scorecardresearch

ഒരു വഴക്കും വീഴ്ചയും നിറങ്ങളും

സൈക്കിളോടിക്കലിനിടയില്‍, അലന്റെ സൈക്കിളും നെറ്റിയും ചെന്ന് ഭിത്തിയിലിടച്ചപ്പോള്‍ അലനും അനിയത്തി അന്നം കുട്ടിയും ചേര്‍ന്ന് അലന്റെ നെറ്റിയിലെ മുഴയ്ക്ക് ക്രയോണ്‍ കൊണ്ട് നിറം കൊടുത്ത് രസിച്ച കഥ

സൈക്കിളോടിക്കലിനിടയില്‍, അലന്റെ സൈക്കിളും നെറ്റിയും ചെന്ന് ഭിത്തിയിലിടച്ചപ്പോള്‍ അലനും അനിയത്തി അന്നം കുട്ടിയും ചേര്‍ന്ന് അലന്റെ നെറ്റിയിലെ മുഴയ്ക്ക് ക്രയോണ്‍ കൊണ്ട് നിറം കൊടുത്ത് രസിച്ച കഥ

author-image
Priya A S
New Update
priya as, childrens stories , iemalayalam

അന്ന രാവിലെ എണീറ്റു വരുന്നതിനും മുമ്പേ അലന്‍ കളി തുടങ്ങിയിരുന്നു.
അന്നയുടെ ചേട്ടനാണ് അലന്‍. വീടിന്റെ വരാന്തയില്‍ നെടുനീളത്തില്‍ പച്ച സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു അലന്‍.

Advertisment

സൈക്കിളിന്റെ പുറകിലെ മഞ്ഞ സീറ്റില്‍ കളിയാത്രക്കാരായി അന്നയുടെ രണ്ടു റ്റെഡി ബെയറുകളുണ്ടായിരുന്നു. ചാരനിറ ടെഡി ബെയറിന്റെ പേര്,ജോ എന്നും വെള്ള ടെഡിയുടെ പേര്, ടോം എന്നുമായിരുന്നു.

"മുറുക്കെ പിടിച്ചിരുന്നോണേ എന്നെ, അല്ലെങ്കില്‍ ഞാന്‍ സൈക്കിളിന്റെ സ്പീഡ് കൂട്ടുമ്പോ നിങ്ങള് താഴെ വീഴുമേ, പിന്നെ അയ്യോ പൊത്തോ എന്ന് കരഞ്ഞാല്‍ ഞാന്‍ തിരിഞ്ഞുനോക്കൂല്ല കേട്ടോ," എന്നൊക്കെ തന്റെ കളിയാത്രക്കാരോട് സംസാരിച്ചു കൊണ്ടായിരുന്നു അലന്റെ സൈക്കിളോട്ടം.

പെട്ടെന്നാണ് അന്ന പ്രത്യക്ഷപ്പെട്ടത്. അന്ന, ഉറക്കമുറിയില്‍ നിന്നെണീറ്റുവന്നത് അലന്‍ കണ്ടതു കൂടിയില്ലായിരുന്നു. അതു കൊണ്ടുതന്നെ അവളലറിക്കരഞ്ഞപ്പോ, അലന്‍ ആകപ്പാടെ ഒന്ന് ഞെട്ടിപ്പോയി.

Advertisment

"എന്നെ കൂട്ടാതെ അലന്‍ ചേട്ടന്‍ സൈക്കിളോടിക്കുന്നേ, എന്നോടു ചോദിയ്ക്കാതെ എന്റെ ടെഡി ബെയറുമാരെ എടുത്തോണ്ടു പോയേ," എന്നു പറഞ്ഞായിരുന്നു അന്നയുടെ നിലവിളി.

അലന്‍ തത്ക്കാലം സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തി. എന്നിട്ട് 'എന്തിനാ മോള് കരയുന്നത്?' എന്നവളുടെ തലയില്‍ തലോടി ചോദിച്ചു. അവളലന്റെ കൈ അവളുടെ തലയില്‍ നിന്ന് പിടിച്ചു മാറ്റി, 'മിണ്ടൂല്ല' എന്ന് അലനോട് പിണക്കആംഗ്യം കാണിച്ചു.

"എന്തിനാ അലന്‍ അവളെ കരയിക്കുന്നത്," എന്നകത്തു നിന്നെങ്ങാണ്ടു നിന്നോ അമ്മ വിളിച്ചു ചോദിച്ചു.

"ഞാനൊന്നും ചെയ്തിട്ടല്ല, ഇവള് തന്നെ തോന്നി ചുമ്മാ കരയുന്നതാ, അല്ലേല്‍ അമ്മ വന്നു നോക്ക്," എന്നു വിളിച്ചു പറഞ്ഞു അലന്‍.

അപ്പോ അമ്മ രംഗപ്രവേശം ചെയ്തു. എന്നിട്ട് സൈക്കിളിനെയും ടെഡി ബെയറുമാരെയും അന്നയെയും അലനെയും ആകപ്പാടെ ഒന്നു നോക്കി.

"അന്നയ്ക്ക് അലന്‍ ചേട്ടന്റെ പുറകിലിരുന്ന് സൈക്കിളില്‍ പോകണോ," എന്നു ചോദിച്ചു അമ്മ. അന്ന തലകുലുക്കി.

priya as, childrens stories , iemalayalam


"ഒന്നവളെ ഇരുത്തി ഇത്തിരി നേരം സൈക്കിളോടിക്കൂ അലന്‍ കുട്ടാ," എന്നു ശുപാര്‍ശ ചെയ്തു അമ്മ. എന്നിട്ട് അമ്മ , സൈക്കിള്‍പ്പുറകിലിരുന്ന രണ്ടു ടെഡിമാരെയും എടുത്ത് മാറ്റി, അന്നയ്ക്കിരിയ്ക്കാന്‍ സ്ഥലമുണ്ടാക്കി.

"അന്നം കുട്ടീ, വാ... വന്നിരി," എന്ന് അലന്‍ അവളെ ക്ഷണിച്ചു. അന്ന, ഓടിച്ചെന്ന് സൈക്കിള്‍പ്പുറകിലെ സീറ്റില്‍ ഇരുന്നു. അലന്‍, അവളെയുമിരുത്തി സൈക്കി ളോടിക്കുന്നതു കണ്ട് അമ്മ പിന്നെയും അകത്തേയ്ക്കെങ്ങാണ്ടോ പോയി.

അന്ന, സൈക്കിള്‍പ്പുറകിലിരുന്ന് അലനെ കെട്ടിപ്പിടിച്ച് കുലുങ്ങിച്ചിരിച്ചു. നിലത്ത് ചിതറി്കിടന്നിരുന്ന പ്ളാസ്റ്റിക് പുലിയോടും കടുവയോടും മീനിനോടും താറാവിനോടും അണ്ണാനോടും, "വണ്ടി വരുന്നേ, മാറിക്കോ," എന്നുറക്കെ വിളിച്ചു പറഞ്ഞു അലന്‍.

അവള്‍ക്കാ പറച്ചില്‍ ഇഷ്ടമായി. അവളതേറ്റു പറഞ്ഞു.

"വഴി മാറിത്തരാന്‍ അവര്‍ക്ക് ജീവനില്ല അന്നം കുട്ടീ," എന്നവന്‍ പെട്ടെന്നോര്‍ത്തു പോലെ ഇടയ്ക്ക് അവളോട് പറഞ്ഞു.

"അതു ശരിയാണല്ലോ, എന്നവളും പെട്ടെന്നോര്‍മ്മ വന്ന ഒരു കാര്യം പോലെ പറഞ്ഞു. അവരെയൊന്നും ഇടിക്കാതെ അവരുടെയെല്ലാം ഇടയില്‍ക്കൂടി സൈക്കിള്‍ അതുവഴി, ഇതുവഴി വെട്ടിച്ചോടിച്ചു അലന്‍.

അന്ന, "അതു കൊള്ളാം," എന്നു പറഞ്ഞ് കൈകൊട്ടിക്കൊണ്ടേയിരുന്നു.

"സൈക്കിളീന്നിറക്കി വിട്ടപ്പോ, ടോമിനും ജോയ്ക്കും സങ്കടമായിക്കാണുമോ ചേട്ടാ," എന്നവള്‍ അലന്റെ കഴുത്തില്‍ക്കൂടി കൈയിട്ടു കൊണ്ട് ചോദിച്ചു.

"അവരേം കൂടി കൂട്ടാം ചേട്ടാ നമുക്ക്," എന്നവള്‍ പറഞ്ഞപ്പോ, അലന്‍ സൈക്കിള്‍ നിര്‍ത്തി ജോയെ എടുത്ത് അവന്റെ മടീലും ടോമിനെ എടുത്ത് അവളുടെ മടിയിലും വച്ചു. എന്നിട്ടങ്ങനെ നാലാളുമായി അവര് യാത്ര പോയിക്കൊണ്ടിരിക്കെ, വണ്ടി ചെന്ന് ഭിത്തിയിലടിച്ചു.

വണ്ടിയോടിച്ചിരുന്നത് അലനാണല്ലോ, അവന്റെ നെറ്റി മുഴച്ചു വന്നു. അപ്പോഴല്ലേ അവന്‍ കാണുന്നത്, സൈക്കിളിടിച്ചതിന്റെ ഊക്കില്‍ അന്ന താഴെ വീണു കിടപ്പാണ്.

വീണിട്ട് അവള്‍ക്ക് ഒന്നും പറ്റിയിട്ടൊന്നുമില്ല. എന്നാലും നിലത്ത് വീണതിന്റെ ഞെട്ടല്‍ സഹിക്കാന്‍ പറ്റാതെ, വലിയ വായില്‍ കരഞ്ഞ് അവള്‍ ആകെ പ്രശ്നമാക്കുമെന്ന തോന്നി അലന്. അലന്റെ നെറ്റിയിലെ മുഴ കണ്ടാവും അവള്‍, കരയണ്ട എന്നു തീരുമാനിച്ചു എന്നു തോന്നുന്നു.

അന്ന നിലത്തു നിന്ന് എണീറ്റ് ഓടി വന്ന്, അവര്‍ രണ്ടാളും വീഴുമ്പോള്‍ അമ്മ ചെയ്യുമ്പോലെ, തണുത്ത വെള്ളം എടുത്തു കൊണ്ടുവന്നു. എന്നിട്ട് അവന്റെ നെറ്റി അമര്‍ത്തി തിരുമ്മിക്കൊടുത്തു.

അലന് നെറ്റി നോവുന്നുണ്ടായിരുന്നു. 'കുട്ടികളായാല്‍ തട്ടിമുട്ടി വീഴുകയൊക്കെ ചെയ്യും, വീണാല്‍ കരയാന്‍ നിന്നാല്‍ അതിനേ നേരം കാണൂ,' എന്നു പറയാറുണ്ടല്ലോ അമ്മയും പിന്നച്ഛനും. അതോര്‍മ്മ വന്നപ്പോള്‍ അലന്‍ സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി, ഒന്നും സംഭവിക്കാത്തുപോലെ നിന്നു.

"നമക്ക് സൈക്കിളിന് വല്ലതും പറ്റിയയോന്ന് നോക്കാം അന്നം കുട്ടീ, നീയും വാ," എന്നു പറഞ്ഞു പിന്നെ അലന്‍.

സെക്കിളിന്റെ മുന്‍വശം ഭിത്തിയിലിടിച്ചപ്പോള്‍, അതിന്റെ ഇത്തിരി പെയിന്റ് ഇളകിപ്പോയിട്ടുണ്ടായിരുന്നു. 'അതു സാരമില്ല, നമുക്ക് നമ്മുടെ പച്ച ക്രയോണ്‍ വച്ചത് പെയിന്റ് ചെയ്തു ശരിയാക്കിയെടുക്കാം' എന്നു പറഞ്ഞു അവന്‍.

അന്ന ക്രയോണ്‍ എടുക്കാനകത്തേയ്ക്ക് ഓടിപ്പോയി. അവള്‍ ക്രയോണ്‍ ബോക്‌സുമായാണ് തിരികെ വന്നത്.

priya as, childrens stories , iemalayalam

അപ്പോഴും അലനിരുന്ന് നെറ്റി തിരുമ്മുകയായിരുന്നു. പെട്ടെന്ന് അന്നയ്ക്ക് ഒരു ഐഡിയ വന്നു. നെറ്റി മുഴച്ചതിന്മേല്‍ ഒരു കളറു കൊടുത്താലോ? അവള്‍ മുട്ടുകുത്തി നിന്നവന്റെ നെറ്റിയിലെ മുഴയില്‍ നീലയും മഞ്ഞയും നിറം കൊടുത്തു.

പിന്നെ അവര്‍ രണ്ടാളും കൂടി എണീറ്റു പോയി കണ്ണാടിയില്‍ നോക്കി. നെറ്റിയിലെ മഞ്ഞ-നീല മുഴ അവരെ നോക്കി ചിരിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നി.

ലോകത്താദ്യമായിട്ടാവും അങ്ങനെ നിറമുള്ള ഒരു മുഴ ഏതെങ്കിലും കുട്ടിക്കെന്നാവും ഭിത്തിയിലിരുന്നു ചിലച്ച പല്ലി പറഞ്ഞതെന്ന് അവര്‍ക്ക് തോന്നി.

"നീ അനങ്ങാതിരുന്നാല്‍ നിന്നെയും പല നിറങ്ങളടിച്ചു ഭംഗിയാക്കി ത്തരാം," എന്ന് അലനും അന്നയും ആ പല്ലിക്കുട്ടനോട് പറഞ്ഞെങ്കിലും അവന്‍, "ഇപ്പോ ഇത്തിരി തിരക്കുണ്ടേ, എനിക്കൊരു തുമ്പിയെ പിടിച്ച് സാപ്പിടാനുണ്ട്," എന്നു പറഞ്ഞ് എങ്ങോട്ടോ പോയി.

എന്നാപ്പിന്നെ ഒരുപാട് നിറങ്ങളുള്ള ഒരു പല്ലിയെ ഭിത്തിയില്‍ വരച്ചു വച്ച് അത്ഭുതപ്പെടുത്താമെന്ന് കുട്ടികള്‍ രണ്ടും അതിനിടെതീരുമാനിച്ചു.

അവർ, ഭിത്തിയില്‍ പല്ലിയെ വരയ്ക്കാന്‍ തുടങ്ങി.

"പച്ചക്കണ്ണ്, നീല വാല്, ചുവപ്പു കാലുകള്‍, തവിട്ടു ദേഹം - അങ്ങനെ മതി നമ്മുടെ പല്ലി" എന്നു പറഞ്ഞു അന്ന. അലനതനുസരിച്ചു.

അതിനിടെ അങ്ങോട്ടു വന്ന അപ്പൂപ്പനും അവരുടെ ചായമടിയ്ക്കലില്‍ പങ്കു ചേര്‍ന്നു. അമ്മൂമ്മ വന്നപ്പോള്‍ കണ്ടതോ, ഭിത്തിയിലൊരു വര്‍ണ്ണപ്പല്ലി. അലന്റെ നെറ്റിയില്‍ ഒരു വര്‍ണ്ണമുഴ.

"നോക്കട്ടെ നെറ്റിയിലെ മുഴ," എന്നു പറഞ്ഞ് നെറ്റിമുഴയിലെ നിറങ്ങള്‍ തുടച്ചു കളഞ്ഞ് അമ്മൂമ്മ മരുന്നിട്ടു കൊടുത്തു അലന്.

തുമ്പിയെ സാപ്പിട്ടശേഷമാവും ആ പല്ലിയും വന്നു അപ്പോഴവിടേയ്ക്ക്. ഇതെന്തു ജീവിയാണ് എന്നു പകച്ച് അവനാ വര്‍ണ്ണപ്പല്ലിയെ നോക്കി നില്‍ക്കുന്നത് കാണാന്‍ നല്ല രസമില്ലേ?

അവന്റെയാ അന്തം വിട്ട നില്‍പ്പിന്റെ ഒരു ഫോട്ടോ എടുത്തു അപ്പൂപ്പന്‍ മൊബൈലില്‍. അലനും അന്നയും അതമ്മയെ കാണിയ്ക്കാന്‍ അകത്തേയ്‌ക്കോടി.

നെറ്റി തട്ടി മുഴച്ചത് കണ്ട് അമ്മ വഴക്കു പറയുമോ പേടിക്കുമോ എന്നെല്ലാം ആലോചിയ്ക്കാന്‍ അവരതിനിടെ മറന്നേ പോയി.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: