Latest News

കുട്ടിക്കുരങ്ങന്റെ കാഴ്ചകളും സംശയങ്ങളും

ഒരു കുട്ടിക്കുരങ്ങൻ അവന്‍റെ ചാടിമറിയലിനിടയിൽ പരിചയ പ്പെടുന്ന മറ്റുചില ജീവികൾ, അവരുടെ ജീവിത രീതികൾ. ഓരോ ജീവിയ്ക്കും ഓരോ തരം കഴിവെന്നറിയുമ്പോളുള്ള അവന്‍റെ അത്ഭുതം നിറയുന്ന കഥ

priya as, childrens stories , iemalayalam

ആമ വെയില്‍ കായാന്‍ കാട്ടിലെ കുളത്തില്‍ നിന്ന് കരയ്ക്കുകയറിക്കിടക്കുകയായിരുന്നു.
അപ്പോഴാണതു വഴി ഒരു കുട്ടിക്കുരങ്ങന്‍ വന്നത്.

കരി നിറമുള്ള തോടിനകത്തു നിന്ന് തലനീട്ടി ലോകത്തെ മുഴുവനും നോക്കിക്കാണുന്ന അത്തരമൊരു ജീവിയെ കുട്ടിക്കുരങ്ങനാദ്യമായിട്ടായിരുന്നു കാണുന്നത്.

“ആമ എന്നാണ് എന്റെ പേര്,” ആമ സ്വയം പരിചയപ്പെടുത്തി.”ഒരു മരച്ചില്ലയില്‍ വാലു ചുറ്റി മറ്റൊരു മരച്ചില്ലയിലേയ്ക്ക് കൈവിട്ട് ചാടുന്ന നിന്നെപ്പോലൊരു ഭയങ്കര വിദ്വാനെ ഞാനിതു വരെ കണ്ടിട്ടില്ല എന്റെ ജീവിതത്തില്. നിന്റെ പേരെന്താണ്,” ആമ അവനോട് ചോദിച്ചു.

കുട്ടിക്കുരങ്ങന്‍ മരക്കൊമ്പില് നിന്ന് ആടി നിലത്തിറങ്ങിയ ശേഷം പറഞ്ഞു, “കുരങ്ങന്‍ എന്നാണ് ചങ്ങാതീ, എന്റെ പേര്.”

കുളക്കരയിലേയ്ക്ക് നടന്നു ചെന്ന് അവന്‍, ആമയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാൻ ഭാവിച്ചു. പെട്ടെന്ന് ആമ ഒരിത്തിരി പുറകോട്ട് നടന്ന് പിന്നെ ഒന്ന് നിന്ന്, കുരങ്ങന് നമസ്ക്കാരം പറഞ്ഞു.

കുരങ്ങൻ പറഞ്ഞു, “ഓ എന്തൊരു മണ്ടനാണ് ഞാൻ… മറന്നേ പോയി കോവിഡ് കാലമാണെന്ന്. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്‍റെ കാലമാണല്ലോ ഇത്, അല്ലേ?”

ആമയുടെ ഇത്തിരിപ്പോരമുള്ള കൈയും കാലുമൊക്കെ കണ്ട് കുട്ടിക്കുരങ്ങന് അത്ഭുതമായി. അവന്‍, അവന്റെ നീളന്‍ കാലുകള്‍ കുത്തി നീളത്തില്‍ ചാടി നടന്നു അവിടൊക്കെ.

എന്നിട്ട് ആമയോട് പറഞ്ഞു, “നീയൊന്ന് നടന്ന് കാണിച്ചേ,ഞാന്‍ കാണട്ടെ നിന്റെ നടത്തത്തിന്റെ സ്പീഡ്.”

“ഞാന്‍ മെല്ലെമെല്ലെ നടക്കുന്ന ഒരാളാണ് ചങ്ങാതീ, എനിയ്ക്ക് നിന്നെപ്പോലെ ചാട്ടവും ഓട്ടവും ചാടിമറിയലും മരത്തേല്‍ തൂങ്ങലും ഒന്നും പറ്റില്ല.”

