scorecardresearch
Latest News

കണ്ണന്‍ കരുണാകരനും മനോഹരന്‍ മഹാദേവനും

ഇത് ബെവൻ കുട്ടൻ പനി മാറിയ ശേഷം കളിപ്പാട്ടങ്ങളെ കുറിച്ചെഴുതിയ കഥയാണ്

കണ്ണന്‍ കരുണാകരനും മനോഹരന്‍ മഹാദേവനും

ബെവന്‍ കുട്ടന് പനി. കൂടെ ചുമയുമുണ്ട്.

ഇപ്പോ ബെവന് കൂട്ടിരിക്കുന്നത് അമ്മയാണ്. ഇതുവരെ മുത്തച്ഛനായിരുന്നു അവന് കൂട്ടിരുന്നത്.
ഇനി അമ്മയുടെ റ്റേണ്‍ ആണ്. റ്റേണ്‍ എന്നു വച്ചാല്‍ ഊഴം.

ബെവന്റെ കളിസാമാനങ്ങളൊക്കെ അമ്മയെടുത്ത് കട്ടിലില്‍ വച്ചു കൊടുത്തു. “വേണമെങ്കില്‍ കിടന്നു കൊണ്ട് കളിച്ചോ ബെവന്‍ കുട്ടാ,” അമ്മ പറഞ്ഞു.

“പനി മാറും വരെ ഓടി നടക്കരുത്, നല്ലോണം വിശ്രമിയ്ക്കണം, നല്ലോണം വെള്ളം കുടിയ്ക്കണം, ഫ്രൂട്‌സ് കഴിയ്ക്കണം, എന്നൊക്കെയാണ് ഡോക്റ്റര്‍ അങ്കിള്‍ പറഞ്ഞിരിക്കുന്നത്. അതൊക്കെ അനുസരിച്ചല്ലേ പറ്റൂ?”

സോഫ്റ്റ് റ്റോയ്‌സാണ് അമ്മ, ബെവന് കളിയ്ക്കാനായി അരികിലെടുത്തു വച്ചു കൊടുത്തത്. കളിയ്ക്കുന്നതിനിടെ ദേഹത്തെങ്ങാനും കൊണ്ടാലും ബെവന് വേദനിക്കരുതല്ലോ.

അതിലൊരു അണ്ണാനോടായിരുന്നു അവന് ഏറ്റവുമിഷ്ടം. അതിന്റെ വയറിലമര്‍ത്തിയാല്‍ അത് വാല്‍ പൊക്കി ‘ഛില്‍ ഛില്‍’ എന്ന് ചിലയ്ക്കും. അവന് ബെവന്‍ ഒരു പേരിട്ടിട്ടുണ്ട്. കണ്ണന്‍ കരുണാകരന്‍. നല്ല പേരല്ലേ?

“അണ്ണാന്മാര്‍ക്ക് പൂച്ചകളെ കണ്ടൂടാ. പൂച്ചകള്‍ക്ക് അണ്ണാരക്കണ്ണന്മാരെയും കണ്ടൂടാ. അതെന്താ അങ്ങനെ എന്നല്ലേ? പൂച്ചകള്‍ വല്ലവരും തിന്നതിന്റെ ബാക്കിയൊക്കെ തിന്നു ജീവിയ്ക്കുന്നവരല്ലേ? വല്ലവരും തിന്ന ചോറ്, ചിക്കന്‍, മീന്‍ ഒക്കെയായിരിയ്ക്കും മെയിനായിട്ട് അവന്റെ കുമ്പയില്‍ എപ്പോഴും ഉണ്ടാവുക.

വല്ല എലിയെയും പല്ലിയെയും വല്ലപ്പോഴും അവന്‍ സ്വന്തമായി മെയ്യനങ്ങി ഓടിച്ചിട്ട് പിടിച്ച് തിന്നാലായി. വല്ലവരും തിന്നുന്നതിന്റെ ബാക്കി അതായത് എച്ചിലാണല്ലോ അവന്റ പ്രധാന ആഹാരം.

