Latest News

മുയല്‍ക്കുട്ടന്റെ പല്ലുവേദനയും തവളച്ചാരുടെ പാട്ടും

പല്ലുവേദനയെടുക്കുന്നു മുയൽക്കുട്ടന്. വീട്ടിലാണെങ്കിൽ വേറാരുമില്ല. പിന്നെന്തു ചെയ്യും? ആ നേരത്ത് തവളച്ചാർക്ക് വരാൻ തോന്നിയത് ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ?

priya as, childrens stories , iemalayalam

മുയല്‍ക്കുട്ടന് ഒരു ദിവസം ഭയങ്കര പല്ലുവേദന വന്നു.

അവന് ഒന്നും തിന്നാന്‍ പാടില്ലാതായി. ക്യാരറ്റ് പോയിട്ട്, മുരിക്കിന്റെ ഇലയോ കറുകപ്പുല്ലോ പോലും കടിയ്ക്കാന്‍ പറ്റാത്തത്ര പല്ലുവേദനയായിരുന്നു അവന്.

അമ്മയും അച്ഛനുമാണെങ്കിൽ ദൂരെ ഒരു ബന്ധുവീട്ടില്‍ പോയിരിക്കുകയാണ്. അവരുണ്ടായിരുന്നു അടുത്തെങ്കില്‍ കടിച്ചു മുറിച്ചും ചവച്ചരച്ചും ഒന്നും കഴിയ്ക്കണ്ടാത്ത മട്ടിലെ വല്ല പഞ്ഞപ്പുല്‍കുറുക്കോ മറ്റോ ഉണ്ടാക്കി, അവന് സ്പൂണില്‍ കോരിക്കൊടുത്തേനെ.

അല്ലെങ്കില്‍ അവനെ ഡോക്റ്ററുടെ അടുത്ത് കൊണ്ടുപോയേനെ. അതൊക്കെ ഓര്‍ത്തപ്പോഴേയ്ക്ക് അവന്റെ സങ്കടം കൂടി.

അവന്‍ ഒരു തലയിണയെടുത്ത് കെട്ടിപ്പിടിച്ച് പല്ലുവേദനയുള്ള ഭാഗം അതിന്മേലമര്‍ത്തി കിടക്കാന്‍ നോക്കി. എന്നിട്ടുണ്ടോ പല്ലുവേദന കുറയുന്നു!

അങ്ങനെ കിടന്നാലോ ഇങ്ങനെ കിടന്നാലോ വേദന കുറയുക എന്നോര്‍ത്ത് അവന്‍ പല പല പൊസിഷനില്‍ കിടന്നു നോക്കിയപ്പോൾ വേദന കൂടുകയാണ് ചെയ്തത്.

കേള്‍ക്കാന്‍ അടുത്താരുമില്ലെന്നൊന്നും ഓര്‍ക്കാതെ, “അമ്മേ, അച്ഛാ, വേദന സഹിക്കാമ്പറ്റണില്ലേയ്,” എന്നു വിളിച്ച് അവന്‍ അലറിക്കരച്ചിലായി.

അവന്റെ കരച്ചിലൊച്ച, അതുവഴി പോകുകയായിരുന്ന തവളച്ചാര് കേട്ടു.

“എന്താ കാര്യം മുയല്‍ക്കുട്ടാ,” എന്നു ചോദിച്ച് അവന്‍ മുയല്‍വീടിനകത്തേയ്ക്ക് കയറിവന്നു.

മുയല്‍ക്കുട്ടന്‍ കരഞ്ഞുകൊണ്ടും കവിളിലെ വേദനയുള്ള ഭാഗം അമര്‍ത്തിപ്പിടിച്ചു കൊണ്ടും കാര്യം പറഞ്ഞു. തവളച്ചന്‍ അവന്റെ കിടക്കയുടെ അരികില്‍ കസേരയിട്ടിരുന്ന് അവന് വേദനിയ്ക്കുന്നയിടത്ത് തലോടിക്കൊടുത്തു.

പിന്നെ അടുക്കളയില്‍ പോയി ഇലക്ട്രിക് കെറ്റിലില്‍ വെള്ളം ചൂടാക്കി ഹോട്ട് വാട്ടര്‍ ബാഗിലാക്കിക്കൊണ്ടുവന്ന്, “കവിളത്ത് ചൂടുവയ്ച്ചു നോക്ക്, വേഗം കുറയും വേദന,” എന്ന് പറഞ്ഞു.

