രാവിലെ മൂന്ന ഇഡ്ഢലിയും കഴിച്ച് ഒരു ഗ്‌ളാസ് പാലും കുടിച്ചു ദീപ്ത. എന്നിട്ട് വീടിന്റെ മുന്‍വശത്ത്, തൂണിലേയ്ക്കു ചാരി അരപ്രൈസില്‍ ഇരിയ്ക്കുകയായിരുന്നു അവള്‍.
അമ്മ അപ്പോള്‍ മുറ്റത്തേയ്ക്കിറങ്ങി ചെടിയ്ക്കു നയ്ക്കാനായിട്ട്.
“ദീപ്താ മോളെ… ഒറ്റയ്ക്കിരിക്കുന്നതെന്താ,” എന്ന് വിളിച്ചു ചോദിച്ചു അമ്മ മുറ്റത്തു നിന്ന്.
“ഒറ്റയ്ക്കല്ലല്ലോ അമ്മേ ഞാന്‍,” എന്നായി ദീപ്ത.
അപ്പോ അമ്മ തിരിഞ്ഞുനിന്ന് അവളിരിയ്ക്കുന്നിടത്തേയ്ക്ക് സൂക്ഷിച്ചുനോക്കി, ഇനിയെങ്ങാന്‍ അവളുടെ കൂടെ ആ അമ്മിണിപ്പൂച്ചയെങ്ങാനിരിപ്പുണ്ടാവുമോ?
ഏയ് അമ്മിണിയെയൊന്നും കാണാനില്ലല്ലോ ഈ പരിസരത്തെങ്ങും, അവള്‍ രാവിലെ മീന്‍കാരന്‍ വരുന്നുണ്ടോ എന്നു നോക്കി ഇടവഴിയില്‍ പോയി നില്‍പ്പുണ്ടാവും, പിന്നെ ഇതാര് കൂടെയുണ്ടെന്നാണ് ഈ കുട്ടി പറയുന്നത് എന്നാലോചിച്ചു അമ്മ.
“ദീപ്തമോളുടെ കൂടെ അമ്മയ്ക്കാരെയും കാണാന്‍ പറ്റുന്നില്ലല്ലോ, കൂടെയാരുമില്ലെങ്കില്‍പ്പിന്നെ ഒറ്റയ്ക്കിരിയ്ക്കുക എന്നല്ലേ ദീപ്തക്കൂട്ടീ നമ്മള് പറയുക,” എന്നു നിറയെ പൂത്ത റോസാച്ചെടിയുടെ അടുത്തുനിന്നു കൊണ്ടു ചോദിച്ചു അമ്മ.അപ്പോ അമ്മ ചിരിയ്ക്കുന്നുണ്ടായിരുന്നു.
“ഇവിടെ കാറ്റുണ്ട് എനിയ്ക്കു കൂട്ടിന്. ദാ ആ മാവിന്‍കൊമ്പത്തു നിന്നാണ് കാറ്റാശാന്‍ വരുന്നത്. അതെന്നെക്കാണാന്‍ തന്നെയാണമ്മേ വരുന്നത്. ദീപ്ത ഒരു നല്ല കുട്ടിയാണല്ലോ, സമ്മാനമായി കുറച്ചിലകള്‍ തരട്ടെ, പൂക്കള്‍ തരട്ടെ എന്നു ചോദിച്ചാണ് കാറ്റാശാന്റെ വരവ്. കണ്ടില്ലേ കാറ്റാശാന്‍ കൊണ്ടു വന്ന പലമാതിരി ഇലകളും ചുവന്നവാകപ്പൂവും കണിക്കൊന്നപ്പൂവും എന്റെയടുത്തു വീണു കിടക്കുന്നത്,” എന്നെല്ലാമായി അവളുടെ പറച്ചില്‍.

മുറ്റത്തുനിന്ന് അവളിരിയ്ക്കുന്ന അരപ്രൈസിലേയ്ക്ക് എത്തിവലിഞ്ഞു നോക്കി അമ്മ.
