തിത്തൈ തിത്തൈ എന്ന് ഒരു തവളച്ചാര്

‘പേക്രോം’ പാട്ടു പാടി മുല്ലക്കാട്ടില്‍ ഒളിച്ചിരുന്ന്  രസിച്ചിരുന്ന തവളയോട്  ഒരു ഓന്ത് ഓടിപ്പാഞ്ഞുവന്ന് , ‘ഇതു വഴി എങ്ങാന്‍ ഒരു അണ്ണാന്‍ വന്നായിരുന്നോ?’ എന്നു ചോദിച്ചു.
പാടിക്കൊണ്ടിരുന്ന പാട്ട് നിര്‍ത്തേണ്ടി വന്നതില്‍ അല്പം ദേഷ്യം തോന്നിയെങ്കിലും ഓന്തിനോട് തത്ക്കാലം ക്ഷമിക്കാന്‍  തവള തീരുമാനിച്ചു.

‘എന്തിനാ അണ്ണാരക്കണ്ണനെ കണ്ടിട്ട് ഇത്ര അത്യാവശ്യം?’എന്നു ചോദിച്ച് അവന്‍ ഓന്തിന്റെ അടുക്കലേക്ക് ചാടിച്ചാടി വന്നു. ‘ഞാനും അണ്ണാരക്കണ്ണനും കൂടി ഒരു ഡാന്‍സ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് അവന്‍ ഒരു കശുമാങ്ങ വീഴുന്ന ഒച്ച കേട്ടു എന്നുമ്പറഞ്ഞ് ഒരൊറ്റ ഓട്ടം പാസ്സാക്കിയത്, അവന്റെ കുഞ്ഞികൈ കോര്‍ത്തുപിടിച്ചുള്ള ഡാന്‍സാണ് ഞങ്ങള്‍ ചെയ്‌തോണ്ടിരുന്നത്. അവന്‍ ഓടിപ്പോയാല്‍പ്പിന്നെ ഞാനെങ്ങനെ ആ നൃത്തം മുഴുവനാക്കും?’ എന്ന് പരാതിക്കെട്ടഴിച്ചു അപ്പോള്‍ ഓന്ത്.

‘അയ്യോ അവന്‍ എന്തൊരു ചെയ്ത്താ ചെയ്തത് ?’എന്നു താടിക്കു കൈ കൊടുത്തിരുന്നു തവളച്ചന്‍. ‘എനിക്കാണേല്‍ പാട്ടേ അറിയുള്ളു, ഡാന്‍സൊട്ട് അറിയുകയുമില്ല ,ഇനി എന്തോ ചെയ്യും?’എന്നു ചിന്താവിഷ്ടനായി തവളക്കുട്ടന്‍.

‘നിനക്കു ഞാന്‍  ഞാന്‍ ഡാന്‍സ്മാസ്റ്റര്‍ മയിലിനെ പരിചയപ്പെടുത്തിത്തരാം’ എന്നു പറഞ്ഞ് തവള, ഓന്തിനെയും കൊണ്ട് ചാടിച്ചാടി വലിയൊരു പൊന്തക്കാട്ടിലേക്കു പോയി.

വയറൊക്കെ നിറഞ്ഞ് മടിപിടിച്ചിരിക്കുകയായിരുന്നു മയില്‍. നൃത്തം ചെയ്യാന്‍ കൂട്ടില്ലാതെ സങ്കടപ്പെട്ടിരിക്കുന്ന ഓന്തിനെ തവള പരിചയപ്പെടുത്തിയപ്പോള്‍ മയിലിന് സന്തോഷമായി.
‘വാ, വന്നേ, ഞാന്‍ കാണിക്കുന്ന സ്‌റ്റെപ്പ് ചെയ്യാമ്പറ്റുവോന്ന് നോക്കിയേ’ എന്നു പറഞ്ഞ് മയില് തിത്തൈ ‘തിത്തിതൈ’ വയ്ക്കുന്നതും നോക്കി അന്തം വിട്ടു നിന്നു ഓന്ത്.priya a s ,childrens stories, iemalayalam
‘ഇത്ര സുന്ദരമായി ഡാന്‍സ് ചെയ്യാനൊന്നും എനിക്കറിയന്‍ പാടില്ല,’ എന്ന് ഓന്തിന് നാണം വന്നു.
കശുമാങ്ങ കിട്ടാതെ നിരാശനായി തിരികെ വന്ന അണ്ണാരക്കണ്ണനും കണ്ടിട്ടുണ്ടായിരുന്നില്ല
അത്ര നല്ല ഡാന്‍സ് അവന്റെ ജീവിതത്തിലൊരിക്കലും.

