scorecardresearch

ആമ്പൽപ്പൂ പാടത്തിൽ ഒരു കാക്കയും കുളക്കോഴിയും

'കുറേ നേരം ആലോചിച്ച ശേഷം അവൻ പറഞ്ഞു, നമുക്ക് അടുത്തെവിടെയെങ്കിലും പോവാം' പ്രിയ എ എസ് എഴുതിയ കഥ

'കുറേ നേരം ആലോചിച്ച ശേഷം അവൻ പറഞ്ഞു, നമുക്ക് അടുത്തെവിടെയെങ്കിലും പോവാം' പ്രിയ എ എസ് എഴുതിയ കഥ

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

കണ്ണൻ കാക്കയും പങ്കജം കുളക്കോഴിയും ഏറ്റുമാനൂരാണ് താമസം. അവര് രണ്ടാളും കൂടി ഓണക്കാലത്ത് ഒരു കുഞ്ഞു ടൂറിന് പ്ലാനിട്ടു.

Advertisment

'എവിടെ പോണം? സൈലൻ്റ് വാലിയിലോ വയനാടോ ഇലവീഴാപ്പൂഞ്ചിറയിലോ?' കണ്ണൻ കാക്ക ചോദിച്ചു.

കുളക്കോഴി അതിന്റെ നേർത്ത ഒറ്റക്കാലിൽ നിന്ന് ആലോചിച്ചു, എവിടെപ്പോണം?

കുറേ നേരം ആലോചിച്ച ശേഷം അവൻ പറഞ്ഞു, 'നമുക്ക് അടുത്തെവിടെയെങ്കിലും പോവാം. ഞാൻ ഒരു പാട് പറക്കാൻ പറ്റാത്ത പക്ഷിയല്ലേ?'

കാക്ക അതു ശരി വച്ചു. 'എന്നാപ്പിന്നെ മലരിക്കലെ ആമ്പൽപ്പൂ പാടം കാണാൻ പോയാലോ?'

Advertisment

അതിനെ കുറിച്ചുള്ള പത്രവാർത്തയും ഫോട്ടോയും കാക്ക, കുളക്കോഴിയെ കാണിച്ചു കൊടുത്തു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആമ്പൽപ്പൂപ്പാടം കാണാൻ കുളക്കോഴിക്ക് കൊതിയായി.

'കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങള്‍ കർക്കിടക മഴ പെയ്ത് നിറയുമ്പോൾ, മണ്ണിലുറഞ്ഞു കിടക്കുന്ന ആമ്പൽ വിത്തുകൾ കിളിർത്ത് പൂപ്പരപ്പാവും,' എന്നു പറഞ്ഞു കാക്ക.

'പിന്നെ കൃഷി നേരമാകുമ്പോൾ പാടത്തിലെ വെള്ളം വറ്റിച്ച് നെൽക്കൃഷി ചെയ്യും അല്ലേ?' എന്നു ചോദിച്ചു കുളക്കോഴി.

അവരപ്പോഴേക്കും മലരിക്കലേക്ക് പറന്നു തുടങ്ങിയിരുന്നു. കുളക്കോഴിക്ക് ഒറ്റയടിക്ക് അത്ര ദൂരം പറക്കാനാകാത്തതു കൊണ്ട് അവർ ഇടക്കിടെ ഓരോയിടത്ത് പറന്നിറങ്ങി വിശ്രമിച്ചാണ് കേട്ടോ യാത്ര ചെയ്തത്.

ഇല്ലിക്കലും കഴിഞ്ഞ് തിരുവാർപ്പും കഴിഞ്ഞ് കാഞ്ഞിരം പാലം കടന്ന് അവർ മലരിക്കൽ എത്തി.

'വൈകുന്നേരം വിരിയാൻ തുടങ്ങി പകലാകുമ്പോഴേക്ക് കൂമ്പാൻ തുടങ്ങും ആമ്പൽപ്പൂക്കൾ. രാത്രി നിലാവുദിക്കുമ്പോൾ വിരിഞ്ഞ് നിലാവസ്തമിക്കുമ്പോൾ കൂമ്പും ആമ്പൽ പൂക്കൾ. ചന്ദ്രന്റെ ഭാര്യയാണ് ആമ്പൽപ്പൂക്കൾ എന്നൊക്കെയാണ് കവി സങ്കൽപ്പം,' എന്ന് കാക്ക കുളക്കോഴിക്ക് പറഞ്ഞു കൊടുത്തു.

'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന ബുക്കർ പ്രൈസ് നേടിയ അരുന്ധതി റോയിയുടെ ആ പുസ്തകത്തിന്റെ കവർ ഇതു പോലുള്ള ആമ്പൽപ്പൂക്കളല്ലേ? എന്നു ചോദിച്ചു കുളക്കോഴി. അയ്മനത്തും ഉണ്ട് ഇത്തരം പൂപ്പാടം, നമുക്കവിടെ നാളെ പോകാം എന്നു പറഞ്ഞു കാക്ക.

അവര് മലരിക്കലെത്തിയപ്പോഴേക്ക് രാവിലെ ഏഴു മണിയായിക്കഴിഞ്ഞിരുന്നു. അതിനോടകം അവിടമാകെ പൂ കാണാൻ വന്നവരെയും അവരുടെ വാഹനങ്ങളെയും കൊണ്ട് നിറഞ്ഞിരുന്നു. നമുക്ക് വാഹനമില്ലാത്തത് നന്നായി, അല്ലെങ്കിൽ പാർക്കിങ് സ്പെയ്സ് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വന്നേനെ എന്നു പറഞ്ഞു കുളക്കോഴി. അതു ശരിയാ എന്നു പറഞ്ഞു കാക്ക.

സാധാരണ വള്ളങ്ങളും മോട്ടർ പിടിപ്പിച്ച വള്ളങ്ങളും പൂപ്പാടം കാണാൻ വന്നവരെ വിളിച്ചു കയറ്റി വള്ളപ്പടിയിലിരുത്തി. ആളുകൾ വളളത്തിൽ കയറും മുൻപ് പൂക്കെട്ട് വാങ്ങി കൈയിൽ പിടിച്ചു. എന്നിട്ട് വള്ളത്തിലിരുന്നും നിന്നും ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പോസ് ചെയ്തു.

'ആരും പൂപ്പാടം കണ്ടു കണ്ട് കൺനിറച്ചിരിക്കുന്നില്ലല്ലോ, എല്ലാവരും മൊബൈലിലൂടെയാണ് പാടം കാണുന്നത്, നമുക്ക് മൊബൈലില്ലാത്തത് നന്നായി,' എന്നു പറഞ്ഞു കാക്ക ഒരു വളളത്തിന്റെ തുഞ്ചത്തിരുന്ന്, ആമ്പൽ ഇലയിലൂടെ നടക്കുന്ന കുളക്കോഴിയോട്.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

'ആമ്പൽ ഇല, കിളി ഭാരം കൊണ്ട് താഴ്ന്നുപോകാത്തതു കണ്ടോ? അവന്റെ പേരാണ് കുളക്കോഴി. അവനത്ര കുറച്ചേ ഭാരമുള്ളൂ. അവനു മാത്രമേ ഈ ഇലയിൽനടപ്പു സാധിക്കൂ,' എന്ന് വള്ളത്തിലെ അച്ഛൻ മകൾക്ക് പറഞ്ഞു കൊടുത്തു.

പിന്നെയാ അച്ഛൻ, ആമ്പലിലയിലൂടെ തത്തിത്തത്തി നടക്കുന്ന കുളക്കോഴിയുടെ ഫോട്ടോ നിറയെ എടുത്തു. കുളക്കോഴിക്ക് 'ഞം, ഞം' എന്നു തിന്നാൻ ആമ്പൽപ്പടർപ്പിനിടയിൽ നിന്ന് നാലഞ്ചു പ്രാണികളെയും കിട്ടി അതിനിടെ.

വള്ളത്തിന്റെ തുഞ്ചത്ത് നിന്ന് പറന്നിറങ്ങി, ഒരാമ്പൽപ്പൂ വെള്ളത്തിൽ നിന്ന് പൊട്ടിച്ചെടുത്ത് തിരിച്ചതേ സ്ഥലത്ത് കൊക്കിൽ ആമ്പൽപ്പൂവുമായി വന്നിരുന്നു കാക്ക. ആ രംഗം ഒരു പാട് പേർ ക്യാമറയിൽ 'ക്ലിക്ക്, ക്ലിക്ക്' എന്ന് പകർത്തിയതു കണ്ട് കാക്കക്ക് പൊടി ഗമയായെന്ന് പറയേണ്ടതില്ലല്ലോ.

ആളുകളുടെ ബഹളമായിരുന്നു ചുറ്റും. പൂ വിൽക്കാനായി കരയിൽ വച്ചിരിക്കുന്ന പാത്രങ്ങളിൽ, പൂ തീരുന്ന മുറയ്ക്ക് പിന്നെയും പിന്നെയും പൂക്കെട്ട് നിറച്ചു കൊണ്ടിരുന്നു പൂവിൽപ്പനക്കാർ. ഒരു പൂക്കെട്ടിന് മുപ്പത് രൂപയാണ് വില.

'നമുക്ക് കാശു കൊടുക്കാതെ പൂ കിട്ടി,' എന്നു തമ്മിൽത്തമ്മിൽ പറഞ്ഞു ചിരിച്ചു കാക്കയും കുളക്കോഴിയും.

ഒമ്പത് മണിയൊക്കെയായപ്പോഴേക്ക് പൂക്കൾ പതിയെ കൂമ്പാൻ തുടങ്ങി. മലരിക്കലിൽ നിന്ന് ആൾത്തിരക്കും വള്ളത്തിരക്കു മൊഴിഞ്ഞു.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

'ഇനി നമുക്ക് ഏറ്റുമാനൂർക്ക് തിരിച്ച് പറക്കാം എന്നു പറഞ്ഞു കാക്ക. നാളെ നമുക്ക് നീ പറഞ്ഞ അരുന്ധതീ റോയിയുടെ അയ്മനത്തെ പൂപ്പാടത്ത് പോകാം,' എന്നു പറഞ്ഞു കുളക്കോഴി.

'പുത്തൂക്കരി എന്നാണാ ഇടത്തിന്റെ പേര് എന്നു പറഞ്ഞു കാക്ക. അവിടെ അയ്മനം ജോൺ എന്ന, മലയാളത്തിൽ കഥ എഴുതുന്ന ആൾ കൂടിയുണ്ട്, അദ്ദേഹത്തിനെയും കണ്ടു പോരാം നമുക്ക്,' എന്നു പറഞ്ഞു കാക്ക.

കുളക്കോഴി ചോദിച്ചു, 'നമ്മളെ കുറിച്ചു കഥയെഴുതാൻ പറഞ്ഞാലോ നമുക്കദ്ദേഹത്തിനോട്?' കാക്ക അതും സമ്മതിച്ചു.

പിന്നെ കാക്ക പറഞ്ഞു, 'ഇനി ഞാൻ മിണ്ടില്ല കൂടെത്തുന്നതു വരെ. നോക്ക് എന്റെ കൊക്കിൽ പൂവാണ്. നിനക്കും കൂടി വേണ്ടി ഞാൻ ഒരു പൂവും കൂടി പറിച്ചിട്ടുണ്ട്. നമുക്കിത് കൂട്ടിലെ ഫ്ലവർ വെയ്സിൽ വയ്ക്കാം.'

കുളക്കോഴി, കാക്കയോട് താങ്കസ് പറഞ്ഞു.

ഇനി പറയാനുള്ളത് ഏറ്റുമാനൂരിലെ കുട്ടികളോടാണ്, നോക്കണേ ആകാശത്തേക്ക്, കൊക്കിൽ ആമ്പൽപ്പൂവുമായി പറക്കുന്ന കാക്കയെയും കുളക്കോഴിയെയും കണ്ടാൽ അതാണേ നമ്മുടെ കഥയിലെ കാക്കയും കുളക്കോഴിയും!

Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: