കാക്കക്കൂടും അപ്പുവും

അപ്പുവും അമ്മയും മുറ്റത്തെ സപ്പോട്ടമരത്തിലെ കാക്കക്കുടുംബത്തിനെ നിരീക്ഷിക്കുന്നതും വികൃതിപ്പിള്ളേരുടെ കല്ലേറിൽ നിന്ന് രക്ഷിക്കുന്നതും അവർക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്നതുമായ ഒരു ചിത്രമാണ് ഇന്ന് കഥ

priya as, childrens stories , iemalayalam

കാക്കക്കൂട് മുറ്റത്തെ സപ്പോട്ടമരത്തിലായിരുന്നു. മതിലിനപ്പുറം നിന്ന് ആരൊക്കെയോ ആ കാക്കക്കൂട്ടിലേയ്ക്ക് കല്ലെറിയുന്നതിന്റെ ഒച്ചയും ബഹളവും കേട്ടാണ് അപ്പു ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്നത്. അപ്പുവിന് ഉച്ചമയക്കം പതിവില്ലാത്തതാണ്. നല്ല മഴത്തണുപ്പുള്ളതു കൊണ്ടാണ് അപ്പു ഉറങ്ങിപ്പോയത്.

മുന്‍വശത്തെ വരാന്തയുടെ വാതിലില്‍ വന്നുനിന്ന് നോക്കിയപ്പോൾ, അപ്പു. കാക്കക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടു.

എന്താവും അവിടെ സംഭവിയ്ക്കുന്നത്? അവന് ആകാംക്ഷയായി. ആ കുഞ്ഞുങ്ങള്‍ക്ക് പരിക്കെന്തെങ്കിലും പറ്റിക്കാണുമോ?

പിന്നെ അവന് സങ്കടവുമായി. പാവങ്ങളുടെ അച്ഛനുമമ്മയും എവിടെയോ പോയിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്കാഹാരം തേടി പോയതാവും. അവരുണ്ടായിരുന്നെങ്കില്‍ അവര്‍ പറന്നു ചെന്ന് ആ കല്ലെറിയല്‍ – കുട്ടികളുടെ തലയ്ക്കിട്ട് കൊത്തിയേനെ.

കാക്കക്കുഞ്ഞുങ്ങള്‍ക്ക് കാര്യമായെന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ? ഇപ്പോ അവരുടെ കരച്ചലില്‍ കേള്‍ക്കുന്നില്ലല്ലോ…

രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു കൂട്ടില്‍. കൊക്ക് പിളര്‍ത്തി കൂട്ടിലങ്ങനെ ആ കാക്കക്കുഞ്ഞുങ്ങള്‍ ഇരിക്കുന്നത്, അരമതിലില്‍ കയറി എത്തിവലിഞ്ഞുനിന്നു നോക്കി രസിക്കാന്‍ അപ്പുവിനിഷ്ടമായിരുന്നു.

മഴയുണ്ടായിരുന്നില്ലെങ്കില്‍, മതിലിനു പുറത്തു ചെന്ന് ഏതു വികൃതിക്കുട്ടികളാണ് സപ്പോട്ടമരത്തിലേയ്ക്ക് ഇത്ര ഉന്നം നോക്കി എറിയുന്നത് എന്ന് നോക്കാമായിരുന്നു, എന്നിട്ടവരെ ഓടിച്ചുവിടാമായിരുന്നു.

അപ്പുവങ്ങനെ ചിന്തിച്ച് വരാന്തയില്‍ നില്‍ക്കുന്നതു കണ്ട്, ആ വഴിയേ പോയ അമ്മ ഒന്നു നിന്നു.

“എന്താ അപ്പുക്കുട്ടീ , ഉറക്കം മതിയാക്കിയോ, മഴ കാണുവാണോ,” എന്നു ചോദിച്ച് അപ്പുവിനെ അമ്മ ചേര്‍ത്തു പിടിച്ചു.

priya as , childrens stories ,iemalayalam

അമ്മയും കേട്ടു അപ്പോ വികൃതിക്കുട്ടികളുടെ കല്ലെറിയല്‍ ബഹളവും കൂക്കിവിളിയും.

മഴ വക വയ്ക്കാതെ മുറ്റത്തേയ്ക്കിറങ്ങി നിന്നു കൊണ്ട് അമ്മ ചോദിച്ചു, “ആരാ അവിടെ? അത്രയ്ക്കായോ? പാവം കാക്കക്കുഞ്ഞുങ്ങളെ കല്ലെറിഞ്ഞ് രസിക്കുന്നോ?”

അമ്മയുടെ ഒച്ച കേട്ടാവും ആരൊക്കെയോ ഓടിപ്പോയി. ഹാവൂ കാക്കക്കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു എന്നു വിചാരിച്ചു അപ്പു.

അപ്പോഴേയ്ക്കും കാക്കയമ്മയും കാക്കയച്ഛനും എത്തി. അവരെ കണ്ടതും അവിടെ നടന്ന സംഭവങ്ങള്‍ വിവരിക്കും പോലെ കാക്കക്കുഞ്ഞുങ്ങള്‍ കലപില കൂട്ടി.

‘സാരമില്ല ,സാരമില്ല ,നോക്കട്ടെ വല്ലയിടത്തും മുറിഞ്ഞിട്ടുണ്ടോ,’ എന്ന് ചോദിയ്ക്കുമ്പോലെ കാക്കയമ്മയും കാക്കയച്ഛനും അവരുടെ വലിയ ഒച്ചയില്‍ ‘കാകാ’ എന്നു പറയുന്നുണ്ടായിരുന്നു.

കാക്കക്കൂട്ടിലെ ബഹളം നിന്നപ്പോള്‍ അമ്മ പറഞ്ഞു,”കുഞ്ഞുങ്ങള്‍ക്കു കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്നു തോന്നുന്നു അപ്പൂ.”

അമ്മ, അപ്പുവിന് ചായയും ബിസ്‌ക്കറ്റുമെടുക്കാനായി അകത്തേയ്ക്കു പോയി. അപ്പു കാക്കക്കൂട്ടിലെ കാഴ്ച കാണാന്‍ അരമതിലില്‍ കയറി എത്തിനോക്കി.

കുഞ്ഞുങ്ങള്‍ അവരുടെ, അകം ചോന്ന കുഞ്ഞിക്കൊക്ക് പിളര്‍ത്തിയിരിപ്പുണ്ട്. കാക്കയമ്മയും അച്ഛനും അവര്‍ കൊണ്ടുവന്ന എന്തൊക്കെയോ ആഹാര സാധനങ്ങള്‍ അവരുടെ കുഞ്ഞിവായിലേക്ക് വച്ചു കൊടുക്കുകയാണ്.

പിന്നെ കാക്കയമ്മയും അച്ഛനും കൂടി അവരുടെ ചുള്ളിക്കമ്പു കൂട്ടിലേയ്ക്ക് ആ വികൃതിക്കൂട്ടികള്‍ എറിഞ്ഞ കല്ലും വടിയും ഒക്കെ കൊക്കിലെടുത്ത് പുറത്തേയ്ക്കിട്ടു.

കുറേയുണ്ടല്ലോ കല്ലും വടിയും എന്നു വിചാരിച്ച് അപ്പു അതോരോന്നും എണ്ണാന്‍ തുടങ്ങി. നാല് കല്ലും അഞ്ച് വടിയും വരെ അപ്പു എണ്ണി.

അത്രയുമായപ്പോഴേയ്ക്ക് കാക്കയമ്മയും കാക്കയച്ഛനും ചുള്ളിക്കമ്പു കൂടിനു പുറത്തേക്ക് പറന്ന്, ബിസ്‌ക്കറ്റ് തിന്നുന്ന അപ്പുവിനെയും നോക്കി പേരമരക്കൊമ്പില്‍ ഇരിപ്പായി.

“നിങ്ങള്‍ക്ക് വേണോ,”എന്നു ചോദിച്ച്, അപ്പു ഇറയത്തിന്റെ അരികില്‍ കൊണ്ടുചെന്നു വച്ചു ബിസ്‌ക്കറ്റ്.

എന്നിട്ട് ചോദിച്ചു, “ആകെ ക്ഷീണിച്ചുപോയല്ലേ നിങ്ങള്‍ ? വിശക്കുന്നുമുണ്ട് അല്ലേ?”

കാക്കകള്‍ നിലത്തേയ്ക്കു പറന്നിരുന്ന് ബിസ്‌ക്കറ്റ് കൊത്തിത്തിന്നാന്‍ തുടങ്ങി.

priya as, childrens stories , iemalayalam

അപ്പോ അപ്പുവിന്റെ അമ്മ ആ വഴി വീണ്ടും വന്നു. “ബിസ്‌ക്കറ്റൊക്കെ കാക്കയമ്മയെയും കാക്കയച്ഛനെയും തീറ്റിക്കുകയാണല്ലേ,” എന്നു ചോദിച്ചു ചിരിച്ചു അമ്മ.

