scorecardresearch
Latest News

മുറ്റത്തെ മഞ്ചാടി മരം

ആ കുറച്ചു മുറ്റത്തിന്റെ തെക്കേമതിലിനടുത്താണ് മഞ്ചാടി മരം. മുറ്റത്തെ വെള്ള മണ്ണില്‍ ഓരോ ദിവസവും ചോപ്പ് മഞ്ചാടിമണികളങ്ങനെ നിറയെ വീണു കിടക്കും.

priya as, childrens stories , iemalayalam

ലോലയുടെ വീടിന് കുറച്ചു മുറ്റമല്ലേയുള്ളൂ. ആ കുറച്ചു മുറ്റത്തിന്റെ തെക്കേമതിലിനടുത്താണ് മഞ്ചാടി മരം.

മുറ്റത്തെ വെള്ള മണ്ണില്‍ ഓരോ ദിവസവും ചോപ്പ് മഞ്ചാടിമണികളങ്ങനെ നിറയെ വീണു കിടക്കും. ലോലയും അപ്പുറത്തെ വീട്ടിലെ ചിന്നുച്ചേച്ചിയും കൃഷ്ണയും ഇപ്പുറത്തെ വീട്ടിലെ ഗീവര്‍ഗ്ഗീസും കേതനും എല്ലാവരും ചേര്‍ന്ന് മഞ്ചാടിമണികള്‍ പെറുക്കും.

പത്രക്കടലാസ്സെടുത്ത് കപ്പലണ്ടിപ്പൊതികള്‍ പോലെ കോണ്‍ആകൃതിയിലാക്കി അതിലാണ് അവര്‍ മഞ്ചാടി പെറുക്കി നിറയ്ക്കുക.

ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ മഞ്ചാടി കിട്ടിയതെന്ന് പിന്നെ അവര്‍ ഓരോരോുത്തരുടെ ശേഖരവും ഇറയത്തേയ്ക്ക് ചൊരിഞ്ഞിട്ട് എണ്ണി തിട്ടപ്പെടുത്തും. മിക്കവാറും ചിന്നുച്ചേച്ചിയാണ് ഫസ്റ്റടിയ്ക്കുക.

ചേച്ചി അവരേക്കാളൊക്കെ വലുതല്ലേ, അതു കൊണ്ടാവും ചേച്ചിയ്ക്കാണ് മഞ്ചാടി പെറുക്കലില്‍ ഏറ്റവും സ്പീഡ്.

പിന്നെയവര്‍ ആ മഞ്ചാടി മണികള്‍ കൊണ്ട് ഓരോരോ രൂപങ്ങള്‍ ഇറയത്തും മുറ്റത്തുമായി ഉണ്ടാക്കി രസിയ്ക്കും. മഴയുണ്ടെങ്കിലാണ് അവര്‍ ഇറയത്തിരുന്നു കളിയ്ക്കുക.

മഴയില്ലെങ്കില്‍ അവര്‍ ഉറപ്പായും മുറ്റത്തിരുന്നേ കളിയ്ക്കു. ചോപ്പ് മഞ്ചാടിയുടെ ഭംഗി എടുത്തു കാണിയ്ക്കുക വെളുവെളാ മുറ്റമാണ് എന്നാര്‍ക്കാണറിയാത്തത്?

ഇന്നലെ അവര്‍ ചെയ്തതെന്തൊക്കെയാണെന്ന് പറയട്ടെ?

ചിന്നുച്ചേച്ചി മഞ്ചാടി അടുക്കിപ്പെറുക്കി നിരത്തിവച്ച് റോസാപ്പൂക്കളുടെ ചിത്രം വരച്ചു. ലോല, ഒരു മരമുണ്ടാക്കി. ഗീവര്‍ഗ്ഗീസ് ഒരു കിളിയെ വരച്ചു. കേതൻ ഒരു മീനിനെയാണ് മഞ്ചാടി കൊണ്ട് പണിതത്.
അവരുടെ മഞ്ചാടിക്കളി നോക്കിക്കൊണ്ടുനിന്ന ലോലയുടെ മുത്തച്ഛന്‍, “എല്ലാവരുടെ വരയും ഒന്നാന്തരമായിട്ടുണ്ടല്ലോ,” എന്നു പറഞ്ഞു.

priya as, childrens stories , iemalayalam


അപ്പോഴേയ്ക്ക് ലോലയുടെ അമ്മ വന്ന് അവരെ, “വായോ, സദ്യ ഉണ്ണണ്ടേ,” എന്നു വിളിച്ചു.
ലോലയുടെ പിറന്നാളായിരുന്നു അന്ന്.

പിറന്നാള്‍ സദ്യ, ലോലയുടെ അമ്മയും അച്ഛനും മുത്തച്ഛനും കൂടി ഇലയില്‍ വിളമ്പി.

“അവിയലാണ് എനിയ്ക്കിഷ്ടം,” എന്നു പറഞ്ഞ് ചിന്നുച്ചേച്ചി അവിയല്‍ കഴിയ്ക്കലില്‍ മുഴുകി.

ഗീവര്‍ഗ്ഗീസിന് ഇഞ്ചിക്കറി തൊട്ടുനക്കാനാണ് ഇഷ്ടം. ലോല പറഞ്ഞു, “എനിയ്ക്ക് ശര്‍ക്കരപെരട്ടി കടിച്ചു, കടിച്ചു തിന്നാനാണ് കൗതുകം.” കേതന് പച്ചടി എന്ന മധുരക്കൂട്ടാനാണ് ഇഷ്ടം.

അവരങ്ങനെ സദ്യ കഴിച്ചു രസിച്ചു ബഹളമയരായി ഇരുന്നതിനിടയ്ക്ക് കാറ്റും മഴയും വന്നു.

കാറ്റിന്റെ ചൂളം വിളിയൊച്ച, ജനല്‍പ്പാളികള്‍ പടപട എന്ന് അടയുന്ന ശബ്ദം, മഴ ഓടിന്‍ പുറത്തു വീണു വെള്ളിനാരുപോലെ ഓട്ടിറമ്പിലൂടെ വീഴുന്നതിന്റെ ഭംഗി – അങ്ങനെയൊക്കെ മഴ തകര്‍ത്തു പെയ്യുന്നതിനിടയിലാണ് അവര് ‘ധും’ എന്ന് വലിയൊരൊച്ച കേട്ടത്.

“എന്താണത്… എന്താണത്,” എന്നു പേടിച്ചു കുട്ടികള്‍ കെട്ടിപ്പിടിച്ചു. അതിനിടെ, “മുന്‍വശത്തെന്തോ മരം മറിഞ്ഞുവീണു എന്നു തോന്നുന്നുവല്ലോ,” എന്നു തമ്മില്‍ത്തമ്മില്‍പ്പറഞ്ഞ് മുത്തച്ഛനും അമ്മയും അച്ഛനും ഓടി മുന്‍ വശത്തേയക്ക് പോയി.

പേടിച്ചു പേടിച്ചാണെങ്കിലും കുട്ടികളും പോയി വലിയവരുടെ പുറകെ. മുന്‍വശത്തു ചെന്നപ്പോള്‍ കണ്ടതോ, അവരുടെ മഞ്ചാടി മരം ചോടോടെ മറിഞ്ഞു കിടക്കുന്നു.

കുട്ടികളാകെ സങ്കടം വന്ന് കരച്ചിലായി. “ഇനി ഞങ്ങളെവിടെ നിന്ന് പെറുക്കും മഞ്ചാടി,” എന്നവര്‍ കരച്ചിലിനിടയിലൂടെ ചോദിച്ചു കൊണ്ടേയിരുന്നു.

മുത്തച്ഛന്‍ പറഞ്ഞു , “സമാധാനിയ്ക്ക്… മഞ്ചാടി മരം വീണെന്നല്ലേയുളളൂ. നമ്മുടെ വീടിന്റെ പുറത്തേയ്ക്കാണ് മരം വീണിരുന്നതെങ്കിലോ? വീടിടിഞ്ഞ് പൊളിഞ്ഞ് പോവുമായിരുന്നില്ലേ? പിന്നെ നമ്മളെവിടെ താമസിയ്ക്കുമായിരുന്നു?”

“ഓ , അത് നമ്മളാലോചിച്ചില്ലല്ലോ,” എന്നു വിചാരിച്ച് കുട്ടികള്‍ കരച്ചില്‍ നിര്‍ത്തി.

priya as, childrens stories , iemalayalam


മുത്തച്ഛന്‍ കുട്ടികളെ സമാധാനിപ്പിച്ചു- “നമുക്ക് മഞ്ചാടിമണികള്‍ നട്ട് നിറയെ മഞ്ചാടിത്തൈകള്‍ കിളിര്‍പ്പിയ്ക്കാം, എന്നിട്ട് നമ്മുടെ പുഴയോരത്ത കൊണ്ടുചെന്ന് വാരം കോരി നടാം, അവിടാകുമ്പോള്‍ മരത്തിന് നല്ലോണം വെള്ളവും സൂര്യപ്രകാശവും കിട്ടും. മരത്തിന് പടര്‍ന്നു വളരാന്‍ തക്ക സ്ഥലവുമുണ്ട് അവിടെ. നിങ്ങള്‍ക്കു മാത്രമല്ല നാട്ടിലെ കുട്ടികള്‍ക്കു മുഴുവന്‍ അവിടെ വന്നിരുന്ന് മഞ്ചാടി പെറുക്കുകയുമാവാം.”

കുട്ടികള്‍ക്ക് മുത്തച്ഛന്റെയാ സങ്കല്പം നന്നേ ഇഷ്ടമായി. എന്തു രസമായിരിയ്ക്കും അത്? ഒരു പുഴയോരം നിറയെ മഞ്ചാടി മണികളും അതു പെറുക്കാന്‍ നിരനിരയായിരിയ്ക്കുന്ന കുട്ടികളും…

കുട്ടികള്‍ അതു കേട്ടതോടെ ശാന്തരായി. അവര്‍ പഴയപോലെ സന്തോഷക്കുട്ടികളായി.

ലോലയുടെ അമ്മ, “വരു , വന്ന് പായസം കഴിയ്ക്ക്,” എന്ന് അവരെ അകത്തേക്കു വിളിച്ചു. അവരാര്‍ത്തുവിളിച്ച് അകത്തേയ്ക്ക് പോയി.

ഇലയിലൊഴിച്ച് നക്കി നക്കി അവര്‍ പാലടപ്രഥമന്‍ കഴിച്ചു രസിച്ചു ചിരിച്ചു പിന്നെയും ബഹളമായി.

മുറ്റത്തു വീണു കിടക്കുന്ന മഞ്ചാടി മരം വെട്ടിമാറ്റാന്‍ ആളെ അന്വേഷിച്ച് മുത്തച്ഛന്‍ ആരെയൊക്കെയോ ഫോണ്‍ ചെയ്യാന്‍ തുടങ്ങി.

അപ്പോ ലോലയുടെ അച്ഛൻ പറഞ്ഞു, “നമുക്കീ മരത്തിനെ അങ്ങനെയങ്ങുപേക്ഷിച്ചു കളയണ്ട. പണിക്കാരെ വിളിച്ച് വലിയ കുഴി കുഴിച്ച് നമുക്കിത് പിന്നെയും നടാം. ചില്ലകൾ വെട്ടിയൊതുക്കണമെന്നേയുള്ളു. ”

“അതു ശരിയാണല്ലോ, നമുക്കങ്ങനെ ചെയ്തു നോക്കാം. കുട്ടികൾക്കത് വലിയ സന്തോഷമാവും, ” എന്നായി മുത്തച്ഛൻ. കുട്ടികളതു കേട്ട് കൈയടി ബഹളമായി.

അവര്‍ ലോലയുടെ പിറന്നാള്‍ സദ്യ കഴിച്ചു വരുമ്പോഴേയ്ക്ക് അച്ഛന്‍ മുറ്റത്തിറങ്ങി മരക്കൊമ്പുകള്‍ ഒതുക്കിയിട്ടിന്നു. മരം വീണ ഊക്കില്‍ തെറിച്ച മഞ്ചാടി മണികള്‍ മുറ്റമാകെ തെറിച്ചു കിടക്കുന്നത് പെറുക്കാന്‍ അച്ഛനും അവരുടെ കൂടെ കൂടി.

മഞ്ചാടിമണികള്‍ ഞങ്ങളെ പെറുക്ക്, ഞങ്ങളെ പെറുക്ക്, ഒരെണ്ണം പോലും വിട്ടുകളയാതെ പെറുക്ക് എന്നു ധിറുതി കൂട്ടി കുട്ടികളെ ചിരിപ്പിച്ചു.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for kids onakathakal muttathe manjadi maram