പുതിയ വര്‍ഷം തുടങ്ങുകയല്ലേ? നമുക്ക് മുറ്റമൊക്കെ ഒന്ന് വൃത്തിയാക്കാം എന്ന് പറഞ്ഞു അച്ഛന്.
മനു സമ്മതിച്ചു.
തളിരിലകള്‍ ആട്ടിയാട്ടി മുറ്റത്തെ മാവുകള്‍ പറഞ്ഞു “ഞങ്ങളുടെ ഇലകളൊക്കെ വീണ് മുറ്റം മുഴുവന്‍ ചവറായി. വല്ല പാമ്പും ഇരുന്നാല്‍പ്പോലും അറിയില്ല. ഇതൊക്കെ ഒന്ന് വരണ്ടി വൃത്തിയാക്കണം.”
മാവുകള്‍ അങ്ങനെ പറഞ്ഞതും മനു ഓടിപ്പോയി ചവറുവരണ്ടി എടുത്തോണ്ടു വന്നു.
“മോന് പിടിക്കാന്‍ പറ്റാത്തത്ര കനമുണ്ട് അതിന്. അതച്ഛന് തരൂ അതുവച്ച് അച്ഛന് ചവറുവരണ്ടാം. എന്നിട്ടും ബാക്കിയാവുന്ന ചവറ്, കുഞ്ഞിച്ചൂലു കൊണ്ട് മോന് അടിച്ചു കൂട്ടിക്കോളൂ,” എന്നു പറഞ്ഞു അച്ഛന്.
പിന്നെ രണ്ടാളും ചേര്‍ന്ന് മുറ്റത്ത് പണി തുടങ്ങി. ഒരു മണിക്കൂറുനേരം കൊണ്ട് മനുവും അച്ഛനും ചവറെല്ലാം തൂത്തുവാരി മുറ്റം മിനുമിനാ വൃത്തിയുള്ളതാക്കി മാറ്റിയെടുത്തു.
അമ്മ വന്ന് അവര്‍ കൂട്ടിയ ചവറൊക്കെ തീയിട്ടു. തീയിന്റെ പുക, മാവിലകളിലേക്കു ചെന്നു കയറിയാല്‍ മാവിന് നല്ലതാണ്, മാങ്ങകളില്‍ കേടു പിടിക്കില്ല എന്നച്ഛന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ മാവുകള്‍ക്ക് ആകെ സന്തോഷമായി.
എന്നിട്ടാ കരിയിലച്ചാരം വാരി ചേന നടാന്‍ അച്ഛന് തയ്യാറാക്കി വച്ചിരുന്ന കുഴികളില്‍ വളമായി കൊണ്ടുചെന്നിട്ടു അമ്മ. ചേന നാളെ നടാം എന്നു പറഞ്ഞു അച്ഛന്.
മനുവും അച്ഛനും പണി ചെയ്തു ചെയ്ത് ആകെ വിയര്‍ത്തുകുളിച്ചിരുന്നു. അമ്മ അവര്‍ക്ക് ഓരോ കരിക്കു ചെത്തി കൊടുത്തു. തേങ്ങായിടാന്‍ ആളു വന്നപ്പോ ഇട്ടു വച്ചിരുന്ന കരിയ്ക്കാണ്.
“ഹായ്, എന്തൊരു സുഖം തണുതണാ കരിക്കു കുടിച്ചപ്പോള്‍,” എന്ന് പറഞ്ഞു അച്ഛന്.
മനുവിനപ്പോള് കടലിലെ തണുതണാവെള്ളം ഓര്‍മ്മ വന്നു.

“നമുക്ക് അന്ധകാരനഴി ബീച്ചില്‍ പോയാലോ അച്ഛാ? എത്ര നാളായി നമ്മളൊന്ന് പുറത്തേക്കിറങ്ങിയിട്ട്?”അവന് ചോദിച്ചു.