“അവര് ഒന്നും കഴിച്ചിട്ടില്ല അമ്മേ… അവര് ദൂരേക്ക് പോയി കൊണ്ടുവന്ന ആഹാരമൊക്കെ അവര് കുഞ്ഞുങ്ങള്‍ക്ക് കൊടുത്തുതീര്‍ത്തു അമ്മേ എന്നു പറഞ്ഞു അപ്പു.

“ശരിയാണ്, ഈ നമ്മളല്ലാതെ അവര്‍ക്ക് ആഹാരം കൊടുക്കാന്‍ വേറാരാ ഉള്ളത് അല്ലേ,’ എന്നു ചോദിച്ച് അമ്മ, ബിസ്‌ക്കറ്റ് ടിന്നില്‍ നിന്ന് രണ്ട് ബിസ്‌ക്കറ്റ് കൂടി എടുത്ത് നിലത്തു വച്ചു.

അത് തിന്നാതെ, കൊക്കിലെടുത്തു പിടിച്ചു കൊണ്ട് അവര് കൂട്ടിലേയ്ക്കു പറന്നു പോയി.

“മക്കള്‍ക്ക് കൊടുക്കാനാവും, അല്ലേ അമ്മേ,”എന്നു ചോദിച്ചു അപ്പു.

“കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്,” എന്നു പറഞ്ഞു അമ്മ.

“അമ്മേടെ പൊന്‍കുഞ്ഞല്ലേ ഇത്,” എന്നു ചോദിച്ച് പിന്നെ അമ്മ അപ്പുവിന്റെ തലമുടിയില്‍ തലോടി.

അപ്പു, അമ്മയുടെ വായില്‍ ഒരു ബിസക്കറ്റ് വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു “അപ്പൂനും തന്നമ്മ പൊന്നമ്മ.”

അപ്പോ അമ്മ പൊട്ടിച്ചിരിച്ചു. നല്ല ഭംഗിയുണ്ടായിരുന്നു അപ്പോ അമ്മയെ കാണാന്‍.

“ചിരിക്കുമ്പോ അമ്മയെ കാണാന്‍ നല്ല ഭംഗിയാണ് കേട്ടോ,” എന്നു പറഞ്ഞ് അപ്പു അരമതിലില്‍ നിന്നു കുനിഞ്ഞ്, അമ്മയുടെ കഴുത്തിലൂടെ കൈയിട്ട് അമ്മയെ തുരുതുരെ ഉമ്മവച്ചു.

അമ്മയുടെ ഇളം നീല സാരി അപ്പോ അതു വഴി വന്ന കാറ്റത്ത് അങ്ങോട്ടിങ്ങോട്ടൊന്ന് പറന്നു.

സാരിത്തുമ്പ് തലയിലൂടെ എടുത്തിട്ട്, അപ്പു രസിക്കാന്‍ തുടങ്ങിയപ്പോ, “നമ്മളിന്ന് നമ്മുടെ കാർപോർച്ചിനികെ തൂക്കിയിട്ടിരിക്കുന്ന ഇലച്ചെടികൾക്ക് നനച്ചില്ലല്ലോ, വാ , നമുക്ക് നനയ്ക്കാം ആ ചെടികള്‍ക്ക് എന്നു പറഞ്ഞു അമ്മ.

അവര്‍ കാർപോർച്ചിലേയ്ക്കിറങ്ങി ചെടി നനയ്ക്കുന്നതിനിടയിലൂടെ, ഒന്നു നനഞ്ഞു രസിച്ചു കുളിച്ചു നടന്നു ആ കാക്കകള്‍.

അപ്പുവിനും അമ്മയ്ക്കും അത് നല്ലോണം ഇഷ്ടപ്പെട്ടു. അവര്‍ ഹോസു വച്ച് നല്ലോണം കുളിപ്പിച്ചു കാക്കകളെ.

‘കൊള്ളാം ,കൊള്ളാം’ എന്നു പറയുമ്പോലെ ‘കാ കാ’ എന്നൊച്ച വച്ചു കൊണ്ട് കാക്കകള്‍ രണ്ടും പിന്നെയും കൂട്ടിലേയ്ക്ക് പറന്നു പോയി.

അമ്മയും അപ്പുവും വീട്ടിനകത്തേയ്ക്കും കയറിപ്പോയി.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal kakkakudum appuvum

Next Story
ഒരു വഴക്കും വീഴ്ചയും നിറങ്ങളുംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com