അങ്ങനെ പറയുമ്പോള്‍ ആമയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു. ആമ എന്നിട്ട് കുളത്തിന്റെ കരയില്‍ക്കൂടി ഇത്തിരി ദൂരം ഇഴഞ്ഞുകാണിച്ചു കുരങ്ങനെ.

കുട്ടിക്കുരങ്ങന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, “ഞാന്‍ വിചാരിച്ചു, നീ ഒച്ചിനേക്കാള്‍ മെല്ലെ ഇഴയുന്ന ഒരാളാണെന്നാണ് പറഞ്ഞു വരുന്നത് എന്ന്. നിനക്കേതായാലും ഒച്ചിനേക്കാള്‍ നല്ല സ്പീഡുണ്ടോല്ലോ. അപ്പോ ആ പാവം ഒച്ചിന്റെ കാര്യമൊന്നോര്‍ത്തു നോക്കിയേ.”

ഒച്ച് എന്നൊരു ജീവിയെ ആമ കണ്ടിട്ടേയില്ലായിരുന്നു. കുട്ടിക്കുരങ്ങന്‍ ഒച്ചിന്റെ പടം നിലത്ത് വരച്ച് കാണിച്ചു കൊടുത്തു.

“ഒരു ദിവസം നിന്നെ കാണാന്‍ വരുമ്പോള്‍ ഒരു തേക്കിലയില്‍ ഒരൊച്ചിനെ കൊണ്ടുവന്നു കാണിയ്ക്കാം,” എന്നും അവന്‍ ആമയോട് പറഞ്ഞു.

“തേക്കിലയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേയ്‌ക്കെത്താന്‍ ഒച്ചിന് ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.”

കുരങ്ങനങ്ങനെ പറഞ്ഞതു കേട്ട് ആമയ്ക്ക് വിശ്വസിയ്ക്കാനായില്ല.

“അത്രയും പതുക്കെ, എന്നേക്കാളും പതുക്കെപ്പതുക്കെ സഞ്ചരിയ്ക്കുന്ന ജീവികളുമുണ്ടോ ഈ ലോകത്ത്,” ആമ ചോദിച്ചു.

കുട്ടിക്കുരങ്ങന്‍ വിശദീകരിച്ചു പറഞ്ഞു “ഒച്ചിന്റെ ജീവിതരീതിയനുസരിച്ച് അവനത്ര ദൂരം സഞ്ചരിച്ചാല്‍ മതി, അവന്‍, ഇലകളും പൂക്കളുമൊക്കെയാണ് തിന്നുക. ഒരിലയില്‍ നിന്ന് മറ്റേ ഇലയിലേയ്ക്ക് കടന്നാല്‍ അവന്റെ ജീവിതം കുശാലായി. അവനെവിടെയും ഭക്ഷണം കിട്ടും. ആട്ടെ നീ എന്താണ് തിന്നുക?”

“ഞാനോ, ഞാന്‍ കുളത്തിലെ ചെറുപായലുകളും താമരക്കിഴങ്ങും ഒക്കെയാണ് തിന്നുക,” എന്നു ആമ പറഞ്ഞതു കേട്ട് കുരങ്ങനാകെ അത്ഭുതമായി.

“കുളത്തിലിറങ്ങുകയോ! കുളത്തിലിറങ്ങിയാല്‍ നീ ശ്വാസം മുട്ടി ചത്തു പോകില്ലേ,” എന്നായി അവന്റെ ചോദ്യം.

“അയ്യയ്യോ നിനക്കൊന്നുമറിയില്ല, ആമകള്‍ക്ക് കുളത്തിലും കരയിലും ജീവിയ്ക്കാന്‍ പറ്റും. ഞങ്ങള്‍ക്ക് കുളത്തിന്റെ അടിയിലെ ചെളിയില്‍ പുതഞ്ഞു കിടക്കാനാണ് ഏറ്റവുമിഷ്ടം,” എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു ആമ.

priya as, childrens stories , iemalayalam


“നീ ഒന്ന് കുളത്തിലിറങ്ങി കാണിച്ചേ,” എന്നായി കുട്ടിക്കുരങ്ങന്‍.

