scorecardresearch

Latest News

കാണാതെ പോയ തൊപ്പി

‘താഴെയിറങ്ങാനായി ഒരുങ്ങി ദേവിക. അപ്പോഴാണ് വലിയൊരു പ്രശ്‌നം, കയറിയതു പോലെ ഈസിയല്ല ഇറക്കം. തട്ടില്‍ കൈ പിടിച്ചു കൊണ്ട്, കാല്‍ താഴേയ്‌ക്കെത്തിക്കാന്‍ നോക്കുമ്പോള്‍ കാലെത്തുന്നില്ല താഴത്തെ തട്ടിലേക്ക്. ഇനിയെന്തു ചെയ്യും?’ പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

priya as, childrens stories , iemalayalam

പ്രാര്‍ത്ഥനയും ദേവികയും കൂടി പ്രാര്‍ത്ഥനയുടെ ഫ്ലാറ്റിലിരുന്ന് കളിക്കുകയായിരുന്നു. പ്രാര്‍ത്ഥനയുടെ കൂട്ടുകാരിയാണ് ദേവിക. മുകളിലത്തെ ഫ്ലാറ്റിലാണ് ദേവികയും അമ്മയും അച്ഛനും താമസിക്കുന്നത്.

വൈകുന്നേരങ്ങളാണ് അവരുടെ കളിസമയം. ഒന്നുകില്‍ പ്രാര്‍ത്ഥന, ദേവികയുടെ ഫ്ലാറ്റിലേയ്ക്ക് പോവും. അല്ലെങ്കില്‍ പ്രാര്‍ത്ഥന, ദേവികയുടെ ഫ്ലാറ്റിലേക്കു വരും. പിന്നെ കളിയോ കളിയാണ്.

ഇടയ്ക്ക് വല്ലപ്പോഴും , കുട്ടികളെന്താ ചെയ്യുന്നത്, വികൃതിയൊന്നും ഒപ്പിക്കുന്നില്ലല്ലോ എന്നു നോക്കാന്‍ അതാതു ഫ്ലാറ്റിലെ അച്ഛനുമമ്മയും എത്തിനോക്കും. ആരെങ്കിലും വരുന്നതും എത്തിനോക്കുന്നതും ഒന്നും കുട്ടികള്‍ അറിയുകയേയില്ല. അവര്‍ ഗംഭീരകളിയിലായിരിക്കുമല്ലോ.

എന്തു സാധനം കിട്ടിയാലും അവർ അതുകൊണ്ട് കളിക്കും. പാവകള്‍, പന്തുകള്‍, അടുക്കളയിലെ പാത്രങ്ങള്‍, ടീപ്പോയിയിലെ പുസ്തകങ്ങള്‍, ജനാലയിലെ കര്‍ട്ടനുകള്‍ എന്തും അവര്‍ക്ക് കളിസാമാനങ്ങളാണ്.

എന്തിന് വാതിലിനപ്പുറമിപ്പുറമുള്ള ഭിത്തിപോലും അവര്‍ക്ക് കളിക്കാനുള്ള ഉപകരണമാണ്. വാതലിനിരുവശവും കാലൂന്നി, കൈ ഭിത്തിയില്‍ പിടിയ്ക്കാതെ അവര്‍ സ്‌പൈഡര്‍മാനെപ്പോലെ ഭിത്തിയുടെ മുകളറ്റം വരെ പിടിച്ചുകയറും.

ഒരു ദിവസം കുട്ടികള്‍ രണ്ടാളും കൂടി പ്രാര്‍ത്ഥനയുടെ ഫ്ലാറ്റിലിരുന്ന് കളിക്കുകയായിരുന്നുവെന്ന് നമ്മള്‍ നേരത്തേ പറഞ്ഞതോര്‍മ്മയില്ലേ? അന്ന് പ്രാര്‍ത്ഥന യുടെ അച്ഛനുമമ്മയും ലാപ്‌ടോപ്പില്‍ ഓഫീസിലെ പണികളെന്തൊക്കെയോ ചെയ്തു തീര്‍ക്കുന്ന തിരക്കിലായിരുന്നു.

“വേണ്ടാതീനമൊന്നും കാണിച്ചേക്കല്ലേ, വീണു, നെറ്റി പൊട്ടി എന്നൊന്നും പറഞ്ഞ് വന്നേക്കല്ലേ, അച്ഛനുമമ്മയ്ക്കും ഒരുപാടു പണി ചെയ്തു തീര്‍ക്കാനുണ്ട് കേട്ടോ…” എന്നു പറഞ്ഞാണവര്‍ കുട്ടികളെ കളിയ്ക്കാനിരുത്തിയിട്ട് പോയത്.

“ഞങ്ങള് നല്ല കുട്ടികളാ, ഒരു കുസൃതിയും വികൃതിയും ഒപ്പിക്കില്ല, പ്രോമിസ്,” എന്നു പറഞ്ഞു കുട്ടികള്‍ രണ്ടാളും.

priya as, childrens stories , iemalayalam


പിന്നെ അവര്‍ കളി തുടങ്ങി. പാവക്കുട്ടികളെ വച്ച് അവര്‍ പ്ലേ സ്‌കൂള്‍ കളിച്ചു. ആകെ പത്തു പാവക്കുട്ടികളുണ്ടായിരുന്നു. അവരെ പ്രാര്‍ത്ഥന ‘A, B, C, D’ ചൊല്ലിപ്പഠിപ്പിച്ചു. പിന്നെ ‘പുസി ക്യാറ്റ് , പുസി ക്യാറ്റ് , വേര്‍ ഹാവ് യു ബീന്‍’ ചൊല്ലാന്‍ പഠിപ്പിച്ചു.

ഇടയ്ക്ക് പാവക്കുട്ടികള്‍, അമ്മയെ കാണണം, വീട്ടില്‍പ്പോകണം എന്നൊക്കെ, പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ സമാധാനിപ്പിക്കാനായി ക്ലേ കൊണ്ട് പുഴുവിനെയും പാമ്പിനെയും പൂച്ചയെയും പൂവിനെയും ഒക്കെ ഉണ്ടാക്കിക്കാണിച്ച് അവരെ സമാധാനിപ്പിച്ചിരുത്തി. പിന്നെ അവര്‍ വീട്ടില്‍ നിന്നു കൊണ്ടുവന്ന സ്‌നാക്‌സ്, അവരെ നിരത്തിയിരുത്തി കഴിപ്പിച്ചു.

പാവക്കുട്ടികളെ വച്ച് കളിച്ച് മതിയായപ്പോള്‍ അവര്‍ പാവക്കുട്ടികളുടെ കാലില്‍ പ്രാര്‍ത്ഥനയുടെ അമ്മയുടെ നെയില്‍ പോളിഷിടാന്‍ തീരുമാനിച്ചു. ചുവന്ന സോഫയില്‍ ഹേന പാവക്കുട്ടിയുടെ കാല് നീട്ടിവച്ച് നീല നെയില്‍ പോളിഷ് ഇടുന്നതിനിടെ നെയില്‍ പോളിഷ് പറ്റി സോഫയില്‍.

അമ്മ അതു കണ്ടാല്‍, ‘പുതിയ സോഫയാണ്, അത് നാശമാക്കി അല്ലേ? ഇനി എങ്ങനെ വൃത്തിയാക്കി എടുക്കും ഇത്,’ എന്നു പ്രാര്‍ത്ഥനയെയും ദേവികയെയും വഴക്കു പറയും, തീര്‍ച്ച.

അമ്മയുടെ കണ്ണുരുട്ടലും വഴക്കു പറയലും ഓര്‍ത്തപ്പോ പ്രാര്‍ത്ഥനയ്ക്ക് പേടിയായി. അവളോടിപ്പോയി അമ്മയുടെ ചുവന്ന നെയില്‍ പോളിഷും കൂടി എടുത്തു കൊണ്ടുവന്നു. എന്നിട്ടവര് രണ്ടാളും കൂടി ചുവന്ന സോഫയിലെ നീല നെയില്‍ പോളിഷ് പാടിന്റെ മേലെ കൂടി ചുവന്ന നെയില്‍ പോളിഷടിച്ചു.

“ഇപ്പോ സോഫയുടെ ചുവപ്പും നെയില്‍ പോളിഷിന്റെ ചുവപ്പും തമ്മില്‍ തിരിച്ചറിയാനാവില്ല, ആരും ഇത് കണ്ടുപിടിക്കില്ല,” ദേവിക പ്രാര്‍ത്ഥനയെ ആശ്വസിപ്പിച്ചു.

സോഫയിലവരടിച്ച ചുവന്ന നെയില്‍ പോളിഷുണങ്ങാനായി ഫാന്‍ നല്ല സ്പീഡില്‍ ഇട്ടിട്ട് കുട്ടികള്‍ സോഫയില്‍ നിന്നെഴുന്നേറ്റുപോയി വേറെ കളിയിലേര്‍പ്പെട്ടു.

പന്തു കളിയായിരുന്നു അവരുടെ അടുത്ത കളി. ഒരു ചുവന്ന റബ്ബര്‍ പന്ത് അവരങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു കൊണ്ടേയിരുന്നു. ഓരോ തവണ പന്തു തട്ടുമ്പോഴും അവര്‍ കാരണമില്ലാതെ കുടുകുടെ ചിരിക്കുന്നുണ്ടായിരുന്നു അതിനിടെ പ്രാര്‍ത്ഥനയുടെ അമ്മ വന്ന് അവരെ ഒന്ന് നോക്കിപ്പോയി.

“രണ്ടാളും കളിച്ചു ക്ഷീണിച്ചില്ലേ, ദേവികയുടെ അമ്മ ഇപ്പോ ഫോണ്‍ ചെയ്തിരുന്നു, വന്ന് ദേവികയെ തിരികെ കൊണ്ടു പോട്ടെ എന്നു ചോദിച്ചു ദേവികമോളുടെ അമ്മ,” എന്ന് അപ്പോള്‍ പ്രാര്‍ത്ഥനയുടെ അമ്മ കുട്ടികളോട് പറഞ്ഞു.

“ഇപ്പോ തിരിച്ചയയ്ക്കല്ലേ അമ്മേ ദേവികക്കുട്ടിയെ, ഞങ്ങള്‍ പന്തു കളിച്ചു കഴിഞ്ഞില്ല, ഇത്തിരിനേരം കൂടി കളിച്ചോട്ടെ അമ്മേ ഞങ്ങള്,” എന്ന് പ്രാര്‍ത്ഥന കെഞ്ചി.

അമ്മ അവരുടെ വിയര്‍ത്തു കുളിച്ച നില്‍പ്പു കണ്ട് പാവം തോന്നി അവര്‍ക്ക് ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിക്കൊടുത്തു.അവരത് രസിച്ച് കുടിച്ചു.

“പന്ത് ചെന്ന് ലൈറ്റിലടിയ്ക്കാതെ നോക്കണേ, ശ്രദ്ധിച്ചു കളിക്കണേ,” എന്ന് അച്ഛന്‍ അതിനിടെ അകത്തുനിന്ന് വിളിച്ചു പറഞ്ഞു.

”ശരി, ശരി” എന്ന് പറഞ്ഞു കുട്ടികള്‍.

അമ്മ തിരിച്ചുപോയി. കുട്ടികള്‍ കളി തുടര്‍ന്നു.

ഒരു തവണ മുകളിലേക്ക് പോയി പന്ത്. കുട്ടികള്‍ നോക്കുമ്പോഴുണ്ട് പന്തു തിരിച്ചു വരാതെ, ബുക് ഷെല്‍ഫിനു മുകളില്‍ തങ്ങിയിരിപ്പാണ്.

“ഇവനെ എങ്ങനെ എടുക്കും,” പ്രാര്‍ത്ഥന ചോദിച്ചു ദേവികയോട്.

ദേവിക പറഞ്ഞു, “എനിക്കെവിടെയും പിടിച്ചു കയറാന്‍ പറ്റും സ്‌പൈഡര്‍മാനെ പോലെ. ഞാനിപ്പോത്തന്നെ കയറി അവനെ തിരിച്ചെടുത്തു കൊണ്ടു വരാം.”

അങ്ങനെ പറഞ്ഞതും, ഷെല്‍ഫിന്റെ തട്ടുകളില്‍ ചവിട്ടിച്ചവിട്ടി ദേവിക മുകളിലേക്കുള്ള കയറ്റം തുടങ്ങി. പുസ്തകമൊന്നുമില്ലാത്ത ഏറ്റവും മുകളിലെ തട്ടില്‍ കയറിയിരുന്ന് അവള്‍ പന്തെടുത്ത് ഈസിയായി താഴെക്കെറിഞ്ഞതു കണ്ട് പ്രാര്‍ത്ഥന കൈയടിച്ചു.

അവിടെയിരുന്ന് ദേവിക ചുമ്മാ ചുറ്റും ചുറ്റും നോക്കി. ആ തട്ടിലിരിക്കുന്നു ഒരു ബ്രൗണ്‍ തൊപ്പി. അവളതെടുത്തു തലയില്‍ വച്ചു.

“ഇതാണ്, അച്ഛന്റെ കാണാതെ പോയ തൊപ്പി, നമുക്കിത് കൊണ്ടു ക്കൊടുത്ത് അച്ഛനെ അത്ഭുതപ്പെടുത്താം,” പ്രാര്‍ത്ഥന വിളിച്ചു കൂവി.

“എന്താ അവിടെ ബഹളം,” എന്ന് അമ്മ അകത്തു നിന്ന് വിളിച്ചു ചോദിച്ചു.

“പാവക്കുട്ടികളോട് ഞങ്ങളോരോന്നു പറയുവാ,” എന്ന് മറുപടി പറഞ്ഞു ദേവിക. പ്രാര്‍ത്ഥന അതു കേട്ട് വാ പൊത്തിച്ചിരിച്ചു.

താഴെയിറങ്ങാനായി ഒരുങ്ങി ദേവിക. അപ്പോഴാണ് വലിയൊരു പ്രശ്‌നം, കയറിയതു പോലെ ഈസിയല്ല ഇറക്കം. തട്ടില്‍ കൈ പിടിച്ചു കൊണ്ട്, കാല്‍ താഴേയ്‌ക്കെത്തിക്കാന്‍ നോക്കുമ്പോള്‍ കാലെത്തുന്നില്ല താഴത്തെ തട്ടിലേക്ക്.

ഇനിയെന്തു ചെയ്യും? അച്ഛനെയും അമ്മയെയും വിളിച്ചാല്‍ അവരു പറയുന്ന വഴക്കു കേള്‍ക്കേണ്ടിവരും. ചിലപ്പോ രണ്ടു പേര്‍ക്കും ഓരോ കുഞ്ഞടി കിട്ടാനും മതി. ഇനി രണ്ടാളും കൂടി കളി വേണ്ട എന്നു പറഞ്ഞാലോ എന്നായിരുന്നു അവര്‍ക്ക് കൂടുതല്‍ പേടി.

അതിനിടെ പ്രാര്‍ത്ഥന പോയി ഡൈനിങ് ടേബിളിന്റെ കസേര എടുത്തു കൊണ്ടുവന്നു. ദേവിക എങ്ങനെയൊക്കെയോ അതിലേക്ക് ചാടി. പിന്നെ അവിടെ നിന്ന് നിലത്തേക്കും.
.
അപ്പോഴും അവളുടെ തലയില്‍ ആ ബ്രൗണ്‍ തൊപ്പി വീഴാതിരിപ്പുണ്ടായിരുന്നു.

priya as, childrens stories , iemalayalam


കാണാതെ പോയ തൊപ്പി കണ്ടുപിടിച്ച കുട്ടികള്‍ക്ക് എന്തു സമ്മാനം എന്നു ചോദിക്കാനായി അവരച്ഛന്റെ അടുത്തേക്ക് ഓടിപ്പോയി.

പന്ത് ബുക് ഷെല്‍ഫിന്റെ മുകളറ്റത്ത് തങ്ങി നിന്നതും അച്ഛന്റെ കുട കൊണ്ട് പന്ത് താഴേക്ക് തട്ടിയിട്ടപ്പോള്‍ അവിടെയിരുന്ന തൊപ്പി കൂടി താഴെ വീണതും അവര്‍ പ്രാര്‍ത്ഥനയുടെ അച്ഛനോട് വിസ്തരിച്ചു.

“കാണാതെ പോയ തൊപ്പി തിരികെ കിട്ടിയതിന്റെ വകയില്‍ ഞങ്ങള്‍ക്ക് പിസ വാങ്ങിത്തരാമോ,” എന്നു ചോദിച്ചു കുട്ടികള്‍.

അച്ഛന്‍ തലയാട്ടി. “പക്ഷേ സത്യം പറയണം, ആരാണിത് ബുക്‌ഷെല്‍ഫില്‍ കയറി അവിടുന്നൊന്നും തലയിടിച്ചു താഴെ വീഴാതെ എടുത്തത്,” എന്നു ചോദിച്ച് ഒരു ചിരി ചിരിച്ചു അച്ഛന്‍.

അപ്പോ അമ്മ ചോദിയ്ക്കുകയാണ്, “ആരാണ് നമ്മുടെ സോഫയില്‍ നീല നെയില്‍ പോളീഷ് പറ്റിയതറിയാതിരിയ്ക്കാന്‍ ചുവന്ന നെയില്‍ പോളിഷടിച്ചു വച്ചത് എന്നു കൂടി പറയാമോ?”

കുട്ടികള്‍, നാണിച്ചു തലതാഴ്ത്തി നിന്നു ഒരു നിമിഷം. പിന്നെ കള്ളം പൊളിഞ്ഞതോര്‍ത്ത് ചിരിക്കാന്‍ തുടങ്ങി.

“നമ്മള്‍ കുട്ടികളുടെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ അച്ഛന്മാരെയും അമ്മമാരെയും ആരാണ് പഠിപ്പിക്കുന്നത്,” എന്ന് ദേവികയോട് രഹസ്യമായി ചോദിച്ചു പ്രാര്‍ത്ഥന.

“എന്താണ് രഹസ്യം പറയുന്നത്,” എന്നു ചോദിച്ചു കൊണ്ട് തൊപ്പിയെടുത്തു തലയില്‍ വച്ചു അച്ഛന്‍.

“അച്ഛനെ ഇപ്പോക്കണ്ടാല്‍ കടല്‍ക്കൊള്ളക്കാരനെപ്പോലെയില്ലേ,” എന്നു ചോദിച്ചു അമ്മ.

പിന്നെ അവരെല്ലാം ചിരിയോടു ചിരിയായി.

ദേവികയുടെ അമ്മ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നതുവരെ, അച്ഛന്‍ അവര്‍ക്ക് കടല്‍ക്കൊള്ളക്കാരുടെ കഥ പറഞ്ഞു കൊടുത്തു.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for kids onakathakal kanathapoya thoppi