Latest News

അലീനയുടെ ഊഞ്ഞാല്‍

“ഞാന്‍ പഠിക്കുന്നതിനിടയില് ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോ നമ്മുടെ പാഷന്‍ ഫ്രൂട്ട് വള്ളിയില്‍ ഒരു ഓലേഞ്ഞാലി വന്നിരുന്ന് ഊഞ്ഞാലാടി രസിക്കുന്നു.അവളുടെ ആടിപ്പാടല് കണ്ടപ്പോഴാ എനിക്ക് ഊഞ്ഞാല്‍ക്കൊതി വന്നത്” ഓണക്കാലത്ത് പ്രിയ എ എസ് എഴുതുന്ന ഊഞ്ഞാൽക്കഥ

priya as, childrens stories , iemalayalam

അലീനക്കുട്ടിക്ക് ഒരു ദിവസം ചുമ്മാ ഒരു മോഹം വന്നു. ഒരു ഊഞ്ഞാല്‍ വേണം. അവളത് അച്ഛനോടും അമ്മയോടും പറഞ്ഞു.

“അതെന്താ ഇപ്പോ അങ്ങനെ പെട്ടെന്ന് ഇങ്ങനൊരു മോഹം? ഓണത്തെയും ഊഞ്ഞാലിനെയും കുറിച്ച് മോളോട് ആരാ പറഞ്ഞത്? ടീച്ചറാണോ അതോ ക്ലാസിലെ കുട്ടികൾ വല്ലവരുമാണോ,” എന്നു ചോദിച്ചു അമ്മ.

“അതൊന്നുമല്ലമ്മേ കാര്യം, ഞാന്‍ പഠിക്കുന്നതിനിടയില് ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോ നമ്മുടെ പാഷന്‍ ഫ്രൂട്ട് വള്ളിയില്‍ ഒരു ഓലേഞ്ഞാലി വന്നിരുന്ന് ഊഞ്ഞാലാടി രസിക്കുന്നു.അവളുടെ ആടിപ്പാടല് കണ്ടപ്പോഴാ എനിക്ക് ഊഞ്ഞാല്‍ക്കൊതി വന്നത്,” എന്നു ചിരിച്ചു പറഞ്ഞു അലീനക്കുട്ടി.

“അതിനെന്താ, ഒരു ഊഞ്ഞാല്‍ കെട്ടാനാണോ ഇത്ര വിഷമം,” എന്നു ചോദിച്ചു അച്ഛന്‍.

“മുറ്റത്തിന്റെ നടുക്ക് നില്‍ക്കുന്ന മാവിന്റെ കൊമ്പത്ത് കെട്ടാം ഊഞ്ഞാല്‍,” എന്ന് അമ്മ, അച്ഛനോടു പറഞ്ഞു.

അച്ഛനും അലീനയും സമ്മതിച്ചു. മാവിന്റെ ചോട്ടില്‍ നല്ല തണലാണ്, ഊഞ്ഞാലു കെട്ടിയാടാന്‍ നല്ല രസമായിരിക്കും ആ തണലില്‍ എന്നു വിചാരിച്ചു അവള്‍.

അന്ന് വൈകുന്നേരം അച്ഛനും അവളും കൂടി സ്‌കൂട്ടറില്‍ കയറി, ഊഞ്ഞാല്‍ക്കയർ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയി. നല്ല ബലമുള്ള കയര്‍ നോക്കി വാങ്ങി അച്ഛന്‍.

“ഊഞ്ഞാലാടാനായി ഇരിയ്ക്കാന്‍ ഇനി പലക വേണ്ടേ അച്ഛാ? അതു നമ്മളെവിടെ നിന്നുവാങ്ങും,” എന്നു ചോദിച്ചു അലീന.

“അതിനാണോ വിഷമം, അതു നമുക്ക് നമ്മുടെ ആശാരിയുടെ അടുക്കല്‍ നിന്നു സംഘടിപ്പിക്കാം,” എന്നു പറഞ്ഞു അച്ഛന്‍.

പിന്നെ അച്ഛന്‍, അവരുടെ വീട് പണിയാന്‍ നേരം വന്ന ആശാരിയുടെ അടുത്തേയ്ക്ക് സ്കൂട്ടർ വിട്ടു. ക്രിസ്റ്റി എന്നാണ് ആശാരി മാമന്റെ പേര് . അലീന, ക്രിസ്റ്റിമാമ എന്നാണ് ആശാരിമാമനെ വിളിക്കാറ്.

“ഓ, എന്താ ക്രിസ്റ്റി മാമനെ ഓര്‍ക്കാന്‍ കാര്യം, മോളങ്ങ് വലുതായല്ലോ ഞാന്‍ കണ്ടപ്പോഴത്തേക്കാളും, എത്ര നാളായി ഞാനാ വഴിയൊക്കെ ഒന്നു വന്നിട്ട്, എത്ര നാളായി നമ്മളൊക്കെ ഒന്നു കണ്ടിട്ട്,” എന്നു പറഞ്ഞു, അച്ഛനും മോളും കൂടി കയറി ചെന്നപ്പോ ക്രിസ്റ്റിമാമന്‍.

priya as, childrens stories , iemalayalam

ഊഞ്ഞാല്‍പ്പലകക്കാര്യം കേട്ടപ്പോ, “അതിനാണോ വിഷമം, ഇപ്പോ റെഡിയാക്കിത്തരാമല്ലോ,” എന്നു പറഞ്ഞ് അവിടെ കിടന്നിരുന്ന ഒരു പലകയെടുത്ത് മുറിച്ച്, ചിന്തേരിട്ട് മിനുക്കി, രണ്ടുവശത്തും ഊഞ്ഞാല്‍ക്കയറിനു പറ്റിയ പാകത്തില്‍ തുളയിട്ട് നിമിഷനേരം കൊണ്ട് എല്ലാം റെഡിയാക്കി ക്രിസ്റ്റിമാമന്‍.

അച്ഛന്‍, ക്രിസ്റ്റിമാമന് പൈസ കൊടുക്കാന്‍ പോയപ്പോ, “വേണ്ട, വേണ്ട സാറേ, ഇത് അലീനക്കുഞ്ഞിനുള്ള എന്റെ ഓണ സമ്മാനം’ എന്നു പറഞ്ഞു ക്രിസ്റ്റിമാമന്‍.

“ഓണത്തിന് പണ്ട് നമുക്കൊക്കെ കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് ഊഞ്ഞാല്‍. ഊഞ്ഞാലാടണം , ഊഞ്ഞാലാടി രസിക്കണം എന്നൊക്കെ പറയുന്ന കുട്ടികള്‍ തന്നെ അപൂര്‍വ്വമാണ് ഈയിടെയായി. ആരു മുറ്റത്തേയ്ക്കിറങ്ങുന്നു ഇക്കാലത്ത്? കുട്ടികളായ കുട്ടികളൊക്കെ ഇക്കാലത്ത് മുറ്റത്തേയ്ക്കിറങ്ങാതെയും വീടടച്ചിട്ടിരുന്നും ലാപ്‌ടോപ്പില്‍ ഗെയിം കളിയ്ക്കുകയല്ലേ? അതിനെടേലല്ലേ നമ്മുടെ അലീനക്കുട്ടി മുറ്റത്ത് മരക്കൊമ്പില്‍ ഊഞ്ഞാലാടണമെന്ന് മോഹം പറയുന്നത്? അതൊരു വല്യ കാര്യം തന്നെയാ,” എന്നെല്ലാം പറഞ്ഞു അതിനെടേല് ക്രിസ്റ്റിമാമന്‍.

തന്നെക്കുറിച്ച് ക്രിസ്റ്റിമാമന്‍ നല്ലതു പറയുന്നത് കേട്ടപ്പോ അലീനക്കുട്ടിക്ക് ഒത്തിരി ഇഷ്ടമായി.

‘ക്രിസ്റ്റി ഞങ്ങള്‍ടെ വീടു പണിയുന്നതിനിടയിൽ അവള്‍ക്ക് ഉണ്ടാക്കി ക്കൊടുത്ത പാവ അവളുടെ ഏറ്റവും പ്രിയപ്പെട്ട പാവയണ് കേട്ടോ,” എന്നു കൂടി അച്ഛന്‍ പറഞ്ഞപ്പോ ക്രിസ്റ്റിമാമന്റെ മുഖം ചിരി കൊണ്ട് ആകെ തിളങ്ങുന്നതു കണ്ടു അലീന.

“അവള്‍ക്ക് ഇട്ടിരിക്കുന്ന പേരെന്താന്നറിയാമോ, ക്രിസ്റ്റി മാമ?” എന്നു ചോദിച്ചു അലീന. എന്നിട്ട് പറഞ്ഞു , ‘ക്രിസ്റ്റി മാമന്‍ ഉണ്ടാക്കി തന്നതുകൊണ്ട് അവളുടെ പേര് ക്രിസ്റ്റീന.”

അതു കേട്ടപ്പോ, ക്രിസ്റ്റിമാമന്റെ മുഖത്ത് ചിരി നിലാവ് പോലെ പരന്നു എന്നു തോന്നി അലീനയ്ക്ക്.

അവിടുന്ന് യാത്ര പറഞ്ഞ് അവരങ്ങനെ വീട്ടിലെത്തിയതും സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് അച്ഛന്‍, കയറും പലകയുമായി മാവിന്‍ ചോട്ടിലേയ്ക്കു പോയി. അച്ഛന്‍ മാവില്‍ പൊത്തിപ്പിടിച്ച് കയറുന്നതും ഊഞ്ഞാല്‍പ്പലക കോര്‍ത്ത കയറ് മാവിന്റെ ബലമുള്ള കൊമ്പില്‍ കെട്ടുന്നതും നോക്കി അലീനയും അമ്മയും മാവിന്‍ ചോട്ടില്‍ നിന്നു.

കുറച്ചുനേരം കൊണ്ട് അച്ഛന്‍ ഊഞ്ഞാല് റെഡിയാക്കി, അലീനയെ പലകയിലെടുത്തിരുത്തി, ഊഞ്ഞാലാട്ടി.

‘കറ്റക്കറ്റക്കയറിട്ടു, കയറാലഞ്ചു മടക്കിട്ടു’ എന്ന പാട്ടു പേടി വേണം ഊഞ്ഞാലാടാന്‍ എന്നു പറഞ്ഞു കൊടുത്തു അമ്മ.

അമ്മയും അലീനയും ചേര്‍ന്ന് ആ ഊഞ്ഞാല്‍പ്പാട്ട് ഈണത്തില്‍ പാടി. ആയത്തിലാടിച്ചെന്ന് അലീനക്കുട്ടി, മാവിന്റെ താഴ്ന്നു കിടക്കുന്ന കൊമ്പില്‍ കാല്‍ വിരല്‍ കൊണ്ട് എത്തിത്തൊട്ടു.
അവിടെ ഇരിപ്പായിരുന്ന രണ്ടു കുഞ്ഞിക്കിളികള്‍, ചില്ല കുലുങ്ങിയപ്പോള്‍ ആകെ പേടിച്ച് ഉയരത്തിലുള്ള ഒരു മാവിന്‍ കൊമ്പിലേക്ക് പറന്നിരുന്നു.

priya as, childrens stories , iemalayalam

പാഷന്‍ഫ്രൂട്ടിന്റെ വള്ളി, ഊഞ്ഞാലാക്കി ആടി രസിക്കാറുള്ള രണ്ട് ഓലേഞ്ഞാലികള്‍ അതിനിടെ പറന്നു വന്ന് അവരുടെ ഊഞ്ഞാല്‍ വള്ളിയിലിരിപ്പായി.

അലീന നീളത്തില്‍, ഊഞ്ഞാലാടി രസിയ്ക്കുന്നതു കണ്ട് അവര്‍ക്കത്ഭുതമായി എന്നു തോന്നുന്നു.

അവര്‍ക്ക് കയർ കണ്ടിട്ട് അതെന്താ വസ്തു എന്നു മനസ്സിലായില്ല. അതു കൊണ്ടാവും അവര്‍ പറന്നു വന്ന് ആ കയറിന്മേല്‍ കയറി ഇരുന്നത്, അതെന്തു വസ്തു എന്നറിയാനെന്ന മട്ടില്‍ കൊത്തോടുകൊത്തായി.

“അതു ചെടിയുടെ വള്ളിയൊന്നുമല്ല ചകിരി പിരിച്ചുണ്ടാക്കുന്ന കയറാണ്,” എന്ന് അവള്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു.

അവരത് ഇഷ്ടപ്പെടാത്ത മട്ടില്‍ ‘കല പില’ എന്ന് ഒച്ചവെച്ചു. പിന്നെ അവളുടെ ഊഞ്ഞാല്‍ക്കയറില്‍ തുങ്ങിക്കിടന്ന് അവള്‍ക്കൊപ്പം ആടി.

അവര്‍ക്കത് നല്ലോണം രസിച്ചു എന്ന് അവള്‍ക്ക് മനസ്സിലായി. പാഷന്‍ഫ്രൂട്ട് വള്ളിയിലിരുന്നാല്‍ ചെറിയ ദൂരമല്ലേ ആടാന്‍ പറ്റൂ . ഇതാവുമ്പോ നല്ല നെടുനീളത്തിലാടാമല്ലോ എന്നാവും അവരുടെ രസവിചാരം.

പിന്നെ അവളമ്മയെ ഇരുത്തിയും അച്ഛനെ ഇരുത്തിയും ഊഞ്ഞാലാട്ടി. ഒരു തവണ, അവര് മൂന്നു പേരും കൂടി ഊഞ്ഞാലിലിരുന്നാടി. അച്ഛൻ കാൽ വിരൽ മണ്ണിൽകുത്തി ഊഞ്ഞാലാട്ടത്തിൻ്റെ ആയം കൂട്ടി അവരങ്ങനെ പൊട്ടിച്ചിരിച്ച് ആടിയപ്പോള്‍, അതു കണ്ട്, അത്ഭുതപ്പെട്ടതു പോലെ ഒരു പൂച്ച അതിന്റെ നടത്തം നിര്‍ത്തി അവരെത്തന്നെ നോക്കി മുറ്റത്തിന്റെ മൂലയില്‍ നിന്നു.

ഉണ്ടക്കണ്ണില്‍ അത്ഭുതം നിറച്ചുള്ള അവന്റെ നില്‍പ്പു കണ്ട്, അലീനയ്ക്ക് ചിരി വന്നു കുടുകുടാ എന്ന്.

അമ്മ അവനോടു ചോദിച്ചു, “നിന്നെ ഇരുത്തട്ടെ ഊഞ്ഞാലിൽ?”

അവന്‍ ‘മ്യാവൂ’ എന്നു പറഞ്ഞു കൊണ്ടോടിപ്പോയി.പേടിയാണേ എനിക്ക് എന്നാവും അവന്‍ പറഞ്ഞത്, അല്ലേ?

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal alinayude oonjal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express