“ശരിയാണ്, മനുവിനെ ഒന്നു പുറത്തു കൊണ്ടുപോകൂ അച്ഛാ. ഈ ഓണ്ലൈന്ക്ളാസും കൊറോണപ്പേടിയുമായി അവനെത്ര നാളെന്നു വച്ചാണ് വീട്ടില്‍ത്തന്നെയിരിക്കുക? പാവത്തിന് മടുത്തിട്ടുണ്ടാവില്ലേ,” എന്നു ഇലകളാട്ടി നിന്ന് വര്‍ത്തമാനം പറഞ്ഞു മുറ്റത്തെ മാവുകള്‍.
മുറ്റത്തെ ചവറുകളെല്ലാം അടിച്ചു കൂട്ടി ചാരമാക്കും പോലെ മനസ്സിലെ ചവറുവിചാരങ്ങളും അടിച്ചു കൂട്ടി കത്തിച്ചുകളയണം എന്നു പറഞ്ഞു കൊണ്ട് ഒരു പറ്റം കിളികള്‍ ആകാശത്തൂകൂടി പറ്റമായി ചേക്കേറാന്‍ പറന്നു പോയി.
“എന്നാപ്പിന്നങ്ങനെ തന്നെ,” എന്നു പറഞ്ഞു അച്ഛന്.
“കടലു കണ്ടാല്‍ കുറേ വെളിച്ചവും നിറവും തണുപ്പും കിട്ടും അച്ഛാ നമുക്ക്,” എന്നു മനു പറഞ്ഞു.
പെട്ടെന്നു തന്നെ കുളിച്ചു റെഡിയായി മൂന്നു പേരും. എന്നിട്ട് അവര്‍ സ്ക്കൂട്ടറില്‍ കയറി ബീച്ചില്‍ പോയി.
തിരക്കില്ലാത്ത ഒരിടം നോക്കി അച്ഛന്, മനുവിനെ വെള്ളത്തിലിറക്കി. മനു, തിരയുടെ പുറകേ ഓടി . തിര, മനുവിന്റെ പുറകേയും.
അച്ഛനവന് കക്ക പെറുക്കിക്കൊടുത്തു.
“അമ്മേ, നനമണ്ണിലെ കുഴികളില്‍ ഒളിച്ചിരിക്കുന്ന ഞണ്ടുകള്‍ എപ്പോഴാാണ് പുറത്തു വരിക, അവര്‍ കടിക്കുമോ?” എന്നൊക്കെ പേടിച്ച് തീരത്തുകൂടെ നടക്കുന്നതു കണ്ട് അച്ഛനും മനുവും അമ്മയെ കളിയാക്കി.
പെട്ടെന്ന് കടലിന്റെ മുകളിലെ ആകാശത്തിന് പപ്പായച്ചോപ്പായി. പിന്നെ അതിലാരോ, ഇളം നീല നിറവും ചാരനിറവും കൊണ്ടു വന്നു കുടഞ്ഞിട്ടു. വെളുത്ത മേഘങ്ങള്‍ ഇടക്കുകൂടി പാഞ്ഞു നടന്നു.
കടലിന് ആണോ കടലിനു മുകളിലെ ആകാശത്തിനാണോ കൂടുതല്‍ ഭംഗി എന്നു ചോദിച്ചു അമ്മ .
കടലിനു മുകളിലെ ആകാശത്തില്‍ പച്ചനിറം മാത്രമേ ഇല്ലാതുള്ളൂ എന്നു കണ്ടുപിടിച്ചു മനു.
മുറ്റത്തെ തളിര്മാവുകള് പിടിച്ചുവച്ചിരിക്കുകയണല്ലോ പച്ച നിറം. അതു കൊണ്ടാണ് ആകാശത്തിന് പച്ചനിറം കിട്ടാത്തത് എന്നു മനു പറഞ്ഞപ്പോ അമ്മ കുറേ ചിരിച്ചു.
അമ്മ, ചിരിയ്ക്കുന്നതു കാണാന്‍ നല്ല ഭംഗിയുണ്ടൈന്നച്ഛന് പറഞ്ഞു. അതു കേട്ട് അമ്മയ്ക്ക് ഒത്തിരി സന്തോഷമായി.

Read More: പ്രിയ എ എസിന്റെ മറ്റു രചനകള്‍ ഇവിടെ വായിക്കാം
പെട്ടെന്ന് കടലിന്റെ തുള്ളിച്ചാട്ടത്തിനെയും ആകാശമേലാപ്പിലെ ചായക്കൂട്ടുകളെയും നോക്കി മനു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
“കൊറോണക്കാലം വേഗം തീരണേ. അതു കൊണ്ടു വന്ന ചവറുകളെല്ലാം വേഗം അടിച്ചുകൂട്ടി തീയിടാന്‍ പറ്റണേ, എന്നിട്ടാ ചാരം വല്ലതിനും വളമായി ഇടാന്‍ പറ്റണേ.”
സ്ക്കൂളില്ലായ്മ, കൂട്ടുകാരില്ലായ്മ, പാര്ക്കില്ലായ്മ, സിനിമാതീയറ്റര്‍ ഇല്ലായ്മ, യാത്രകളില്ലായ്മ എന്നൊക്കെ കൊറോണ കൊണ്ടു വന്നു കൂട്ടിയ ചവറുകളുടെ പേര് മനു കടല്മണ്ണില് വിരല്‍ കൊണ്ട് എഴുതാന്‍ തുടങ്ങി.
മനു ഓരോന്ന് എഴുതുമ്പോഴും കടല്‍ തുള്ളിത്തെറിച്ചുവന്ന് അതെല്ലാം മായ്ച്ചുകളഞ്ഞു.
നല്ല കാലം വരാമ്പോണു, ചീത്തക്കാലം മായാന്‍ പോണു എന്നാണ് കടല്‍ പറയുന്നതെന്ന് തോന്നി മനുവിന്. അവന് ആര്‍ത്തുവിളിച്ചു.
വഴിക്കടയില്‍ നിന്നു അച്ഛന് വാങ്ങിയ പരിപ്പുവടതിന്നു കൊണ്ട് അവര്‍ മൂന്നാളും തിരിച്ചു നടന്നു, നേരം ഇരുളാന്‍ തുടങ്ങിയപ്പോള്‍.
ഇടയ്ക്കൊന്നു നിന്ന് മനു അവന്റെ പ്രാര്‍ത്ഥന, തിരകളെ നോക്കിനോക്കി തിരിഞ്ഞുനിന്ന് ഉരുവിട്ടു.
“സ്ക്കൂള് വേഗം തുറക്കണേ…കൂട്ടുകാരുമായി മുട്ടിയുരുമ്മി നടക്കാനും അവരുടെ തോളത്തു കൈയിടാനും പറ്റണേ. ബസിലും ബോട്ടിലും കയറി കുഞ്ഞുകുഞ്ഞു യാത്രകളെങ്കിലും പോകാന്‍ പറ്റണേ. പാര്‍ക്കും ഹോട്ടലും സൈക്കിളും ഫുട്ബോളും ക്രിക്കറ്റും ഇനിയും ജീവിതത്തില്‍ നിറയണേ.”
ചവറു നീങ്ങിയ അവരുടെ വീട്ടുമുറ്റം പോലെ ആകെ തെളിഞ്ഞിരുന്നു അവന്റെ ഉള്ള്. തിരികെ സ്ക്കൂട്ടറില്‍ കയറി വീട്ടിലേക്കു പോകുമ്പോഴേക്ക് മനുവിന് ശരിയ്ക്കും സന്തോഷമായിരുന്നു.
പുതുവര്‍ഷത്തിന്റ അമിട്ട്,അവരുടെ തലയ്ക്കു മീതെ വെളിച്ചക്കുട പോലെ ചിതറിത്തെറിച്ചു വര്ണ്ണത്തിളക്കമാവുന്നതും നോക്കി അച്ഛന്റെയും അമ്മയുടെ നടുവില്‍ ഒരു മൂളിപ്പാട്ടും പാടി അവനിരുന്നു.
അവര്‍ കൂടെക്കൊണ്ടുവന്ന സന്തോഷത്തിലാറാടി വീട്ടു മുറ്റത്തെ മാവുകള്‍ കാറ്റില്‍ ചില്ലകളിളക്കി ‘തിത്തൈ’ എന്നു നൃത്തം വച്ചു പുതുവര്‍ഷത്തിനെ വരവേറ്റു.