“അതിനാണോ വിഷമം,” എന്നു ചോദിച്ച് ആമ കുളത്തിലേയ്ക്കിറങ്ങി അവന്റെ കാലുകള്‍ കൊണ്ട് തുഴഞ്ഞ് ആ കുളമാകെ നീളത്തിലും വട്ടത്തിലുമൊക്കെ നീന്തി നടന്ന് അവനെ കാണിച്ചു കൊടുത്തു.

“അമ്പട വീരാ,” എന്നായി കുട്ടിക്കുരങ്ങന്‍.

“ഞാനും നോക്കട്ടെ നീന്താന്‍ പറ്റുമോ,” എന്ന് പറഞ്ഞ് അവന്‍ കുളത്തിലേയ്‌ക്കൊറ്റച്ചാട്ടം.

വെള്ളത്തില്‍ കാലിട്ടടിച്ചതും കുറേ വെള്ളം കയറി വയറ് വീര്‍ത്തതും മാത്രം മിച്ചം.

ഒടുക്കം, “ഏയ്, ഈ പണി എനിയ്ക്ക് പറഞ്ഞിട്ടുള്ളതല്ല,” എന്നു പറഞ്ഞ് ആകെ നനഞ്ഞു കുളിച്ച് ക്ഷീണിച്ച് അവന്‍ കരയ്ക്കുകയറി കുളക്കരയില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആമ പിന്നെയും കുളത്തില്‍ നിന്ന് കയറി വന്നു. അവന്‍, ഒരു താമരപ്പൂവ് കടിച്ചു പിടിച്ചിരുന്നു വായ കൊണ്ട്.

“ദാ നോക്ക് നിനക്ക് കുളത്തില്‍ നിന്ന് ഒരു പൂ സമ്മാനം,” എന്നു പറഞ്ഞു അവന്‍ കുട്ടിക്കുരങ്ങനോട്.

കുരങ്ങനതു വാങ്ങി, ആമയോട് “താങ്ക് യു” പറഞ്ഞു.

അപ്പോഴവരുടെ തലയ്ക്കുമീതെ കൂടി ഒരു കൊക്ക് പറന്നു പോയി. അവന്‍ കുളത്തില്‍ മീനുണ്ടോ എന്ന് നോക്കാനായി കുളത്തിന്റെ കരയില്‍ ഇരിപ്പുറപ്പിച്ചു.

priya as, childrens stories , iemalayalam


കൊക്കിനെയും കുട്ടിക്കുരങ്ങന്‍ ആദ്യമായി കാണുകയായിരുന്നു.

“ഇവനും നീന്താന്‍ പറ്റുമോ,”-കുട്ടിക്കുരങ്ങന്‍ ആമയോട് ചോദിച്ചു.

അതു കേട്ട് ആമയ്ക്ക് പിന്നെയും ചിരി വന്നു. “എടാ , കൊക്കുകള് പറക്കല്‍ വിദഗ്ധന്മാരല്ലേ?”

കൊക്കിന് അതിനിടയില്‍ കുളത്തില്‍ നിന്ന് ഒരു മീനിനെ പിടിയ്ക്കാന്‍ പറ്റി. അവനതിനെ നിലത്തു വച്ച് കൊത്തിക്കൊത്തിത്തിന്നു.

വയറു നിറഞ്ഞപ്പോ അവന്‍ ചുറ്റും നോക്കി. കുരങ്ങനെ ആമ, “ഇവന്‍ കുരങ്ങന്‍, വലിയ മരം ചുറ്റി അഭ്യാസിയാ,” എന്ന് കൊക്കിന് പരിചയപ്പെടുത്തിക്കൊടുത്തു.

കുരങ്ങനത് കേട്ട് കൊക്കിന് ‘നമസ്‌ക്കാരം’ പറഞ്ഞു.

കുട്ടിക്കുരങ്ങന്‍ ആലോചിയ്ക്കുകയായിരുന്നു. ചില ജീവികള്‍ പറക്കുന്നു. ചിലത് മരക്കൊമ്പില്‍ തുങ്ങിയാടുന്നു. ചിലത് വെള്ളത്തില്‍ മാത്രം ജീവിയ്ക്കുന്നു. ചിലത് കരയില്‍ ഇഴയുകയും അതേ സമയം വെള്ളത്തില്‍ നീന്തുകയും ചെയ്യുന്നു. എന്തൊരത്ഭുതമാണീ ലോകം.

“മീനുകള്‍ വെള്ളത്തില്‍ മാത്രമേ ജീവിയ്ക്കുകയുള്ളോ,” അവന്‍ ആമയോട് സംശയം ചോദിച്ചു.

“പിന്നല്ലാതെ, നിന്റെ സംശയങ്ങള്‍ കൊണ്ട് ഞാന്‍ തോറ്റു,” എന്നു പറഞ്ഞു ചിരിച്ചു ആമ.

അപ്പോഴതുവഴി ഒരു മാന്‍കുട്ടി ഓടിച്ചാടിക്കടന്നു പോയി. കൊക്കും ആമയും കുട്ടിക്കുരങ്ങനും ആദ്യമായി കാണുകയായിരുന്നു മാനിനെ. അവരാകെ പേടിച്ചുപോയി.

ആമ പെട്ടെന്ന് തലയും കാലുകളും അവന്‍റെ കട്ടിപ്പുറന്തോടിനുള്ളിലേയ്ക്ക് വലിച്ച് ഒരു ജീവിയേയല്ല വെറുമൊരു പാറക്കഷണമാണ് എന്ന മട്ടിൽ അനങ്ങാതെ കിടപ്പായി.

അതിനിടെ കൊക്ക് ആകാശത്തേയ്ക്കും കുരങ്ങൻ മരക്കൊമ്പത്തേയ്ക്കും കടന്നു കളഞ്ഞു. മാൻകുട്ടി പോയെന്നു തീർച്ചയായപ്പോൾ കുരങ്ങൻ ആമയുടെ അടുത്തേക്ക് തിരികെ വന്നു.

ആമ കിടന്നിടത്ത് ഒരു പാറക്കഷണം മാത്രം. ആമ കുളത്തിലേക്ക് പോയോ, അതിനിടെ ഈ പാറക്കഷണം എവിടുന്നു വന്നു എന്നൊക്കെ അത്ഭുതപ്പെട്ട് അവൻ നിൽക്കുമ്പോഴേക്ക് ദാ ആ പാറക്കഷണത്തിൽ നിന്ന് നീണ്ടു വരുന്നു ആമത്തലയും ആമക്കാലുകളും.

“എടാ മിടുക്കാ നിനക്കെന്തൊക്കെ വേലകളാണറിയുന്നത്,” എന്ന് കുട്ടിക്കുരങ്ങൻ അന്തം വിട്ടുനിന്നു.

“ശത്രുവാണ് അടുത്തേക്കു വരുന്നതെന്നു തോന്നിയാൽ നിന്നെപ്പോലെ ഓടി മറയാൻ പറ്റില്ലല്ലോ ഇഴച്ചിലുകാരനായ എനിക്ക് ,അതിനു പകരമുള്ള രക്ഷാ വിദ്യയാണിതെന്നു,” പറഞ്ഞു ആമ ചിരിച്ചു.

നാളെയും മാന്‍കുട്ടി അതു വഴി വരുമായിരിക്കും, തുള്ളിച്ചാടി. അപ്പോള്‍ അവനോടുള്ള പേടി മാറി, അവരെല്ലാം തമ്മില്‍ത്തമ്മില്‍ പരിചയപ്പെടുമായിരിയ്ക്കും അല്ലേ?

കുരങ്ങന്‍ തേക്കിലയില്‍ ഒച്ചിനെയും കൊണ്ടു വരുമായിരിയ്ക്കും അവരെയെല്ലാം പരിചയപ്പെടുത്താനായി, അല്ലേ?

രു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal kuttikurangante kazchakalum samshayangalum

The moderation of comments is automated and not cleared manually by malayalam.indianexpress.com