിപ്പാണ്.
“ഞാന്‍ നിന്റെ കൂടെ കളിയ്ക്കാന്‍ വന്നാല്‍ പിന്നെ ആരോടിയ്ക്കും ഈ പല്ലിയെ? അവിടെയുമിവിടെയും കാഷ്ഠിച്ചു വച്ച് വീടു വൃത്തികേടാക്കലല്ലേ ഇവന്റെ പണി, തന്നെയുമല്ല ആഹാരസാധനങ്ങള്‍ അടച്ചുവച്ചാല്‍ കൂടിയും എങ്ങനെയെങ്കിലും അതിനകത്തേയ്ക്ക് നാവുനീട്ടി അതിന്റെയൊക്കെ സ്വാദു നോക്കുന്ന കുരുത്തക്കേടും ഇവനൊപ്പിയ്ക്കാറില്ലേ? ഇവനെയൊക്കെ വച്ചു പൊറുപ്പിയ്ക്കാമോ വീട്ടിനുള്ളില്‍,” എന്നൊക്കെയാണ് ലല്ലു അങ്ങനിരുന്ന് പറയുന്നതെന്ന് അമ്മിണിയ്ക്ക് മനസ്സിലായി.
പക്ഷേ അമ്മിണിയ്ക്ക് അപ്പോഴൊരു സംശയം വന്നു. അവള് ലല്ലുവിനോട് ചോദിച്ചു “വീട്ടിനകത്തു കയറിക്കൂടുന്ന കൊതുകുകളെയും ഈച്ചകളെയും പോലുള്ള ശല്യക്കാരെ സാപ്പിട്ട് അവന് നമ്മളെ സഹായിക്കുകയല്ലേ ചെയ്യുന്നത്?”
അങ്ങനെ ചില ഉപകാരങ്ങളൊക്കെയുണ്ട്. എന്നു വച്ച്? നമ്മുടെ വീട് അവന് കാഷ്ഠിച്ച് വൃത്തികേടാകുന്നത് നമ്മള് മിണ്ടാതിരുന്ന് സഹിയ്ക്കണമെന്നാണോ,” അതും പറഞ്ഞ് ലല്ലു, പല്ലിയുടെ നേല്‍ക്ക് ഒറ്റച്ചാട്ടം. അവന്റെ കൈയ്ക്കുള്ളിലാകേണ്ടതായിരുന്നു പല്ലി.
അതിനിടെ പൂച്ചയുടെ ശ്രദ്ധ തിരിക്കാനായി പല്ലി, അവന്റ വാല് മുറിച്ച് താഴെയിട്ടു. എന്നിട്ട് ആ പല്ലി, മഹാസ്പീഡില് ഒരു പാച്ചില്‍.
അവനെങ്ങോട്ടാണ് പോയിമറഞ്ഞത്? ഈ മുറിഞ്ഞു വീണു പിടയ്ക്കുന്നന്തെന്തു സാധനമാണ് എന്നൊക്കെയുള്ള പിടികിട്ടായ്മയില്‍ ലല്ലു നിന്നു. ഭിത്തിയില്‍ തുക്കിയിട്ടിരിയ്ക്കുന്ന, അച്ഛന് വരച്ച ചിത്രങ്ങളിലേതിലെങ്കിലും ഒന്നിന്റെ അടിയിലേക്കായിരിയ്ക്കും ആ പല്ലി അപ്രത്യക്ഷനായിട്ടുണ്ടാവുക എന്ന് അമ്മിണി പറഞ്ഞു.
അതൊന്നും ശ്രദ്ധിയ്ക്കാതെ, താഴെ വീണ് പിടയുന്ന പല്ലിവാല് തട്ടിത്തട്ടി നോക്കുകയായിരുന്നു ലല്ലു.
അമ്മിണി ചോദിച്ചു “വല്ല ആപത്തിന്റെയും മുമ്പില്‍ പെടുന്ന നേരം, പല്ലികള്‍ വാലു മുറിച്ചിട്ട് ശത്രുവിന്റെ ശ്രദ്ധ മാറ്റി ആ നേരം കൊണ്ട് രക്ഷപ്പെട്ടുകളയും എന്ന് നീയ് പഠിച്ചിട്ടില്ലേ നിന്റെ ഒന്നാംക്ളാസിലെ പുസ്തകത്തില്‍?”

Read More: പ്രിയ എ എസിന്റെ മറ്റു രചനകള്‍ ഇവിടെ വായിക്കാം
വായിച്ചു കൊണ്ടിരുന്ന പുസ്തകം മുഴവനും വായിച്ചു തീര്‍ന്നിരുന്നു അതിനിടെ അമ്മ. പുസ്തകം അടച്ചു വച്ച് അമ്മ അമ്മിണിയുടെ അടുക്കലേക്ക് നടന്നുവന്നു. പൂച്ച സ്ക്കൂളിന്റെ കാര്യം കേട്ടാവും അമ്മയുടെ ചുണ്ടത്ത് ഒരു ചിരി ഉണ്ടായിരുന്നു.
“പൂച്ചകള്‍ക്കും സ്ക്കൂളുണ്ട് അല്ലേ, അമ്മിണീ,” എന്ന് ചോദിച്ച് അച്ഛനും അതിനിടെ അമ്മയുടെ ചിരിയില്‍ പങ്കുചേര്‍ന്നു.
“മരത്തിന്റെ മുകളിലാണ് പൂച്ചസ്ക്കൂള്, ഫ്രിഡ്ജിന്റെ അടിയിലാണ് പല്ലി സ്ക്കൂള് എന്നൊന്നും നിങ്ങള്‍ക്കറിയില്ലേ,” എന്ന് അത്ഭുതപ്പെട്ടു അമ്മിണി.
“കുട്ടികള്‍ക്കറിയാവുന്ന പല കാര്യങ്ങളും എത്ര വായിച്ചാലും വരച്ചാലും വലിയവര്ക്കറിയില്ല അമ്മിണീ,” എന്നു അമ്മ പറഞ്ഞത് അമ്മിണി കേട്ടോ ആവോ? കേട്ടു കാണില്ല. അമ്മ അതിനിടെ അവള്‍ക്കൊപ്പം കളിയ്ക്കാന്‍ കൂടിയതിന്റെ തിരക്കിലായിക്കഴിഞ്ഞിരുന്നല്ലോ അമ്മിണി.
അവര്‍ അന്താക്ഷരി കളിയ്ക്കുന്നതു കേള്‍ക്കാനാവും ലല്ലുപ്പൂച്ച, അമ്മിണിയുടെ അടുത്തു വന്നിരുന്നു.
അവള് പല്ലിക്കാര്യം മറന്നേപോയി എന്നു പറഞ്ഞ് ചിത്രം വര നിര്‍ത്തി അച്ഛനും അവരുടെ കൂടെ അന്താക്ഷരിയില്‍ ചേര്‍ന്നു.
അവര്‍ ഏതക്ഷരം പറഞ്ഞാലും ലല്ലൂപ്പൂൂച്ച, അവന്റെ ‘മ്യാവൂ’ എന്ന പാട്ട് നിര്‍ത്താതെ പാടിക്കൊണ്ടേയിരുന്നു.
“ഇവനെ സ്ക്കൂളില്‍ വേറെ പാട്ടൊന്നും പഠിപ്പിച്ചിട്ടില്ലേ? ‘പുസി ക്യാറ്റ്,’ പോലും നിനക്കറിയില്ലേ?” എന്നു ചോദിച്ചു അമ്മിണി.
അവന്റെ സ്ക്കൂളിനെ കുറ്റം പറഞ്ഞതിഷ്ടപ്പെടാതെയാണെന്നു തോന്നുന്നു ലല്ലുപ്പൂച്ച അവിടെ നിന്ന് അപ്പോള്‍ത്തന്നെ സ്ഥലം വിട്ടു. വാലും വളച്ചുള്ള അവന്റെ പോക്കു കണ്ട് അവര്‍ക്ക് മൂന്നാള്‍ക്കും ചിരി വന്നു.
ആ വാലു മുറിയന്‍ പല്ലിയെ നോക്കിപ്പോയതാവുമോ ലല്ലു? ആവോ, ആര്‍ക്കറിയാം?