അമ്മുവിന് വൈകി ഉറങ്ങി വൈകി എണീയ്ക്കാനാണിഷ്ടം.
അമ്മ രാവിലെ ഇടയ്ക്കിടയ്ക്കു വന്ന് അമ്മുക്കൂട്ടീ എണീയ്ക്ക് നേരം എട്ടായി, എട്ടരയായി, ഒമ്പതായി എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിയ്ക്കും.
ഇപ്പോത്തന്നെ എണീയ്ക്കാം അമ്മേ എന്നു പറഞ്ഞ് ഓരോ തവണയും തിരിഞ്ഞു കിടക്കും അമ്മു, എന്നിട്ട് വീണ്ടുമുറങ്ങും.
ഒടുക്കം സഹികെട്ട അമ്മ വന്ന് മുറിയിലെ ജനലിന്റെ കര്‍ട്ടന്‍ മാറ്റും, അപ്പോ മുറ്റത്തെ മുരിങ്ങമരക്കൊമ്പിനിടയിലൂടെ സൂര്യവെളിച്ചം വന്ന് അമ്മുവിന്റെ പാതി തുറന്ന കണ്ണില്‍ക്കുത്തും.
സൂര്യന്‍ വന്ന് കണ്ണിൽ കുത്തിയാല്‍പ്പിന്നെ എങ്ങനെ ഉറങ്ങാനാണ് വീണ്ടും?
“ഞാനൊരു ജിറാഫിന്റെ സ്വപ്‌നം കാണുകയായിരുന്നു, അമ്മ ഇടയ്ക്കുകയറി എന്റെ സ്വപ്‌നം മുറിച്ചു കളഞ്ഞു അച്ഛാ,” എന്നു ചിണുങ്ങിക്കൊണ്ട് അവസാനം അമ്മു എണീയ്ക്കും.
അച്ഛന്‍ മിക്കവാറും അവളുടെ സൈഡു പിടിച്ച് അമ്മയോട് പറയും, “ഓണമൊഴിവല്ലേ, ക്‌ളാസൊന്നുമില്ലല്ലോ, കുട്ടി കുറച്ചു കൂടി ഉറങ്ങിക്കോട്ടെ, ക്‌ളാസില്ലാത്തപ്പോഴല്ലേ കുട്ടികള്‍ക്ക മതിവരെ ഒന്നുറങ്ങാന്‍ പറ്റൂ. ”
“ഓ ഒരച്ഛനും മകളും വന്നിരിയ്ക്കണു,” എന്നു കള്ളദേഷ്യം കാണിച്ച് ചുണ്ടത്തുവന്ന ചിരിയെ ഒളിപ്പിച്ച് അമ്മ അവളെ ഇത്തിരി കൂടി ഉറങ്ങാന്‍ വിട്ട് അപ്പോ ചെടിയ്ക്കു നനയ്ക്കാനോ പത്രം വായിയ്ക്കാനോ പോകും. അച്ഛന്‍ വന്ന് അവളെ കെട്ടിപ്പിടിച്ച് കിടക്കും. അവളച്ഛന്റെ മേല്‍ കാലെടുത്തു വയ്ക്കും. എന്നിട്ട് ചിണുങ്ങിപ്പറയും, “അച്ഛാ ഒരു കഥ പറയ്.”
“ഉറങ്ങാന്‍ നേരത്തല്ലേ കഥ? കഥയുടെ ആള് അമ്മയല്ലേ,” എന്ന് ചിരിയ്ക്കും അച്ഛന്‍. ഓണഒഴിവു കഴിയുന്നതുവരെ എനിക്കുണരാനും കഥ വേണം. “ഉണരാനുള്ള കഥ അച്ഛന്‍ പറഞ്ഞു തന്നാല്‍ മതി,” എന്നവളപ്പോഴൊക്കെ ശാഠ്യം പിടിയ്ക്കും.
