വെള്ളക്കാ സ്‌ക്കേറ്റിങും ശരിക്കുള്ള സ്‌ക്കേറ്റിങും

സ്‌ക്കേറ്റിങ് ക്‌ളാസിനു പോകുന്നുണ്ട് അനീന. ഇത്തിരിക്കുഞ്ഞന്‍ കുഞ്ഞായിരിക്കുമ്പോഴേതന്നെ, അനീനയ്ക്കിഷ്ടമാണ് സ്‌ക്കേറ്റിങ്.
വീടിനടുത്തുള്ള ഇടവഴിയിലൂടെ ഒരു ചേച്ചി നല്ല സ്പീഡില് സ്‌ക്കേറ്റ് ചെയ്തു പോകുന്നത് അനീന കുഞ്ഞിക്കണ്ണു മിഴിച്ച് നോക്കി നിന്നിട്ട്, വീട്ടിലെത്തിയാലുടന്‍ വെള്ളയ്ക്ക എടുത്ത് കാലിനടിയില്‍ വച്ച് സ്‌ക്കേറ്റിങ് കളിക്കുമായിരുന്നു അന്നൊക്കെ.

അവളുടെ സ്‌ക്കേറ്റിങ് കൊതി കണ്ടപ്പോ അമ്മയാണ് അനീനക്ക് നാലു വയസ്സായപ്പോ സ്‌ക്കേറ്റിങ് ക്‌ളാസില്‍ കൊണ്ടു ചേര്‍ത്തത്. സ്‌ക്കേറ്റിങ് ഷൂവിനൊപ്പം നീ ഗാര്‍ഡ്, എല്‍ബോ ഗാര്‍ഡ്, പാം ഗാര്‍ഡ് ഒക്കെ ഇട്ട് വേണം സ്‌ക്കേറ്റിങ് ചെയ്യാന്‍.

ഇടയ്‌ക്കൊക്കെ ബാലന്‍സ് പോയി  വീഴുമ്പോള്‍ അപകടം ഒന്നും ഇല്ലാതിരിക്കാനാണ് ഈ സൂത്രങ്ങളൊക്കെ ഇടുന്നത്. അമ്മയാണ് അനീനയുടെ സ്‌ക്കേറ്റിങ് ഇടത്തേക്ക് കൂട്ടുവരുന്നത്. അമ്മൂമ്മ കണ്ടിട്ടില്ലല്ലോ സ്‌ക്കേറ്റിങ് ചെയ്യുന്നത് എന്നു പറഞ്ഞ് അനീന ഇന്നാള് വീട്ടിലെ നീണ്ട ഹാളില്‍ സ്‌ക്കേറ്റ് ചെയ്തു കാണിച്ചു കൊടുത്തു, ഇന്നാളൊരു ദിവസം.

എനിക്കു കാണണ്ട,വീണ് പല്ലു പോയാലോ, കൈയൊടിഞ്ഞാലോ എന്നൊക്കെ അരസികയായി അപ്പോഴമ്മൂമ്മ. കുഞ്ഞുങ്ങള്‍ നടക്കാന്‍ തുടങ്ങുമ്പോഴും ചാട്ടം, ഓട്ടം ഇതൊക്കെ തുടങ്ങുമ്പോഴും വീഴാറില്ലേ , എന്നാപ്പിന്നെ നടക്കണ്ട,ഓടണ്ട,ചാടണ്ട എന്നാരെങ്കിലും അവരെ പിടിച്ച് ഒരിടത്തനങ്ങാതിരുത്താറുണ്ടോ എന്നു ചോദിച്ചു അപ്പോഴമ്മ അമ്മൂമ്മയോട്.

അതു ശരിയാണ് എന്തു ചെയ്തു തുടങ്ങുമ്പോഴും ഒരു ബുദ്ധിമുട്ട് ആദ്യമൊക്കെ ഉണ്ടാവും അല്ലേ എന്നു തന്നത്താനിരുന്ന് ചോദിച്ചു അമ്മൂമ്മ. അമ്മൂമ്മ ആദ്യം അടുക്കളയില്‍ കയറി ചായയുണ്ടാക്കിയപ്പോള്‍ കൈ പൊള്ളിയ കഥ അമ്മൂമ്മ എനിക്ക് പറഞ്ഞു തന്നിട്ടില്ലേ, അതും പറഞ്ഞ് അമ്മൂമ്മ പിന്നെ ചായ ഉണ്ടാക്കാതിരുന്നോ, ഇല്ല്‌ലോ എന്നു ചോദിച്ച് അമ്മൂമ്മയുടെ മടിയില്‍ കയറി ഇരുന്നു അനീന. അപ്പോ അമ്മൂമ്മ  അനീനയുടെ തലമുടിയില്‍ തഴുകി.
എന്നിട്ട് അമ്മൂമ്മയ്ക്കിതൊക്കെ പേടിയാണ്, എന്നാലും മക്കളൊന്ന് സ്‌ക്കേറ്റ് ചെയ്യുന്നത് കാണട്ടെ എന്നു പറഞ്ഞു.priya a s ,childrens stories,iemalayalam
കണ്ടുകണ്ട് പേടി പോകും എന്നു പറഞ്ഞ് അനീന  സ്പീഡിലല്ലാതെ സ്‌ക്കേറ്റ് ചെയ്തു കാണിച്ചു. സ്പീഡില്‍ ചെയ്ത് അമ്മൂമ്മയെ പേടി കൊണ്ട് വിറപ്പിച്ചിരുത്താനൊക്കെ എനിക്കറിയാം, അതു ഞാന്‍ ചെയ്യാത്തേ,അമ്മൂമ്മ പാവമല്ലേ, എന്റെ പൊന്നാര അമ്മൂമ്മയല്ലേ അതു കൊണ്ടാണ് എന്നു വിളിച്ചു പറഞ്ഞു അനീന സ്‌ക്കേറ്റിങ്ങിനിടയില്‍.

എന്നെ ചായ ഉണ്ടാക്കാനും പഠിപ്പിക്കണേ അമ്മൂമ്മേ എന്നു കൂടി അതിനിടയില്‍ അനീന വിളിച്ചു പറഞ്ഞു. പകരം ഞാന്‍ അമ്മൂമ്മയെ സ്‌ക്കേറ്റിങ് പഠിപ്പിക്കാം, ഈസിയാ എന്നു അനീന പറഞ്ഞതു കേട്ട അമ്മയും അമ്മൂമ്മയും കുറേ ചിരിച്ചു.
ഇതിലിത്ര ചിരിക്കാനെന്താണുള്ളത്, ആവോ? വേണമെന്നു വച്ചാല്‍ എന്തും ഏതു പ്രായത്തിലും പഠിച്ചുകൂടെ?

 

ഹല്‍മാര

ജോയ്ക്ക് സങ്കടം വന്നിട്ട് വയ്യ.
ഈ തുണിയൊക്കെ അടുക്കി വയ്ക്കുന്ന, പലപല തട്ടുകളുള്ള, ശങ്കരന്‍ മാമന്‍ പണിത മരസാധനത്തിന് ആരാണ് ഇങ്ങനെ് കുട്ടികള്‍ക്ക് പറയാന്‍ വിഷമമായ ഒരു പേരിട്ടത്!

ജോയ്ക്ക് അത് പറയാനേ കിട്ടണില്ല.
ഹല്‍മാര എന്നേ എത്രയൊക്കെ ശ്രമിച്ചിട്ടും ജോയ്ക്ക് പറയാന്‍ പറ്റുന്നുള്ളു.
‘ഹ പോലെ ഇത്ര വിഷമമുള്ള അക്ഷരം പറയാമെങ്കില്‍, നിനക്ക് ആ വാക്കിലെ അ എന്ന അക്ഷരം ഈസിയായി പറയാന്‍ പറ്റില്ലേ കള്ളാ?’ എന്നാണ് ജെറിന്‍ ചേട്ടന്‍ ചോദിക്കുന്നത്.