അണ്ണാരക്കണ്ണന്‍ ‘ഛില്‍, ഛില്‍’ എന്നല്ല സത്യത്തില്‍ പറയുന്നത്, ‘എച്ചില്‍, എച്ചില്‍’ എന്നാണ്. എച്ചില്‍ എന്നാല്‍ വല്ലവരും തിന്നതിന്റെ ബാക്കി എന്നാണര്‍ത്ഥം.

അണ്ണാരക്കണ്ണന്‍ ഒരു കളിയാക്കല്‍ വീരനാണ്. എച്ചില്‍ തീനി ,എച്ചില്‍ തീനി എന്നവന്‍ പൂച്ചയെ കളിയാക്കുന്നതാണ് ‘ഛില്‍ ഛില്‍’ എന്നു നമ്മള്‍ കേള്‍ക്കുന്നത്. ഇതൊക്കെ ബെവന് മുത്തച്ഛന്‍ പറഞ്ഞു കൊടുത്താണ്.

മുത്തച്ഛന് അറിയാത്തതായി ഈ ലോകത്തൊരു കാര്യവുമില്ല. വലുതാകുമ്പോള്‍ ബെവനും മുത്തച്ഛനെപ്പോലെ എല്ലാക്കാര്യത്തിലും നല്ല അറിവുള്ളയാളാകും.

തരം കിട്ടിയാല്‍ പൂച്ചകള്‍, ‘എച്ചില്‍ തീനി’ എന്നവരെ വിളിച്ച് സദാ കളിയാക്കുന്ന അണ്ണാന്മാരെ കടിച്ച് മുറിലേല്‍പിയ്ക്കും. അണ്ണാനെ തിന്നുമോ പൂച്ചകള്‍ എന്ന് ബെവന് അറിയില്ല. അക്കാര്യമൊക്കെ മുത്തച്ഛനോട് ചോദിച്ചാലേ അറിയാമ്പറ്റൂ.

priya as, childrens stories , iemalayalam


അതിന് മുത്തച്ഛന്‍ എവിടെ? ഉച്ചയ്‌ക്കൊരു ഉറക്കപ്പതിവുണ്ടല്ലോ മുത്തച്ഛന്. ഉച്ചമയക്കം എന്നാണ് മുത്തച്ഛനതിനിട്ടിരിക്കുന്ന പേര്. പാവം മുത്തച്ഛന്‍ , ഇത്തിരി നേരം ഉറങ്ങിക്കോട്ടെ. ഇതു വരെ ബെവന്റെ പനി കുറയാനായി നേര്‍ത്ത തുണി വെള്ളത്തില്‍ നനച്ചു നെറ്റിയിലിട്ടു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു മുത്തച്ഛന്‍.

“ഇനി ഞാനിരിയ്ക്കാം അച്ഛാ ഇവന്റെയടുത്ത്,” എന്നു പറഞ്ഞ് അമ്മ വന്നപ്പോഴാണ് മുത്തച്ഛനെഴുന്നേറ്റു പോയത്.

ആ അതു പറഞ്ഞില്ലല്ലോ, കണ്ണന്‍ കരുണാകരനെ പേടിപ്പിയ്ക്കുന്ന ഒരു ഉണ്ടക്കണ്ണന്‍ പൂച്ചയുണ്ട് ബെവന്റെ കളിപ്പാട്ടക്കൂട്ടത്തില്‍. അവന്റെ വാലിലമര്‍ത്തിയാല്‍ അവന്‍ ‘മ്യാവൂ’ എന്നു ഒച്ചവെയ്ക്കും.

അണ്ണാരക്കണ്ണന്‍ കണ്ണന്‍ കരുണാകരന് പൂച്ചകളെ പേടിയായതിനാല്‍ ബെവന്‍ ഒരിയക്കലും പൂച്ചയെ അണ്ണാരക്കണ്ണന്റടുത്ത് വയ്ക്കാറില്ല.

മനോഹരന്‍ മഹാദേവന്‍ എന്നാണ് ബെവന്‍ പൂച്ചയക്കിട്ടിരിക്കുന്ന പേര്. നല്ല പേരല്ലേ അതും?

