Latest News

താഷിയുടെ സ്വപ്നത്തിലേയ്ക്ക് വന്ന കഥകള്‍

താഷി കണ്ട സ്വപ്നത്തില്‍ കാട്ടിലെ ജീവികളോരോന്നും കഥ പറയുകയായിരുന്നു. അപ്പോഴാണ് ആ കുഴപ്പക്കാരൻ മിക്സി കലപിലയെന്ന് ബഹളം കൂട്ടിയതും സ്വപ്നം നിന്നുപോയതും. അക്കഥയാണ് ഇന്ന്

priya as, childrens stories , iemalayalam

താഷി അമ്മയുടെ പുറകെ നടപ്പായിരുന്നു രാവിലെ എണീറ്റതു മുതല്‍.

താഷി ഇന്നലെ രാത്രി ഉറങ്ങിയപ്പോള്‍ കണ്ട സ്വപ്‌നത്തിന്റെ വിശേഷങ്ങള്‍ അമ്മയെ പറഞ്ഞു കേള്‍പ്പിയ്ക്കലായിരുന്നു രാവിലെ തൊട്ട് അവന്റെ പണി.

അമ്മ അടുക്കളയില്‍ ഓരോന്ന് ചെയ്തുകൊണ്ട് നിന്നപ്പോഴും മുറ്റമടിച്ച് നിന്നപ്പോഴും വാഷിങ് മെഷീനില്‍ തുണി ഇടുമ്പോഴുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിട്ടും തീരാതത്ര നീളമുള്ള സ്വപ്‌നമായിരുന്നു അവന്‍ രാത്രി കണ്ടത്.

സ്വപ്നത്തില്‍ അവന്‍ ഒരു ജിറാഫിന്റെ പുറത്തുകയറി അങ്ങനെ സഞ്ചരിക്കുകയായിരുന്നു കാട്ടിലൂടെ. ജിറാഫിന്റെ ചെവിയില്‍ പിടിച്ച് അവന്റെ കഴുത്തില്‍ കമിഴ്‌ന്നൊട്ടിക്കിടപ്പായിരുന്നു താഷി.

കാട്ടിലെ മരങ്ങളുടെ ചില്ലകളൊക്കെ അവന്റെ തലയില്‍ മുട്ടുന്നുണ്ടായിരുന്നു. കിളികള്‍ അവന്റെ തലയ്ക്കു തൊട്ടുമീതെ കൂടി കൂട്ടം കൂട്ടമായി പറന്നുപോയിക്കൊണ്ടിരുന്നു.

ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്നത്ര അടുത്ത് ആകാശം നല്ല നീല നിറത്തില്‍. ആകാശത്തിലാകെ അപ്പൂപ്പന്‍ താടിക്കൂട്ടം പോലെയും വാനില എസ്‌ക്രീമിന്റെ സ്‌കൂപ്പുകള്‍ പോലെ കുറേക്കുറേ വെള്ള മേഘങ്ങളും. ആകപ്പാടെ നല്ല രസം. താഴേയ്ക്ക് നോക്കുമ്പോള്‍ ആകെ പച്ചച്ച് ഭൂമി.

അങ്ങനെയങ്ങനെ അവര്‍ പോയത് എങ്ങോട്ടാണെന്നറിയാമോ? ഒരു തടാകത്തിന്റെ കരയിലേക്ക്. തടാകത്തിന്റെ കരയില്‍ കാട്ടിലെ എല്ലാ ജീവജാലങ്ങളുടെയും ഒരു സമ്മേളനം നടക്കുകയായിരുന്നു.

“ഞങ്ങള്‍ മനുഷ്യരുടെ സമ്മേളനങ്ങളിലെപ്പോലെ നിറയെ പ്രസംഗങ്ങള്‍ ആണോ നിങ്ങളുടെയും സമ്മേളനത്തിലുണ്ടാവുക? പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കോട്ടു വാ വന്നു തുടങ്ങും. ഞാന്‍ നിന്റെ മേത്തു കിടന്ന് ഉറങ്ങിപ്പോവും,” താഷി ജിറാഫിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.

“ഞങ്ങളുടെ സമ്മേളനങ്ങളില്‍ ഓരോരുത്തരും അവരവരുടെ ഊഴമനുസരിച്ച് എണീറ്റുനിന്ന് കഥ പറയലാണ് മെയിന്‍ പരിപാടി,” ജിറാഫ് പറഞ്ഞതു കേട്ടപ്പോള്‍ താഷിയ്ക്ക് സന്തോഷമായി. കഥ കേള്‍ക്കാനാര്‍ക്കാണ് സന്തോഷമല്ലാത്തത്?

priya as, childrens stories , iemalayalam


ആദ്യം കഥ പറഞ്ഞത് കരടിയാണ്. അവനൊരു രാജകുമാരിയുടെയും അവള്‍ വളര്‍ത്തുന്ന തത്തമ്മയുടെയും കഥ പറയാന്‍ തുടങ്ങിയപ്പോള്‍, മാടത്ത കരടിയോട് പിണങ്ങി.

“രാജകകുമാരി തത്തമ്മയെ മാത്രമല്ല ഒരു മാടത്തെയും കൂടി വളര്‍ത്തുന്ന കഥ പറയ്,” എന്നായി അവളുടെ ശാഠ്യം.

“എന്നാ ശരി, ഞാനങ്ങനെ പറയാം,” എന്നു പറഞ്ഞ് കരടി, കഥയില്‍ രാജകുമാരിയുടെയും തത്തയുടെയും ഒപ്പം മാടത്തയെയും കൂടി ചേര്‍ത്തങ്ങനെ കഥ പറഞ്ഞ് എല്ലാ ജീവികളെയും രസിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് താഷിയുടെ അമ്മ, മിക്‌സിയില്‍ എന്തോ അരയ്ക്കാനോ പൊടിയ്ക്കാനോ തുടങ്ങിയതും സ്വപ്‌നത്തിലേയ്ക്ക് ആ ബഹളമെല്ലാം കൂടി ഇരച്ചുകയറിയതും അങ്ങനെ സ്വപ്‌നം മുറിഞ്ഞുപോയതും.

താഷി അമ്മയോട് പരാതി പറഞ്ഞു “കരടി, കഥ പറഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മിക്‌സി കാരണം ആ കഥ പോലും മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല എനിയ്ക്ക്, പിന്നെ കഥ പറയേണ്ടിയിരുന്നത് സിംഹമാണ്. അവന്റെ പുറകെ പെരുമ്പാമ്പ്, പിന്നെ മയില്.

കഥ പറയാനുള്ളവരെല്ലാം നിരനിരയായി അക്ഷമരായി ക്യൂ നില്‍ക്കുമ്പോഴല്ലേ അമ്മയുടെ മിക്‌സി പണി പറ്റിച്ചത്. എനിയ്ക്കിഷ്ടമല്ല അമ്മയുടെ മിക്‌സിയെ. ആ മിക്‌സി ഇടയ്ക്കങ്ങനെ കയറി ചറുപറയെന്ന് കോലാഹലമുണ്ടാക്കിയിരുന്നില്ലെങ്കില്‍ എത്രയെത്ര കഥ കേള്‍ക്കാമായിരുന്നു.

പെട്ടെന്ന കഥ കേള്‍ക്കാന്‍ പറ്റാതായപ്പോഴുള്ള സങ്കടം വന്ന് താഷിയെ മൂടി. താഷി തേങ്ങിത്തേങ്ങി കരയാനാരംഭിച്ചു.

ഇത്രയും നേരം മിടുക്കനായി അമ്മയുടെ കൂടെ നടന്ന് സ്വപ്‌നത്തിന്റെ കാര്യമെല്ലാം വിസ്തരിച്ച താഷി പെട്ടന്നങ്ങോട്ട് കരച്ചിലായപ്പോള്‍ അമ്മയ്ക്ക് ചിരി വന്നു.

അമ്മ അവനെ താഴെനിന്ന് എടുത്തുപൊക്കി എന്നിട്ടവനെ മടിയിലരുത്തിക്കൊണ്ട് സോഫയിലിരുന്നു.
എന്നിട്ടവനെ പുന്നാരിച്ചു ചോദിച്ചു, “താഷിക്ക് കഥ പറഞ്ഞു തരാന്‍ ഇവിടെ അപ്പൂപ്പനില്ലേ ? എന്തുമാത്രം പുസ്തകം വായിയ്ക്കുന്നയാളാ അപ്പൂപ്പന്‍ അപ്പൂപ്പനറിയാവുന്നത്രയും കഥ വേറെ ആര്‍ക്കറിയാം താഷിക്കുട്ടാ?”

priya as, childrens stories , iemalayalam


അങ്ങനെ പറഞ്ഞ് അമ്മ അവന്റെ കണ്ണീര് തുടച്ചു കൊടുത്തു. അപ്പോഴേയ്ക്കും അതുവഴി വന്നല്ലോ അപ്പൂപ്പൻ.

അമ്മ അപ്പൂപ്പനോട്, “അച്ഛാ നമ്മുടെ താഷിക്കുട്ടന്‍ കണ്ട സ്വപ്‌നത്തില്‍ കാട്ടിലെ ഓരോരോ ജീവികള്‍ കഥ പറയുവായിരുന്നു. കരടി കഥ പറഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അപ്പോഴേയ്ക്കും നമ്മുടെ മിക്‌സിയുടെ പറപറ ഒച്ച കാരണം സ്വപ്‌നം മുറിഞ്ഞുപോയി. കരടി പറഞ്ഞോണ്ടിരുന്ന കഥയും പിന്നെ സിംഹവും പെരുമ്പാമ്പും മയിലും പറയാനായി റെഡിയാക്കി വച്ചിരുന്ന കഥയും അച്ഛനിയാമോ? അറിയാമെങ്കിൽ നമ്മുടെ താഷിക്കുട്ടന് അതെല്ലാം ഒന്നു പറഞ്ഞു കൊടുത്തേരെ.”

അപ്പൂപ്പന്‍ താഷിയെ കെട്ടിപ്പിടിച്ച് ചോദിച്ചു, “അതിനാണോ വിഷമം അവര് പറയാന്‍ റെഡിയാക്കി വച്ചിരിയ്ക്കുന്ന കഥകളൊക്കെ അവര്‍ക്ക് സപ്ലൈ ചെയ്യുന്നത് അപ്പൂപ്പനല്ലേ? അപ്പോപ്പിന്നെ അപ്പൂപ്പന് അറിയാണ്ടിരിക്കുമോ അവര്‍ പറയാനിരുന്ന കഥകള്‍?

ആഹാ, അങ്ങനെയാണോ എന്നു ചോദിച്ചത്ഭുതപ്പെട്ടു നിന്നു താഷി.

അപ്പോ അപ്പൂപ്പന്‍ അവനെ വിളിച്ചു, “വാ നമുക്ക് പോയിരുന്ന് കരടി പറഞ്ഞ കഥ ആദ്യം മുഴുവനാക്കാം. പിന്നെ ബാക്കിയുള്ളവരുടെ കഥകളും പറയാം.”

താഷി തല കുലുക്കി, അപ്പൂപ്പന്റെ കൈയും പിടിച്ച് മിക്‌സിയോടുള്ള പരാതിയും പരിഭവവും ഒക്കെ മറന്ന് നടന്നുപോകുന്നതും നോക്കിനിന്ന് അമ്മ, പൂപ്പാത്രത്തില്‍ പൂക്കള്‍ വച്ച് ഭംഗിയാക്കാന്‍ തുടങ്ങി.

അപ്പൂപ്പന്‍ പറയുന്ന കഥ കേട്ട് ചിരിയ്ക്കുന്നതിന്റെ താഷിയൊച്ച അപ്പുറത്തെ മുറിയില്‍നിന്ന് വന്നമ്മയെ തൊട്ടപ്പോള്‍, അമ്മ ചിരിയ്ക്കാന്‍ തുടങ്ങി.

പിന്നെ പൂപ്പാത്രമൊരുക്കല്‍ കഴിഞ്ഞപ്പോള്‍, അവരുടെ കൂടെ പോയിരുന്ന കഥ കേള്‍ക്കാം അവരെപ്പോലെ ചിരിയ്ക്കാം എന്നു വിചാരിച്ച് അമ്മയും അവരുടെ കഥ പറച്ചിലിടത്തേയ്ക്ക് നടന്നു.

നമ്മുടെ കോലാഹലക്കാരന്‍ മിക്‌സിയ്ക്കും കഥ കേള്‍ക്കണമെന്നു കൊതിയായിക്കാണുമോ ആവോ !

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal taashiyude swapnathilekku vanna kathakal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express