scorecardresearch
Latest News

മണിദീപയുടെ കാണാക്കൂട്ടുകാരൻ

“അച്ഛന്‍ പറഞ്ഞു, ‘മാർക്ക് വാങ്ങാൻ പഠിക്കുന്ന കുട്ടികളേക്കാളും മറ്റുള്ള വരെ സഹായിക്കാന്‍ തക്ക മനസ്സുള്ള കുട്ടികളാണ് ഓരോ സ്‌കൂളില്‍ നിന്നും പുറത്തുവരേണ്ടത്’.”കുട്ടികൾക്കായി പ്രിയ എ എസ് എഴുതിയ കഥ

priya as, childrens stories , iemalayalam

ഓണപ്പൂക്കളമിട്ട് കഴിഞ്ഞു മണിദീപ, പൂക്കളുടെ ഇതളുകളടർത്തിയിടാൻ എടുത്ത പത്രം മടക്കിയെടുക്കുമ്പോഴാണ് ഒരു കുട്ടിയുടെ പടം കണ്ണിൽപ്പെട്ടത്. മണിദീപ ആ വാർത്ത വായിച്ചു നോക്കി.

കോവിഡ് വന്ന് അച്ഛനുമ്മയും മരിച്ചുപോയി അനാഥരായ കുട്ടികള്‍ ഒരുപാടായി രാജ്യത്ത് എന്നൊരു വാര്‍ത്തയായിരുന്നു അത്. വാർത്തയ്ക്കൊപ്പം, തന്റെ മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ ചേര്‍ത്തുവച്ച് കുനിഞ്ഞിരിക്കുന്ന, അവളുടെ കണ്ണിലുടക്കിയ കുട്ടിയുടെ ഫൊട്ടോ.

അവന്റെ പേര് ഗഗൻ. അവനഞ്ചാം ക്‌ളാസിലാണ്. ആദ്യം അവന്റെ അമ്മ കോവിഡ് വന്നു മരിച്ചു. പിന്നെ അച്ഛനും. അവന്റെയാ കുഞ്ഞു വീട്ടില്‍ അവനൊറ്റയ്ക്കായി.

മണിദീപയ്ക്ക് ആ ഫോട്ടോ കാണുന്തോറും അവനെക്കുറിച്ച് ആലോചിക്കുന്തോറും സങ്കടം വന്നു . അവളും പഠിയ്ക്കുന്നത് അഞ്ചാം ക്‌ളാസിലാണ്. അവള്‍ക്കും പത്തുവയസ്സാണ് . അച്ഛനും അമ്മയും മരിച്ച് ഒറ്റയ്ക്കായാല്‍ പിന്നെ അവളെന്തു ചെയ്യും?

അമ്മയുടെ ചിരിമണിയൊച്ചയും അച്ഛന്റെ കുഞ്ഞിക്കുഞ്ഞി തമാശകളും ഓര്‍മ്മവന്ന്, അവര് അവളെ എടുത്തു പുന്നാരിക്കുമ്പോഴുള്ള രസവും ചിരിയും സന്തോഷവും ഓര്‍മ്മ വന്ന് അവള്‍ ഞെട്ടിയുണര്‍ന്നു പോയേനെ ഓരോ ഉറക്കത്തില്‍ നിന്നും. അല്ലെങ്കിലും ആരുമില്ലാത്തവര്‍ എങ്ങനെയുറങ്ങും എങ്ങനെ ഉണരും, സമാധാനമായും സന്തോഷമായും?

മണിദീപയ്ക്ക് ഗഗന്റെ ഫോട്ടോയിലേയ്ക്ക് നോക്കുന്തോറും അതവളാണെന്ന് തോന്നി.

കോവിഡ് വന്ന് അച്ഛനുമമ്മയും മരിച്ച് ഒറ്റയ്ക്കങ്ങനെ കാല്‍മുട്ടുകളില്‍ തലചായ്ച്ചിരുന്നപ്പോള്‍ ഏതോ പത്രത്തിന്റെ ഫോട്ടോഗ്രഫര്‍ വന്ന് അവളുടെ ഫോട്ടോ എടുത്തതാണ്. അങ്ങനെ വിചാരിച്ചപ്പോൾ അവള്‍ക്ക് പേടിയായി. അച്ഛനുമമ്മയും അകത്തില്ലേ എന്നു നോക്കി ഉറപ്പുവരുത്താനായി അവള്‍ അകത്തേയ്ക്കോടി.

അകത്ത് അച്ഛനെയും അമ്മയെയും കണ്ടതും അവള്‍ക്ക് ആശ്വാസമായി. അച്ഛന്‍, മുകളിലെ മാറാല തുടയ്ക്കുന്നു. അമ്മ അതൊക്കെ അടിച്ചു കൂട്ടി നിലമടിച്ചു വൃത്തിയാക്കുന്നു. അവളങ്ങോട്ട് ഓടിച്ചെല്ലുന്നതു കണ്ട് അവര്‍ പറഞ്ഞു, “മോള് ഇങ്ങോട്ട് വരണ്ട, പൊടിയാണിവിടെയൊക്കെ. മോള്‍ക്ക് പൊടി അലര്‍ജിയുള്ളതല്ലേ? ജലദോഷമെങ്ങാനും വന്നാലോ?”

priya as, childrens stories , iemalayalam

അതുകേട്ടതും മണിദീപ, അച്ഛന്റെ അമ്മയുടെയും അടുത്തേക്കുള്ള ഓട്ടം നിര്‍ത്തി, വാതില്‍പ്പടിയില്‍ ചാരി നിന്ന് അവരെത്തന്നെ നോക്കി.

എന്നിട്ടാലോചിച്ച് സങ്കടപ്പെടാന്‍ തുടങ്ങി. ഇവരില്ലാതായാല്‍ ആരടിച്ചു വൃത്തിയാക്കും മാറാല? ആരോര്‍ക്കും അവള്‍ക്ക് പൊടി അലര്‍ജിയാണെന്ന്? മോളിവിടെ നില്‍ക്കണ്ട, പോയി കളിച്ചോ, ഇവിടം ഞങ്ങള്‍ വൃത്തിയാക്കിക്കഴിഞ്ഞിങ്ങോട്ട് വന്നാല്‍ മതി എന്ന് പിന്നെ ആര് പറയും അവളോട്?

ആ ഗഗന്‍ കുട്ടിക്കും പൊടി അലര്‍ജി ആയിരിക്കുമോ എന്നാലോചിയ്ക്കുന്തോറും അവള്‍ക്ക് സങ്കടം കുമിഞ്ഞു വന്നു. ഇനി അവനെ ആരു നോക്കും ജലദോഷം വരാതെ? അഥവാ അവന് ജലദോഷം വന്ന്, അത് കൂടി പനിയായാല്‍ ആരവനെ ആശുപത്രിയില്‍ കൊണ്ടുപോകും?

അവന് അവളെപ്പോലെ പഴം പൊരിയും പരിപ്പുവടയും ഇഷ്ടമായിരിക്കുമോ? അവന് അമ്മയുണ്ടാ ക്കിക്കൊടുക്കുന്ന പഴം പൊരിയും പരിപ്പുവടയുമായിരിക്കുമോ ലോകത്തിലേക്കു വച്ച് കഴിക്കാനേറ്റവുമിഷ്ടം?

അവളെപ്പോലെ അവനും അച്ഛന്റെ ബൈക്കില്‍ കയറിയിരുന്ന് ഞായറാഴ്ച മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വരികയും അതുകൊണ്ട് അവരെല്ലാവരും ചേര്‍ന്ന് കറി വയ്ക്കുകയും ചെയ്യുമായിരുന്നു കാണുമോ?

അതൊക്ക അവന് ഇനി ആരു ചെയ്തു കൊടുക്കും എന്നാലോചിച്ചപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു.

ഓണത്തിന് അവന് പുതിയ ഉടുപ്പ് ആരെങ്കിലും വാങ്ങിക്കൊടുത്തു കാണുമോ? അവൻ പൂക്കളമിട്ടു കാണുമോ? അവൾക്ക് സങ്കടം സഹിക്കവയ്യാതെയായി.

വാതില്‍പ്പടിയില്‍ നിന്ന് അച്ഛനെയും അമ്മയെയും നോക്കി അവള്‍ വിങ്ങി വിങ്ങിക്കരയാന്‍ തുടങ്ങിയതും അച്ഛനുമമ്മയും പരിഭ്രമിച്ച്, “എന്തു പറ്റി മോളെ,” എന്നു ചോദിച്ച് അവരുടെ മാറാലതൂക്കല്‍ പണിയൊക്കെ നിര്‍ത്തിവച്ച് അവളുടെ അടുത്തേക്കു വന്നു.

കരച്ചിലിനിടയിലൂടെ അവളവരോട്, കോവിഡ് വന്ന് അച്ഛനുമ്മയും മരിച്ച് അനാഥരായ അവളെപ്പോലുള്ള കുഞ്ഞുങ്ങളെക്കുറിച്ചു പറഞ്ഞു .

പിന്നെ അവരെ കൂട്ടിക്കൊണ്ടുപോയി ഗഗന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. “എനിയ്ക്കവനെ കാണുമ്പോള്‍ ഞാന്‍ തന്നെയാണെന്നു തോന്നുന്നു… സങ്കടം വരുന്നു അച്ഛാ,” എന്നവള്‍ അച്ഛന്റെ മടിയില്‍ മുഖം പൂഴ്ത്തി കരഞ്ഞു.

അച്ഛന്‍ ചോദിച്ചു. “ഇത് കുറച്ച് പഴയ പത്രമല്ലേ? ഈ പത്രവാര്‍ത്തയും ഫോട്ടോയും കണ്ടിരുന്നു അച്ഛനുമമ്മയും. ഞങ്ങൾക്കും ഒത്തിരി സങ്കടമായി. അവനെ എങ്ങനെ ഹെൽപ് ചെയ്യണമെന്നുമൊക്കെ ഞങ്ങളും ആലോചിക്കുന്നുണ്ട്.”

അതു കേട്ടതും അവള്‍ക്ക് സമാധാനമായി.

ഊണു കഴിക്കാനിരുന്നപ്പോള്‍, അവള്‍ അച്ഛനോട് ചോദിച്ചു “അവന് ആഹാരമൊക്കെ കിട്ടുന്നുണ്ടാവുമോ അച്ഛാ?”

“എല്ലാ നാട്ടിലും ഒരുപാട് നല്ല മുനഷ്യര്‍ കാണും, അവരൊക്കെ കൂടി അവന് ഒരു സങ്കടവും ഉണ്ടാവാതെ നോക്കുന്നുണ്ടാവുമെന്നും ഉറപ്പല്ലേ,” അച്ഛന്‍ പറഞ്ഞു.

“എന്നാലും അച്ഛനും അമ്മയും ഉള്ളതുപോലെയാവുമോ അച്ഛാ,” എന്നു ചോദിച്ചു സങ്കടപ്പെട്ട മണിദീപയോട് അച്ഛന്‍ പറഞ്ഞു, “ജീവിതത്തില്‍ പലയിടത്തും വച്ചും നമ്മള്‍ ഒറ്റയ്ക്കാവും. അപ്പോഴും ജീവിച്ചല്ലേ പറ്റൂ മോളേ?”

അവള്‍ തലയാട്ടി. .

priya as, childrens stories , iemalayalam

അപ്പോള്‍ അമ്മ പറഞ്ഞു, “കോവിഡുമൂലം അനാഥരായ ഗഗനെപ്പോലുള്ള കുട്ടികളെ സഹായിക്കാൻ സർക്കാരും പദ്ധതികൾ നടപ്പിലാക്കുന്നു എന്ന് റേഡിയോയിൽ പറയുന്നതു കേട്ടു.”

മണിദീപ ഉടനെ ചോദിച്ചു “സര്‍ക്കാരങ്ങനെ ചെയ്‌തോട്ടെ അച്ഛാ, അവരെ കൂടാതെ നമുക്കും സഹായിച്ചു കൂടെ അവനെ?”

അവള്‍ പിന്നെ ഓരോന്ന് പ്ലാൻ ചെയ്തു, “എനിക്കൊരു ഉടുപ്പെടുക്കുമ്പോ, എനിക്ക് സ്കൂളിലേക്കുള്ള പുസ്തകവും ബാഗും കുടയും വാങ്ങുമ്പോള്‍ നമുക്കവനും വാങ്ങാം .നമുക്കവന് കത്തയയ്ക്കാം. സങ്കടപ്പെടണ്ട, ‘ഇവിടെ ഞങ്ങള്‍ നിന്നെ എപ്പോഴും ഒര്‍ക്കുന്നുണ്ട്, നിനക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്, ചിലപ്പോഴൊക്കെ ഞങ്ങള്‍ വന്ന് നിന്നെ കാണാം, നിന്റെ ബന്ധുക്കളോട് അനുവാദം വാങ്ങി നിന്നെക്കൂട്ടിക്കൊണ്ട് റെസ്‌റ്റോറന്റിലും പാര്‍ക്കിലും പോകാം,’ എന്നെല്ലാം നമുക്കവനെഴുതാം .അവനെ വിളിച്ച് സംസാരിക്കാം.”

അമ്മ പറഞ്ഞു, “ഊണ് കഴിക്ക്. എന്നിട്ട് നമുക്കവന്റെ അഡ്രസും അവനിനി ആരൊക്കെയുണ്ട്, അപ്പൂപ്പനും അമ്മയും ചിറ്റയും അമ്മാവനുമൊക്കെയുണ്ടോ എന്നെല്ലാം ചോദിച്ച് പത്രമോഫീസിലേക്ക് വിളിക്കാം.”

മണിദീപയ്ക്കതു കേട്ട് ഒത്തിരിയൊത്തിരി സന്തോഷമായി. അവള്‍ ചോദിച്ചു, “എന്റെ കാണാക്കൂട്ടുകാരനാണ് ഗഗന്‍ അല്ലേ?”

അച്ഛന്‍ തലയാട്ടി.

അവള്‍ അച്ഛനെയും അമ്മയെയും ഓര്‍മ്മിപ്പിച്ചു, “ഇടയ്ക്ക് നമ്മള്‍ക്കവനെ നമ്മുടെയീ വീട്ടില്‍ കൊണ്ടുനിര്‍ത്താന്‍ പറ്റുമോന്നും നോക്കണേ.”

“സങ്കടങ്ങളോടു ചേര്‍ന്നു നടന്നാണെങ്കിലും അവന്‍ പഠിച്ചു മിടുക്കനാവുമെന്നും അവന് നല്ല ജോലി കിട്ടുമെന്നും അവനെപ്പോലെ ഒറ്റയ്ക്കായിപ്പോയവരെ ചേര്‍ത്തു പിടിക്കുന്നയാളായിതീരും വലുതാവുമ്പോളവന്‍,” എന്നും പറഞ്ഞ് അച്ഛനവളെ ആശ്വസിപ്പിച്ചു.

അച്ഛന്‍ പത്രമോഫീസിലേയ്ക്ക് ഗഗന്‍റെ വിവരങ്ങള്‍ ചോദിച്ച് വിളിക്കാന്‍ ഒരുങ്ങുമ്പോള്‍ , മണിദീപ ഒരു പേപ്പറില്‍ എഴുതിക്കൊണ്ടേയിരുന്നു, ‘ഗഗന്‍ എന്റെ കാണാക്കൂട്ടുകാരന്‍, അവന്‍ മിടുക്കനാവും, മിടുമിടുക്കനാവും.’

അതു വായിച്ച് അവളുടെ തലയില്‍ തലോടി, ഗഗന്‍റെ വിവരങ്ങള്‍ എഴുതാന്‍ പേനയും പേപ്പറും തയ്യാറാക്കി നിന്നു അമ്മ.

അച്ഛന്‍ പറഞ്ഞു, “മാർക്ക് വാങ്ങാൻ പഠിക്കുന്ന കുട്ടികളേക്കാളും മറ്റുള്ള വരെ സഹായിക്കാന്‍ തക്ക മനസ്സുള്ള കുട്ടികളാണ് ഓരോ സ്‌കൂളില്‍ നിന്നും പുറത്തുവരേണ്ടത്.”

“അതു ശരിയാണ്,” എന്ന് അമ്മ പറഞ്ഞു.

അതു ശരിയാണെന്ന് മണിദീപയ്ക്കും തോന്നി.

Read More: രു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for kids onakathakal manideepayude kanakootukaran