“ആഹാ. ശരിയാണല്ലോ, കുഞ്ഞിനു കൂട്ടായി കകാറ്റും കാറ്റുകൊണ്ടുവന്ന പൂവും ഇലയുമുണ്ടല്ലേ,” എന്നു ചോദിച്ചു.
അപ്പോ ദീപ്ത , വാകപ്പൂവെടുത്തു മണത്തുനോക്കി. എന്നിട്ട് പറഞ്ഞു, “കാറ്റു മാത്രമല്ല മേഘവും ആകാശവും സൂര്യനും എനിയ്ക്ക് കൂട്ടായി എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ടില്ലേ, അമ്മേ?എന്നെ രസിപ്പിയ്ക്കാനും സന്തോഷിപ്പിയ്ക്കാനുമാണ് മേഘങ്ങളാകാശത്ത് പല പല ചിത്രങ്ങള്‍ മാതിരി ഒഴുകിനടക്കുന്നത്. കണ്ടില്ലേ മേഘങ്ങളിപ്പോ ഒരു ദിനോസറിനെപ്പോലെ. ഇപ്പോ കുതിരയെപ്പോലെ. ഇപ്പോ പഞ്ഞിക്കൂട്ടം പോലെ. ഇപ്പോ ഐസ്‌ക്രീം കോണ്‍ പോലെ.”
ചെടിക്കു നനച്ചു നനച്ചു അമ്മ അപ്പോ രാജമല്ലിച്ചെടിയ്ക്കടുത്തെത്തിയിരുന്നു.
അമ്മ ആകാശത്തേയ്ക്കു നോക്കി, “ശരിയാണല്ലോ, കുഞ്ഞിന് കൂട്ടായി സൂര്യനും മേഘവും ആകാശവും ഉണ്ടല്ലോ. കുഞ്ഞിനെ പറ്റിച്ചു രസിയ്ക്കാനയിട്ടാവും സൂര്യനിപ്പോള്‍ ആ വലിയ മേഘത്തിന് പുറകിലൊളിച്ചത് അല്ലേ,” എന്നു ചോദിച്ചു .
“സൂര്യനും മേഘങ്ങളും കൂടി ഒളിച്ചേ, കണ്ടേ കളിയ്ക്കുകയാണമ്മേ,” എന്നു പറഞ്ഞു അപ്പോ നമ്മുടെ ദീപ്തക്കുട്ടി.
അമ്മ ചെടിക്കു നനക്കുമ്പോള്‍ ഹോസില്‍ നിന്നു ചിതറി വീഴുന്ന വെള്ളത്തുള്ളികള്‍ കൊക്കിലാക്കാന്‍ അപ്പോള്‍ എത്തിയല്ലോ എവിടുന്നെങ്ങാണ്ടു നിന്ന് കുറേക്കിളികള്‍. മാടത്ത, കരിയിലാം പീച്ചി, തേന്‍ കുരുവി, കാക്കത്തമ്പുരാട്ടി. ചെടികളില്‍ കാണുന്ന് പുഴുക്കളെയും ചെറുപ്രാണികളെയും അവര്‍ ഇടയ്ക്ക് കൊത്തിത്തിന്നുന്നുമുണ്ടായിരുന്നു.
“ഇവരും എനിയ്ക്ക് കൂട്ടായി വന്നതാണമ്മേ,” എന്നു വിളിച്ചു പറഞ്ഞു ദീപ്ത.

“വീട്ടിലെ ഒറ്റക്കുട്ടിയാണെങ്കിലും ദീപ്ത ഒരിയ്ക്കലും തനിയെ അല്ല, അല്ലേ? കാറ്റ്, പൂവ്, ഇല, ആകാശം, മേഘം, സൂര്യന്‍ ഇതൊക്കെ കൂട്ടുണ്ട് എല്ലാവര്‍ക്കും. അതൊന്നും കാണാനും രസിയ്ക്കാനും നേരമില്ലാത്തവരാണ് എപ്പഴും ഒറ്റയ്ക്കാവാറ് അല്ലേ,” എന്നു ചോദിച്ചു അമ്മ.
ദീപ്ത തലയാട്ടി.
അപ്പോ മഴവന്നു. അരപ്രൈസിലിരിയ്ക്കുന്ന ദീപ്തക്കുട്ടിയുടെ മുഖത്തേയ്ക്ക് കാറ്റില്‍ മഴത്തുള്ളികള്‍ ചാറി വീണു. ദീപ്തയ്ക്ക് മഴ നല്ലോണം രസിച്ചു.
മഴയ്ക്ക് ശക്തി കൂടിയപ്പോള്‍ മഴയോ ഞാനോ മുന്നില്‍ എന്ന മട്ടില്‍ അമ്മ മുറ്റത്തു നിന്ന് ഇറയത്തേയ്ക്ക് ഓടിക്കയറി. മഴ നനഞ്ഞ് അമ്മയ്ക്കും രസം പിടിച്ചത് കണ്ട് ദീപ്തയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.
അമ്മയും ദീപ്തയുടെ കൂടെ തൂണിലേയ്ക്ക ചാരി അരപ്രൈസിലിരുന്നു.
എന്നിട്ട് ചോദിച്ചു “ഈ ലോകത്ത് ആരും ഒറ്റയ്ക്ക് അല്ല അല്ലേ?”
അപ്പോ, അല്ലല്ലോ എന്നു പറയുമ്പോലെ കാറ്റ് വന്ന് മുറ്റത്തെ മുല്ലവള്ളിയില്‍ നിന്ന് രണ്ടു മൂന്ന് പൂവ് അമ്മയുടെ മടിയിലേയ്ക്ക് കൊണ്ടിട്ടു.
അമ്മ അതിലൊരെണ്ണമെടുത്ത് സ്വന്തം തലമുടിയില്‍ ചൂടി, ബാക്കി രണ്ടെണ്ണമെടുത്ത് ദീപ്തയുടെ തലമുടിയിലും ചൂടി.
‘ആരെയും ഒറ്റയ്ക്കാവാന്‍ സമ്മതിക്കാത്ത കാറ്റിനെയും ആകാശത്തെയും ചെടികളെയും കിളികളെയും കാണാന്‍ ദീപ്തക്കുട്ടിയ്ക്ക് കണ്ണുണ്ടായത് മഹാകാര്യം,’ എന്നു പറയുമ്പോലെ അപ്പോള്‍ വീണ്ടും ഒരു കാറ്റു വീശി. കാറ്റ് പറഞ്ഞതു കേട്ടിട്ടാവണം , “അമ്മേടെ മിടുക്കിക്കുട്ടി,” എന്നു വിളിച്ച് അമ്മ, ദീപ്തയെ ഉമ്മ വച്ചു.
“ആരും തനിച്ചല്ല, ആരുമൊറ്റയ്ക്കല്ല,” എന്നൊരു പാട്ടെഴുതിയാലോ എന്നു തോന്നി ദീപ്തയ്ക്ക്.
പക്ഷേ അവള്‍ അക്ഷരം പഠിച്ചു തുടങ്ങുന്നതല്ലേയുള്ളൂ, അതു കൊണ്ട് അമ്മ ഒരു കടലാസ്സില്‍ അവള്‍ പറയുന്നത് കേട്ടെഴുതി.
‘ദീപ്തക്കവീ’ എന്നാണ് മുറ്റത്തിനു കുറുകേ പറന്ന പച്ചക്കിളി പറഞ്ഞതെന്ന് അമ്മ പറഞ്ഞു. ദീപ്ത , അമ്മയ്ക്ക് ഒരു ഉമ്മ കൊടുത്തു. പിന്നെ അമ്മയുടെ മടിയില്‍ കിടന്ന് ആകാശം കാണാന്‍ തുടങ്ങി.