ക്രിസ്മസിന്റെ ചിരി, കളിമേളം, തിരക്ക്, ഒരുക്കം ഇതൊന്നും ഇത്തവണ കുട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നില്ല.
ക്രിസ്മസിന് രണ്ടാഴ്ച മുമ്പ് അവര്‍ നാലു നക്ഷത്രങ്ങള്‍ വീടിന്റെ ഓരോ കോണിലായി തൂക്കുക മാത്രം ചെയ്തിരുന്നു. വെള്ളി നിറമുള്ള ഒരു വലിയ നക്ഷത്രമായിരുന്നു ഒന്ന്. ഒന്നിനകത്ത് അവര്‍ പല നിറങ്ങള്‍ ചുറ്റും വിതറുന്ന ഒരു ബള്‍ബിട്ടു. മറ്റൊന്ന് മുള കൊണ്ടുള്ളതായിരുന്നു. വേറൊന്ന് അവര്‍ തന്നെ വാരിക്കമ്പും കടലാസുമൊക്കെ ചേര്‍ത്ത് പണിപ്പെട്ട് ഉണ്ടാക്കിയത്.
ക്രിസ്മസ് ട്രീ, ഷെല്‍ഫിനകത്താണ്. വീട്ടിലെ ഏറ്റവും പൊക്കമുള്ള സ്റ്റൂളില്‍ അച്ഛനെ കയറ്റി അതെടുപ്പിയ്ക്കണം, പൊടി തുടച്ച് അലങ്കരിയ്ക്കണം എന്നു വിചാരിച്ച് ഒരു ഉച്ചമയക്കക്കാരനായി കുട്ടി, അന്ന് നക്ഷത്രം തൂക്കിയ ദിവസം.
വൈകിട്ടുണര്ന്നപ്പോഴോ കുട്ടിയ്ക്ക് ഭയങ്കര പനി. ഇത്ര ദിവസവും പിന്നെ കുട്ടിയ്ക്ക് പൊള്ളുന്ന പനി തന്നെ ആയിരുന്നു. വീട്ടിലിരുന്ന മരുന്നുകൊണ്ടൊന്നും പനി മാറാതായപ്പോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു കുട്ടിയെ. പിന്നെ കയ്പുള്ള മരുന്നും ഇന്‍ജക്ഷനും പൊടിയരിക്കഞ്ഞിയും ചമ്മന്തിയും ചുട്ടപപ്പടവുമായി ദിവസങ്ങള്‍ കടന്നു പോയി.
ക്രിസ്മസിനു രണ്ടേ രണ്ടു ദിവസം മുമ്പാണ് കുട്ടിയ്ക്ക് പനി മാറി ഹോസ്പിറ്റലില്‍ നിന്നു പുറത്തുവരാനായത്. ക്രിസ്മസിനു വേണ്ടി ഇനി എന്തൊക്കെ ചെയ്യാന്‍ കിടക്കുന്നു എന്ന് കുട്ടിയ്ക്കപ്പോ വേവലാതിയായി.
ക്രിസ്മസ് ട്രീ അലങ്കരിയ്ക്കല്തന്നെ ആവട്ടെ ആദ്യം എന്നു വിചാരിച്ചു കുട്ടിയും അച്ഛനും. അലങ്കാര ബള്‍ബുകള്‍ സൂക്ഷിച്ചു വച്ചത് ചിലതൊക്കെ കേടുവന്ന് കത്താതായിരുന്നു. അതൊക്കെ വേറെ വാങ്ങിച്ചുവന്നു അച്ഛന്.
കുട്ടി, അച്ഛന്റെ കൂടെ അപ്പോഴൊന്നും പുറത്തു പോയില്ല. നല്ല വെയിലല്ലേ പുറത്ത്. പനി മാറിയതല്ലേയുള്ളൂ, വെയിലു കൊള്ളാതെ സൂക്ഷിയ്ക്കണ്ടേ? പുല്‍ക്കൂടൊരുക്കാന്‍ അവരമ്മയെ ഏല്പിച്ചു.

ഇനി കേക്ക് വാങ്ങണം. വെയിലാറിയിട്ട് വെകുന്നേരം അച്ഛനൊപ്പം പോയി വേണം കേക്ക് വാങ്ങാന്‍. ഏതു കേക്കുവാങ്ങണം എന്ന് കുട്ടി തീരുമാനിച്ചിരുന്നില്ല. കേക്കു കടയില്‍ പോയി ഓരോ കേക്കിനു ചുറ്റും നടന്നു നോക്കി ഭംഗി പരിശോധിച്ച് – അങ്ങനെയേ വാങ്ങൂ കേക്ക് എന്ന് കുട്ടി അച്ഛനോട് പറഞ്ഞു. അതു മതി, അതു മതി ,നല്ലോണം സമയമെടുത്ത് ഏറ്റവുമിഷ്ടപ്പെട്ട കേക്കു നോക്കി വാങ്ങിയാ മതി നമുക്ക്, എന്നച്ഛന്‍ സമ്മതിക്കുകയും ചെയ്തു.
അങ്ങനെയാണവര്‍ സ്ഥിരമായി കേക്കു വാങ്ങിക്കുന്ന കടയിലെത്തിയത്. അവിടുത്തെ കേക്കായിരുന്നു കുട്ടിക്കേറ്റവുമിഷ്ടം. കുട്ടിയുടെ പിറന്നാളിനും അവിടെ നിന്നു തന്നെയാണവര്‍ കേക്കു വാങ്ങിച്ചിരുന്നത്. കടയിലെത്തിയപ്പോഴോ എന്തൊരു തിരക്ക്. അച്ഛനും കുട്ടിയ്ക്കും പരിചയമുള്ള കേക്ക്-മാമന്മാരൊക്കെ മാറിപ്പോയി പുതിയ ജോലിക്കാരായിരുന്നു കേക്കിന്റെ ആളുകളായി അവിടെ നിന്നിരുന്നത്.
കുട്ടി അവിടെയെല്ലാം ചുറ്റി നടന്ന് ഷെല്‍ഫില്‍ പ്രദര്ശിപ്പിച്ചരിയ്ക്കുന്ന കേക്കുകളോരോന്നും നോക്കി. ഏതാണ് വേണ്ടത് എന്നവന് നിശ്ചയിക്കാനാകുന്നുണ്ടായിരുന്നില്ല. എല്ലാത്തിനും എന്തൊരു ഭംഗി. പല തരം കേക്കുകളുടെ മണം കൊണ്ട് അവന് കൊതി പിടിച്ചു. അപ്പോഴാണ് അവിടെ നിന്ന ഒരു കേക്ക് മാമന് അവരോടു വന്നു പറഞ്ഞത് – ഈ ഇരിക്കുന്ന കേക്കുകളെല്ലാം ഓരോരുത്തര് ഓര്‍ഡര്‍ തന്നതും ബുക് ചെയ്തതുമൊക്കെയാണ്. ഇനി വില്ക്കാന് ഇവിടെ കേക്കൊന്നും ബാക്കിയില്ല.
കുട്ടിയ്ക്കാദ്യം അതു കേട്ടിട്ട് തീരെ വിശ്വാസമായില്ല. കേക്കുമാമന്മാര് തന്നെ ചുമ്മാതൊന്നു പറ്റിയ്ക്കാന്‍ പറയുന്നതാവും എന്നാണ് അവന് വിചാരിച്ചത്. പിന്നെ അച്ഛന്റെ മുഖം വിളറുന്നതും ഒറ്റയെണ്ണം പോലും ബാക്കിയില്ലേ എന്ന് അച്ഛന് വേവലാതിയോടെ രണ്ടുമൂന്നു തവണ എടുത്തെടുത്തു ചോദിക്കുന്നതും, ഇല്ല സര് എന്ന് കേക്ക്-മാമന്മാര് ആവര്‍ത്തിയ്ക്കുന്നതും കണ്ടാണ് കുട്ടിയ്ക്ക് അവര്‍ പറയുന്നത് ശരിയാണെന്ന് ശരിയ്ക്കും ബോദ്ധ്യമായത്.
കുട്ടി, അച്ഛനെ പ്രതീക്ഷയോടെ നോക്കി. അച്ഛന്മാര് വിചാരിച്ചാല്‍ നടക്കാത്ത കാര്യം വല്ലതുമുണ്ടോ ഈ ഭൂമിയില്‍ എന്നായിരുന്നു ഏതൊരു കുട്ടിയെയും പോലെ അവനും വിചാരിച്ചിരുന്നത്.
നമുക്ക് ഇവിടുന്ന് വേഗമിറങ്ങി വേറെ കടയിലെങ്ങാനും നോക്കാം എന്നച്ഛന്‍ പറഞ്ഞതു കേട്ട് കുട്ടിയ്ക്ക് സങ്കടം വന്നു. കുട്ടിയ്ക്ക് ഇവിടുത്തെ കേക്കാണല്ലോ ഇഷ്ടം. ഇവിടുത്തെ കേക്ക്-മാമന്മാര് സ്വര്‍ണ്ണ നിറമുള്ള ബോക്സിലാക്കി ചുവന്ന റിബണിട്ട് കെട്ടി ആ കെട്ടിനു നടുവില്‍ ചുവപ്പും വെളുപ്പും നിറമുള്ള രണ്ടു റോസാപ്പൂക്കള്‍ തിരുകി വച്ച്, അങ്ങനെയാണ് ഓരോ കുട്ടിയ്ക്കും കേക്ക് കൊടുക്കുക.
കേക്കുവാങ്ങി പോകുന്ന കുട്ടികളുടെ തലയില്‍ അവര്‍ ഒരു ക്രിസ്മസ് തൊപ്പി വച്ചു കൊടുക്കും. പിന്നെ കുട്ടികളുടെ കൈ പിടിച്ച്, കടയുടെ നടുവില്‍ നില്ക്കുന്ന സാന്റാക്ളോസ് അപ്പൂപ്പന് നൃത്തം ചെയ്യും. അതു കൊണ്ടൊക്കെയാണ് കുട്ടിയ്ക്ക് ഈ കടയിലെ കേക്കു തന്നെ വേണമെന്ന് കൊതി.

Read More: പ്രിയ എ എസിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
കടയിലെ പുതിയ കേക്ക് മാമന്മാരോ സാന്റാക്ളോസ് അപ്പൂപ്പനോ ഒന്നും കുട്ടിയെയോ കുട്ടിയുടെ സങ്കടത്തെയോ അച്ഛന്റെ വേവലാതിയെയോ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവരൊക്കെ ക്രിസ്മസ് കച്ചവടത്തിരക്കിലും ബഹളത്തിലുമായിരുന്നു.
ശരിയ്ക്കും കണ്ണു നിറഞ്ഞു പോയി കുട്ടിയുടെ. അപ്പോഴാണ് അടുത്തു നിന്ന കുട്ടി, രണ്ടു കേക്കു പൊതികള്‍ കൈയില്‍ പിടിച്ച് നമ്മുടെ സങ്കടക്കുട്ടിയെ തോണ്ടി വിളിച്ചു ചോദിച്ചത്, കേക്കു കിട്ടിയില്ലേ?
ഇല്ല എന്നു തലയാട്ടി നമ്മുടെ കുട്ടി. എല്ലാ കേക്കും എല്ലാവരും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു വളരെ നേരത്തേ തന്നെ. എനിയ്ക്കു പനിയായിരുന്നു. നേരത്തെ വരാന്‍ പറ്റിയില്ല കേക്ക് ബുക് ചെയ്യാന്‍. അവന് അവന്റെ വിഷമം പറഞ്ഞുകേള്‍പ്പിച്ചു ഒച്ചതാഴ്ത്തി.
അപ്പോള്‍ രണ്ടു കേക്കുകാരന് കുട്ടി അവന്റെ കൈയിലെ ഒരു കേക്ക് നമ്മുടെ കുട്ടിയ്ക്ക് കൊടുത്തു .എന്നിട്ട് പറഞ്ഞു “ഇത് നീ എടുത്തോ…”
എന്നിട്ടവന്‍ ഇത്രയും കൂടി പറഞ്ഞു “എനിയ്ക്കും ഒരുപാടിഷ്ടമാണ് ഇവിടുത്തെ കേക്ക്.
ഒന്നു തീരുമ്പോ അടുത്തതെടുക്കാം എന്നു വിചാരിച്ച് ഞങ്ങള്‍ രണ്ടെണ്ണം ഓര്‍ഡര്‍ ചെയ്തതാണ്, അല്ലേ അച്ഛാ,” എന്നു ചോദിച്ചു പിന്നെ അവന്, അവന്റെ തൊട്ടടുത്തു നിന്ന അവന്റെ അച്ഛനോട് . അച്ഛന് തലയാട്ടി.
“എനിയ്ക്കെന്തിനാ രണ്ടെണ്ണം , നിനക്ക് ഒന്നും കിട്ടാത്തപ്പോ?” എന്നു ചോദിച്ച്, സങ്കടക്കുട്ടിയുടെ സങ്കടം മായ്ച്ചു കളഞ്ഞ്, അവന്റെ കൈ പിടിച്ച് ഒന്നു വട്ടം കറങ്ങി നൃത്തം ചെയ്ത് അവന് സിക്രെട്ട് ഹാന്‍ഡ് ഷെയ്ക്ക് കൊടുത്ത്, അച്ഛന്റെ കൈയില്‍ത്തൂങ്ങി പിന്നെ ആ ദാനശീലന് കുട്ടി പുറത്തേയ്ക്ക് പോയി.
നമ്മുടെ കുട്ടിയും അച്ഛനും, നടന്നെതല്ലാം സത്യമാണോ എന്നു വിശ്വസിയ്ക്കാനാവാതെ നിന്നു. കുട്ടിയ്ക്ക് വീട്ടില്‍ ചെന്ന് അമ്മയോട് നടന്നതെല്ലാം വിസ്തരിക്കാന്‍ തിടുക്കമായി.
കുട്ടി, കേക്ക് ബോക്സ് മണത്തു നോക്കി. തനിക്കേറ്റവും ഇഷ്ടപ്പെട്ട ക്യാരറ്റ് കേക്കാണതില് എന്നു കുട്ടിയ്ക്ക് മണം കൊണ്ട തിരിച്ചറിയാനായി. കുട്ടിയുടെ അച്ഛന് പെട്ടെന്ന് പറഞ്ഞു “ക്രിസ്മസ് ഈസ് നോട്ട് എ ഡേറ്റ്. ഇറ്റ് ഈസ് എ സ്റ്റേറ്റ് ഓഫ് മൈന്‍ഡ്…”
കുട്ടി തലകുലുക്കി. പിന്നെ കുട്ടി തന്റെ ഇംഗ്ളീഷ് പാഠത്തിലെ മറ്റൊരു വാചകമോര്ത്തു ‘ഇറ്റ് എന്റേഴ്സ് ത്രൂ ദ ഹാര്‍ട്ട് ഓഫ് ചില്‍റന്‍.’
അടുത്ത ക്രിസ്മസ് മുതല്‍ താനും രണ്ടു കേക്ക് ഓര്‍ഡര്‍ ചെയ്യുമെന്നും അതിലൊരു കേക്ക്, പൈസ ഇല്ലാഞ്ഞിട്ടോ നേരത്തേ ഓര്‍ഡര്‍ ചെയ്യാന്‍ പറ്റാഞ്ഞിട്ടോ എന്നിങ്ങനെയുള്ള ഏതെങ്കിലും കാരണത്താല്‍ കേക്ക് കിട്ടാതിരിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയ്ക്ക് കൊടുക്കുമെന്നും കുട്ടി പറഞ്ഞു.
അതു കേട്ട് ആകെ സന്തോഷം വന്ന് കേക്ക് ബോക്സോടെ കുട്ടിയെ അച്ഛന് എടുത്ത് തോളത്തിരുത്തി.
പിന്നെയവര്‍ ഒരു ക്രിസ്മസ് പാട്ടും പാടി അങ്ങനെയങ്ങനെ സന്തോഷിച്ച് നടന്നുപോയി.
ചിലപ്പോ ഒരു പുതിയ ക്രിസ്മസ് ഉടുപ്പും എടുത്തിട്ടേ അവര്‍ വീട്ടിലേയക്ക് പോവുകയുള്ളായിരിയ്ക്കാം. അതോ ക്രിസ്മസിന് വൈന്‍ വാങ്ങാനോണോ അവര്‍ പോയിരിക്കുക?