അറിഞ്ഞില്ലേ? അമലു പുതിയ വീടു പണിതു.
അമലു പണിതു എന്നു വച്ചാല്‍ അമലുവിന്റെ അച്ഛനും അമ്മയും പണിതു എന്നാണര്‍ത്ഥം. അമലു കുട്ടിയല്ലേ?
അമലുവിന്റെ കൈയിലിരിയ്ക്കുന്നോ കാശ്?കാശു സമ്പാദിയ്ക്കാന്‍ അമലുവിനുണ്ടോ ജോലി? അമലു വെറും ഒമ്പതു വയസ്സുള്ള ഒരു പീക്കിരിക്കുട്ടിയല്ലേ? അമലു സ്ക്കൂളില്‍ പോയി പഠിച്ച് തുടങ്ങുന്നല്ലേയുള്ളൂ. ഇനിയും എത്രയെത്ര നാളു കഴിഞ്ഞാലാണ് ഒരു ജോലിയൊക്കെ കിട്ടുക…
പറഞ്ഞില്ലല്ലോ. നാളെയാണ് അമലു പുതിയ വീട്ടിലേയ്ക്ക് മാറിത്താമസിയ്ക്കുന്നത്.
നാളെയാണ് നമ്മുടെ വീടിന്റെ പാലുകാച്ചല്‍ എന്നാണ് അമ്മയും അച്ഛനും പറയുന്നത്. അതിനെന്താ ഇത്ര വിശേഷം എന്നു വിചാരിച്ചു അമലു.
അവളത് ചോദിയ്ക്കുകയും ചെയ്തു അച്ഛനോടും അമ്മയോടും. അതൊക്കെ ഹരിതച്ചേച്ചി പറഞ്ഞു തരും, അച്ഛനുമ്മയ്ക്കും ഇത്തിരി തിരക്കുണ്ട് എന്നു പറഞ്ഞു രണ്ടാളും. അപ്പുറത്തെ ഫ്‌ളാറ്റിലെ കുഞ്ഞുചേച്ചിയാണ് ഹരിതച്ചേച്ചി.
ഹരിതച്ചേച്ചിയാണ് അമലുവിന് ആകെയുള്ള ഒരു കളിക്കൂട്ട്. പുതിയ വീട്ടില്‍ അടുപ്പു കത്തിച്ച് ആദ്യമായി പാലുകാച്ചുന്നത് ഒരു വലിയ സംഭവമാണെന്നു പറഞ്ഞു കൊടുത്തു ഹരിതച്ചേച്ചി അമലുവിന്. ഹരിതച്ചേച്ചിയൊക്കെ വീടുവച്ച് അവിടെ ആദ്യമായി താമസം തുടങ്ങിയപ്പോഴും പാലു കാച്ചിയത്രെ.
അടുപ്പില്‍ ഒരു വലിയ കലം വയ്ക്കും. എന്നിട്ടതില്‍ നിറയെ പാലൊഴിയ്ക്കും. എന്നിട്ട് തീ കത്തിയ്ക്കും. പാല്‍ തിളച്ച് അടുപ്പില്‍ തൂവണം. അപ്പോ അടുപ്പു കെടുത്തി പാലില്‍ പഞ്ചസാരയിട്ട് എല്ലാവര്‍ക്കും ഓരോ സ്പൂണില്‍ കൊടുക്കും. അതാണ് പാലു കാച്ചല്‍, ഹരിതച്ചേച്ചി അവള്‍ക്ക് പറഞ്ഞു കൊടുത്തു.
പാലു കാച്ചല്‍ തന്നെ വേണോ ആദ്യമായി സ്വന്തം വീട്ടില്‍ താമസിയ്ക്കുമ്പോള്‍, കുറച്ച് ഐസ്‌ക്രീമുണ്ടാക്കി എല്ലാവര്‍ക്കും ഓരോ സ്പൂണ്‍ കൊടുത്താല്‍ അതായിരിയ്ക്കില്ലേ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം എന്നമലുവിന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു അച്ഛനോടു അമ്മയോടും. അതിന് അച്ഛനെയും അമ്മയെയും ഒന്ന് കാണാന്‍ കിട്ടിയിട്ടുവേണ്ടേ ?

അച്ഛനും അമ്മയും വലിയ തിരക്കിലാണ് കുറേദിവസമായി. വീടുമാറ്റത്തിന്റെ അടുക്കിപ്പെറുക്കലിലാണ് അവര്‍ രണ്ടുപേരും.
പുതിയ വീട്ടിലേയ്ക്കുള്ള ഓരോന്ന് വാങ്ങുകയും നേരത്തേയുള്ളതൊക്കെ വലിയ കാര്‍ട്ടണുകളില്‍ ആക്കി കെട്ടിപ്പൂട്ടിവയ്ക്കുകയും ഒക്കെ വേണ്ടേ?
കൊറോണക്കാലമായതിനാല്‍ ആരെയും വിളിയ്ക്കണ്ട സഹായത്തിനും ഗസ്റ്റായിട്ടും എന്നാണ് അച്ഛന്റെയും അമ്മയുടെയും തീരുമാനം.
ഗസ്റ്റ് വന്നാലേ രസമുള്ളു, അവര്‍ വന്നാലേ പുതിയ വീടിന് നിറയെ സമ്മാനങ്ങള്‍ കിട്ടൂ എന്നാണ് ഹരിതച്ചേച്ചി പറഞ്ഞത്. ഓരോ ഗിഫ്റ്റ് പാക്കറ്റിന്റെയും വര്‍ണ്ണ റാപ്പറുകള്‍ മാറ്റി അതിനകത്തെന്താണെന്നു നോക്കുന്നതിലാണ് മഹാരസം എന്ന് ഹരിതച്ചേച്ചി പറഞ്ഞു.
ഗിഫ്റ്റ് പാക്കറ്റുകളില്‍ പാവക്കുട്ടികള്‍, കളിപ്പാട്ടങ്ങള്‍ ഒക്കെയുണ്ടാവുമോ എന്നു ചോദിച്ചു അമലു.
വീടിനെന്തിനാ കളിപ്പാട്ടം, അതൊക്കെ വേണ്ടത് നമ്മള്‍ കുട്ടികള്‍ക്കല്ലേ, വീടിനു വേണ്ടത് അടുക്കളപ്പാത്രങ്ങള്‍, പൂപ്പാത്രങ്ങള്‍, കസേരകള്‍, ഫാന്‍, റ്റേബിള്‍ മാറ്റ്, കര്‍ട്ടന്‍ ഇതൊക്കെയല്ലേ എന്നു ചോദിച്ചു ഹരിതച്ചേച്ചി.
അതു കേട്ടതും ഗിഫ്റ്റ് കിട്ടുന്നതോര്‍ത്തുള്ള, പൊതി അഴിച്ചതിനകത്ത് എന്താണെന്നു നോക്കുന്നതിലെ രസമോര്‍ത്തുള്ള രസമെല്ലാം പോയി അമലു ഇരുന്നു.
കുട്ടികള്‍ക്കെന്തിനാണ് മിക്‌സിയും പ്രഷര്‍കുക്കറും ഫാനും ഒക്കെ എന്നോര്‍ത്തു അമലു. അല്ലെങ്കിലും അതൊക്കെ ആവശ്യത്തിന് അമലു താമസിയ്ക്കുന്ന ഈ ഫ്‌ളാറ്റില്‍ തന്നെ വേണ്ടത്ര ഉണ്ടല്ലോ.
അതൊക്കെ പാക്ക് ചെയ്ത് പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി തയ്യാറാക്കിക്കഴിഞ്ഞു അച്ഛനുമമ്മയും ഹരിതച്ചേച്ചിയുടെ അച്ഛനുമമ്മയും ചേര്‍ന്ന്.
ഞങ്ങളുടെ വീടിന്റെ പാലുകാച്ചലിന് വന്ന ഗസ്റ്റുകള്‍ ,അവരുടെ കുട്ടികളെ കൂടി ഒപ്പം കൊണ്ടു വന്നിരുന്നു.
നേരത്തേ അറിയുന്ന കുട്ടികളും ഇതുവരെ കാണാത്ത കുട്ടികളും എല്ലാം ചേര്‍ന്ന് വലിയൊരു കുട്ടിക്കൂട്ടം, ഞങ്ങളെല്ലാം കൂടി കളിയോ കളി തന്നെയായിരുന്നു എന്ന് ഹരിതച്ചേച്ചി പറഞ്ഞപ്പോള്‍ അമലുവിന് പാലുകാച്ചലിന് അതിഥികളെ വിളിയ്ക്കാന്‍ പറ്റാതാക്കിയ കൊറോണയോട് ഭയങ്കര ദേഷ്യം വന്നു.
അല്ലെങ്കിലും കുട്ടികളുടെ രസം കളയാനാണ് ഈ കൊറോണ വന്നിരിക്കുന്നത് എന്നോര്‍ത്തു അമലു. സ്‌ക്കൂളുണ്ടായിരുന്നെങ്കില്‍ അവളുടെ റ്റീച്ചേഴ്‌സിനെയും കൂട്ടുകാരെയും ഒക്കെ വിളിക്കാമായിരുന്നു, അവര്‍ക്ക് സദ്യ കൊടുക്കാമായിരുന്നു, പുതിയ വീട് കാണിച്ചു കൊടുക്കമായിരുന്നു.
പുതിയ വീട്ടില്‍ അമലുവിന് മാത്രമായി ഒരു മുറിയുണ്ട്. ഇതുവരെ അച്ഛനുമമ്മയ്ക്കും ഒപ്പമായിരുന്നല്ലോ അവളുടെ കിടപ്പ്.
തന്നെയുമല്ല എല്ലാ ബാത്‌റൂമിനും ഒരു ബാത് റ്റബ്ബുണ്ട് . സിനിമയിലൊക്കെ കാണുനന്നതു പോലെ, കുളിയ്ക്കാന്‍ തയ്യാറായി ബാത് റ്റബ്ബില്‍ കിടന്നു കൊണ്ട് അമലു നീളമുള്ള മെലിഞ്ഞ ഗ്‌ളാസില്‍ ഓറഞ്ച് ജ്യൂസ് കഴിയ്ക്കും.
പിന്നെ വീടിനകത്ത് ഊഞ്ഞാല്‍ക്കട്ടിലുണ്ട്. പോരാഞ്ഞ് ഒരു പുതിയ റോക്കിങ് ചെയറും വാങ്ങിയിട്ടുണ്ട് അച്ഛനും അമ്മയും അവള്‍ക്കായി. ഇനി അവളതിലിരുന്ന് ആടിയാണ് കഥാപ്പുസ്തകമൊക്കെ വായിയ്ക്കുക.
മുറ്റത്ത് പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്ന് അമലുവിനിനി ആകാശത്ത് മഴവില്ലു വിരിയുന്നുണ്ടോ എന്നും നോക്കാം.
ഒരു കൊച്ച് നീന്തല്‍ക്കുളവും ഉണ്ട് മുറ്റത്ത്. അവളും കുഞ്ഞു മീനുകളും കൂടി അതിലൂടെ മത്സരിച്ച് നീന്തും.
ഫ്‌ളാറ്റില്‍ മണ്ണില്ലല്ലോ, പുതിയ വീട്ടില്‍ ധാരാളം മുറ്റമുണ്ട്, ചെടിഭ്രാന്തിയായ അമ്മയ്ക്ക് ഇഷ്ടം പോലെ ചെടി നടാനാവും മണ്ണിലും ചെടിച്ചെട്ടിയിലുമായി.

പക്ഷേ ഒരു സങ്കടമുണ്ട് അമലുവിന് വീടുമാറുന്നതില്‍. ഹരിതച്ചേച്ചിയെ എന്നും കാണാന്‍ പറ്റില്ല ഇനി. സ്‌ക്കൂള്‍ തുറക്കുമ്പോള്‍ ഒന്നിച്ച് ഒരേ വാനില്‍ സ്ക്കൂളില്‍ പോകാനും പറ്റില്ല.
ഇടയ്‌ക്കൊക്കെ നമുക്കങ്ങോട്ട് ചെല്ലാം, ഇടയ്‌ക്കൊക്കെ അവരിങ്ങോട്ട് വരികയും ചെയ്യും എന്നാണ് അമ്മയും അച്ഛനും പറഞ്ഞിരിയ്ക്കുന്നത്.
അവരൊന്നിച്ച് ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ട് നില്‍ക്കുന്നത് നോക്കി രസിച്ചും ഇടയ്ക്കസൂയപ്പെട്ടും, അങ്ങു ദൂരെ കടലിന്റെ തുറമുഖത്ത് കിടക്കുന്ന കപ്പലുകളെയും ഇനി കാണാന്‍ പറ്റില്ല.