‘അ’ നന്നായറിയാം ജോയ്ക്ക്. അമ്മയിലെയും അച്ഛനിലെയും ‘അ’ അല്ലേ അത്?
പക്ഷേ ‘അ’ വച്ച് തുടങ്ങുന്ന ആ മരസാധനത്തിന്റെ പേര് പറയാന്‍ തുടങ്ങുമ്പോള്‍ ജോയ്ക്ക് ‘അ’ എന്ന അക്ഷരം നാവില്‍ വരുന്നില്ലെന്നേയ് … അതിന് ജോ, എന്തു ചെയ്യാനാണ്!

‘അ, ആ, ഇ, ഈ, ഉ, ഊ’ യിലെ വേറെ ഏതക്ഷരം ചേര്‍ത്തും ആ വാക്കു പറയാന്‍ ജോയ്ക്ക് പറ്റും. ഇല്‍മാര എന്നോ ഉല്‍മാര എന്നോ എല്‍മാര എന്നോ ആ വാക്ക് മാറ്റിയാല്‍ തത്ക്കാലം ജോയുടെ പ്രശ്‌നം തീരും.priya a s ,childrens stories,iemalayalam
പക്ഷേ അതിനിപ്പോ ,ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ തന്നെ വിചാരിച്ചാലും പറ്റില്ല എന്നാണ് ജെറിച്ചേട്ടന്‍ പറയുന്നത്. പിതാവ് എന്നു വച്ചാല്‍ അച്ഛന്‍ തന്നെയാണത്രേ. ഭാഷ എന്നു വച്ചാല്‍ നമ്മള്‍ പറയുന്ന നമ്മുടെ ഈ മലയാളം.
ഭാഷയുടെ അമ്മ വിചാരിച്ചാല്‍ പറ്റുമോ അങ്ങനെയൊക്കെ മാറ്റാന്‍ എന്നാണ് ജോയ്ക്ക് തത്ക്കാലം അറിയേണ്ടത്. അപ്പോ ജെറിച്ചേട്ടന്‍ പറയുവാ ,ഭാഷയ്ക്ക് അമ്മയില്ല എന്ന്.

അതെങ്ങനാ, അച്ഛന്റെ വയറ്റില്‍ നിന്നാണോ മലയാളം ഉണ്ടായത്! വെറുതെയല്ല ജെറിച്ചേട്ടന് ഇന്നാള് മലയാളത്തിന് പൂജ്യം മാര്‍ക്ക് കിട്ടിയത്…മലയാളത്തിന് മാര്‍ക്ക് വാങ്ങാതെ, ബ്രട്ടീഷുകാര്‍ കൊണ്ടുവന്ന ഇംഗ്‌ളീഷിന് കുറേ മാര്‍ക്ക് വാങ്ങിച്ചിട്ടെന്തു കാര്യം എന്നപ്പോ അച്ഛന്‍ ജെറിച്ചേട്ടനോട് ചോദിച്ചത് ജോ കേട്ടതാണ്.

നോക്കിക്കോ,  ഹല്‍മാര എന്നേ പറയാനറിയൂ ഇപ്പോള്‍ എങ്കിലും, വലുതാകുമ്പോള്‍ ജോ ഒത്തിരി നന്നായി മലയാളം വായിക്കുകയും എഴുതുകയും ചെയ്യും. തീര്‍ച്ചയാണത്.

എന്നിട്ട് കുട്ടികള്‍ക്ക് പറയാന്‍ വിഷമമുള്ള വാക്കൊക്കെ പുതുക്കിപ്പണിയുകയും ചെയ്യും. അപ്പോ എല്ലാരും ജോയെ മലയാളത്തിന്റെ പെരുന്തച്ചന്‍ എന്നു വിളിക്കും, നല്ലതല്ലേ അത് !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook