അമ്മു നട്ട പവിഴമല്ലി ഇന്നലെ പൂത്തു.
അമ്മുവിന് ആരാണ് പവിഴമല്ലി വിത്ത് കൊടുത്തത് എന്നറിയാമോ? ഒരു വെള്ള വാലൻ കിളി.
അവളൊരു ദിവസം അമ്മുവിന്റെ മുറിയുടെ ജനൽപ്പടി മേൽ വന്നിരുന്നത് ഒരു ഉണക്കമ്പും കൊത്തിപ്പിടിച്ചാണ്. അമ്മു നോക്കുമ്പോ അതിൽ നിറയെ വിത്ത്.
എന്തു ചെടിയാണെന്നൊന്നും മനസ്സിലായില്ലെങ്കിലും അവളതു കൊണ്ടുചെന്ന് മണ്ണിൽ കുഴിച്ചിട്ടു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് നോക്കുമ്പോഴുണ്ട് ഒരു വിത്തിൽനിന്ന് മുള പൊട്ടിയിരിക്കുന്നു. ഇത്തിരി കൂടി അത് വളർന്നപ്പോ അമ്മ അതിൻ്റെ ഇലകൾ തൊട്ടുനോക്കി പരിശോധിച്ച് പറഞ്ഞു, ”ഓ ഇത് പവിഴമല്ലിയാണല്ലോ.”
”പണ്ട് നമുക്കുണ്ടായിരുന്ന ചെടിയാണ്. നല്ല ഭംഗിയാണ് അതിൻ്റെ പൂക്കൾ നിലത്തുവീണു കിടക്കുന്നതു കാണാൻ. പൂപ്പായ വിരിച്ചതുപോലെ തോന്നും. നമ്മുടെ പണ്ടത്തെ പവിഴമല്ലി ഒരു വേനൽക്കാലത്ത് ഉണങ്ങിപ്പോയപ്പോ അമ്മയ്ക്കെന്ത് സങ്കടമായിരുന്നെന്നോ? പിന്നെ അമ്മ പലതവണ കമ്പും വിത്തുമൊക്കെ കൊണ്ടുവന്നു നട്ടെങ്കിലും ഒറ്റയെണ്ണം പോലും പിടിച്ചില്ല. കിളി കൊണ്ടുത്തന്ന വിത്ത് ഏതായാലും ശടപടാന്ന് പിടിച്ചല്ലോ. അമ്മയ്ക്ക് ഒത്തിരി സന്തോഷമായി കേട്ടോ അമ്മു മോളേ.”
അമ്മു നട്ടു കിളിർപ്പിച്ച വിത്തിനെക്കുറിച്ച് അമ്മ അങ്ങനെ ഒത്തിരി സന്തോഷത്തോടെ സംസാരിക്കുന്നതു കേട്ടപ്പോൾ അമ്മുവിന്റെ കണ്ണിലും ചുണ്ടിലുമൊക്കെ ചിരി പരന്നു.
പവിഴമല്ലി, ഇലകൾ വളർന്ന് കമ്പുകൾ വളർന്ന് അതു നട്ട അമ്മുവിനേക്കാൾ ഉയരം വച്ചത് എത്ര പെട്ടെന്നാണെന്നോ.
പിന്നൊരു ദിവസം നോക്കുമ്പോ കുറേ മൊട്ടുകൾ. അതിന്നലെയാണ് വിരിഞ്ഞത്.
ഓറഞ്ചും ക്രീമും നിറത്തിൽ വിരിഞ്ഞ പൂ മണത്തു നോക്കി അമ്മുവും അമ്മയും നിന്നതിനിടയിലേക്ക് ഒരു നീലച്ചിത്രശലഭവും ഒരു കുഞ്ഞിക്കുരുവിയും വന്നു. അവര് ആദ്യമായാണ് ഒരു പവിഴമല്ലിപ്പൂ കാണുന്നതെന്ന് അവർ പറഞ്ഞു.
പവിഴമല്ലിച്ചെടിയിലയിൽ മുട്ടയിട്ടോട്ടെ എന്ന് അമ്മുവിനോടും അമ്മയോടും പൂമ്പാറ്റ അനുവാദം ചോദിച്ചു. കുഞ്ഞിക്കുരുവി തനിയ്ക്ക് കൂടുണ്ടാക്കാൻ പറ്റിയ കമ്പുണ്ടോയെന്ന് പവിഴമല്ലിച്ചെടിക്കു ചുറ്റും നടന്നു നോക്കി.

അപ്പോ അമ്മുവിനു ചെടിവിത്തു കൊടുത്ത വെള്ളവാലൻ കിളി അങ്ങോട്ടു പറന്നുവന്നു. അവൾ കുഞ്ഞിക്കിളിയോട് പറഞ്ഞു, ”എന്റെ കൂട് അങ്ങേ വീട്ടിലെ പവിഴമല്ലിക്കൊമ്പത്താണ്. നല്ല ഒന്നാന്തരം മരമാണിത് കൂടുണ്ടാക്കാൻ. നീ ധൈര്യമായിട്ട് കൂടുണ്ടാക്കിക്കോ ഇതിൽ.”
അതു കേട്ടതും കുഞ്ഞിക്കിളി ചിറകുവിരിച്ച് നാലു ചാട്ടം. അതു കണ്ട് അമ്മുവിനു കുടുകുടാ ചിരി വന്നു.
അമ്മു അവൾക്ക് പവിഴമല്ലി വിത്ത് കൊടുത്ത വെള്ളവാലൻ കിളിയെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അമ്മ അവൾക്ക് നിറയെ ചോറും കൂട്ടാനും കൊടുത്തു.
”ഇനി ഞാൻ വരുമ്പോ കോവയ്ക്ക,ചാമ്പങ്ങ ഇതു രണ്ടും കൊണ്ടു വരാം. അമ്മും അമ്മേം കൂടി പാകി കിളിർപ്പിച്ചോളണേ,” എന്നു പറഞ്ഞു വെള്ളവാലൻ കിളി പവിഴ മല്ലിക്കൊമ്പത്തിരുന്നു. അവളിരുന്നപ്പോൾ പവിഴമല്ലിച്ചെടിക്കമ്പ് റ പോലെ വളഞ്ഞ് നിലത്തു മുട്ടി.
”വെള്ളവാലൻ കിളിയും അമ്മുവും കൂടി ഓരോന്നു നട്ടു കിളിർപ്പിച്ച് ഇവിടം ഒരു വലിയ പൂന്തോട്ടമാക്കാനാണോ പ്ലാൻ,” എന്നു കളിയാക്കി ചോദിച്ചു കൊണ്ട് ഒരു കരിങ്കാക്ക അപ്പോഴവിടേയ്ക്കു പറന്നു വന്നു.
”അതെയതെ, നിനക്കതിൽ എതിർപ്പു വല്ലതുമുണ്ടോ,” എന്നു ദേഷ്യം വന്നു വെള്ളവാലൻ കിളിക്ക്.
”എനിക്ക് പൂ കാണാനൊന്നുമല്ല താൽപ്പര്യം, വല്ലതുമൊക്കെ കൊത്തിക്കൊത്തി തിന്ന് വയറു നിറക്കണമെന്നാണ് എപ്പഴും വിചാരം,”എന്നു പറഞ്ഞു കരിങ്കാക്ക.

Read More: പ്രിയ എ എസിന്റെ മറ്റു രചനകള് ഇവിടെ വായിക്കാം
അമ്മു പറഞ്ഞു,” ഒരു പണിയുമില്ലാതിരിക്കുമ്പോൾ നീ വന്ന് പൂവിതളുകളൊക്കെ കൊത്തിക്കീറുന്നത് ഞാൻ കാണാറുണ്ട്. എന്റെ പവിഴമല്ലിപ്പൂ നീയങ്ങനെ കൊത്തിക്കീറല്ലേ.”
അമ്മു പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെ കരിങ്കാക്ക ഒറ്റപ്പറന്നു പോക്ക്.
മൂശേട്ടക്കാക്ക എന്നു വിളിച്ചു അവളെ വെള്ളവാലൻ കിളി. വയറന്തോണീ എന്നു വിളിച്ചു അമ്മു കരിങ്കാക്കയെ. പാവം എന്നു പറഞ്ഞു അമ്മ.
”വിശപ്പു മാറലാണ് ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം. വയറു നിറഞ്ഞിരുന്നാലേ മറ്റാർക്കെങ്കിലും ചെടിവിത്ത് കൊടുക്കാനും അതു നടാനും അത് പൂവിടുമ്പോൾ രസിക്കാനും പറ്റൂ,” എന്നു പറഞ്ഞു അമ്മ.
ശരിയാണല്ലോ എന്നോർത്തു അമ്മുവും വെള്ളവാലൻ കിളിയും.
” ഇനി കരിങ്കാക്ക വരുമ്പോൾ ഒരു പപ്പായ കഷണവും ഒരു ജിലേബിയും കൊടുത്തവളുടെ വയർ നിറച്ചിട്ടവളോട് പൂക്കളെക്കുറിച്ചു സംസാരിക്കാം,” എന്നു പറഞ്ഞു അമ്മു. വെള്ളവാലൻ കിളി അതു സമ്മതിച്ചു. പവിഴമല്ലിപ്പൂ കാറ്റിലാട്ടം തുടർന്നു.