പുല്‍ത്തകിടിയിലെ നിലീനപ്പൂക്കളം

“പിറ്റേന്ന്, രാവിലെ എഴുന്നേറ്റ് അലീന തൊപ്പി കുടഞ്ഞ് മേഘങ്ങളെയൊക്കെ പുറത്തേയ്ക്ക് വിട്ടു. അവ കാറ്റത്ത് ആകാശത്തേയ്ക്ക് ഒഴുകിപ്പോയി. പിന്നെ ഓണവെയില്‍ ആ മേഘങ്ങള്‍ക്കിടയിലൂടെ അരിച്ചരിച്ച് അവളുടെ വീട്ടുമുറ്റത്ത് പരന്നു.” പ്രിയ എ എസ് എഴുതിയ കഥ

priya as, childrens stories , iemalayalam

നിലീനയുടെ വീടിനു മുമ്പില്‍ ഒരു പുല്‍ത്തകിടിയും അതിനു നടുവില്‍ ഒരു വലിയ പവിഴമല്ലി മരവുമുണ്ട്.

പൂപ്പായ വിരിച്ചതു പോലെ തോന്നും അതിന്റെ ചോട്ടില്‍ പൂ വീണു കിടക്കുന്നതു കണ്ടാല്‍. രാത്രിയിലാണ് പവിഴമല്ലിപ്പൂക്കള്‍ വിടരുക. നല്ല മണമാണതിന്. ബെഡ്‌റൂമിന്റെ തുറന്നിട്ട ജനലിലൂടെ മൂക്കു നീട്ടി കഴിയുന്നത്ര ആ മണം ഉള്ളിലേക്ക് വലിച്ചെടുത്തു രസിക്കും നിലീന. അങ്ങനെ ഉള്ളിലൊക്കെ പഴിഴമല്ലിപ്പൂമണവുമായാണ് അവള്‍ ഉറങ്ങാന്‍ കിടക്കുക.

രാവിലെ എഴുന്നേറ്റാലോ? ഓറഞ്ച് തണ്ടും ഇളം ക്രീം ഇതളുകളും ചേര്‍ന്ന പൂക്കള്‍ ചാഞ്ഞും ചരിഞ്ഞും തലകുത്തിയുമൊക്കെ കുസൃതിപ്പിള്ളേരെ പ്പോലെ പച്ചപ്പുല്ലില്‍ വീണു കിടക്കുന്നതു കണ്ടു കണ്ട് വീടിന്റെ മുന്‍വശത്തെ ചാരുകസേരയില്‍ അങ്ങനെ ചുമ്മാ കിടക്കും രാവിലെ കുറേനേരം നിലീന.

“അമ്മയുടെ പവിഴമാലയിലെ മുത്തിന്റെ പോലെ പവിഴനിറമുള്ളതു കൊണ്ടാണ് പവിഴമല്ലിക്ക് ആ പേരു കിട്ടിയതെന്ന്,” അച്ഛനവള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

“ശിവമല്ലിയെന്നും പേരുണ്ട് പവിഴമല്ലിക്ക്. ശിവന്റെ അമ്പലത്തിലൊക്കെ നട്ടുപിടിപ്പിക്കാറുള്ളതു കൊണ്ടാവും ആ പേരു വന്നതെന്നും,” അച്ഛന്‍ പറഞ്ഞു.

ചാരുകസേരയില്‍ നിന്ന് പിന്നെ പതുക്കെ എഴുന്നേറ്റ് ആരെങ്കിലും കാണുന്നുണ്ടോ എന്നു ചുറ്റും ചുറ്റും നോക്കി മുറ്റത്തേയ്ക്കിറങ്ങി ആ പവിഴമല്ലിച്ചോട്ടിലേക്ക് നടക്കും അവള്‍.

പിന്നെ ആ പുല്‍ത്തകിടിയിലവള്‍ മലര്‍ന്നു കിടക്കും. വെളുപ്പിനു പെയ്ത മഞ്ഞുതുള്ളികള്‍, പുല്‍ത്തുമ്പിലൊക്കെ പറ്റിപ്പിടിച്ചിരിയ്ക്കുന്നുണ്ടാവും. മഞ്ഞുതുള്ളികളുടെ പുല്‍ത്തണുപ്പില്‍ കിടക്കുന്ന അവളെ പുല്ലറ്റം, ഇക്കിളി കൂട്ടുമ്പോള്‍ അവള്‍ക്ക് ചിരിവരും.

priya as, childrens stories , iemalayalam

പുല്‍ത്തലപ്പുകളുടെ അറ്റത്തു കമ്മലുപോലെ തൂങ്ങിനില്‍ക്കുന്ന ചില മഞ്ഞുതുള്ളികളെ അവള്‍ വിരല്‍കൊണ്ടു തൊടും.വിരല്‍ത്തുമ്പു കൊണ്ടു തൊട്ടെടുത്ത് അവളത് മൂക്കില്‍ പറ്റിച്ചുവച്ച് ഒറ്റക്കല്‍ മൂക്കുത്തിയാക്കും.

അതിനിടെ ഇടയ്ക്കിടെ പൂവടര്‍ന്ന് അവളുടെ ദേഹത്തു വീഴും. പൂ വീണു വീണു മൂടിപ്പോയി അവളെയങ്ങു മുഴുവനായും കാണാതെയാകുമോ? അമ്മ വരുമ്പോ ‘അയ്യോ എന്റെ നിലീനമോളെ കാണാനേയില്ലല്ലോ,’ എന്നു പേടിക്കുമോ എന്നൊക്കെ അവളാലോചിക്കും.

അതിനിടെ, രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന് ലെറ്റര്‍ ബോക്‌സില്‍ തിരുകി വച്ച പത്രമെടുക്കാന്‍ അപ്പോഴേക്ക് അമ്മ മുന്‍വശത്തേക്ക് വരും.

പൂമരച്ചോട്ടില്‍ രസിച്ചു ചിരിച്ചു കിടക്കുന്ന അവളെ കണ്ട് അമ്മ, ‘അമ്പടീ’ എന്ന മട്ടില്‍ ഒരു നില്‍പ്പു നില്‍ക്കും.

“ആഹാ, എന്റെ കണ്ണു തെറ്റുമ്പോഴേക്ക് ഈ കുട്ടി ഓരോന്നൊപ്പിക്കുമല്ലോ, ഈ മഞ്ഞു കൊണ്ട് ജലദോഷം വരില്ലേ കുഞ്ഞേ,” എന്നു ചോദിച്ച് പിന്നെ അമ്മ അവളെ എണീപ്പിക്കാന്‍ നോക്കും.

അപ്പോഴതു വഴി വരും മുത്തച്ഛന്‍. “കുട്ടി അവിടെ ഇത്തിരി നേരം ആകാശത്തെയും സൂര്യനെയും കണ്ട്, പൂ വിടര്‍ന്ന് അവളുടെ മേത്തു വീഴുന്നതും രസിച്ച് അങ്ങനെ കിടന്നോട്ടെ. കുട്ടികളായിരിക്കുമ്പോഴല്ലേ ഇതിലെല്ലാം ഇത്ര രസമുള്ളു,” എന്നു പറയും മുത്തച്ഛന്‍. അവള്‍ക്കപ്പോ മുത്തച്ഛനോട്് ‘താങ്ക്യു’ പറഞ്ഞ് മുത്തച്ഛനെ കെട്ടിപിപിടിക്കാന്‍ തോന്നും.

അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞപ്പോ, പുല്‍ത്തകിടിക്ക് ചുറ്റും നിറയെ നന്ത്യാര്‍വട്ടം നട്ടു മുത്തച്ഛനും അമ്മയും കൂടി. നിലീനയാണതിന് ദിവസവും രാവിലെ നനച്ചതും ഓരോ ആഴ്ചയവസാനവും വളമിട്ടു കൊടുത്തതും. അങ്ങനെ നന്ത്യാര്‍വട്ടങ്ങളും വളര്‍ന്നു പൂക്കാന്‍ തുടങ്ങിയല്ലോ പെട്ടെന്ന് തന്നെ. അറിയാമോ വെളുത്ത പൂക്കളാണ് നന്ത്യാര്‍വട്ടത്തിന്.

നന്ത്യാര്‍ വട്ടത്തിന്റെ വെള്ളപ്പൂക്കളും പുല്‍ത്തകിടിയില്‍ ഓരോ ചെറുകാറ്റത്തും വീഴാന്‍ തുടങ്ങി. അതോടെ മുറ്റം കാണാനിപ്പോ എന്തൊരു ഭംഗിയാണെന്നോ!

പച്ചപ്പുല്‍ത്തകിടിയില്‍ വെള്ള നന്ത്യാര്‍വട്ടപ്പൂക്കളും ഇളം ക്രീമും പവിഴനിറവുമുള്ള പവിഴമല്ലിപ്പൂക്കളും ശരിക്കും ആരോ പൂക്കളമുണ്ടാക്കിയതുപോലെ. എന്തൊരു രസമാണ് ഇപ്പോ ചാരുകസേരയില്‍ കിടന്നും ഇടയ്ക്ക് പുല്‍ത്തകിടിയില്‍ കിടന്നും ആ പൂമണം അനുഭവിയ്ക്കാനെന്നോ.

priya as, childrens stories , iemalayalam

ഇന്നാളൊരു ദിവസം അമ്മയും വന്നു നിലീനയുടെ കൂടെ പുല്‍ത്തകിടിയില്‍ കിടക്കാനും വെള്ളത്തുള്ളി മൂക്കുത്തിയാക്കാനും മലര്‍ന്നു കിടന്ന് ആകാശം കാണാനും. “പഞ്ഞിപോലാകുന്നതു പോലെ അല്ലേ,” എന്നു ചോദിച്ചു അലീന അമ്മയോട്. അമ്മ അന്നേരം ‘അതെ’ എന്നു തലകുലുക്കി അവളെ കെട്ടിപ്പിടിച്ച് പഞ്ഞിപോലത്തെ ഒരു പതുപതാ ഉമ്മ കൊടുത്തു അവള്‍ക്ക്.

അമ്മ അന്ന് വെകുന്നേരം ഒരു കഥയെഴുതി. പഞ്ഞിപോലെയാകുമ്പോഴാണ് അമ്മ കഥയെഴുതുക എന്ന് അലീനയ്ക്കറിയാം. എന്നിട്ടാക്കഥ രാത്രി കിടക്കാന്നേരം അമ്മ അവള്‍ക്ക് പറഞ്ഞു കൊടുത്തു.

പഞ്ഞിപോലെ തന്നെയുണ്ടായിരുന്നു ആ കഥയും. ആകാശത്തിന്റെ കഥയായിരുന്നു അത്. കഥയിലൂടെ മേഘങ്ങള്‍ പഞ്ഞിപോലെ ഒഴുകി നടന്നു. അലീന അതിനെയെല്ലാം പിടിച്ച് ഒരു തൊപ്പിയിലാക്കി തൊപ്പി കമഴ്ത്തിവച്ചു.

പിറ്റേന്ന്, രാവിലെ എഴുന്നേറ്റ് അലീന തൊപ്പി കുടഞ്ഞ് മേഘങ്ങളെയൊക്കെ പുറത്തേയ്ക്ക് വിട്ടു. അവ കാറ്റത്ത് ആകാശത്തേയ്ക്ക് ഒഴുകിപ്പോയി. പിന്നെ ഓണവെയില്‍ ആ മേഘങ്ങള്‍ക്കിടയിലൂടെ അരിച്ചരിച്ച് അവളുടെ വീട്ടുമുറ്റത്ത് പരന്നു.

“ഓണം വന്നല്ലോ, പൂക്കളമിടുന്നില്ലേ,” എന്നു ചോദിച്ച് തുമ്പികള്‍ ഒണവെയിലിന്റെ ഇടയിലൂടെ പറന്നു നടന്നു.

“നോക്ക്, ഞങ്ങള്‍ടെ മുറ്റത്തെന്നും പവിഴമല്ലിപ്പൂവും നന്ത്യാര്‍വട്ടപ്പൂവും പുല്‍ത്തകിടിയും ചേര്‍ന്ന സുന്ദരപൂക്കളമുണ്ടല്ലോ, ഇനിയെന്തിനാ വേറെ പൂക്കളം, അല്ലേ അമ്മേ,” എന്നു ചോദിച്ചു നിന്നു അലീന.

“അതു ശരിയാണ്, ഇനി എന്തിനാ റോസാച്ചെടിയിലും സൂര്യകാന്തിച്ചെടിയിലും ശംഖുപുഷ്പവള്ളിയിലും ഒക്കെ നല്ല ഭംഗിയില്‍ നില്‍ക്കുന്ന പൂക്കള്‍ പറിച്ച പൂക്കളമിടുന്നത്, എന്നു അമ്മയും സമ്മതിച്ചു.

“അതു ശരിയാണ്, ശരിയാണ്,” എന്നു ചിറകിളക്കി മുറ്റത്തുകൂടെ പറന്നു തുമ്പികള്‍.

  • ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
  • Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

    Web Title: Priya as stories for kids onakathakal pulthakidiyile nilina pookalam

    Next Story
    കാണാതെ പോയ തൊപ്പിpriya as, childrens stories , iemalayalam
    The moderation of comments is automated and not cleared manually by malayalam.indianexpress.com