പക്ഷേ കുറേ ദിവസമായി, അങ്ങനെയൊന്നും പറയാനോ ഉറങ്ങിക്കോട്ടെ “അവളിത്തിരി നേരം കൂടി,” എന്ന് അമ്മയോട് ശുപാര്‍ശ ചെയ്യാനോ അച്ഛനെ കിട്ടാറേയില്ല. എന്താ കാര്യം എന്നല്ലേ? അച്ഛന്‍ എന്നും അതിരാവിലെ നടക്കാന്‍ പോകാന്‍ തുടങ്ങിയതു തന്നെ കാരണം.

എന്നിട്ടച്ഛന്‍ ഓരോ ദിവസവും നടക്കാന്‍ പോകുമ്പോള്‍ വഴിയില്‍ കണ്ട കാഴ്ചകള്‍ പിന്നെ എപ്പോഴെങ്കിലും അമ്മുവിനോട് പറഞ്ഞു കേള്‍പ്പിച്ചു കൊതിപ്പിയ്ക്കും.
കടലിനരികെയുള്ള വാക് വേയില്‍ കൂടി നടക്കാനാണ് അച്ഛനിഷ്ടം. അതാവുമ്പോള്‍ ഇടയ്ക്ക് നടന്നു ക്ഷീണിയ്ക്കുമ്പോള്‍, വാക് വേയുടെ അരികിലുള്ള ചാരുബഞ്ചുകളിലിരുന്ന് വിശ്രമിയ്ക്കാം. കടല് കാണാം. നല്ല തണുപ്പുള്ള കടല്‍ക്കാറ്റും കൊണ്ട്, ആകാശം കണ്ടുകണ്ടങ്ങനെ ഇരിയ്ക്കാം.
“ആ നേരത്ത് സൂര്യനുദിച്ചു വരുന്നതേ ഉണ്ടാവൂ. അപ്പോഴത്തെ ആകാശം ഒന്നു കാണേണ്ടതു തന്നെയാണ്. ഏതെല്ലാമോ നിറങ്ങള്‍, ഏതോ കുട്ടി ചായ ബ്രഷുകൊണ്ട് വാരിവാരിത്തേച്ചതു പോലെ നല്ല ചന്തമുള്ള ആകാശമായിരിയ്ക്കും അപ്പോ,” അച്ഛന്‍ പറയും.
അമ്മുക്കുട്ടി, വീടിനു മുകളിലേയ്ക്ക് നോക്കിയാല്‍ കാണുന്ന നീലയാകാശവും ചാരയാകാശവും വെളുവെളാ ആകാശവും മാത്രമേ ഇതു വരെ കണ്ടിട്ടുള്ളു.
ചില നേരത്ത് തണ്ണിമത്തന്റെ നിറമായിരിയ്ക്കും കടലാകാശത്തിന്. ചിലപ്പോള്‍ പഴുത്ത പപ്പായയുടെ നിറമായിരിയ്ക്കും. ചിലപ്പോ ഓറഞ്ച് നിറമായിരിയ്ക്കും. ചിലപ്പോ ഇതെല്ലാം ചേര്‍ന്ന നിറമായിരിയ്ക്കും…
അച്ഛന്‍ ഓരോരോ ആകാശവിശേഷങ്ങള്‍ വിസ്തരിക്കുന്നതു കേട്ട് അമ്മുവിന് അതൊക്കെ കാണാന്‍ കൊതി പിടിച്ചിരിക്കുമ്പോഴാണ് അച്ഛനൊരു ദിവസം പറയുന്നത്, “ഇന്നാരാ നടക്കാന്‍ പോയ നേരത്ത് അച്ഛന് കൂട്ടുവന്നതെന്നറിയാമോ? ഒരു മഴവില്ല്. ”
അമ്മുക്കുട്ടിയാണെങ്കിലോ റ്റിവിയിലും പത്രത്തിലും പുസ്തകത്തിലും കാര്‍ട്ടൂണിലുമല്ലാതെ ഒരു മഴവില്ല് അതുവരെ നേരിട്ട് കണ്ടിട്ടും കൂടിയില്ലായിരുന്നു. ആകാശത്ത് റ പോലെ വിരിഞ്ഞു വന്ന മഴവില്‍ വിശേഷങ്ങള്‍ അച്ഛന്‍ പറയുന്നതു കേട്ട് സഹിയ്ക്കവയ്യാതെ പിറ്റേന്ന് രാവിലെ തന്നത്താനേ അലാം വെച്ച് എണീറ്റല്ലോ അമ്മുക്കുട്ടി. എന്നിട്ടവളച്ഛന്റെ കൂടെ നടക്കാന്‍ പോയി.
അന്ന് പക്ഷേ മഴവില്ല് വന്നില്ല. പക്ഷേ മാനത്ത് ആരോ ചായക്കൊട്ട കമഴ്ത്തിയിട്ടതുപോലുണ്ടായിരുന്നു അവര് കടല്‍ക്കരെ ചെന്നപ്പോള്‍.
കടലിലേയ്ക്ക് താഴ്ത്തിയിട്ടിരുന്ന ചീനവല പൊക്കാന്‍, അതിനകത്തെ മീനിനെ കുട്ടയിലാക്കാന്‍ ഒക്കെ മീന്‍ പിടുത്തക്കാര് വന്നപ്പോ, അതെല്ലാം അച്ഛനവളെ അടുത്തു കൊണ്ടുപോയി നിര്‍ത്തി കാണിച്ചു കൊടുത്തു. എന്തെല്ലാം തരം മീനുകളാണ് ആ വലയ്ക്കകത്ത് പിടയ്ക്കുന്നത് എന്ന് എണ്ണാന്‍ നോക്കിയിട്ട് അമ്മുക്കുട്ടി തോറ്റുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.
വലക്കാര്‍ എറിഞ്ഞു കളഞ്ഞ കുഞ്ഞുമീനുകള്‍ കൊത്തിപ്പെറുക്കിത്തിന്നാന്‍ എവിടുന്നൊക്കെ എന്തെല്ലാം തരം പക്ഷികളാണ് വന്നത്! കടല്‍ക്കരയിലെ പൊത്തുകളില്‍ ഞണ്ടുകള്‍ ഒളിച്ചേ, കണ്ടേ കളിയ്ക്കുകയാണ് എന്നവള്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു.

കടല്‍ക്കരയിലൂടെ ഓടിയോടി നടന്നു അമ്മുക്കുട്ടി. ക്ഷീണിച്ചപ്പോള്‍ അമ്മു വന്ന് ചാരുബഞ്ചിലിരുന്ന് ആകാശം നോക്കി. എങ്ങാനും ഒരു മഴവില്ല് തെളിയുന്നുണ്ടോ?
“ഒറ്റ ദിവസം രാവിലെ എണീറ്റു വന്നാലൊന്നും മഴവില്ല് കാണിച്ചു തരാന്‍ പറ്റില്ല, കുറേ ദിവസം തുടര്‍ച്ചയായി വരണം അമ്മു, എന്നാലേ മഴവില്ലിനെ അയ്ക്കുന്ന കാര്യം ആലോചിയ്ക്കാന്‍ പറ്റൂ, ” എന്നാണ് ആകാശം പറഞ്ഞിരിയ്ക്കുന്നത് എന്ന് അച്ഛന്‍ അവളോട് പറഞ്ഞു.
എന്നാപ്പിന്നെ എന്നും കടല്‍ക്കരെ അതിരാവിലെ ഉണര്‍ന്ന് അച്ഛനൊപ്പം വന്നിട്ടു തന്നെ കാര്യം, മഴവില്ല് കാണാന്‍ പറ്റുമോ ഏതെങ്കിലും ഒരു ദിവസം എന്ന് നോക്കണമല്ലോ. അങ്ങനെയാണ് അമ്മുവിന്റെ ഇപ്പോഴത്തെ വിചാരം.
“അമ്മ കൂടി നടക്കാന്‍ വന്നിട്ട് മൂന്നുപേരെയും കൂടി ഒരു മഴവില്ലിനകത്തു കൂടി നടത്തിക്കൊണ്ടുപോകാനാവും ചിലപ്പോള്‍ ആകാശം വിചാരിയ്ക്കുന്നത്,” അമ്മു ഒരു ദിവസം അമ്മയോട് പറഞ്ഞു.
അമ്മ ചിരിച്ചു, എന്നിട്ട് പറഞ്ഞു, “അതു ശരിയാണല്ലോ, ഞാനിങ്ങനെ വീട്ടില്‍ത്തന്നെ കുത്തിയിരുന്ന് പത്രവും വായിച്ചു കൊണ്ടിരുന്നാല്‍ മതിയോ? എന്നും അടുക്കളയില്‍ നിന്ന് പുട്ടും കടലക്കറിയും ഉണ്ടാക്കിയാല്‍ മതിയോ? രാത്രി അമ്മുക്കുട്ടിയെ കഥ പറഞ്ഞുറക്കിയാല്‍ മാത്രം മതിയോ? എന്നെ കാണണം എന്ന് കടലിനും മീനിനും ചാരുബഞ്ചിനും ആകാശനിറങ്ങള്‍ക്കും മഴവില്ലിനും ആശയുണ്ടാവില്ലേ?”
അവര്‍ക്കും ആശ കാണും അമ്മക്കുട്ടിയെ കാണാന്‍ എന്ന് അമ്മുക്കുട്ടിയ്ക്ക് തീര്‍ച്ചയായിരുന്നു.
അങ്ങനെ അമ്മയും അവരുടെ ഒപ്പം രാവിലെ നടക്കാന്‍ തുടങ്ങിയപ്പോഴുണ്ട് ദാ വരുന്നു ഒരു ദിവസം കടലാകാശത്ത് മഴവില്ല്.
അവള്‍ മഴവവില്ലിന് അമ്മയെ പരിചയപ്പെടുത്തിക്കൊടുത്തു. മഴവില്ലിന് അവളുടെ അച്ഛനെ ഇഷ്ടമായത്രയും തന്നെ അമ്മയെയും അവളെയും ഇഷ്ടമായി എന്ന് അതിന്റെ തിളക്കം കണ്ടപ്പോഴേ അവള്‍ക്ക് മനസ്സിലായി. അവള്‍ മഴവില്ലിന് അവളുടെ അമ്മ പറഞ്ഞുകൊടുത്ത ഒരു മഴവില്‍ക്കഥ പറഞ്ഞു കൊടുത്തു.
പിന്നെ അവള്‍ അതിലെ നിറങ്ങള്‍ എണ്ണി. “ഏഴുനിറമല്ല എണ്ണിയാല്‍ത്തീരാത്തത്ര നിറങ്ങളുണ്ട് മഴവില്ലില്‍,” എന്നവള്‍ അച്ഛനോട് പറഞ്ഞു അച്ഛനതു സമ്മതിച്ചു. പിന്നെ അവള്‍, ആകാശത്ത് മഴവില്‍ വരച്ച ‘റ’ യുടെ അടിയിലൂടെ അതിനൊപ്പം കടല്‍ക്കരയില്‍ ഓടിക്കളിച്ചു.
അവസാനം പോരാറായപ്പോഴേയ്ക്ക് അതു മായാന്‍ തുടങ്ങിയിരുന്നു. അമ്മുക്കുട്ടി ചാരുബഞ്ചില്‍ കയറിനിന്ന്, ആകാശത്ത് ബാക്കിയായ ആ മഴവില്‍ത്തരികളെ ചാടിപ്പിടിച്ച് അവളുടെ വലിയ കറുത്ത പൂക്കളുള്ള വെളുത്ത ഉടുപ്പിന്റെ പോക്കറ്റിലാക്കാന്‍ നോക്കി.
അമ്മുക്കുട്ടി പോക്കറ്റിലാക്കിക്കൊണ്ടുവന്ന ആ മഴവില്ലാണ് അവള്‍ കടലാസ്സില്‍ വരച്ചു വച്ചിരിയ്ക്കുന്ന ഈ മഴവില്ല്. സംശയമുണ്ടെങ്കില്‍ അവളുടെ അച്ഛനുനോടും അമ്മയോടും ചോദിച്ചുനോക്ക്.