ബെവന്‍ പനിക്കിടക്കയില്‍ കിടന്നു കൊണ്ട് കളിയ്ക്കാനൊരുങ്ങുന്ന കാര്യമല്ലേ നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത്? അവന്‍ പൂച്ചയെയാണ് എടുത്തു കൈയില്‍ പിടിച്ചു കളിച്ചിരുന്നത്. അവന്‍ മനോഹരന്‍ മഹാദേവനോട് പനി വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയും മനോഹരന്‍ മഹാദേവന്‍ അവന്റെ പൂച്ചക്കണ്ണു മിഴിച്ച് അതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുകയും അവന്റെ കൈ കൊണ്ട് ബെവനെ തലോടുകയും ചെയയ്ുകയായിരുന്നു.

പനിയുടെ ക്ഷീണം കൊണ്ടാണോ അതോ പൂച്ചത്തലോടലിന്റെ സുഖം കൊണ്ടാണോ ആവോ ബെവന്‍ ഇടയ്‌ക്കൊന്നു മയങ്ങിപ്പോയി.

മയക്കത്തിനിടയില്‍ ബെവന്റെ കൈയില്‍ നിന്നൂര്‍ന്ന് മനോഹരന്‍ മഹാദേവന്‍, കണ്ണന്‍ കരുണാകരന്റെ നെറുകന്തലയിലോട്ടു തന്നെ ഒരു വീഴ്ച. ഇനിയിപ്പോ രണ്ടും തമ്മില് വഴക്കും വക്കാണവും ബഹളവും അടിപിടിയുമാവും എന്നു വിചാരിച്ച് കണ്ണടച്ച്, ചെവിയടച്ച് പേടിച്ച് നിന്നു ബാക്കി കളിപ്പാട്ടങ്ങള്‍.

പക്ഷേ പിന്നെ കണ്ടതോ? ആ ജന്മശത്രുക്കളാണെന്ന് നമ്മളിതു വരെ കരുതിയിരുന്ന മിസ്റ്റര്‍ അണ്ണാരക്കണ്ണനും മിസ്റ്റര്‍ പൂച്ചയും തമ്മിലൊരു കെട്ടിപ്പിടുത്തം, പുന്നാരം, സ്‌നേഹവര്‍ത്തമാനം. ഇതെന്തു പറ്റി ഇവര്‍ക്കിത്ര വേഗമൊരു മനം മാറ്റം എന്ന് കളിപ്പാട്ടങ്ങളത്ഭുതപ്പെട്ടു.

ബെവനാണെങ്കിലോ ഇതൊന്നുമറിയുന്നേ ഉണ്ടായിരുന്നില്ലല്ലോ. പനി ക്ഷീണം കൊണ്ടുള്ള മയക്കത്തിലായിരുന്നല്ലോ അവന്‍. അവന്‍ പനിച്ചൂടില്‍ കിടന്നു സ്വപ്‌നം കാണാന്‍ തുടങ്ങി.

priya as, childrens stories , iemalayalam

Read More: പ്രിയ എ എസിന്റെ മറ്റു രചനകള്‍ ഇവിടെ വായിക്കാം

കളിപ്പാട്ടങ്ങള്‍ പരസ്പരം മിണ്ടുന്നത് അവന്‍ സ്വപ്‌നത്തില്‍ കേട്ടു. ചിലപ്പോ ബെവന് മുത്തച്ഛന്‍ പറഞ്ഞു കൊടുക്കുന്ന സ്‌നേഹകഥകള്‍, സ്‌നേഹപ്പാട്ടുകള്‍ അതൊക്കെ എന്നും കേട്ടു കേട്ട് പെട്ടെന്നങ്ങ് ഒരു ദിവസം നന്നായിപ്പോയതായിരിക്കും പൂച്ചക്കളിപ്പാട്ടവും അണ്ണാരക്കണ്ണന്‍ കളിപ്പാട്ടവും.

‘സ്‌നേഹം കൊണ്ട് നേടാന്‍ പറ്റാത്തതൊന്നുമില്ല ഈ ലോകത്തില്‍,’ എന്നാണല്ലോ മുത്തച്ഛന്‍ പറച്ചിലുകളിലെ ഗുണപാഠം എന്ന് ഓര്‍ത്തു ബെവന്‍.

എങ്ങനെയോ ആവട്ടെ, അണ്ണാരക്കണ്ണനും പൂച്ചയും തമ്മിലുള്ള സ്‌നേഹം കണ്ട് ബാക്കി കളിപ്പാട്ടങ്ങള്‍ക്കും തമ്മില്‍ത്തമ്മില്‍ ഒത്തിരിയൊത്തിരി സ്‌നേഹം വരുന്നതായി ബെവന് പനിമയക്കത്തിനിടയില്‍ തോന്നി. അവര് ആടാനും പാടാനും തുടങ്ങിയതായി ബെവന് അനുഭവപ്പെട്ടു.

ചിലര് ആവേശത്തില്‍ ബെവന്റെ ദേഹത്തേയ്ക്ക് ചാടിക്കയറി തുള്ളി മറിയാനും തുടങ്ങി.
ബെവന്‍ ഉറക്കത്തില്‍ ചിരിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു “അമ്മ എന്റെ അടുത്തു കൊണ്ടു വച്ചത് സോഫ്റ്റ് റ്റോയ്‌സ് ആയത് എത്ര നന്നായി അല്ലേ?സോഫ്റ്റ് റ്റോയ്‌സ് എങ്ങനെ ചാടിയാലും വീണാലും എനിയ്ക്ക് വേദനിയ്ക്കില്ലല്ലോ?”

അമ്മയ്ക്ക് ബെവനെന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല. മോനെന്താ പറഞ്ഞത് എന്നു ചോദിച്ച് അവന്റടുത്തേയ്ക്ക് ഒന്നു കൂടി കുനിഞ്ഞിരുന്നു അമ്മ.

“ഇനി ഞങ്ങള്‍ നനച്ചിടാം ബെവന്റെ നെറ്റിയില്‍ തുണിക്കഷണം,” എന്നു പറഞ്ഞു കളിപ്പാട്ടങ്ങള്‍ തിക്കിത്തിരക്കുന്നതു സ്വപ്‌നമയക്കത്തില്‍ കേട്ടു ബെവന്‍ പറഞ്ഞു “ഓരോരുത്തരും ഊഴം വച്ച് തുണി നനച്ചിടൂ എന്റെ നെറ്റിയില്‍.”

“ആരോടാണ് മോന്‍ സംസാരിക്കുന്നത്?” എന്ന് ചോദിച്ചു അമ്മ ബെവനെ തട്ടിവിളിച്ച്.

“എന്റെ സോഫ്റ്റ് റ്റോയ്‌സ് തമ്മില്‍ത്തമ്മില്‍ സംസാരിയ്ക്കുന്നത് അമ്മ കേള്‍ക്കുന്നില്ലേ?” എന്നു ചോദിച്ചു മയക്കത്തിനിടെ ബെവന്‍.

“മോന്‍, നല്ല നല്ല സ്വപ്നം കാണുകയാണ് അല്ലേ?” എന്നു ചോദിച്ചുു അമ്മ.

“പനി വേഗം മാറും കേട്ടോ, അപ്പോ ബെവന്‍, കളിപ്പാട്ടങ്ങള്‍ സംസാരിയ്ക്കുന്ന ഒരു കഥ എഴുതണം കേട്ടോ,” എന്നു പറഞ്ഞു അമ്മ അവനെ ഉമ്മ വച്ചു.

“ശരി, ശരി” എന്നു പറഞ്ഞു ബെവന്‍ കണ്ണ് പാതി തുറന്നു പിടിച്ചു കൊണ്ട്. അവന്റെ പനി അപ്പോഴേയ്ക്ക് നല്ലോണം മാറിയിട്ടുണ്ടായിരുന്നു.

മനസ്സിലായിക്കാണുമല്ലോ അല്ലേ, ഇതാണ് പനി മാറിയ ശേഷം ബെവനെഴുതിയ കളിപ്പാട്ടങ്ങളുടെ കഥ.
തിരുത്തു വല്ലതും വരുത്തണമെങ്കില്‍ പറയണേ.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as story for children kannan karunakaranum manoharan mahadevanum