Latest News

അലംകൃത മത്തവള്ളിയും മഞ്ജരി പാഷന്‍ ഫ്രൂട്ട് വള്ളിയും

പാഷന്‍ഫ്രൂട്ടുവള്ളിയ്ക്കും മത്തവള്ളിയ്ക്കും കാപ്പിച്ചെടിയ്ക്കും തുളസിച്ചെടിയ്ക്കും പേരു കണ്ടുപിടിയ്ക്കാന്‍ ബേബി നെയിംസ് ബുക്ക് നോക്കുന്ന നൂപുര. ചെടികള്‍ക്ക് പെരിട്ടു രസിയ്ക്കുന്ന നൂപുരയുടെ കഥ പ്രിയ എ എസ് പറയുന്നു.

priya as, childrens stories , iemalayalam

നൂപുര വിചാരിച്ചു, നൂപുര ഒരു മനുഷ്യക്കുട്ടിയാണ്, പക്ഷേ, ആരും നൂപുരയെ മനുഷ്യക്കുട്ടീ എന്നു വിളിക്കാറില്ല.

നൂപുരയ്ക്ക് നൂപുര എന്നൊരു പേരുണ്ട്. ‘മനുഷ്യക്കുട്ടീ’ എന്നല്ല ‘നൂപുരക്കുട്ടീ’ എന്നാണവളെ എല്ലാവരും വിളിക്കുക. നൂപുരയുടെ വീട്ടിലുള്ള എല്ലാ മനുഷ്യര്‍ക്കും ഓരോ പേരുണ്ട്. അച്ഛന്‍, മാധവന്‍. അമ്മ, ലീല. അമ്മൂമ്മ, കമല. അപ്പൂപ്പന്‍,സദാശിവന്‍. വീട്ടിലെ പൂച്ചയ്ക്കും പട്ടിയ്ക്കും കൂടിയും പേരുണ്ട്. പൂച്ച- കിട്ടു. പട്ടി- ജിം.

പക്ഷേ, മുറ്റത്ത് നില്‍ക്കുന്ന തുളസിച്ചെടികള്‍ക്കും കാപ്പിച്ചെടികള്‍ക്കും ഒന്നും പേരില്ല. തെക്കേപ്പുറത്തു നില്‍ക്കുന്ന തുളസി, കിഴക്കേമൂലയിലെ കാപ്പിച്ചെടി, കിണറ്റിനരികിലെ തുളസി, കുളത്തിന്റെ വശത്ത് നില്‍ക്കുന്ന കാപ്പിച്ചെടി എന്നൊക്കെയാണ് എല്ലാവരും പറയാറ്. അത് ശരിയാണോ? അവര്‍ക്കും ഉണ്ടാവില്ലേ സ്വന്തമായി ഒരു പേരു കിട്ടാനൊക്കെ ആഗ്രഹം?

അമ്മയോട് നൂപുര അങ്ങനെയൊരു സംശയം ചോദിച്ചു നോക്കിയപ്പോള്‍, “ശരിയാണ്, അങ്ങനൊരാഗ്രഹമൊക്കെ അവര്‍ക്കും ഉണ്ടാവും, മോള് അവര്‍ക്കൊക്കെ ഓരോ പേരിട്ട് വിളിച്ചോളൂ, അവര്‍ക്ക് സന്തോഷമാവട്ടെ,” എന്നു പറഞ്ഞു അമ്മ.

ആദ്യം കാപ്പിച്ചെടിക്കും തുളസിച്ചെടിക്കും പേരിടാം എന്നു തീരുമാനിച്ചു നൂപുര. അമ്മ, നൂപുരയ്ക്ക് പേരിട്ടത് ‘ബേബി നെയിംസ്’ എന്ന ചെറിയ ഒരു പുസ്തകം നോക്കിയാണ് എന്നമ്മ പറയാറുണ്ട്. അതമ്മ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതമ്മയോട് കടം വാങ്ങിച്ചു നൂപുര.

എന്നിട്ട് നല്ല നല്ല പേരുകള്‍ക്കായി പരതാന്‍ തുടങ്ങി. കാപ്പിപ്പൂവും കാപ്പിക്കുരുവും ഉണ്ടാകുന്നത് കിഴക്കേ മൂലയിലെ കാപ്പിച്ചെടിയിലാണ്. അതുകൊണ്ട് ആ കാപ്പിച്ചെടി പെണ്ണ്. പൂക്കാതെ, കായ്ക്കാതെ കുളത്തിന്റെ വശത്തു നില്‍ക്കുന്ന കാപ്പിച്ചെടി,അത് ആണ്. അങ്ങനെ തീരുമാനിച്ചു അവള്‍. തുളസികള്‍ രണ്ടും പൂക്കുന്നും കായ്ക്കുന്നുമുണ്ട്, അതു കൊണ്ട് അതു രണ്ടും പെണ്ണ്.

ഓരോ പേരും നോക്കി നോക്കി പേരു പുസ്തകത്തിന്റെ ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ അവള്‍ വായിച്ചു നോക്കി. അമ്മയോടും അച്ഛനോടും അമ്മൂമ്മയോടും അപ്പൂപ്പനോടും കൂടി ആലോചിച്ച പേരു തീരുമാനിക്കാനാണ് നൂപുര പ്ലാനിട്ടിരുന്നത്. പക്ഷേ അവരോടാലോചിക്കും മുമ്പേ തന്നെ നൂപുരയ്ക്ക പുസ്തകത്തിലെ ചില പേരുകള്‍ അങ്ങ് ഒത്തിരി ഇഷ്ടമായി.

ഇനി ആരോടും ആലോചിക്കണ്ട, താന്‍ കണ്ടു പിടിച്ച പേരു മതി കാപ്പിച്ചെടികള്‍ക്കും തുളസിച്ചെടികള്‍ക്കും എന്ന് ഉറപ്പിച്ചു അവള്‍.

priya as, childrens stories , iemalayalam

അങ്ങനെയാണ് തെക്കേപ്പുറത്തെ തുളസി ,’ദീപാഞ്ജലി’യും കിണറ്റിനരികിലെ തുളസി ‘നീലാഞ്ജന’യുമായത്.

ആണ്‍കാപ്പിച്ചെടിക്ക് ‘തപു’ എന്നും പെണ്‍കാപ്പിച്ചെടിയ്ക്ക് ‘നിലാവ്’ എന്നുമാണ് അവള്‍ പേരിട്ടത്. ചെടികളുടെ അടുക്കല്‍ ചെന്ന് ചെടിക്കമ്പ് വളച്ച് ചുണ്ടോടടുപ്പിച്ച് പിടിച്ച് മൂന്നു പ്രാവശ്യം അവരുടെ ഇലച്ചെവികളില്‍ പേര് മന്ത്രിച്ച്, അങ്ങനെയാണ് അവളവര്‍ക്ക് പേരിട്ടത്.

“ചെടികള്‍ അവള്‍ പേരിട്ടു കഴിഞ്ഞതും കമ്പുകളാട്ടി, പേര് ഇഷ്ടമായി എന്ന് എന്നോട് പറഞ്ഞു,” എന്ന് അവള്‍ പിന്നെ അമ്മയോട് പറഞ്ഞു.

ഇപ്പോള്‍ വീട്ടിലില്ലെവരും ആ തുളസിച്ചെടികളെ ‘ദീപാഞ്ജലി’യെന്നും ‘നീലാഞ്ജന’യെന്നും കാപ്പിച്ചെടികളെ ‘തപു’ എന്നും ‘നിലാവ് ‘എന്നും തന്നെയാണ് പറയുന്നത്.

“പേരിട്ടപ്പോഴുണ്ടായ സന്തോഷം കൊണ്ടാണെന്നു തോന്നുന്നു നിലാവ് ഇത്തവണ ഒത്തിരി പൂത്ത് ഒത്തരി കായുണ്ടായി,” എന്നമ്മ അവളോട് പറഞ്ഞു.

ഇപ്പോ രസം എന്താണെന്നു വച്ചാല്‍, നൂപുര മുറ്റത്തിറങ്ങിയാലേ ചെടികളായ ചെടികളൊക്കെ നൂപുരയോട് “ഞങ്ങള്‍ക്കും വേണം പേര്,” എന്നു പറഞ്ഞ് ബഹളമാണ്.

ഇന്നാള്, “പേരു തന്നിട്ടു പോയാ മതി,” എന്നു പറഞ്ഞ് ഒരു മത്തവള്ളി അവുടെ കാലില്‍ ചുറ്റിപ്പിടിച്ചു, പിന്നൊരു പാഷന്‍ ഫ്രൂട്ട് വള്ളി അവളുടെ വിരലില്‍ ചുറ്റി നിന്ന് പറഞ്ഞതും “പേരു വേണേ, പേരു തന്നിട്ടേ പോകാവു,” എന്നു തന്നെ ആയിരിക്കണം.

ഇങ്ങനെ പോയാല്‍ ഈ ഇത്തിരിക്കുഞ്ഞന്‍ പേരു പുസ്തകം പോരാതെ വരും ഓരോ ചെടിയ്ക്കും വള്ളിയ്ക്കുമൊക്കെ പേരു കണ്ടു പിടിയ്ക്കാന്‍ എന്നാണ് നൂപുര കരുതുന്നത്.

priya as, childrens stories , iemalayalam

എന്തായാലും തത്ക്കാലം അവള്‍ മത്തവള്ളിക്ക് ‘അലംകൃത’ എന്നും പാഷന്‍ഫ്രൂട്ട് വള്ളിക്ക് ‘മഞ്ജരി’ എന്നും പേരു കൊടുത്തിട്ടുണ്ട്.

“പേരു കിട്ടിയിരുന്നില്ലെങ്കിൽ അവരെന്നെ മുറ്റത്തു നിന്ന് വീട്ടിലേക്ക് കയറിപ്പോരാന്‍ അനുവദിയ്ക്കാതെ വള്ളികള്‍ കൊണ്ട് കുരുക്കിയിട്ടേനെ,” എന്നാണ് മുറ്റത്തു നിന്നോടിക്കിതച്ചു വന്ന നൂപുര, അമ്മയോട് പറഞ്ഞത്.

അമ്മ അവളെ കെട്ടിപ്പിടിച്ച് അപ്പോള്‍ പറഞ്ഞതെന്താണെന്നോ? “നല്ല ഭാവനയാണല്ലോ, കഥാകാരിയാകുന്ന മട്ടുണ്ടല്ലോ.” അങ്ങനെ അമ്മ പറഞ്ഞതു കേട്ട് നൂപുര നാണിച്ചു പോയി.

കഥാകാരിയായാല്‍ അമ്മയെപ്പോലെ, നൂപുരയുടെ ഫോട്ടോയും അവാര്‍ഡു കിട്ടി എന്നൊക്കെപ്പറഞ്ഞ് പത്രത്തില്‍ വരും. റ്റിവി ചാനലുകാര്‍ അമ്മയെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുമ്പോലെ അവളെയും ഇന്റര്‍വ്യൂ ചെയ്യാന്‍ വരും. അവള്‍ക്കതൊക്കെ ഓര്‍ത്തപ്പോഴേ നാണമായി.

നീലാഞ്ജനത്തുളസിയും ദീപാഞ്ജലിത്തുളസിയും അതു കേട്ട് കാറ്റിലാടി രസിച്ചാനന്ദിച്ചു നില്‍ക്കുന്നുവെന്നും “ഇന്റര്‍വ്യൂവില്‍ ഞങ്ങളെയും കൂട്ടണേ,” എന്ന അലംകൃത മത്തവള്ളിയും മഞ്ജരി പാഷന്‍ഫ്രീൂട്ട് വള്ളിയും പറയുന്നുവെന്നും അവള്‍ക്കു തോന്നി.

തപു കാപ്പിച്ചെടിയും നിലാവ് കാപ്പിച്ചെടിയും എന്തു പറയുന്നുവെന്നറിയാന്‍ അവള്‍ മുറ്റത്തേയ്ക്കോടിപ്പോയി.

ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for kids onakathakal alamkritha mathavalliyummanjari passion fruitum

Next Story
പ്രാര്‍ത്ഥനയുടെ നീലക്കടൽ ഫ്ലാറ്റ്priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express