/indian-express-malayalam/media/media_files/uploads/2021/08/priya-6-1.jpg)
അന്നുവിന് ഇപ്പോള്‍ ചെടിനടലിലാണ് കമ്പം.
അപ്പുറത്തെ വീട്ടുകാര്‍ ആ വീടു മാറിപ്പോയപ്പോള്‍, അവരുടെ മുറ്റത്തിരുന്ന കുറേയേറെ ചെടിച്ചട്ടികള്‍, 'മോള് ചെടി നട്ടോളൂ,' എന്നു പറഞ്ഞു അന്നുവിന് കൊടുത്തിട്ടുപോയി. അവിടുത്തെ അമ്മൂമ്മയ്ക്ക് സുഖമില്ലാതായതു കൊണ്ട്, ആ അമ്മൂമ്മയെ മക്കള്‍ വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയതാണ്.
അമ്മൂമ്മയ്ക്ക് ആ ചെടിച്ചട്ടികളിലൊക്കെ നിറയെ ചെടികളുണ്ടായിരുന്നു. വയ്യാതായപ്പോള്‍, അമ്മൂമ്മ ചെടി നോക്കലൊക്കെ നിര്‍ത്തി. ചെടികളൊക്കെ ഉണങ്ങിപ്പോയി. അങ്ങനെ കാലി ചെടിച്ചട്ടികള്‍ മാത്രമായി.
ആ ചെടിച്ചട്ടികളാണ് അന്നുവിന് കിട്ടിയത്. നൂറില്‍ക്കൂടുതല്‍ ചട്ടികളുണ്ടായിരുന്നു അതെല്ലാം കൂടി. അതില്‍ ആകെ പതിനഞ്ചെണ്ണത്തിലേ ചെടി നടാന്‍ അന്നുവിനതുവരെയായി പറ്റിയിട്ടുള്ളു.
വീടിനു തൊട്ടുത്തു തന്നെയുള്ള നേഴ്‌സറിയില്‍ അമ്മയെയും കൂട്ടിപ്പോയി മിക്കവാറും എല്ലാ ആഴ്ചയും അവള്‍ ഓരോ ചെടി വാങ്ങും. എന്നിട്ട് ഓരോ ചെടിച്ചട്ടിയിലായി നടും.
"ചെടികള്‍ക്കൊക്കെ എന്തു വിലയാണ്, ഒരാഴ്ചത്തേയ്ക്ക് വീട്ടിലേയ്ക്കുള്ള പച്ചക്കറി വാങ്ങിയാല്‍ ഇത്രയും പൈസ ആവില്ല, ഓരോ ആഴ്ചയുമുള്ള ഈ ചെടി വാങ്ങല്‍ നമുക്ക് പറ്റിയ പണിയല്ല കേട്ടോ," എന്ന് ഇടയ്‌ക്കൊരു ദിവസം അച്ഛന്‍ പറഞ്ഞു .
അതു കേട്ടപ്പോ അന്നുവിന് സങ്കടമായി. അടുത്ത ആഴ്ചയും അതിന്റടുത്ത ആഴ്ചയുമൊക്കെ വാങ്ങാന്‍ പാകത്തില്‍ അവളിനിയും ഓരോരോ ചെടി കണ്ടുവച്ചിട്ടുണ്ടായിരുന്നു നേഴ്‌സറിയില്‍. അതൊന്നും വാങ്ങാന്‍ അച്ഛന്‍ ഇനി സമ്മതിക്കാന്‍ വഴിയില്ല.
/indian-express-malayalam/media/media_files/uploads/2021/08/priya-4-1.jpg)
പക്ഷേ അച്ഛന്‍ പറയുന്നതിലും കാര്യമുണ്ട്. ചെടികള്‍ വാങ്ങി വാങ്ങി കാശു തീര്‍ന്നാല്‍, അവരെങ്ങനെ ജീവിക്കും? മുറ്റത്തു നിറയെ ഭംഗിയുള്ള ചെടികളും പൂക്കളും നിറഞ്ഞാല്‍, മുറ്റം കാണാന്‍ നല്ല ഭംഗിയായിരിക്കും.
പക്ഷേ, മുറ്റം ഭംഗിയായാല്‍, വീടിനകത്തുള്ളവരുടെ വിശപ്പു മാറുമോ? വിശപ്പു മാറണമെങ്കില്‍ ഭക്ഷണം കഴിക്കണ്ടേ? ഭക്ഷണത്തിനായുള്ള അരിയും മറ്റു സാമാനങ്ങളും പച്ചക്കറിയും ഒക്കെ വാങ്ങമണമെങ്കില്‍ കാശു വേണ്ടേ? വീട്ടിലാണെങ്കില്‍ അച്ഛന് മാത്രമല്ലേയുള്ളൂ ജോലി?
അപ്പോ അച്ഛന്‍ പറഞ്ഞു, "വാങ്ങുന്ന ചെടിക്കേ ഭംഗിയുള്ളൂ എന്ന് മോളോട് ആരാണ് പറഞ്ഞത്?"
ചെടിയില്ലാതെ ഒഴിഞ്ഞിരുന്ന പത്തു ചട്ടിയെടുത്ത്, അച്ഛന്‍ മുറ്റത്തവിടവിടെ നിന്നിരുന്ന മുക്കുറ്റി നട്ടു.
പിന്നെ പത്തെണ്ണത്തില്‍ തുമ്പച്ചെടി.
പിന്നെ പത്തെണ്ണത്തില്‍ പൂവാങ്കുറിഞ്ഞില്‍.
പിന്നെ പത്തെണ്ണത്തില്‍ മുയല്‍ച്ചെവിയന്‍.
പത്തെണ്ണത്തില്‍ കൃഷ്ണതുളസി. പത്തെണ്ണത്തില്‍ കര്‍പ്പൂരതുളസി.
പത്തെണ്ണത്തില്‍ പിങ്ക് നിറത്തില്‍ വെള്ളയും ചുവപ്പും കുട്ടുകുത്തുള്ള കാട്ടുചേമ്പ്.
പത്തെണ്ണത്തില്‍ പനിക്കൂര്‍ക്ക.
അച്ഛനതിനെല്ലാം ശീമക്കൊന്നയുടെ ഇല മുറിച്ചും അപ്പുറത്തെ അമ്മു മുത്തശ്ശിയുടെ പശുവിന്റെ ചണകവും വളമായി ഇട്ടു.
'ഇവരെല്ലാം മത്സരിച്ച് മത്സരിച്ച് തഴച്ചുവളരുന്നതും ഭംഗി വയ്ക്കുന്നതും അന്നു കാണുന്നില്ലേ,'എന്ന് അച്ഛന്‍ ഇടയ്ക്കിടെ അവളോട് ചോദിച്ചുകൊണ്ടയിരുന്നു.
മഞ്ഞക്കമ്മലു പോലെ മുക്കുറ്റിപ്പൂവുണ്ടായി ഒരു ദിവസം. വയലറ്റ് നക്ഷത്രം പോലെ പൂവാങ്കുറിഞ്ഞിലില്‍ പൂവുണ്ടായി.
കാട്ടുചേമ്പ, അതിന്റെ നിറയില കാറ്റത്തിളക്കി സുന്ദരിയായി നിന്നു. കര്‍പ്പൂരതുളസിയുടെ സുഗന്ധ-ഇല ഞെരടി അന്നു ഇടയ്‌ക്കൊക്കെ മണത്തു രസിച്ചു. തുമ്പച്ചെടി, ശ്രീപാര്‍വ്വതിയുടെ പാദത്തിന്റെ ആകൃതിയുള്ള വെള്ള വെള്ളപ്പൂക്കളുമായി മിടുക്കിയായി നിന്നു.
/indian-express-malayalam/media/media_files/uploads/2021/08/priya-5-1.jpg)
അന്നുവിന് ഇടയ്ക്ക് ചുമയും ജലദോഷവും വന്നപ്പോള്‍, അമ്മ കൃഷ്ണതുളസിയിലയും പനിക്കൂര്‍ക്കയിലയും മുയല്‍ച്ചെവിയനുമിട്ട് കുരുമുളകും ചുക്കും ചക്കരയും ചേര്‍ത്ത് കാപ്പിയുണ്ടാക്കി . അതു കുടിച്ച് അന്നുവിന് നല്ല പ്രസരിപ്പ് വന്നു, അസുഖവും മാറി.
ഓണത്തിന് മുക്കൂറ്റിപ്പൂചെടിച്ചെട്ടിയില്‍ കുലകുത്തിപ്പൂവിട്ടു, അച്ഛന്‍ അതെല്ലാമെടുത്ത് വട്ടത്തില്‍ വച്ചപ്പോള്‍ ഒരു സ്വര്‍ണ്ണവര്‍ണ്ണപ്പൂക്കളം ഉണ്ടായി.
അപ്പൂറത്തെയുമിപ്പുറത്തെയുമൊക്കെ കുട്ടികള്‍ കാശു കൊടുത്ത് ബന്തിയും ജമന്തിയും വാടാമല്ലിയും വാങ്ങി പൂക്കളമിട്ടതിനേക്കാളും ഭംഗി തന്റെ മുക്കുറ്റി പ്പൂക്കളത്തിനാണെന്ന് അന്നുവിന് ആരും പറയാതെ തന്നെ ബോദ്ധ്യമായി.
'അന്നു, ഒരു മുക്കുറ്റി തൈ തരുമോ , ഞങ്ങള്‍ക്കും നടാനാ,' എന്നു പറഞ്ഞ് അന്നുവിന്റെ കൂട്ടുകാര്‍ വന്നു. ആര്‍ക്കും വേണ്ടാതെ പറമ്പിലും മതിലിന്റെയരികിലുമൊക്കെ നിന്നിരുന്ന മുക്കുറ്റിപ്പൂപ്പെണ്ണിന്, 'ഇപ്പോ എല്ലാവര്‍ക്കും എന്നെ വേണം, എന്നെ മാത്രമേ വേണ്ടൂ,' എന്നു ഗമ കയറുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു.
മുക്കുറ്റിപ്പൂത്തണ്ട് പൂവോടെ പറിച്ചെടുത്ത് അത് മൈക്കാക്കി, അന്നു അച്ഛനിഷ്ടമുള്ള ഒരു പാട്ടുപാടി, 'ഓണമേ നീയൊരു സ്വപ്‌നം, മലനാടിന്റെ ഓമന സ്വപ്‌നം.'
അന്നുവിന്റെ അയല്‍വക്കത്തെ കൂട്ടുകാരും ആ മൈക്കിലേക്കു ചുണ്ടു ചേര്‍ത്ത് അതേറ്റുപാടി.
അച്ഛനതു കേട്ട് കൈയടിച്ചു.
അമ്മയങ്ങോട്ട് എത്തിനോക്കി ചിരിച്ചുനിന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.