ആന്മേരിയെ രാവിലെ വിളിച്ചുണര്‍ത്തിയത് ഒരു കിളിയാണ്.
“ആന്മേരീ, കുഞ്ഞിക്കുട്ടീ എണീക്ക്, എണീക്ക്, എണീക്ക്,” എന്നവള്‍ ആനിന്റെ ജനാലച്ചില്ലിന്മേല് കൊത്തിക്കൊണ്ട് പാടിപ്പറഞ്ഞു കൊണ്ടേയിരുന്നു.
അതുകേട്ടുകേട്ട് ആന്‍ കണ്ണു തുറന്നു ചുറ്റും നോക്കി.
ഒരു കിളിച്ചിലയ്ക്കലാണതെന്നു നിശ്ചയം. പക്ഷേ, കിളിയെവിടെ? തന്നെയുമല്ല ആരാണവളെ കിളിഭാഷ, മനുഷ്യരുടെ ഭംഗി മലയാളം പോലെ പറയാന്‍ പഠിപ്പിച്ചത്?
ആന്മേരി പുതപ്പുമാറ്റി, കുഞ്ഞിപ്പഞ്ഞിത്തലയിണയിലെ കെട്ടിപ്പിടുത്തം മതിയാക്കി എണീറ്റിരുന്നു. എന്നിട്ട് ചുറ്റും ചുറ്റും നോക്കി.എവിടെ മലയാളം പോലെ തന്നെ കിളിഭാഷ പറയുന്ന ആ വികൃതിക്കുസൃതിക്കിളി?
ആരാണക്കിളി യോട് നേരത്തേ എണീക്കാന്‍ പറഞ്ഞത്? അവന് നേരത്തേ എണീറ്റതും പോരാഞ്ഞ് ആന്മേരിയെ വിളിച്ചുണര്ത്തേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അവന്? പുതച്ചുമൂടി സ്വപ്നവും കണ്ടു അവള് ചിരിച്ചുസിച്ചുറങ്ങിക്കിടക്കുന്നതു കണ്ട് അസൂയ വന്നതു കാരണമായിരിക്കുമോ കിളി, അവളെ വിളിച്ചെഴുന്നേല്പ്പിച്ചിട്ടു തന്നെ കാര്യം എന്നു വിചാരിച്ച് “ആന്മേരീ, കുഞ്ഞിക്കുട്ടീ, എണീക്ക്, എണീക്ക്…” എന്ന് നിര്‍ത്താതെ ഒരു പാട്ടുപോലെ പറഞ്ഞുകൊണ്ടിരുന്നത് ?
ജനലിനപ്പുറം എന്തോ അനക്കം കണ്ട് അവള് അവിടേക്ക് നടന്നു. എന്നിട്ട് ജനല്‍പ്പടിയിലേക്ക് വലിഞ്ഞു കയറി. എന്നിട്ട് ജനല്പ്പാളികള് തുറന്നിട്ടു. അപ്പോ ദാ ഇരിക്കുന്നു നമ്മുടെ കിളിവീരന്.
ഒന്നുമറിയാത്തുപോലെ, കൊക്കുകൊണ്ട് തൂവലൊക്കെ മിനുക്കി ഒരിരുപ്പാണ് കക്ഷി. ഇരിപ്പു കണ്ടാല്‍ അവനാണ് ആനിനെ ഉറങ്ങാന്‍ സമ്മതിക്കാതെ കലപിലപ്പാട്ടുപാടി ഉണര്‍ത്താന്‍ ശ്രമിച്ചതെന്നു തോന്നുകയേയില്ല.

ആന്‍ കിളിയോട് ദേഷ്യപ്പെട്ടു, “അമ്പടാ കള്ളക്കിളീ, എന്റെ ഉറക്കം കളഞ്ഞുകുളിച്ചിട്ട് ഒന്നുമറിയാത്തു പോലെ ഇരിക്കുന്നോ?”
അപ്പോ കുഞ്ഞിക്കിളി അവളുടെ കുഞ്ഞന്‍ കണ്ണു കൊണ്ട്, “അയ്യോ ആന്മേരീ ഞാനൊരു പാവമല്ലേ,” എന്നു പറയുമ്പോലെ ആനിനെ നോക്കി.
“നീയൊരു പാവമൊന്നുമല്ല, ഒരു വിരുതന്ശങ്കുവാണ്,” എന്നു പറഞ്ഞ് ആന്മേരി അപ്പോ ചിരിച്ചു.
അവള് ചിരിച്ചതും, അവള് തന്നോട് കൂട്ടായി എന്നു വിചാരിച്ചാവും തുറന്നിട്ട ജനല്‍പ്പാളിയിലൂടെ കിളി അകത്തു കയറി. എന്നിട്ട് മുറിയിലൂടെ പറക്കാന്‍ തുടങ്ങി.
“മണ്ടച്ചാരേ, ഫാന്‍ കറങ്ങുന്നതു കാണാന്‍ വയ്യേ നിനക്ക്? ഫാനിന്മേല്‍ ചെന്നു തട്ടിയാല്‍ നീ ചത്തുപോവില്ലേ,” എന്നു ചോദിച്ച് ജനല്‍പ്പടിയില്‍ നിന്നു ചാടിയിറങ്ങി ഓടിപ്പോയി ഫാന്‍ ഓഫ് ചെയ്തു അവള്.
“ശ്ശോ, ഞാന്‍ ഫാനിന്റെ കാര്യമേ മറന്നു പോയി, നീ പറഞ്ഞതുപോലെ എന്തൊരു മണ്ടനാണല്ലേ ഞാന്‍,” എന്ന മട്ടില്‍ കിളി അവന്റെ കുഞ്ഞന്‍ വട്ടക്കണ്ണിലൊക്കെ സ്നേഹം നിറച്ച് അവളെത്തന്നെ നോക്കിയിരുന്നു.
അവള് പറഞ്ഞു, “നീ ഇവിടെയിരി. ഞങ്ങള്‍ മനുഷ്യര്‍ക്കേ, രാവിലെ എഴുന്നേറ്റാല്‍ പല്ലുതേപ്പെന്നൊരു പരിപാടിയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ പറന്നു കളിക്കാന്‍ ഞങ്ങള്‍ക്കുണ്ടോ ചിറക്? അതിന് ഞങ്ങള്‍ കിളികളല്ലല്ലോ, മനുഷ്യരല്ലേ? പറക്കാന്‍ പറ്റില്ല സ്വന്തായിട്ടെങ്കിലും ഞങ്ങള്‍ ആകാശത്ത് പറക്കുന്ന വിമാനം കണ്ടുപിടിച്ചിട്ടുണ്ട്. ഇന്നാള് ഞാനും അമ്മയും അച്ഛനും കൂടി വിമാനത്തില്‍ മുംബൈയ്ക്ക് പറന്നായിരുന്നല്ലോ.”
“അതെയോ,” എന്ന മട്ടില്‍ കിളി അവളെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നവള്ക്ക് തോന്നി.അവളപ്പോഴേയ്ക്ക് ബ്രഷില്‍ പേസ്റ്റെടുത്ത് പല്ലുതേപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു.
പല്ലുതേയ്ക്കുന്ന അവളെ നോക്കിയിരുന്ന് കിളിക്ക് ബോറടിച്ചെന്നു തോന്നുന്നു. അവനതിനിടെ അവളുടെ ജനാലയ്ക്കപ്പുറത്ത് മുറ്റത്തേയ്ക്ക് തന്നെ പോയി . അവളുടെ ജനാലയോടു തൊട്ടു കയറുകെട്ടി അവളുടെ അപ്പൂപ്പന് പടര്‍ത്തിയിരുന്ന കോവയ്ക്കവള്ളിയിലെ പഴുത്ത കോവയ്ക്ക അവള് കൊത്തിക്കൊത്തി അതിനിടെ ശാപ്പിട്ടു.വയറുനിറഞ്ഞപ്പോ അവള് പിന്നെയും ജനലിലൂടെ ആന്മേരിയുടെ മുറിയ്ക്കകത്തേക്കു കയറി .

ആന്മേരി അതിനകം അമ്മയുടെ അടുത്തുപോയി ഒരു ഗ്ളാസില്‍ പാലും ഒരു കുഞ്ഞിക്കോഴിയാകൃതിയിലെ പ്ലേറ്റില്‍ രണ്ടു ക്രീം ബിസ്ക്കറ്റുമായി ജനല്‍പ്പടിയില്‍ കാലു നീട്ടി വിസ്തരിച്ചിരുന്ന് ജനലിനപ്പുറത്ത് മുറ്റത്തെ കാഴ്ചകളും കണ്ട് ഇരിപ്പായി. അവള് ബിസ്ക്കറ്റ് പൊടിച്ച് കിളിക്കിട്ടു കൊടുത്തു, എന്നിട്ട് പറഞ്ഞു “കോവയ്ക്കയേക്കാള്‍ സ്വാദാ. നല്ല ഓറഞ്ച് ക്രീമാണ്.കൊത്തിക്കൊത്തി തിന്നോളൂ. നിനക്കിഷ്ടപ്പെടും.”
കിളി, ബിസ്ക്കറ്റുതരികളുടെ അടുത്തേയ്ക്കുവന്നില്ലെന്നു മാത്രമല്ല ഒരു കിളിപ്പാട്ടു തുടങ്ങുകയും ചെയ്തു. “വേണ്ട, വേണ്ട എനിക്കു വേണ്ട, ഓറഞ്ച് ബിസ്ക്കറ്റ് നിയ്ക്കു വേണ്ട,” എന്നാണവന് പാടുന്നതെന്നു ആന്മേരിക്ക് മനസ്സിലായി.
“നിനക്ക് മലയാളം പച്ചവെള്ളം പോലെ അറിയാമല്ലോ, നിന്റെ അപ്പൂപ്പന് തന്നെയാണോ നിന്നെയും മലയാളം പഠിപ്പിക്കുന്നത്,” എന്നു ചോദിച്ചു ആന്മേരി.
“അപ്പൂപ്പന്മാരെപ്പോഴും കടിച്ചാപൊട്ടാത്ത മലയാളമായിരിക്കും പഠിപ്പിക്കുന്നത്. ഐതിഹ്യമാല, ഭാരതപ്പുഴ, മഹാത്മാഗാന്ധി എന്നൊക്കെ അപ്പൂപ്പന് എന്നെക്കൊണ്ടെഴുതിച്ചത് കാണണോ നിനക്ക്,” എന്നു ചോദിച്ച് ആന്മേരി അപ്പൂറത്തെ വരാന്തയിലേയ്ക്ക് കൈചൂണ്ടി. അവിടെ വൈറ്റ് ബോര്‍ഡില്‍ പച്ച മഷിയില്‍ അവളും അപ്പൂപ്പനും കൂടി എഴുതിപ്പഠിച്ച മലയാളം മായാതെ കിടക്കുന്നുണ്ടായിരുന്നു.
അവള് കൈ ചൂണ്ടിയിടത്തേയ്ക്ക് കിളി ഒറ്റക്കാലിലിരുന്ന് ഒന്നു പാളിനോക്കി. “അമ്പമ്പോ, അമ്പമ്പോ, എന്തൊരു മലയാളം,” എന്ന് പിന്നെ അവന് ഒരുപാടു നേരം ചിലച്ചു.
പിന്നെ അവളുടെ തോളില്‍ക്കയറി ഇരുന്നു. “നിനക്കെന്നെ ഇഷ്ടമാണല്ലേ, നിനക്കെന്നെ പേടിയൊന്നുമില്ലല്ലേ, അല്ലെങ്കിലും കുട്ടികളെ ആര്‍ക്കാണ് പേടി,” എന്നു ചോദിച്ചു കൊണ്ട് പാല് ഗ്ളാസും ബിസ്ക്കറ്റ് പ്ലേറ്റും കാലിയായത് തിരികെ അടുക്കളയില്‍ കൊണ്ടുവയ്ക്കാന്‍ പോയി.

“വെറുതെ തിരികെ കൊണ്ടുവച്ചാല്‍ പോര, അതൊക്കെ കഴുകിവയ്ക്കണം, അങ്ങനെയാണ് നല്ല കുട്ടികള്‍,” എന്ന് അമ്മ അതിനിടെ വിളിച്ചു പറഞ്ഞതു കേട്ട് ആന്‍, ഗ്ലാസും പ്ലേറ്റും കഴുകിവച്ചതിനുശേഷമാണ് മുറിയിലേക്ക് തിരികെ വന്നത്.
അപ്പോഴുണ്ട് കിളിയെ കാണുന്നില്ല. “അയ്യോ അവന്, ആ കിളിശങ്കു എവിടെപ്പോയി,” എന്നു വിചാരിച്ച് അവള് ഓടിപ്പോയി ഒന്നൂടെ ജനാലപ്പടിയില്‍ കയറി പുറത്തേക്ക് നോക്കി. അവന് വീണ്ടും കോവയ്ക്ക തിന്നാന്‍ പോയിക്കാണും എന്നവള്‍ക്ക് തോന്നി. കോവലില്‍ പക്ഷേ ഒരു നീലവാലന് തുമ്പി മാത്രമേ ഇരിയ്ക്കുന്നുണ്ടായിരുന്നുള്ളൂ.
“നീ കണ്ടോ ഒരു കിളിവികൃതിയെ,” എന്നവള്‍ അവനോടു ചോദിച്ചുവെങ്കിലും അവന് ആ കടുകുകണ്ണന് അവളെ നോക്കി ചുമ്മാ ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
അവള് കട്ടിലിനടിയിലും വാഷ്ബേസിനകത്തും ഭിത്തിയിലെ ക്ലോക്കിന്റെ മുകളിലും ഒക്കെ നോക്കിയെങ്കിലും കിളിയുടെ തരിപോലും കണ്ടില്ല അവിടെങ്ങും.
വരാന്തയിലെവിടെ നിന്നോ അവന്റെ ചിലപ്പ് കേള്‍ക്കുന്നുവെന്നു തോന്നി അവള് അങ്ങോട്ടേയ്ക്കോടി. അവിടെ ചെന്നപ്പോ എന്താ കാഴ്ച! ആ വൈറ്റ് ബോര്‍ഡില്‍ അപ്പൂപ്പന് കിളിയുടെ പടം വരച്ച് ‘കിളി’ എന്നെഴുതി നമ്മുടെ കുസൃതി വികൃതി കുഞ്ഞിക്കിളിയെ കാണിക്കുന്നു. അവനതും നോക്കി വട്ടക്കണ്ണനായി ആ ബോര്‍ഡിന്റെ വശത്ത് നില്ക്കുന്ന അപ്പൂപ്പന്റെ കഷണ്ടിത്തലയില്‍ ഇരിക്കുന്നു.
“ഇവനാണോ ഇന്ന് അപ്പൂപ്പനെയും വിളിച്ചുണര്‍ത്തിയത്? അപ്പൂപ്പാ, അപ്പൂപ്പാ, എണീക്ക്, എണീക്ക്, മലയാളം പഠിക്കാം, പഠിക്കാം എന്നവന് അപ്പൂപ്പന്റെ മുറിയില്‍ ചെന്ന് കട്ടിലിന്മേല് കയറിയിരുന്ന് പറഞ്ഞു കാണും, അല്ലേ അപ്പൂപ്പാ,” എന്നു ചോദിച്ചു ആന്‍ മേരി.
അപ്പൂപ്പനതു കേട്ട് പൊട്ടിച്ചിരിച്ചു . “അവനെപ്പോഴേ മലയാളമറിയാം, കണ്ടില്ലേ തുമ്പി, പല്ലി, ഓന്ത് എന്നെല്ലാം ഞാനെഴുതി പടം വരച്ചതിലൊന്നും കൊത്താതെ കിളി എന്നെഴുതി കിളിപ്പടം വരച്ചപ്പോള്‍ അവനതില്‍ വന്ന് ചിറകുകൊണ്ടും കൊക്കു കൊണ്ടും തൊടുന്നത്,” എന്നു അപ്പൂപ്പന് ചോദിച്ചപ്പോള്‍, “അമ്പട വീരാ നിനക്ക് മലയാളം വായിക്കാനുമറിയാം അല്ലേ,” എന്നത്ഭുതപ്പെട്ടു നിന്നു ആന്മേരി.
ആന്മേരിയെ കണ്ടതും അപ്പൂപ്പന്റെ കഷണ്ടിത്തലയില്‍ നിന്ന് ആന്മേരിയുടെ തോളിലേയ്ക്ക് പറന്നിറങ്ങി കിളി. “അതേ, നിനക്ക് തിന്നാനേറ്റവുമിഷ്ടമുള്ള ആ കോവയ്ക്കകള്‍ എന്റെ ജനലരികില്‍ നട്ടതേ ഈ അപ്പൂപ്പനാണ്,” എന്നു പറഞ്ഞു കൊടുത്തു അവള്.
അപ്പോള്‍, കിളിശങ്കു അപ്പൂപ്പനെ നോക്കി കുഞ്ഞിച്ചിറക് പല തവണ മുകളിലേക്കും താഴേക്കും വീശി. എന്നിട്ട്, “നന്ദി, ഒരുപാടു നന്ദി, ആന്മേരിയപ്പൂപ്പാ, ഇനീം കോവയ്ക്കാ നടണേ,” എന്നു പറഞ്ഞു.
ആന്മേരിയെപ്പോലെ തന്നെ കിളിമലയാളം അപ്പൂപ്പനും മനസ്സിലായെന്നു തോന്നുന്നു. “ഓ ശരി, ശരി, നമുക്കിനി പയറും കൂടി നടാം, പയറു വള്ളിയില്‍ പിടിച്ചു നിനക്കപ്പോ ഊഞ്ഞാലാടാം,” എന്നു പറഞ്ഞു.
“എന്നേം ഊഞ്ഞാലാടാന്‍ സമ്മതിക്കുമോ ആ പയറുവള്ളീല്,” എന്നു ചോദിക്കുമ്പോലെ അതിനിടെ കോവയ്ക്കവള്ളിയിലെ നീലവാലന് തുമ്പിയും അങ്ങോട്ട് പറന്നുവന്നു. “അതിനെന്താ നിന്നെയും കൂട്ടാമല്ലോ,” എന്നു പറഞ്ഞു ആന്മേരി.
പിന്നെ തുമ്പി ആന്മേരിയുടെ ചുവന്ന റിബണില്‍ ഇരുന്ന് വാലുവളച്ച് അഭ്യാസം നടത്തി. അതു കണ്ട് കിളി, “കൊള്ളാമല്ലോ കൊള്ളാമല്ലോ, തുമ്പിച്ചാരേ തുമ്പിച്ചാരേ കേമത്തം,” എന്നൊരു പാട്ടുപാടി.

Read More: പ്രിയ എ എസിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
പിന്നെ കിളിയുടെ മേല്‍ പറന്നിരുന്നു നീലവാലന് തുമ്പി. അയ്യോ,നമ്മളിതുവരെ പറഞ്ഞില്ലല്ലോ, നല്ല മഞ്ഞനിറക്കാരനായിരുന്നു കിളി. ഒന്നു വിചാരിച്ചു നോക്കിയേ, മഞ്ഞനിറക്കാരന്‍ കിളിയുടെ മേല്‍ ഒരു നീലത്തുമ്പി, എന്തൊരു ഭംഗിയായിരിക്കും അല്ലേ?
പിന്നെ അപ്പൂപ്പന് പയറു നടാന്‍ പറ്റിയ ഇടം നോക്കാനായിട്ടാണെന്നു തോന്നുന്നു കിളിയും തുമ്പിയും ആന്മേരിയുടെ മുറിയുടെ ജനലിലൂടെ പുറത്തു വള്ളിവീശി നില്ക്കുന്ന കോവലിനെയും കടന്ന് മുറ്റത്തേയ്ക്കു പോയി.
“ചിലപ്പോ തുമ്പിയെ ചിറകിലിരുത്തി ആ കിളി ആകാശനീലയിലേക്ക് തന്നെ പറക്കുമായിരിക്കും,” എന്നു വിചാരിച്ചു ആന്‍. ആനങ്ങനെ മുറ്റത്തേക്കോ ആകാശത്തേക്കോ നോക്കേണ്ടത് എന്നാലോചിച്ചു നില്‍ക്കുന്നതിനിടെ “വാ , നമുക്ക് മലയാളം പഠിക്കണ്ടേ,” എന്നു ചോദിച്ച് അപ്പൂപ്പന് ആന്മേരിയെ വരാന്തയിലെ വൈറ്റ് ബോര്ഡിനരികിലേക്കു വിളിച്ചു.
“എന്തെഴുതണം അപ്പൂപ്പാ,” എന്നു ചോദിച്ചു നിന്നു ആന്‍.
“ആകാശനീലിമ എന്നോ കോവയ്ക്കപ്പച്ച എന്നോ എഴുതാം,” എന്നു പറഞ്ഞു അപ്പൂപ്പന്.
“ഇന്നങ്ങനെയൊന്നും വേണ്ട അപ്പൂപ്പാ,” എന്നു പറഞ്ഞു ആന്‍.
“പിന്നെയോ,” എന്നു ചോദിച്ചു അപ്പൂപ്പന്.
“നമുക്ക് കിളിമലയാളം, തുമ്പിമലയാളം, ആന്മലയാളം, അപ്പൂപ്പന്മലയാളം എന്നൊക്കെ എഴുതാം,” എന്നു പറഞ്ഞു അവള്.
അപ്പൂപ്പന് തലയാട്ടി.
പിന്നെ പറഞ്ഞു, “ചിരിമലയാളം എന്നു കൂടി എഴുതിക്കോ,” എന്ന്.
അതു കേട്ടതും ആനിന് കുടുകുടെ, തെരുതെരെ ചിരിവന്നു.
അപ്പൂപ്പന് അവളുടെ കൂടെ ചിരിച്ചു.
“തുമ്പിമലയാളം എന്നു കേട്ടാല്‍ തുമ്പിക്കും വരുമായിരിയ്ക്കും ചിരി,” എന്നു പറഞ്ഞു അങ്ങോട്ടു കടന്നുവന്ന അമ്മ.
എന്നിട്ടമ്മ അവള്‍ക്കൊരുമ്മ കൊടുത്തു.
അമ്മയുമ്മ എന്നു കൂടി എഴുതിയാലോ എന്നവള്‍ വിചാരിയ്ക്കുന്നതിനിടെ അമ്മ അവളെ പിടിച്ച് മടിയിലിരുത്തി തലമുടിയില്‍ കുളിയെണ്ണ തേപ്പിക്കാന്‍ തുടങ്ങി.
“എണ്ണ തേച്ച് നനഞ്ഞ കോഴിയെപ്പോലെയായ നിന്നെ കണ്ടാല്‍ ഇപ്പോ തുമ്പിക്കും കിളിക്കും എനിക്കും അപ്പൂപ്പനും പോലും മനസ്സിലാകില്ല,” എന്നു പറഞ്ഞ് ഒരുറുമ്പു വന്ന് അവളെ അപ്പോള്‍ നോക്കിനോക്കിനിന്നു.
അവള് എണ്ണയില്‍ കുതിര്‍ന്ന വിരല്‍ വച്ച് കാലിലെഴുതി .
കിളിമലയാളം
തുമ്പിമലയാളം
അമ്മയുമ്മ
ഉറുമ്പുനോട്ടം.
പിന്നെ അവള് കുളിക്കാന്‍ പോയി അമ്മയ്ക്കൊപ്പം. അപ്പൂപ്പനും ഉറുമ്പും കൂടി പയറുനടാന് സ്ഥലം അന്വേഷിച്ചു പോയ കിളിയും തുമ്പിയും കൂടി തിരിച്ചു വരുന്നതും കാത്ത് വരാന്തയില്‍ത്തന്നെ ഇരുന്നു.