scorecardresearch

ഡാനിയല്‍ റോജര്‍ ഫിലിപ്പ് എന്ന പട്ടിക്കുട്ടന്‍

വഴിയിൽ നിന്ന് വീട്ടിലേക്ക് അലഞ്ഞു തിരിഞ്ഞു വന്നു കയറാറില്ലേ ചിലപ്പോൾ പട്ടിക്കുട്ടികൾ? അത്തരമൊരു പട്ടിക്കുട്ടിയുടെ കഥ പറയാം നമുക്കിന്ന്

വഴിയിൽ നിന്ന് വീട്ടിലേക്ക് അലഞ്ഞു തിരിഞ്ഞു വന്നു കയറാറില്ലേ ചിലപ്പോൾ പട്ടിക്കുട്ടികൾ? അത്തരമൊരു പട്ടിക്കുട്ടിയുടെ കഥ പറയാം നമുക്കിന്ന്

author-image
Priya A S
New Update
priya as, childrens stories , iemalayalam

നിളയും അമ്മയും കൂടി ഷോപ്പിങ്ങിനു പോയതായിരുന്നു. തിരിച്ചു വന്നു മുറ്റത്തേയ്ക്ക് കയറിയതേയുണ്ടായിരുന്നുള്ളു അവര്‍.

Advertisment

നിള ചെമ്പരത്തിച്ചോട്ടിലൊരനക്കം കേട്ട് നോക്കുമ്പോഴുണ്ട് ഒരു വെളുത്ത പട്ടി കിടക്കുന്നു ചെമ്പരത്തിച്ചുവട്ടില്‍.

"നമ്മള് ഗേറ്റടയ്ക്കാത്തതു കൊണ്ടാണ് നിളാ, പട്ടി കയറിക്കിടക്കുന്നത് നമ്മുടെ മുറ്റത്ത്," എന്നു പറഞ്ഞ് അമ്മ, പട്ടിയുടെ നേരെ തിരിഞ്ഞ് "പോ, പോ" എന്ന് ഒച്ചവെച്ച് കൈ വീശിക്കാണിച്ചു.

'ഈ ചെടിയുടെ ചോട്ടില് നല്ല തണലുണ്ട്, ഇവിടെ കിടക്കാന്‍ നല്ല രസമുണ്ട്, ഞാനിവിടെ നി്ന്ന് എണീയ്ക്കണോ, ഇപ്പോത്തന്നെ പോകണോ, ഞാന്‍ ശല്യമൊന്നുമുണ്ടാക്കില്ല,' എന്നൊക്കെ കുറേ കാര്യങ്ങള്‍ ഒറ്റയടിയ്ക്ക് അമ്മയോട് പറയുമ്പോലെ അവനമ്മയെ നോക്കി പോകാന്‍ കൂട്ടാക്കാതെ മടിച്ചു മടിച്ചു നിന്നു.

Advertisment

അമ്മ വളരെ ഗൗരവത്തില്‍ പറഞ്ഞു, "വേഗം പൊക്കോളണം ഇവിടുന്ന്. എവിടെയൊക്കെ അലഞ്ഞു തിരിഞ്ഞുവന്നതാണെന്നാര്‍ക്കറിയാം. ദേഹത്തു വെള്ളം തൊട്ടിട്ട് ദിവസങ്ങളായിക്കാണും."

അമ്മ അങ്ങനെ പറഞ്ഞ് അവന്‍ ഗേറ്റിനു പുറത്തേക്ക് താനേ തോന്നി പോകുന്നുണ്ടോ എ്ന്ന് തിരിഞ്ഞുതിരിഞ്ഞു നോക്കി വീടു തുറന്നകത്തു കയറി.

'താന്‍ നല്ല വൃത്തിയുള്ള പട്ടിയാണ്, തന്റെ വെള്ള നിറത്തില്‍ യാതൊരു അഴുക്കും പറ്റിയിട്ടില്ല, താന്‍ ചുമ്മാ കണ്ടയിടം നിരങ്ങി നടക്കുന്ന ഒരലവലാതി പട്ടിയല്ല,' എന്നൊക്കെ കാണിക്കാനെന്ന മട്ടില്‍ എഴുന്നേറ്റ് അമ്മയുടെ അടുത്തേയ്ക്കു നടന്നു.

മേത്ത് ചെള്ളൊന്നുമില്ല എന്ന് കാണിയ്ക്കാനാണ് അവന്‍ ദേഹം കുടഞ്ഞത് രണ്ടുമൂന്നു തവണ എന്ന് നിളയ്ക്ക് തോന്നി.

നിള പറഞ്ഞു, "നോക്കമ്മേ അവന്റെ മുഖം കണ്ടാല്‍ ഒരു മാന്‍കുട്ടിയുടേതു പോലെ ഇല്ലേ?"

അമ്മ അതു കേട്ടപ്പോ വീടിനകത്തു നിന്ന് അവനെ ഒന്നു തിരിഞ്ഞുനോക്കി. അപ്പോ അവന്‍, 'എന്റെ മുഖം ശരിയ്ക്കും ഒരു മാന്‍കുട്ടിയുടേതു പോലെ ഇല്ലേ,' എന്നു ചോദിയ്ക്കും പോലെ മുഖം നീട്ടിപ്പിടിച്ചു നി്ന്ന് വാലാട്ടി.

അമ്മയ്ക്കതു കണ്ട് ചിരി വന്നു.

priya as, childrens stories , iemalayalam

"നീ ശരിയ്ക്കും പട്ടിക്കുട്ടനാണോ അതോ മാന്‍കുട്ടിയാണോ," എന്നു ചോദിച്ച് നിള അവന്റെ അടുത്തു ചെന്നു നിന്നപ്പോള്‍ അവളെ അവനുരുമ്മി.

"വേണ്ട, അവനെ തൊടാനൊന്നും നില്‍ക്കണ്ട നിളാ, വല്ല പേപ്പട്ടിയാണോ എന്നൊക്കെ ആര്‍ക്കറിയാം? വല്ല കടിയും കിട്ടിയാല്‍പ്പിന്നെ പേവിഷത്തിനെതിരായുള്ള ഇന്‍ജക്ഷനെടുക്കാന്‍ നില്‍ക്കണം," അമ്മ അവളെ വഴക്കു പറഞ്ഞു.

"അവന്റെ മട്ട് കണ്ടാലറിയില്ലേ, അവന്‍ നല്ല ഇണക്കമുള്ള പട്ടിയാണെന്ന്," എന്നു പറഞ്ഞ് നിള അവന്റെ താടിയില്‍ തലോടി. അവനതു രസിച്ചു. അവനവളോട് ചേര്‍ന്നു നിന്നു.

അവള്‍ക്ക് തോന്നി അവന് വിശക്കുന്നുണ്ടെന്ന്. "അവന് കഴിയ്ക്കാന്‍ വല്ലതും കൊടുക്കട്ടെ അമ്മേ," എന്ന് ചോദിച്ചു അവള്‍.

അമ്മ എതിര്‍ത്തൊന്നും പറയുന്നില്ല എന്നു കണ്ടപ്പോള്‍ അവള്‍ അടുക്കളയിലേക്കോടി. ബിസ്‌ക്കറ്റ് പാക്കറ്റുമായി പുറത്തു വന്ന് അവള്‍ അവന് ക്രീം ബിസ്‌ക്കറ്റ് ഓരോന്നായി അവന്റെ വായില്‍ വച്ചു കൊടുത്തു. അവനതൊക്കെയും 'കറു മുറും, എന്നു തിന്നുന്നത് നോക്കി അമ്മ വാതില്‍പ്പടിയില്‍ വന്നു നിന്നു.

"നിന്നെ ഞാന്‍ വളര്‍ത്തട്ടെ ഇവിടെ ഈ വീട്ടില്‍?" എന്നു ചോദിച്ചു നിള.

"വേണ്ട, വേണ്ട, നിളക്കുട്ടിയെയും പട്ടിക്കുട്ടിയെയും കൂടി നോക്കി വളര്‍ത്താനൊന്നും എനിക്കു വയ്യ," എന്നമ്മ പറഞ്ഞു.

"അവന്‍ വഴി തെറ്റിയതായിരിക്കും ഇളാ. ഉടമസ്ഥരിട്ട ബെല്‍റ്റില് കഴുത്തില്ലിലെങ്കിലും അവനെ കണ്ടാലറിയില്ലേ അവനെ ആരോ നല്ലോണം ഇണക്കി വളര്‍ത്തുന്നതാണെന്ന്," എന്നു കൂടി ചോദിച്ചു അമ്മ.

'ആഹാ , ഈ അമ്മയ്ക്ക് എങ്ങനെയാ ഈ കാര്യങ്ങളൊക്കെ ഇത്ര വേഗം മനസ്സിലായത്,' എന്നു ചോദിക്കും പോലെ അവന്‍ താടി നീട്ടി നിന്നു.

അമ്മ പറഞ്ഞു , "വയറ് നിറഞ്ഞില്ലേ, ഇനി നീ നിന്റെ വീട്ടിലേക്കുള്ള വഴി ഓര്‍ത്തെടുത്ത് അതിലേ കൂടി പോ, നിന്നെ വളര്‍ത്തുന്ന വീട്ടുകാര് നിന്നെ കാണാതെ വിഷമിയ്ക്കുന്നുണ്ടാവും..."

priya as, childrens stories , iemalayalam


Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

അമ്മ പറഞ്ഞത് മനസ്സിലായതു പോലെ അവന്‍ എഴുന്നേറ്റു. എന്നിട്ട് ഗേറ്റിലേയ്ക്കു നടന്നു. ഗേറ്റിനരികെ എത്തിയപ്പോ അവന്‍ ഒന്നു നിന്ന് അവര്‍ രണ്ടാളെയും തിരിഞ്ഞുനോക്കി വാലാട്ടി. 'താങ്ക്യൂ ഫോര്‍ ദ ബിസ്‌ക്കറ്റ്സ്,' എന്നാണ് ആ വാലാട്ടലിന്റെ അര്‍ത്ഥം എന്ന് നിളയ്ക്ക് തോന്നി.

അവള്‍ ഓടിച്ചെന്ന് അവനെ ഒന്നു കൂടി തലോടി. അവന്‍ അവന്റെ താടി അവളുടെ കൈയിലുരുമ്മി നിന്നു. "നീയ് ഇതു വഴി വല്ലപ്പോഴും വരണേ," എന്നു പറഞ്ഞു അവള്‍.

പിന്നെ അവന്‍ പതുക്കെ ഗേറ്റും കടന്ന് നടന്നു പോയി. അവന്‍ പോയപ്പോള്‍ നിളയ്ക്ക് സങ്കടം വന്നു.

"ഓഫീസില്‍പ്പോക്കും വീട്ടുജോലിയും നിളയെ വളര്‍ത്തലും, അതിനിടയ്ക്ക് ഒരു പട്ടിയെ വളര്‍ത്താന്‍ അമ്മയ്ക്ക് പാടാണ്, അതു കൊണ്ടല്ലേ നമ്മള്‍ പട്ടിയെ വളര്‍ത്താത്തത്," എന്നു ചോദിച്ചു അമ്മ അവളെ കെട്ടിപ്പിടിച്ചു കൊണ്ട്.

"അതിനെനിയ്ക്ക് അമ്മയോട് വഴക്കൊന്നുമില്ലല്ലോ പട്ടിയെ വളര്‍ത്താത്തതില്‍," എന്നു പറഞ്ഞ് നിള, അമ്മയുടെ മടിയില്‍ കയറിയിരുന്നു. അമ്മ അവളുടെ തലമുടി ചീകി രണ്ടായി പിന്നി കെട്ടിക്കൊടുത്തു. .
അവള്‍ ചോദിച്ചു, "അവന്റെ പേരെന്തായിരിയ്ക്കും അമ്മേ?"

അമ്മ പറഞ്ഞു, "ചിലപ്പോള്‍ റോജര്‍ എന്നായിരിക്കും."

അവള്‍ പറഞ്ഞു, "ഡാനിയല്‍ ഫിലിപ്പ് റോജര്‍ എന്നായിരിക്കും അവന്റെ മുഴുവന്‍ പേര്."

അമ്മ അതു കേട്ട് ചിരിച്ചു.

അവള്‍ ചോദിച്ചു, "അവനിപ്പോ നമ്മളെ ഓര്‍ക്കുന്നുണ്ടാവുമോ, തിരിച്ചവന്റെ സ്വന്തം വീട്ടിലേയ്ക്കു നടന്നു പോകുന്ന വഴി? നമ്മള്‍ അവനു നമ്മള്‍ ബിസ്‌ക്കറ്റ് കൊടുത്ത കാര്യം ഓര്‍ത്തു വച്ച് അവനിനിയും വരും നമ്മളെ കാണാന്‍ വരുമോ?"

"ഉറപ്പായും..." എന്നു പറഞ്ഞു അമ്മ. Priya AS Story for children 'Daniel Roger Phillip Enna Pattikuttan'599084

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: