നീലാകാശച്ചോട്ടില്‍

പൂച്ചക്കുട്ടന്‍ ,ഇടറോഡിലൂടെ നടന്നുപോവുകയായിരുന്നു.
പെട്ടെന്നാണവന് വഴിയരികില്‍ ഒന്നു മലര്‍ന്ന് കിടക്കണം എന്നു തോന്നിയത്.
ഒരു തോന്നല്‍ വന്നാല്‍പ്പിന്നെ അത് നടപ്പാക്കിയിട്ടുതന്നെ ബാക്കികാര്യം എന്നു നിശ്ചയിച്ച് അവന്‍ വഴിയോരത്ത് പ്‌ളും എന്ന് കാലൊക്കെ മേലോട്ടാക്കി ഒരു കിടപ്പു പാസ്സാക്കി.
മുകളില്‍ നല്ല വിസ്താരമുള്ള ആകാശം നീണ്ടുപരന്നു കിടക്കുന്നത് അവനപ്പോഴാണ് കണ്ടത്.
ആകാശത്തോളം മുകളിലേക്ക് നോക്കേണ്ട കാര്യം വരാത്തതിനാല്‍ ,അവന് ആകാശം കണ്ട് പരിചയമേ ഇല്ലായിരുന്നു.

ആകാശം,ഇളം നീല നിറത്തിലുള്ള ഒരു കൂറ്റന്‍ ജീവിയാണെന്നാണ് അവന് തോന്നിയത്.
ആകാശമെങ്ങാന്‍,കാലുതെറ്റി താഴെ വീണാല്‍ എന്റെ മേത്തു തന്നെയായിരിക്കും വീഴുക, ആ കൂറ്റന്‍ ജീവിയെങ്ങാന്‍ പൊത്തോ എന്നു വീണാല്‍ ഈ ഇത്തിരിപ്പീക്കിരി ഞാന്‍ അളിപിളി എന്നു ചതഞ്ഞുപോകാനാണ് വഴി എന്ന വിചാരം വന്നതോടെ അവന്‍ ശടോന്നെണീറ്റ് ഓടെടാ ഓട്ടമായി.

അതിനിടയിലാണ് വഴിയരികിലെ പ്‌ളാവില്‍ നിന്ന് കൂറ്റനൊരു ചക്ക റോഡിലേക്ക് വീണു പൊട്ടിപ്പരന്നത്..
ആകാശമാണ് വീണത്,ഭാഗ്യം മേത്തു വീഴാതെ ഞാന്‍ രക്ഷപ്പെട്ടത് എന്നു വിചാരിച്ച് തിരിഞ്ഞുപോലും നോക്കാതെ പൂച്ചക്കുട്ടന്‍ നിര്‍ത്താതെ ഓടി.

ശരം വിട്ടതുപോലെ ,നാലു കാലും പറിച്ച് എങ്ങോട്ടാ ഓടണത് എന്ന് ഒരു പശു അമറിച്ചോദിച്ചു വഴിയോരത്തുനിന്ന്.

അവനതൊന്നും മനസ്സിലായില്ലെന്നുമാത്രമല്ല,പശുവിന്റെ അമറല്‍ കേട്ടപ്പോ, തലയ്ക്കുമുകളില്‍ കണ്ട ആ ഇളംനീല ജീവി താഴെ വീണിട്ട് തന്നെ പിടിക്കാന്‍ ഒച്ചയും ഓരിയുമായി വരികയാണെന്ന് കരുതി അവന്‍ മതിലിലേക്കു ചാടിക്കയറി അപ്പുറത്തെ പറമ്പിലേക്ക് വെപ്രാളപ്പെട്ട് ചാടി.
അവന്‍ വീണതോ ,ചുള്ളിക്കമ്പുകൂട്ടത്തിലേക്ക്.

കമ്പുകുത്തിക്കൊണ്ട് മേലൊക്കെ മുറിഞ്ഞ് അവനിരുന്ന് മ്യാവൂ എന്ന് ദയനീയമായി കരഞ്ഞപ്പോള്‍ ,അടുത്തുകൂടെ പോയ കീരിക്കുട്ടന്‍ വന്ന് കാര്യം തിരക്കി.priya a s,childrens stories, iemalayalam

കാര്യമൊക്കെ അറിഞ്ഞപ്പോ കീരിക്കുട്ടന് ചിരി വന്നിട്ടു വയ്യായിരുന്നു.
ആകാശം കണ്ടാല്‍ അതാകാശമാണെന്നു പോലും അറിയാത്ത നിന്നെയൊക്കെ എന്തു ചെയ്യണം എന്ന് കീരിക്കുട്ടന് ദേഷ്യവും വന്നു.

എന്തെങ്കിലും കണ്ട് എന്തെങ്കിലും വിചാരിച്ച് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടുന്ന മണ്ടച്ചാരേ ,നിന്നെക്കൊണ്ടു തോറ്റു എന്നു പറഞ്ഞ് ,കീരിക്കുട്ടന്‍ പൂച്ചക്കുട്ടനെ വീട്ടില്‍ കൊണ്ടാക്കി..
മുറിവൊക്കെ സുഖമാകുമ്പോള്‍ നീ എന്റെ വീട്ടില്‍ വന്നാല്‍ ,ഞാന്‍ എന്റെ സ്‌ക്കൂള്‍പ്പുസ്തകത്തില്‍ ആകാശത്തെക്കുറിച്ചെഴുതിയിരിക്കുന്നത് നിനക്ക് കാണിച്ചു തരാം എന്നു പറഞ്ഞു കീരിക്കുട്ടന്‍.
പൂച്ചക്കുട്ടന്‍ അപ്പോള്‍ മുകളിലേക്ക് നോക്കി.

ആകാശമപ്പോഴും നീലിച്ച് കൂറ്റനായി അവരുടെ തലയ്ക്കുമുകളില്‍ പരന്നുകിടക്കുന്നുണ്ടായിരുന്നു.
എന്നാലുമെന്നെ ഇങ്ങനെ പറ്റിച്ചത് ശരിയായില്ല ആകാശമേ എന്നവന്‍ മ്യാവൂ ഭാഷയില്‍ പറഞ്ഞു.

വിരലീമ്പിവാവ

കുഞ്ഞുവാവ കരയുകയായിരുന്നു. വിശന്നിട്ടാണോ എന്തെങ്കിലും വയ്യാഞ്ഞിട്ടാണോ ദാഹിച്ചിട്ടാണോ എന്നൊക്കെ കുഞ്ഞിച്ചേച്ചി ചോദിച്ചു നോക്കി.
മിണ്ടാന്‍ തുടങ്ങിയിട്ടില്ലാത്ത, നീന്തി നടക്കുന്ന കുഞ്ഞുവാവയല്ലേ ? എന്താണവളുടെ വിഷമം എന്നോ അവളുടെ ആവശ്യമെന്നോ പറയാനവള്‍ക്കറിയില്ലല്ലോ.
കുഞ്ഞിച്ചേച്ചി, കുഞ്ഞുവാവയ്ക്ക് പന്തു കൊടുത്തു.
വാവ, അത് തട്ടിക്കളഞ്ഞു.
കുഞ്ഞിച്ചേച്ചി പിന്നെ പമ്പരം കറക്കിക്കാണിച്ചു.
വാവ ,അതു നോക്കിയതേയില്ല.
ഞാന്നിന്നെ എടുത്തോണ്ട് നടക്കാം, വന്നേ എന്നു പറഞ്ഞ് കൈ നീട്ടി കുഞ്ഞിച്ചേച്ചി അടുത്തു ചെന്നു.
അതും സമ്മതിച്ചില്ല കുഞ്ഞുവാവ.
പിന്നെ എങ്ങനെയോ കുഞ്ഞുവാവയ്ക്ക് ,അവളുടെ കൈയിലെ വിരല്‍ വായില്‍ കിട്ടി.
അതോടെ കുഞ്ഞുവാവയ്ക്ക് സമാധാനമായി.priya a s,childrens stories, iemalayalam

അവള്‍ വിരലീമ്പിയീമ്പിക്കുടിച്ചു കൊണ്ട് പല്ലില്ലാത്ത മോണ കാട്ടി കുഞ്ഞിച്ചേച്ചിയെ നോക്കി ചിരിച്ചു.
നിന്റെ വിരലിലെന്താ ,തേനോ പാലോ പഴമോ എന്നു പാട്ടുപാടിച്ചോദിച്ചു കുഞ്ഞിച്ചേച്ചി.
അതൊരു വലിയ തമാശയാണെന്നപോലെ കുഞ്ഞുവാവ കുടുകുടാ ചിരിച്ചു.
നിനക്ക് വല്ലതും മനസ്സിലായിട്ടാണോ ചിരിക്കുന്നത് എന്നു ചോദിച്ചു കുഞ്ഞിച്ചേച്ചി.
അപ്പോഴും നിര്‍ത്താതെ ചിരിച്ചു കുഞ്ഞുവാവ.

ചിരിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ ചിരി,കരയാന്‍ തുടങ്ങിയാല്‍പ്പിന്നെ കരച്ചില്‍ ,നീ എന്തൊരു കുഞ്ഞുവാവയാണ് എന്നു ചോദിച്ചു കുഞ്ഞിച്ചേച്ചി അവളുടെ കൂടെ ചിരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook