/indian-express-malayalam/media/media_files/uploads/2021/08/priya-3-3.jpg)
പാറുത്തങ്കം കളിപ്പാട്ട സിംഹത്തിനെ വച്ച് കളിക്കുകയായിരുന്നു.
സൂവില്‍ കാണുന്ന തരം എല്ലാ മൂഗങ്ങളുടെയും ഒരു കളിസെറ്റുണ്ട് പാറുവിന്. അതവള്‍ക്ക് രവിമാമന്‍ കൊണ്ടുക്കൊടുത്തതാണ്. അമ്മയുടെ അനിയനാണ് രവിമാമന്‍.
അതില്‍ കുരരങ്ങനും കടുവയും പാമ്പും മുതലയും ജിറാഫും കംഗാരുവും കരടിയും ഒക്കെയുണ്ട്. പക്ഷേ പാറുവിന് ഏറ്റവുമിഷ്ടം സിംഹത്തിനോടാണ്.
അവള്‍ക്ക് സിംഹത്തിലെ ഹ പറയാന്‍ കിട്ടില്ല. അതുകൊണ്ടവള്‍ സിംഹത്തിനെ 'സിമ്മം' എന്നാണ് വിളിയ്ക്കുന്നത്.
സിംഹത്തിന് ഒരുഗ്രന്‍ പേരൊക്കെയുണ്ട് കേട്ടോ.
ഗീവര്‍ഗ്ഗീസ് എന്നാണ് അതിന്റെ പേര്. സിംഹത്തിന് ആ പേരിട്ടത്, പാറുത്തങ്കത്തിന്റെ അപ്പൂപ്പനാണ് . നല്ല രസമല്ലേ "ഗീവര്‍ഗ്ഗീസ് സിംഹമേ, ഇവിടെ വാടാ, നീ വന്ന് ഇത്തിരി പപ്പടം കഴിച്ചോളൂ കേട്ടോ," എന്നൊക്കെ പറയാന്‍.
രവിമാമനതു കേള്‍ക്കുമ്പോഴൊക്കെ ഉറക്കെയുറക്കെ ചിരിക്കും. "സിംഹം , ഇറച്ചിയല്ലേ കഴിയ്ക്കുക, അത് പപ്പടവും പച്ചക്കറിയും ഒക്കെ കഴിയ്ക്കുമോ," എന്ന് ചോദിച്ചാവും രവിമാമന്റെ ചിരി.
"കാട്ടിലെ സിംഹമാണ് ഇറച്ചി കഴിയ്ക്കുക, വീട്ടില് കുട്ടികള് സൂക്ഷിക്കുന്ന കളിപ്പാട്ടസിമ്മങ്ങള്‍ ആ വീട്ടിലെ കുട്ടികള്‍ കഴിയ്ക്കുന്നതെല്ലാം കഴിയ്ക്കും, അതൊന്നും നിനക്കറിഞ്ഞു കൂടാ അല്ലേ ഇത്ര വളര്‍ന്നിട്ടും," എന്ന് അമ്മ അപ്പോള്‍ രവിമാമനെ ഉപദേശിക്കും.
ആഹാ, എന്നാലിത്തിരി പപ്പടം കൂടി പൊടിച്ചിട്ടു കൊടുത്തേക്കാം എന്നു വിചാരിക്കും അപ്പോ പാറുത്തങ്കം.
സിമ്മം തിന്ന് ബാക്കിയായ പപ്പടത്തരികളൊക്കെ വലിച്ചു കൊണ്ടുപോകാന്‍ ഉറുമ്പച്ചന്മാരും ഉറുമ്പത്തികളും കൂടി ഒരു വരവുണ്ട് പിന്നെ. ആ ഉറുമ്പുകളുടെ കടിയില്‍ നിന്ന് പാറുത്തങ്കം സിമ്മത്തിനെ രക്ഷിച്ചുകൊണ്ടോടും. സിമ്മത്തിന് ഭയങ്കര പേടിയാണെന്നേ ഈ കടിവീരന്മാരായ ഉറുമ്പുകളെ.
അമ്മ അതിനിടെ വന്ന് ഉറുമ്പുകളെയും പപ്പടത്തരിയെയും ഒക്കെ മുറ്റത്തേയ്ക്ക് അടിച്ചു കളയും.
/indian-express-malayalam/media/media_files/uploads/2021/08/priya-1-3.jpg)
പക്ഷേ എത്രയൊക്കെ അമ്മയും പാറുത്തങ്കവും സൂക്ഷിച്ചിട്ടും ഇന്നാളൊരു ദിവസം സിമ്മത്തെ ഉറുമ്പച്ചന്മാരും ഉറുമ്പത്തികളും കൂടി കടിച്ചൊരു വിധമാക്കി. പിന്നെ സിമ്മത്തിനെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകേണ്ടി വന്നു.
"ഇന്‍ജക്ഷനെടുത്താല്‍ മാത്രമേ ഉറുമ്പുകടിച്ചപ്പോ സിമ്മത്തിന്റെ ദേഹത്തൊക്കെ തടിച്ചുവീര്‍ത്തുപൊങ്ങിയത് മാറിക്കിട്ടൂ," എന്ന് ഡോക്ടര്‍ പറഞ്ഞു.
അതു കേട്ടതും സിമ്മം വലിയ വായിലേ നിലവിളിയായി. "ഇന്‍ജക്ഷന്‍ വേണ്ട, ഇന്‍ജക്ഷനെനിയ്ക്ക് പേടിയാണേ," എന്നു പറഞ്ഞായിരുന്നു സിമ്മത്തിന്റെ കരച്ചില്‍.
പിന്നെ പാറുത്തങ്കം എത്ര പാടുപെട്ടാണ് അതിനെ ഒന്നു സമാധാനിപ്പിച്ചെടു ത്തതെന്നോ!
ഇന്‍ജക്ഷനെടുക്കാന്‍ സമ്മതിച്ചാല്‍ പാറുത്തങ്കത്തിന്റെ കൈയിലുള്ള പൂമ്പാറ്റയുടെ സ്റ്റിക്കറും ക്രയോണ്‍ബോക്‌സും സിമ്മത്തിന് കൊടുക്കാമെന്ന് പറഞ്ഞു, പറഞ്ഞാണ് സിമ്മത്തിനെ പാറു, വശത്താക്കിയത്.
ഒരു കൈയില്‍ പൂമ്പാറ്റ സ്റ്റിക്കറും മറ്റേക്കൈയില്‍ ക്രയോണ്‍ബോക്‌സുമായി മലര്‍ന്നു കിടന്ന സിമ്മത്തിന്റെ തോളില്‍, പാറുവിന്റെ അമ്മയാണ് ഇന്‍ജക്ഷന്‍ കൊടുത്തത്.
ഇന്‍ജക്ഷന്‍ സൂചി കണ്ടതും സിമ്മം, പാറുവിനെ കെട്ടിപ്പിടിച്ച് കണ്ണും പൂട്ടി വിതുമ്പിക്കരഞ്ഞു കൊണ്ട് ഒറ്റക്കിടപ്പ്. അതിന്റെ മേലോ കാലോ കൈയോ അനങ്ങി, ഇന്‍ജക്ഷന്‍ സൂചി സ്ഥാനം മാറി കേറാതിരിക്കാനായി പാറു അതിനെ ചുറ്റിപ്പിടിച്ചിരുന്നു. ഇന്‍ജക്ഷന് ഉറുമ്പുകടിയേക്കാളും വേദന കുറവാണെന്ന് പിന്നീടത് പാറുവിന് പറഞ്ഞുകൊടുത്തു.
ഇന്‍ജക്ഷനെടുത്തതിന്റെ ക്ഷീണത്തില്‍ പിന്നെ ഗീവര്‍ഗ്ഗീസ് സിംഹം, പാറുവിന്റെ മടിയില്‍ തളര്‍ന്നു കിടന്നു. പാറു അവന് പാട്ടുപാടിക്കൊടുത്തു.
/indian-express-malayalam/media/media_files/uploads/2021/08/priya-2-3.jpg)
"ചാഞ്ചാടിയാടി ഉറങ്ങു നീ, ചരിഞ്ഞാടിയാടി ഉറങ്ങു നീ" എന്ന് പാറുവിനെ തൊട്ടിലില്‍ക്കിടത്തി അപ്പൂപ്പനാട്ടി ഉറക്കാറില്ലേ, അതേ പാട്ടുപാടി അതേ തൊട്ടിലില്‍ക്കിടത്തി അപ്പൂപ്പന്‍ തന്നെ അവനെ ഉറക്കണമെന്നവനപ്പോള്‍ വാശി പിടിച്ചു.
"പാവം നമ്മുടെ ഗീവര്‍ഗ്ഗീസല്ലേ, അവനെ അങ്ങനൊന്നുറക്കിയേരെ അപ്പൂപ്പാ," എന്ന് പാറു അപ്പോ അപ്പൂപ്പനോട് കെഞ്ചിപ്പറഞ്ഞു.
പിന്നെ അപ്പൂപ്പന്‍ വന്ന് അവന്‍ പറഞ്ഞതുപോലെ തൊട്ടിലാട്ടി പാട്ടും പാടി അവനെ ഉറക്കി. ദാ നോക്ക്, അവനിപ്പോ ഉറങ്ങിയതേയുള്ളു.
"ഉണര്‍ന്നെണിയ്ക്കുമ്പോ എനിയ്ക്ക് ലോലിപ്പോപ്പ് വേണം," എന്നു പറഞ്ഞിട്ടാണ് അവന്‍ ഉറങ്ങിയത്.
അതു കേട്ടപ്പോ രവിമാമന് പിന്നേം സംശയം. "സിംഹങ്ങള് ലോലിപ്പോപ്പ് ചപ്പിച്ചപ്പിയൊക്കെത്തിന്നുമോ അവര് വല്ല ജീവികളുടെയും എല്ലു നക്കി കഴിക്കുന്ന സാപ്പാട്ടുവീരന്മാരല്ലേ?"
പിന്നെയും അമ്മ തന്നെ വന്ന് രവിമാമനെ തിരുത്തി. "അതൊക്ക കാട്ടില് സിംഹങ്ങള് ചെയ്യുന്നതല്ലേ. ഇതിപ്പോ പാറുത്തങ്കത്തിന്റെ കളിസിമ്മമല്ലേ? അവന് ലോലിപ്പോപ്പു നുണയാം, ചോക്കോബാര്‍ തിന്നാം, പായസം കുടിയ്ക്കാം, ഉപ്പേരി തിന്നാം. ഇതൊന്നും ഇത്ര വലുതായിട്ടും നിനക്കറിയില്ലേ രവീ?"
രവിമാമന്‍ ആകെ നാണിച്ചുപോയെന്നു തോന്നുന്നു. പിന്നെ രവിമാമന്റെ പൊടിപോലും അവിടെ കണ്ടില്ല.
സിമ്മത്തിന്റെ തൊട്ടില്‍ ഒന്നു കൂടി ആട്ടി വിട്ടിട്ട്, പാറു ഫ്രിഡ്ജില്‍ ലോലിപ്പോപ്പുണ്ടോ എന്നു നോക്കാന്‍ പോയി.
ഭാഗ്യം രണ്ടെണ്ണമുണ്ട്. ഗീവര്‍ഗ്ഗീസ് സിമ്മം എണീക്കട്ടെ, എന്നിട്ട് ഒന്നിച്ചിരുന്ന് നുണയാം ലോലിപ്പോപ്പ് എന്നു വിചാരിച്ച് പാറുത്തങ്കം മുറ്റത്തെ ഊഞ്ഞാലയില്‍ പോയിരുന്ന് ആടാന്‍ തുടങ്ങി.
ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.