scorecardresearch
Latest News

പ്രാര്‍ത്ഥനയുടെ നീലക്കടൽ ഫ്ലാറ്റ്

കടലിനെ നോക്കിനില്‍ക്കുന്ന ഫ്‌ളാറ്റാണ് പ്രാര്‍ത്ഥനയുടേത്. അവിടെ നിന്നാല്‍ കാണുന്ന കപ്പല്‍ വിശേഷങ്ങളിലേയ്ക്ക് നമുക്കൊരു ബൈനോക്കുലേഴ്‌സ് വച്ചു നോക്കിയാലോ?

പ്രാര്‍ത്ഥനയുടെ നീലക്കടൽ ഫ്ലാറ്റ്

പ്രാര്‍ത്ഥന, ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു.

അങ്ങു ദൂരെ കടലും തുറമുഖവും കപ്പലുകളും കാണാം അവിടെ നിന്നാല്‍. ഒരു പാടു ദൂരത്തോളം ആകാശവും കാണാം. കടലിന് മുകളിലെ ആകാശമാണ് പ്രാര്‍ത്ഥന കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വിസ്താരമുള്ള ആകാശം. ചാരനിറമുള്ള ആകാശം, ഇളം നീല നിറമുള്ള കടലിനെ കുനിഞ്ഞ് ഉമ്മ വയ്ക്കുന്നതു പോലെയാണ് പ്രാര്‍ത്ഥനയ്ക്ക് തോന്നുക.

രാവിലെ സൂര്യനുദിക്കുമ്പോഴും വൈകുന്നേരം സൂര്യനസ്തമിക്കുമ്പോഴും ആകാശം, ആരും ഇതുവരെ വരച്ചിട്ടില്ലാതത്ത്ര ഭംഗിയുള്ള നിറക്കൂട്ടാവും. ശരിക്കും ഒരു പെയിന്റിങ്. ചിലപ്പോഴൊക്കെ അങ്ങനെ പെയിന്റിങ്ങാവുന്ന ആകാശം മറ്റു ചിലപ്പോള്‍ ഒരു കവിത ചൊല്ലും പോലെ നില്‍ക്കും, മറ്റു ചിലപ്പോഴത് കഥയാവും പറയുക.

കടലും കടലിന് മുകളിലെ ആകാശവും തുറമുഖവും കപ്പലുകളും നോക്കി നോക്കിയങ്ങനെ ബാല്‍ക്കണിയിലെ കസേരയിലിരുന്നാണ് രാവിലെ അമ്മ കൊണ്ടുകൊടുക്കുന്ന പാല് അവള്‍ മെല്ലെമെല്ലെ കുടിച്ചു തീര്‍ക്കുക. തൊട്ടപ്പുറത്തെ കസേരയില്‍ അച്ഛനുമമ്മയും ഇരിപ്പുണ്ടാവും ചായ ഊതിയൂതിക്കുടിച്ചു കൊണ്ട്.

ഇടയ്ക്കമ്മ പത്രം വായിയ്ക്കുന്നുണ്ടാവും. പക്ഷേ അച്ഛന്റെ കണ്ണ്, കപ്പലുകളിലും കടലിലും തന്നെയയായിരിക്കും.

“എത്ര നോക്കിയാലും കണ്ടാലും മതിവരാത്ത കാഴ്ചയാണ് കടല്‍,” അച്ഛന്‍ അവളോട് പറയും.

അമ്മ, അച്ഛനെ കളിയാക്കി പ്രാര്‍ത്ഥനയോട് പറയും “അമ്മയുടെ മുഖം മാറിയാലല്ല കടലിന്റെ മുഖം മാറിയാലാണ് അച്ഛന് നന്നായി മനസ്സിലാവുക.”

“കടലിലെ ഓരോ അനക്കത്തിലേക്കും കണ്ണ്, ദൂരദര്‍ശിനി പോലെ തിരിച്ചു പിടിച്ചാണ് മോളേ,നിന്റെ അച്ഛന്റെ ഇരിപ്പ്,” എന്ന് അമ്മ ചിരിയ്ക്കുമ്പോള്‍ പ്രാര്‍ത്ഥനയും അമ്മയുടെ കൂടെ ചിരിക്കും, അച്ഛനെ ഒളികണ്ണിട്ട് നോക്കി ക്കൊണ്ട് .

“അമ്മയും മോളും കൂടി അച്ഛനെ കളിയാക്കിക്കൊല്ലുകയാണല്ലേ,” എന്നച്ഛനപ്പോഴൊക്കെ മറുചിരി ചിരിക്കും.

priya as, childrens stories , iemalayalam

അച്ഛനപ്പോള്‍ പറയും , “അച്ഛന്‍ പഠിച്ച സ്കൂൾ കടലിനടുത്തായിരുന്നു. കടല്‍ത്തീരത്താണ് അച്ഛന്‍ ആദ്യമായി ഫുട്‌ബോള്‍ കളിച്ചത്. കടലില്‍ കൂട്ടുകാരുമൊത്ത് നീന്തിയാണ് അച്ഛന്‍ നീന്തല്‍ പഠിച്ചത്. പുറം കടലിലെ കപ്പലുകള്‍ക്കു ദിക്കു കാണിച്ചു കൊടുക്കുന്ന ലൈറ്റ് ഹൗസ് ആദ്യമായി കാണുന്നത് ഈ തീരത്തു നിന്നുകൊണ്ടാണ്.”

“രാത്രി നേരത്ത് ആ ലൈറ്റ് ഹൗസിന്റെ കറങ്ങിത്തിരിഞ്ഞുള്ള വെളിച്ചം വിതറലിന്റെ ഭംഗിയില്‍ ഓളം വെട്ടുന്ന കടല്‍ കണ്ടത്, ജീവിതത്തിലന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളില്‍ ഏറ്റവും ഭംഗിയുള്ളതായിരുന്നു.”

“എന്തു വിഷമം വരുമ്പോഴും അച്ഛനെ ആശ്വസിപ്പിക്കുന്ന ആളാണ് കടല്‍. കടല്‍ത്തീരത്ത് ചെന്നൊന്നിരുന്നാലോ കടല്‍ വെള്ളത്തിലേക്കൊന്നു കാല്‍ നീട്ടിയാലോ തീരാവുന്നതേയുള്ളു നമ്മള്‍ മനുഷ്യരുടെയൊക്കെ സങ്കടങ്ങള്‍. കടല്‍ത്തണുപ്പും കടലുപ്പും കടല്‍രസങ്ങളും കടല്‍ക്കാഴ്ചകളു മൊക്കെ അച്ഛന് ഈ ജീവിതത്തില്‍ മറക്കാന്‍ വയ്യ.”

അങ്ങനിരിക്കുമ്പോൾ, സൈറൺ പോലെ മുഴങ്ങുന്ന ഒരു ശബ്ദം കേള്‍ക്കും കടലില്‍ നിന്ന്. അച്ഛന്‍ പറയും, ‘അത് ഹാര്‍ബറിലേയ്ക്ക് വരുന്ന ഭീമന്‍ കപ്പലുകളുടെ ഹോണാണ് എന്ന്. ഓരോ ഹോണും ഓരോ തരം സന്ദേശമാണ്. നീളന്‍ ഹോണിനുള്ളത് ഒരര്‍ത്ഥം, ചെറു ഹോണിനുള്ളത് മറ്റൊരര്‍ത്ഥം അങ്ങനെയങ്ങനെ.’

കപ്പല്‍ ഹോണ്‍ കേള്‍ക്കുന്ന നിമിഷത്തില്‍ത്തന്നെ അച്ഛന്‍ തിരക്കിട്ട് ബാല്‍ക്കണിയില്‍ എത്തിയിരിക്കും. തുറമുഖത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന കപ്പല്‍, എണ്ണക്കപ്പലാണോ ചരക്കുകപ്പലാണോ നാവിക സേനയുടെ കപ്പലാണോ എന്നൊക്കെ അച്ഛന്‍ വിവരിച്ചു തുടങ്ങും.
പിന്നെ അച്ഛന്‍ അവളെ ബൈനോക്കുലേഴ്‌സിലൂടെ, കപ്പലിന് ചുറ്റും എത്ര ടഗ്ഗുകളാണ് നിരന്നിട്ടുള്ളത് എന്നു കാണിച്ചു കൊടുക്കും.

തുറമുഖത്തടുക്കാനായി പുറം കടലില്‍ നിന്നെത്തുന്ന കപ്പലിനെ, കപ്പലിന് പോകാന്‍ വിധത്തില്‍ ആഴത്തില്‍ മണ്ണുമാന്തി ഉണ്ടാക്കിയിരിക്കുന്ന ഇടുങ്ങിയ കപ്പല്‍ച്ചാലിലൂടെ നയിച്ചു കൊണ്ടു പോയി തുറമുഖത്ത് നങ്കുരമിടാന്‍ സഹായിയ്ക്കുന്ന ചെറുബോട്ടാണ് ടഗ്. കപ്പലിന്റെ യാത്രാഗതി ആഴച്ചാലിലൂടെത്തന്നെയാക്കാൻ സഹായിക്കുകയാണ് ടഗ് ചെയ്യുക.
.
“ചില അമ്മമാരും അച്ഛന്‍മാരും കുട്ടികളുടെ കൈ പിടിച്ച് ഇതിലേ, ഇതിലേ എന്നു പറഞ്ഞ് ഇടുങ്ങിയ, അപകടം പിടിച്ച വഴികളിലൂടെ കൂട്ടിക്കൊണ്ടു വരുന്നതു പോലെ അല്ലേ അച്ഛാ,” എന്നു ചോദിക്കും പ്രാര്‍ത്ഥന. അച്ഛനപ്പോള്‍ ‘അതെ, അതെ’ എന്ന് തലയാട്ടി ചിരിക്കും.

‘കപ്പലിന്റെ അമ്മയാണോ അച്ഛനാണോ ടഗ്,’ പ്രാര്‍ത്ഥന ആലോചിക്കും. കപ്പല്‍ കാഴ്ചയില്‍ കൂറ്റനാണെങ്കിലും കാഴ്ചയില്‍ ചെറുതായ ടഗിന്റെ മകനോ മകളോ ആണ്. അച്ഛമ്മ എന്തു ചെറുതാണ്, പക്ഷേ അച്ഛനോ ആറടി പൊക്കവും, ഏതാണ്ടതു പോലെയാണ് കപ്പലും ടഗ്ഗും.

വരക്കുന്ന രാധാന്റിയില്ലേ, അച്ഛന്റെയും അമ്മയുടെയും ഫ്രണ്ട്? രാധാന്റിയുടെ അച്ഛന്‍ ടഗ്ഗിന്റെ പൈലറ്റായിരുന്നു. ടഗ് ഓടിക്കുന്നയാളെ ഡ്രൈവര്‍ എന്നല്ല പൈലറ്റ് എന്നാണ് പറയുക.

നാവിക സേനാ ദിനം വരുമ്പോള്‍, ആര്‍ക്കും കപ്പലിൽ കയറിയിറങ്ങാം, അതിന് വേണ്ടി നമ്മുടെ ഡോക്കില്‍, ഒരു കപ്പലൊരുക്കി വയ്ക്കും. അങ്ങനെ അപ്പൂപ്പന്റെ കൂടെ ‘നേവി വീക്കി’നിടെ കപ്പല്‍ കാണാന്‍ പോയ കഥ അച്ഛന്‍ പറയുന്നതു കേള്‍ക്കുമ്പോള്‍, പ്രാര്‍ത്ഥനയ്ക്ക് കൊതിയാവും കപ്പലു കേറി കടലിനു നടുക്കു കൂടി, വെള്ളത്തില്‍ നിന്ന് ചാടി ഉയര്‍ന്ന് രസിച്ചു നടക്കുന്ന സ്രാവുകളെയും തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കണ്ട്, കണ്ട് യാത്ര ചെയ്യാന്‍.

priya as, childrens stories , iemalayalam

അച്ഛന്‍ പറഞ്ഞിട്ടുണ്ട് ലക്ഷദ്വീപിലേയ്ക്ക് അവളെ ഒരു കപ്പല്‍യാത്രയ്ക്ക് കൊണ്ടുപോകാം എന്ന്. അതിന് ഈ കൊറോണക്കാലം കഴിയണം. ഈ കൊറോണക്കാലത്ത് കപ്പല്‍ യാത്ര പോയിട്ട് കടല്‍ കാണല്‍ യാത്ര പോലും നടക്കുന്നില്ലല്ലോ.

ആര്‍ത്തലച്ചു പെയ്യുന്ന മഴത്തുള്ളികളിലേയ്ക്ക് ബാല്‍ക്കണിയില്‍ നിന്ന് കൈ നീട്ടുമ്പോള്‍ അച്ഛന്‍ പറയും ‘മഴയത്ത് കടല്‍ കാണാന്‍ എന്തു രസമാണ്.’

തുള്ളിത്തുള്ളി മഴവെള്ളം തിരകളിലേയ്ക്ക് വീണ് കടലിന് മാലയും പതക്കവും ഒക്കെ ഉണ്ടാക്കിക്കൊടുക്കുന്ന ആ കാഴ്ച കൊറോണാക്കാലത്തിനു മുമ്പേ കണ്ടത് ഓര്‍ത്ത് പ്രാര്‍ത്ഥന നില്‍ക്കും.

‘എല്ലാം വേഗം ശരിയാവും, എന്നെ കാണാന്‍ എളുപ്പം വരാനും പറ്റും പ്രാര്‍ത്ഥനയ്ക്ക്, ഈ കാലവും വേഗം കടന്നു പോകും,’ എന്നു പറഞ്ഞ് കടല്‍ അപ്പോള്‍ ഒരു നനുത്ത കാറ്റിനെ അയയ്ക്കും പ്രാര്‍ത്ഥനയുടെ അടുത്തേക്ക്.

അപ്പോ പ്രാര്‍ത്ഥനയ്ക്ക് വല്ലാതെ തണുക്കും. അവളച്ഛന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടും.
പിന്നെ അവര്‍, അച്ഛനു പരിചയമുള്ള ഒരു കടല്‍പ്പാട്ടുപാടും, ‘കടലേ, കടലേ നിന്നെത്തേടി വരാമേ ഞാന്‍, കടലിന്നടിയിലേ മണി മാണികയില്‍ മുത്തുണ്ടോ പൊന്നുണ്ടോ?’

അതുകേട്ട് ചിരിയക്കുന്നതുപോലെ, അപ്പോഴൊരു തിര കടലില്‍ നിന്നാര്‍ത്തു പൊങ്ങി വരുന്നത് പ്രാര്‍ത്ഥന നോക്കി നില്‍ക്കും. അതിനിടെ ടഗ്ഗിന്റെ ഹോൺ മുഴങ്ങും. കൂറ്റന്‍ കപ്പലൊരു അനുസരണക്കുട്ടിയായി അമ്മ ടഗ്ഗിന്റെ വഴികാട്ടലിനു മുന്നില്‍ നിന്നു കൊടുക്കുന്നതോര്‍ത്ത് പ്രാര്‍ത്ഥനയ്ക്ക് ചിരിവരും.

അവളുറക്കെ വിളിക്കും ‘കപ്പല്‍ക്കുട്ടീ,’

അവള്‍ക്ക് കപ്പലിനെ നന്നായി കാണാന്‍ പാകത്തില്‍ അപ്പോള്‍ കപ്പല്‍ മുകളിലെ ആകാശത്തിലെ മഴമേഘങ്ങള്‍ മാറി നിന്ന് കൊടുക്കും.

അപ്പോ പ്രാര്‍ത്ഥന പറയും, “എന്റെയും കൂട്ടുകാരാണ് കടലും കപ്പലും കടലാകാശവും കടല്‍മഴയും.”

“ഓ… ഒരച്ഛനും മകളും” എന്ന് ചിരിച്ച് അമ്മ ബാല്‍ക്കണിയിലെ ചെടികള്‍ക്ക് നനയ്ക്കാന്‍ തുടങ്ങും.

പ്രാര്‍ത്ഥനയും അച്ഛനും അമ്മയെ സഹായിച്ചും കടലിനെ നോക്കി നൂറു കൂട്ടം കുഞ്ഞുവിശേഷങ്ങള്‍ പറഞ്ഞും നില്‍ക്കും.

‘ഈ അച്ഛനെയും മകളെയും അമ്മയെയും എനിയ്ക്കിഷ്ടമാണേ,’ എന്നു പറഞ്ഞ് അപ്പോള്‍ കടല്‍ അതിന്നു മുകളിലെ തണുത്ത നീലച്ചാരയാകാശത്തില്‍ ഒരു മഴവില്ലു വരച്ചു വയ്ക്കും.

“കടലിനെ നോക്കി നില്‍ക്കുന്ന ഈ വീട് എന്തൊരു ഭാഗ്യമാണ്,” എന്ന് അപ്പോള്‍ അമ്മ പറയും.

‘കടല്‍ നീല’ എന്നവര്‍ പേരിട്ടിരിയ്ക്കുന്ന ആ ഫ്ലാറ്റിന്റെ ഇളം നീല ചുമരുകള്‍ അപ്പോള്‍ അഭിമാനം കൊണ്ട് തിളങ്ങും.

പ്രാര്‍ത്ഥന ഓടിപ്പോയി, ആ നെയിം പ്ലേറ്റില്‍ ഒരുമ്മ വയ്ക്കും. ഫ്ലാറ്റ് ചിരിക്കും, ദൂരെ കടലും ആകാശവും കപ്പലും ടഗും ചിരിയ്ക്കും, ആ ചിരികള്‍ ചേര്‍ന്ന്, പ്രാര്‍ത്ഥനയ്ക്ക് നല്ലതു വരുത്തണേ എന്നൊരു പ്രാര്‍ത്ഥനയാവും.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for kids onakathakal prarthanayude neelakadal flat