അവളാ സങ്കടം പറഞ്ഞപ്പോള്‍, “കൈയിലിരിയ്ക്കുന്നത് പോകാനും വയ്യ, ഉത്തരത്തിലിരിയ്ക്കുന്നത് എടുക്കുകയും വേണം എന്നു വച്ചാല്‍ അത് പറ്റുമോ അമലുക്കുട്ടീ,” എന്നു ചോദിച്ചു ചിരിച്ചു ഹരിതച്ചേച്ചിയുടെ അച്ഛന്‍.
അമലുവിന് അതെന്താ അപ്പറഞ്ഞത് എന്നു മനസ്സിലായില്ല. അപ്പോ ഹരിതച്ചേച്ചിയുടെ അച്ഛന്‍ വിശദീകരിച്ചു, പുതിയ വീട്ടിലെ സൗകര്യങ്ങളും വേണം, കപ്പല്‍ കാണാന്‍ പാകത്തിലുള്ള പഴയ ഫ്‌ളാറ്റിലെ ബാല്‍ക്കണിയും വേണം എന്നു പറഞ്ഞാല്‍ നടക്കുമോ അമലുക്കുട്ടീ.
അമലുവിനത് കേട്ട് ചിരി വന്നു. ചിരിയ്ക്കുന്ന അമലുവിനെ ഒന്നു കൂടി ചിരിപ്പിച്ചു ഹരിതച്ചേച്ചി ഇക്കിളിയിട്ട്. പിന്നെ അവര് രണ്ടും കൂടി അമലുവിന്റെ പാവക്കുട്ടികളും സ്റ്റോറി ബുക്കുകളും ക്രയോണുകളും റ്റെഡിബെയറുകളും ക്രിക്കറ്റ് ബാറ്റുമൊക്കെ അച്ഛന്‍ കൊണ്ടുവന്ന് അമലുവിന്റെ പ്രിയപ്പെട്ട സാധനങ്ങള്‍ എന്നെഴുതി ഒട്ടിച്ച വലിയ ബോക്‌സിലേയ്ക്ക് പാക്ക് ചെയ്യാന്‍ തുടങ്ങി.
ഇടയ്ക്ക് അമലു എല്ലാവരോടുമായി വിളിച്ചു ചോദിച്ചു, ഈ ഹരിതച്ചേച്ചിയാണ് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കളിവസ്തു. ചേച്ചിയെയും കൂടി ഞാനിതിനകത്തേയ്ക്ക് കയറ്റട്ടെ?
ഞാനവിടെ വന്ന് അമലുവിന്റെ കൂടെ കുറച്ചുദിവസം താമസിയ്ക്കാം, അതുപോലെ അമലു ഇവിടെ എന്റെ കൂടെ താമസിയ്ക്കാനും വരണം എന്നു പറഞ്ഞ് എഴുന്നേറ്റു ചെന്ന് അവളെ ഉമ്മ വച്ചു ഹരിതച്ചേച്ചി.
അമലു അപ്പോ ഹരിതച്ചേച്ചിയെ കെട്ടിപ്പിടിച്ചു. എല്ലാതിരക്കും മറന്ന് അമലുവിന്റെ അച്ഛന്‍ മൊബൈലെടുത്ത് തുരുതുരെ ഫോട്ടോയെടുത്തു. എന്നിട്ട് പറഞ്ഞു, ‘ഒരു വീടുമാറ്റത്തിന്റെ ഓര്‍മ്മയ്ക്ക്.’ .
ആ ഫോട്ടോകള്‍ കാണാന്‍ അമലുവിന്റെ അമ്മയും ഹരിതച്ചേച്ചിയുടെ അമ്മയും ഒക്കെ വട്ടം കൂടി നിന്നു.
ഇവിടെ എന്താ സംഭവം എന്നറിയാന്‍ ബാല്‍ക്കണിക്കപ്പുറം നിന്ന് ഒരു കപ്പല്‍ കുസൃതിയോടെ എത്തിനോക്കുന്നുണ്ടെന്ന് തോന്നുന്നു എന്ന് അമലു പറഞ്ഞതു കേട്ട് എല്ലാവരും കുലുങ്ങിച്ചിരിച്ചു.
കുട്ടികള്‍ പിന്നെയും അവരുടെ പാക്കിങ് തുടര്‍ന്നു, വലിയവര്‍ അവരുടെ പാക്കിങ്ങും.