തവളച്ചന്റെ തലോടലും ഹോട്ട് വാട്ടര്‍ ബാഗിന്റെ ചൂടുമൊക്കെയായപ്പോള്‍ ഒരു സുഖം വന്നു മുയല്‍ക്കുഞ്ഞന്. അവനങ്ങനെ കിടന്ന് മയങ്ങിപ്പോയി.

priya as, childrens stories , iemalayalam


പാവം, അവനെ തനിച്ചാക്കി എണീറ്റു പോവണ്ട, അവനെണീയ്ക്കട്ടെ മയക്കമൊക്കെ കഴിഞ്ഞ്, അപ്പോഴും വേദനയുണ്ടെങ്കില്‍ അവനെ ഒരു ടാക്‌സി വിളിച്ച് ഡെന്‍ഡിസ്റ്റിന്‍റെ അടുത്തു കൊണ്ടുപോകാം എന്നൊക്കെ വിചാരിച്ച് തവളച്ചന്‍ അവിടെക്കണ്ട ഒരു പുസ്തകവും വായിച്ച് ചാരുകസേരയിലിരിപ്പായി.

അങ്ങനെ കുറേ കഴിഞ്ഞപ്പോ മുയല്‍ക്കുട്ടന്‍ കണ്ണു തുറന്നു. “വേദന മാറിയോ കുട്ടാ,” തവളച്ചാര് ചോദിച്ചു.

തവളച്ചന്‍ അങ്ങനെ ചോദിച്ചപ്പോഴാണ് താന്‍ പല്ലുവേദനയായിട്ട് കരഞ്ഞ കാര്യമെല്ലാം അവനോര്‍ക്കുന്നതു തന്നെ. അത്രയ്ക്കും ഭേദമായിക്കഴിഞ്ഞിരുന്നു പല്ലുവേദന.

“എന്നാല്‍ ഞാനിനി പോട്ടെ, നിനക്ക് സുഖമായല്ലോ, നിന്റെ അച്ഛനുമമ്മയും ഇങ്ങോട്ട് തിരികെ വരാനുള്ള മെട്രോയില്‍ കയറിയിട്ടുണ്ട്. ഞാനവര്‍ക്ക് വാട്ട്സ്ആപ്പില്‍ മെസ്സേജ് അയച്ചിരുന്നു നിനക്ക് വയ്യ എന്ന്,” അങ്ങനെയെല്ലാം പറഞ്ഞു തവളച്ചാര്.

അപ്പോ ദേ തുടങ്ങിയല്ലോ മുയല്‍ക്കുട്ടന്‍ വീണ്ടും കരച്ചില്. ഇനിയിപ്പോ എന്താ പുതിയ വേദന വല്ലതും വന്നോ എന്നു പേടിച്ചു പോയി തവളച്ചാര്.

അപ്പോഴുണ്ടല്ലോ അവന്‍ പറഞ്ഞതെന്താണെന്നറിയാമോ? “കുറേക്കരഞ്ഞില്ലേ ഞാന്‍? രാവിലെ മുതല്‍ ഞാന്‍ ഒന്നും കഴിച്ചിട്ടുമില്ലല്ലോ. എനിയ്ക്ക് വിശന്നിട്ടു വയ്യായേ.”

ശ്ശെടാ, ഇനിയിപ്പോ എന്തു ചെയ്യും ഇവന്റെ വിശപ്പുമാറ്റാന്‍ എന്നു വിചാരിച്ച് തവളച്ചാര് പോയി ആ മുയല്‍വീട്ടിലെ മുയല്‍ഫ്രിഡ്‌ജൊക്കെ തുറന്നു നോക്കി.

“ഇതില്‍ കാബേജും ക്യാരറ്റും ഇഷ്ടം പോലെ സ്‌റ്റോക്കു ചെയ്തിട്ടാ മുയല്ഛനും മുയലമ്മയും പോയിരിയ്ക്കുന്നത്. നിനക്കെന്താ വേണ്ടത്,” എന്നു ചോദിച്ചു തവളച്ചാര്.

അപ്പോഴവന്‍ ഒരു കള്ളച്ചിരിയോടെ തവളച്ചാരോട് പറഞ്ഞു, “എനിയ്‌ക്കേ അതെല്ലാം തിന്നു മടുത്തു. തന്നെയുമല്ല പല്ലു വേദന വന്നു കഴിഞ്ഞാല്‍ കട്ടിയുള്ള സാധനങ്ങളൊന്നും കുറച്ചു നേരത്തേയ്ക്ക് കടിക്കാതിരിക്കുന്നതാണ് നല്ലത്.”

ഇവനെന്താണ് പറഞ്ഞു വരുന്നത് എന്നു മനസ്സിലാവാതെ അവന്റടുത്തു വന്നുനില്‍പ്പായി തവളച്ചാര്.

കിടക്കയില്‍ എണീറ്റു നിന്നു അപ്പോള്‍ മുയല്‍ക്കുട്ടന്‍. എന്നിട്ട് തവളച്ചാരോട് കെഞ്ചി “എനിയ്ക്ക് നൂഡില്‍സ് മതി. അതാ പല്ലു വേദനയുള്ള മുയല്‍ക്കുട്ടികളും തവളക്കുട്ടികളുമൊക്ക കഴിയ്‌ക്കേണ്ടത് . അങ്ങനെയാ ഓന്ത് ഡോക്റ്റര്‍ പറയാറ്.”

priya as, childrens stories , iemalayalam

തവളച്ചന് അതു കേട്ടു ചിരി വന്നു. പിന്നെ ഫോണെടുത്ത് ഒരു വെജ് നൂഡില്‍സ് പാക്ക് ഓര്‍ഡര്‍ ചെയ്തു. ഡെലിവറിബോയി കുറുക്കനായിരുന്നു. ഫുഡ് പാക്കറ്റ് വാങ്ങാന്‍ ചെന്ന തവളയെ കണ്ട്, “നീ എന്നാ നൂഡില്‍സ് കഴിയ്ക്കാന്‍ തുടങ്ങിയത്,” എന്നു ചോദിച്ചു കുറുക്കന്‍.

അപ്പോഴേയ്ക്ക് മുയല്‍ക്കുട്ടന്‍ ഓടി വന്ന് പാക്കറ്റ് തുറന്ന് അലുമിനിയം ഫോയില്‍ മാറ്റി നൂഡില്‍സ് മണത്തു നോക്കി “ഹായ്,” എന്നു പറഞ്ഞു കഴിഞ്ഞിരുന്നു.

“ഇവനാണോ നൂഡില്‍സ് വീരന്‍,” എന്നു ചോദിച്ച് കുറുക്കന്‍ പോയതും, മുയല്‍ക്കുട്ടൻ ഫോര്‍ക്കുമായി വന്ന് നൂഡില്‍സ് കഴിയ്ക്കാന്‍ തുടങ്ങി.

ദോഷം പറയരുതല്ലോ, അവനൊരു നൂഡില്‍സ് പങ്ക് തവളയ്ക്കും കൊടുത്തു. എങ്ങനെയാണ് നൂഡില്‍സ്, ഫോര്‍ക്ക് വച്ച് കഴിയ്ക്കുന്നതെന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.

തവളച്ചാര് ആദ്യമായിട്ടായിരുന്നു നൂഡില്‍സ് രുചിയ്ക്കുന്നത്.

കൊള്ളാല്ലോ സാധനം, ഇനി പൈസ പോയാലും വേണ്ടില്ല, ഇതിടയ്‌ക്കൊക്കെ വാങ്ങി കഴിയ്ക്കണം, പല്ലുവേദന വന്ന് മുയല്‍ക്കുട്ടന്‍ അലറി കരയാതിരുന്നെങ്കില്‍ ഇങ്ങോട്ടു കയറുമായിരുന്നോ ഞാന്‍?ഇങ്ങോട്ടു കയറായതിരുന്നെങ്കില്‍ ഞാനറിയുമായിരുന്നോ മുയല്‍ക്കുട്ടന്റെ നൂഡില്‍സിന്‍റെ ടേസ്റ്റ് എന്നെല്ലാം വിചാരിച്ചു തവളച്ചാര്.

നൂഡില്‍സു കൊണ്ടു വയറു നിറഞ്ഞതിന്റെ സന്തോഷത്തില്‍ മുയല്‍ക്കുട്ടന്‍ ഓടിച്ചാടി കളിയ്ക്കാനും പുതിയൊരു ഫുഡ് ഐറ്റം പരീക്ഷിച്ചതിന്റെ സന്തോഷത്തില്‍ തവളച്ചാര് ഒരു പാട്ടുണ്ടാക്കി ഉറക്കെ പാടാനും തുടങ്ങി.

എന്തിനെ കുറിച്ചായിരുന്നു ആ പാട്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ ?

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal muyalkuttante palluvedanayum thavalacharude paatum

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com