‘നിങ്ങളെ മൂന്നുപേരെയും ഞാന്‍ പഠിപ്പിക്കാമല്ലോ ഒന്നാന്തരം ഡാന്‍സ്,’ എന്നു പറഞ്ഞു മയില്‍.
മയില്‍ അവരെ ഡാന്‍സ് പഠിപ്പിക്കുന്നതും, അവര്‍ നാണിച്ചുനാണിച്ച് ഡാന്‍സ് പഠിക്കുന്നതും കണ്ടുകണ്ട് പിന്നെ ഒത്തിരി ഒത്തിരി പേര്‍ വന്ന് ഡാന്‍സ് സ്‌ക്കൂളില്‍ ചേര്‍ന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

‘ഇപ്പോ ചുറ്റും ഒന്നു നോക്കിയേ, മുല്ലക്കാട് മുഴുവനായും  നൃത്തം ചെയ്യുന്നതായി തോന്നുന്നില്ല?’
‘അതേയ്, മുല്ലക്കാട്ടിനകത്തെ കിളികളും തവളയും ഓന്തും അണ്ണാരക്കണ്ണനും കൂടി നൃത്തം ചെയ്ത് ഇളകിമറിയുമ്പോള്‍ മുല്ലക്കാട് തന്നെ നൃത്തം ചെയ്യുന്നതായി തോന്നുന്നതാണ്’ എന്നു കാക്കച്ചി പറഞ്ഞിട്ട് മുയലിന് വിശ്വാസം വരുന്നില്ല പോലും.

സത്യമറിയാനായി മുല്ലക്കാട്ടിനകത്തേക്കു ചെന്ന് ഒന്നെത്തിനോക്കിയാല്‍ മുയല്‍ക്കുട്ടനും  നൃത്തം പഠിക്കാന്‍ തുടങ്ങും എന്ന് കാക്കച്ചിക്ക് എന്തായാലും ഉറപ്പാണ്.

അപ്പോ എന്താ, കാക്കച്ചിക്ക് നൃത്തം പഠിക്കണ്ടേ എന്നാവും നിങ്ങളുടെ ചോദ്യം, അല്ലേ ?
അതിന് കാക്കച്ചിയുടെ കാക്കക്കുഞ്ഞുങ്ങള്‍ ഇത്തിരികൂടി വളര്‍ന്ന് പറക്കമുറ്റാറാവണ്ടേ?
അവരൊന്നു വലുതായിക്കോട്ടെ, നോക്കിക്കോ, അപ്പോ കാക്കച്ചിയായിരിക്കും  മയില്‍മാസ്റ്ററുടെ ഏറ്റവും നല്ല നൃത്തസ്റ്റുഡന്റ്. എന്താ ബെറ്റുണ്ടോ !

ഒരു വിരുന്നിന്റെ കഥ

അദിതിക്കുട്ടി കളിയൂണൊരുക്കുകയാണ്
അദിതിക്കുള്ള ഊണല്ല, തിലോത്തമപ്പൂച്ചയ്ക്കും പാക്കരന്‍ ഗപ്പിക്കും  പാറു തെരുവോരത്ത് എന്ന പൂച്ചയ്ക്കും വേണ്ടിയുള്ള വിരുന്നാണിത്.

അദിതി, ഇവരുമായി കൂട്ടായതിന്റെ ഒരു വര്‍ഷമായതിന്റെ സന്തോഷത്തില്‍ അദിതി അവര്‍ക്കായി ഒരു വിരുന്നൊരുക്കുകയാണ്…മണ്ണുകൊണ്ട് ചോറുണ്ടാക്കിക്കഴിഞ്ഞു.
ഇനി ഒരു ചമ്മന്തി ഉണ്ടാക്കണം.

പായസം വയ്ക്കാം, സ്മ്പാറും അവിയലും വയ്ക്കാം എന്നൊക്കെ അദിതി പറഞ്ഞതാണ്. ചമ്മന്തി കൂട്ടി മതി ഊണെന്ന് അവര്‍ മൂന്നാളും ഒരേ ഒരു വാശി.

മൂന്നുപേരും കൂടി ഒരു കാര്യത്തിലെങ്കിലും ഒരഭിപ്രായത്തിലെത്തിക്കണ്ടല്ലോ, സന്തോഷം എന്ന് അദിതി അവരോട് പറഞ്ഞു. അദിതിയും അപ്പുറത്തെ ജിതയും കുട്ടനും കൂടെ  വഴക്കും ബഹളവുമൊക്കെയായി കളിക്കുമ്പോള്‍ ഇടക്കൊക്കെ അമ്മ പറയുന്ന കമന്റാണത്..
അമ്മ, ചമ്മന്തി ഉണ്ടാക്കാറ് പച്ചമാങ്ങയും തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും കരിവേപ്പിലയും ഇഞ്ചിയും ചേര്‍ത്താണ്. ആ ചമ്മന്തി ,മനുഷ്യര്‍ക്കുള്ള ചമ്മന്തിയാണ്.

മനുഷ്യര്‍ക്കഷ്ടമുള്ള രുചികളല്ലല്ലോ പൂച്ചയ്ക്കും പട്ടിയ്ക്കും മീനിനുമൊന്നും ഇഷ്ടമാവുക.

അതു കൊണ്ട് ഒരു കാടമുട്ട, ഇത്തിരി ചിക്കന്‍ കഷണം, ഉപ്പ്, മുളക്, പുളി, പഞ്ചസാര ഇതൊക്കെ ഇടികല്ലില്‍ വച്ച് ചതച്ചരച്ചാണ് അദിതി ചമ്മന്തി ഉണ്ടാക്കുന്നത്.
‘അയ്യോ, കരിവേപ്പില എടുത്തില്ലല്ലോ,’ എന്ന് ഇടക്കുവച്ചാണ് അദിതി ഓര്‍ത്തത്.

priya a s ,childrens stories, iemalayalam

അവള്‍ തിലോത്തമപ്പൂച്ചയോടും പാറു തെരുവോരത്ത് പൂച്ചയോടും പലതവണ പറഞ്ഞുനോക്കി പോയി കുറച്ച് കരിവേപ്പില എടുത്തുകൊണ്ടുവരാന്‍. കേട്ട മട്ടില്ല രണ്ടുപേര്‍ക്കും. ഒരാള്‍ ധിറുതിയില്‍ വാലാട്ടുന്നു.മറ്റേയാള്‍ ധിറുതിയില്‍ കൈ നക്കുന്നു.  വെള്ളത്തിലല്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത പാക്കരന്‍ ഗപ്പിയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല താനും. അദിതി തന്നെ അവസാനം മുറ്റത്തിന്റെ കോണിലെ കരിവേപ്പന്വേഷിച്ചു പോയി.

തിരച്ചു വന്നു നോക്കുമ്പോഴുണ്ട് തിലോത്തമയും പാറുവും കൂടി ചിക്കന്‍ കഷണത്തിന് കടിപിടി. കാടമുട്ട കാണാനേയില്ല. അത് ആരു തിന്നോ ആവോ? ചിലപ്പോ കാക്കയാശാന്‍ കൊത്തിക്കൊണ്ടുസ്ഥലം വിട്ടതാവാനും മതി. പഞ്ചസാരത്തരി, ഉറുമ്പുകള്‍ വലിച്ചു കൊണ്ടു പോകാനും തുടങ്ങിയിരുന്നു.

നിങ്ങള്‍ക്കൊരു ട്രീറ്റ് തരാന്‍ വേണ്ടി ഞാനിത്ര കഷ്ടപ്പെട്ടിട്ട് നിങ്ങളിങ്ങനെ ഇടത്തൂടായാലെങ്ങനാ എന്നു ചോദിച്ച് അദിതി പിണങ്ങി മുറ്റത്തുനിന്ന് അകത്തേക്ക് കയറിപ്പോയി.

അതിനിടെ തിലോത്തമ, പാറുവിനിട്ടൊരു തട്ടു കൊടുത്തു. പാറു, തിലോത്തമയെ മാന്താനായിട്ട് മുറ്റത്തുകൂടെ ഇട്ടോണ്ടോടിച്ചു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പാക്കരന്‍ നീന്തല്‍താരമായി നീന്തലില്‍ മുഴുകി.

‘ആ, എന്തേലും ചെയ്യ്,’ എന്നു പറഞ്ഞ് അദിതി  ഊണുമുറിയിലേക്കുപോയി  അമ്മയുണ്ടാക്കിയ സാമ്പാറും പപ്പടവും നെയ്യും  കൂട്ടി കുഴച്ച് ചോറുണ്ടു. മിണ്ടാതിരുന്ന് ഊണു കഴിക്കുന്ന അദിതിയോട് , ഇന്നെന്താ ഒരു മൗനം എന്നച്ഛന്‍ ചിരിച്ചുകൊണ്ട് തിരക്കി.

സാധാരണ എന്തേലും വികൃതി ഒപ്പിക്കുമ്പോഴാണല്ലോ അദിതി മൗനമായിട്ടിരിക്കുക… എന്തായിരിക്കും അദിതി ഒപ്പിച്ച ഇന്നത്തെ വികൃതി എന്നു ചുറ്റും കണ്ണുകള്‍ കൊണ്ട് പരതാന്‍ തുടങ്ങിയ അച്ഛനോട്, ‘ഒരു വിരുന്നിന്റെ കഥ,’ എന്നൊരു കഥ എഴുതാന്‍ പോവുകയാണ് അവള്‍ എന്നു അദിതി പ്രഖ്യാപിച്ചു. അതിനുള്ള ആലോചനയിലാണ് താനെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

അവളിനിയും അക്ഷരം പഠിച്ചിട്ടില്ലാത്തതിനാല്‍ അദിതി അച്ഛന് പറഞ്ഞു കൊടുത്ത് അച്ഛനെക്കൊണ്ട് കേട്ടെഴുതിച്ചതാണ് ഈ കഥ. അക്ഷരമറിയാത്ത കുട്ടികള്‍ക്കും കഥ എഴുതണമെന്നു തോന്നുമല്ലോ, അപ്പോ കഥ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കാനാണ് കുട്ടികള്‍ക്ക് അച്ഛനെയും അമ്മയെയും കിട്ടിയിരിക്കുന്നതെന്ന് അദിതി പറഞ്ഞതു കേട്ട്, ശരിയാണ് എന്നു പറയുമ്പോലെ പാക്കരന്‍മീന്‍ അപ്പോള്‍ വാലാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook